TopTop

പ്രസവമുറിയിലെ നരകം; ഈ അനുഭവം കേള്‍ക്കൂ; സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല

പ്രസവമുറിയിലെ നരകം; ഈ അനുഭവം കേള്‍ക്കൂ; സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല
സ്വകാര്യ ആശുപത്രിയില്‍ തനിക്ക് പ്രസവത്തിനിടെ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവച്ച് യുവതി. അഴിമുഖം പ്രസിദ്ധീകരിച്ച 'പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍' എന്ന വാര്‍ത്താ റിപ്പോര്‍ട്ടിനോട് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് മുന്നോട്ട് വന്നത്. അതില്‍ ഒരു യുവതിയുടെ അനുഭവങ്ങള്‍ കേള്‍ക്കൂ.

'ഞാനൊരു ഡന്റിസ്റ്റ് ആണ്. എന്റെ ഡെലിവറി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടാണ് ആ ആശുപത്രി തിരഞ്ഞെടുത്തത്. അവിടെയുള്ള ഗൈനക്കോളജിസ്റ്റ് നല്ലതാണെന്ന് അറിഞ്ഞതുകൊണ്ട് മാത്രം. എന്റെ ഡ്യൂ ഡേറ്റ് ജൂണ്‍ 23നായിരുന്നു. എന്നാല്‍ പത്ത് ദിവസം മുമ്പേ പ്രസവവേദന തുടങ്ങി. വെളുപ്പിന് മൂന്ന് മണിക്കാണ് ആശുപത്രിയിലെത്തുന്നത്. പിവി ചെയ്ത സിസ്റ്റര്‍ ആദ്യം എന്നെ കണ്ടപ്പോ ചോദിച്ചത്, 'ഇയാള്‍ പ്രസവിക്കുവോടേ, വേദന തുടങ്ങീട്ടില്ല, ഇതൊന്നും ഒന്നും അല്ല' എന്നാണ്.

ആദ്യത്തെ പ്രസവം ആണെങ്കിലും അത്യാവശ്യം ധൈര്യം ഉണ്ടായിരുന്ന എനിക്ക് ചെറിയ പേടി തോന്നി. വേദന കഠിനമായി, കരയുന്ന എന്നോട് ഹെഡ് നഴ്‌സ് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്, 'വീട്ടില്‍ ഫോണില്‍ കുത്തിയിരുന്ന സമയം ഉരലില്‍ അരിയാട്ടിയിരുന്നെങ്കിലോ ഉലക്ക കൊണ്ട് അരി ഇടിക്കുമായിരുന്നെങ്കിലോ ഇങ്ങനെ കിടന്ന് നിലവിളിക്കേണ്ടി വരുമായിരുന്നോ' എന്നായിരുന്നു.

'കുഞ്ഞിനെ ഉണ്ടാക്കാന്‍ എളുപ്പമായിരുന്നല്ലോ, പെറുന്നതും അങ്ങനെ എന്ന് കരുതിയോ? ഇതേ... കുറച്ച് പാടാ' എന്ന് വേറെ ഒരു നേഴ്‌സ്. എന്നിട്ടും തീര്‍ന്നില്ല. കുഞ്ഞിന്റെ തല ബര്‍ത്ത്കനാലില്‍ വന്ന് സ്റ്റക്ക് ആണ്, മുക്കിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറഞ്ഞ് ഒമ്പത് മണി മുതല്‍ 11.45 വരെ എന്നെ ഇട്ടു കൊല്ലാക്കൊല ചെയ്തു. അവസാനം ശ്വാസംമുട്ടും ക്ഷീണവും കാരണം എനിക്ക് പിന്നീട് മുക്കുവാന്‍ സാധിച്ചില്ല. പിന്നെ ഡോക്ടര്‍ വന്ന് ഫണ്ടല്‍ പ്രഷര്‍ തന്നു. 12.30-തോടെയാണ് ഞാന്‍ പ്രസവിച്ചത്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്ന മാത്രമേ പറയാനുള്ളൂ.'

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ഇന്നലെ മുതല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ആശുപത്രികളെയോ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന വലിയൊരു വിഭാഗത്തെയോ മോശമാക്കുകയല്ല ഞങ്ങളുടെ ഉദ്ദേശം എന്നതുകൊണ്ടാണ് പല പേരുകളും പുറത്തുവിടാത്തത്‌. മുകളില്‍ പറഞ്ഞിരിക്കുന്ന ആശുപത്രിയുമായും ബന്ധപ്പെട്ട് യുവതി ഉന്നയിച്ച ആരോപണത്തിന്റെ പ്രതികരണം ഞങ്ങള്‍ ആരാഞ്ഞിരുന്നു. ക്ഷമാപണത്തോടെയാണ് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതെ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്നും പ്രസ്തുത സംഭവം ഉള്‍പ്പെടെയുള്ളവയില്‍ ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്; ഒപ്പം ഇത്തരം കാര്യങ്ങളില്‍ എന്തുകൊണ്ട് സെന്‍സിറ്റീവ് ആകണമെന്നതടക്കമുള്ള ബോധവത്കരണ നടപടികള്‍ ചെയ്യുമെന്നും അവര്‍ പറയുന്നു.

നടപടികള്‍ കൊണ്ട് മാത്രം മാറുന്നതല്ല ഇത്തരം മനോഭാവങ്ങള്‍; അത് ഒരു സമൂഹമെന്ന നിലയില്‍ മറ്റുള്ളവരോടുള്ള കരുതലില്‍ നിന്നുകൂടി ഉണ്ടാവുന്നതാണ്. ഈ അനുഭവങ്ങള്‍ വായിക്കുന്ന, ആരോഗ്യസുരക്ഷാ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും തങ്ങളുടെ മനോഭാവം മാറ്റാന്‍ തയാറായെങ്കില്‍ എന്നു മാത്രമേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ കൂടി ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളെ അറിയിക്കാം-ഇ-മെയില്‍ വിലാസം: azhimukham@gmail.com

http://www.azhimukham.com/kerala-what-is-happening-in-our-labour-rooms-by-kr-dhanya/

http://www.azhimukham.com/kerala-patriarchy-malegaze-moralpolicing-kissoflove-pregnancy-asibi/

http://www.azhimukham.com/equal-abortion-rights-single-women-mtp-pregnancy/

http://www.azhimukham.com/keralam-pregnant-woman-refused-seat-dies-by-falling-from-bus/

Next Story

Related Stories