TopTop
Begin typing your search above and press return to search.

വന്യമൃഗങ്ങള്‍ക്കൊപ്പം 50 വര്‍ഷം വനത്തില്‍ ജീവിച്ച ലക്ഷ്മി അവ്വ കാടിന്റെ ആഴങ്ങളിലേക്ക് തിരികെ യാത്രയായി

വന്യമൃഗങ്ങള്‍ക്കൊപ്പം 50 വര്‍ഷം വനത്തില്‍ ജീവിച്ച ലക്ഷ്മി അവ്വ കാടിന്റെ ആഴങ്ങളിലേക്ക് തിരികെ യാത്രയായി

ഒരു ലോക പരിസ്ഥിതി ദിനം കൂടി കടന്നു പോയിരിക്കുന്നു. കാട് നമ്മളെ ഒരേ സമയം മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ലക്ഷ്മി അമ്മയ്ക്ക് കാട് ഏറെ പ്രിയപ്പെട്ടതായിരുന്നു. തന്റെ ജീവിതം മുഴുവന്‍ അവസാനിക്കാത്ത കൊടുങ്കാറ്റുകള്‍ ചേക്കേറിയിട്ടും ഉലയാതെ പിടിച്ചു നിന്ന ഒരു സ്ത്രീ. കഴിഞ്ഞ അമ്പത് വര്‍ഷമായി കാട്ടില്‍ തനിച്ചു താമസിക്കുന്ന ഒരു വൃദ്ധ. തിരുനെല്ലി കാടു പൂക്കുന്ന വൈകുന്നേരങ്ങളില്‍ കഥ പറയാനിനി 'അവ്വ'യില്ല.

ലക്ഷ്മി അമ്മയെ അവ്വയെന്നാണ് തിരുനെല്ലിക്കാര്‍ വിളിച്ചിരുന്നത്. അപ്പപ്പാറയില്‍ നിന്ന് നാലു കിലോമീറ്റര്‍ കൊടുംവനത്തിലൂടെ ഉള്ളിലേക്ക് പോകണം ലക്ഷ്മി അവ്വയുടെ വീട്ടിലേക്ക്. ഇന്നത് ശൂന്യമാണ്. അവ്വയുടെ 'മക്കളാ'യിരുന്ന സീതയും ദേവിയും ഗണേശനും കൃഷ്ണനും റാജയും ഇന്ന് ഒരര്‍ത്ഥത്തില്‍ അനാഥരാണ്. ഇതൊന്നും മനുഷ്യര്‍ അല്ല. അവ്വ പേരിട്ടു വിളിച്ചിരുന്ന മാനും ആനയും കുരങ്ങുകളുമാണ്. കാടിളക്കി പ്രകമ്പനം കൊള്ളിച്ചുവരുന്ന കരിവീരന്മാര്‍ അവ്വയുടെ മുന്നിലെത്തിയാല്‍ വിനയാന്വിതരാവും. രാത്രി വൈകുന്നതുവരെ അവ്വയുടെ വീടിനടുത്ത് അവരുണ്ടാവും. ഇടയ്ക്ക് അവ്വ നല്‍കുന്ന നാളികേരവും പഴങ്ങളും ഭക്ഷിച്ച് സ്ഥലം വിടും. ഇനിയീ കാടുകളില്‍ ഇങ്ങനെയൊരു ചിത്രമില്ല. പറയാനൊരുപാട് കഥകള്‍ ബാക്കി വെച്ച് കാടിനേയും അരുമയായ മൃഗങ്ങളെയും തനിച്ചാക്കി അവ്വ യാത്രയായി...

''ഗണേശാ... മാറിനിക്കെടാ''... ആടിനെയും പട്ടിയെയും അകറ്റുന്നതുപോലെ ആനകളെയും കടുവകളെയും അകറ്റി പാത തെളിക്കുന്ന അവ്വയെ അത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിനിക്കുക എന്ന് പറയുമ്പോള്‍ തിരുനെല്ലിക്കാരന്‍ നാരായണന്റെ വാക്കുകളിടറി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ ഒരു കടുവയേയും മൂന്ന് കുട്ടികളേയും പനവല്ലിക്കാര്‍ കണ്ടിരുന്നു. പിന്നീടാണറിഞ്ഞത് അവ്വയുടെ വീടിനു പിറകിലായിരുന്നു ഇവരുടെ താമസമെന്ന് വല്ലപ്പോഴും അവ്വയ്ക്ക് റേഷനരിയും മറ്റും എത്തിച്ചു നല്‍കിയിരുന്ന വനപാലകരും നാട്ടുകാരും പറയും.

അവ്വയുടെ ഓര്‍മയിലൂടെ നാരായണന്‍; 'കടുവയും ആനയും കാട്ടുപോത്തുകളും പന്നിയും വിഹരിക്കുന്ന വനപ്രദേശം. അവ്വയെ ഇക്കാലമത്രയും ഒരു വന്യമൃഗവും ഉപദ്രവിച്ചിട്ടില്ല എന്നതാണ് അത്ഭുതം. മാത്രവുമല്ല അവ്വ വന്യമൃഗങ്ങളോട് സംസാരിക്കാറുമുണ്ട്. അവ്വ മലയാളി അല്ല. കുടകിലെ എച്ച് ഡി കോട്ടയിലാണ് സ്വദേശം. ദാസന്‍ ചെട്ടി കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്. കുടുംബത്തിലേക്ക് വിധിയായി വന്ന ഏതോ പകര്‍ച്ച വ്യാധി അവരെ ചെറുപ്പത്തിലേ അനാഥയാക്കി. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരെയും ചെറുപ്പത്തിലേ നഷ്ടമായി. അവ്വയെയും മുത്തശ്ശിയെയും മാത്രമാണ് രോഗം ബാക്കി വെച്ചത്. പിന്നെ അവ്വയും മുത്തശ്ശിയും ഒരു അകന്ന ബന്ധുവിന്റെ വീട്ടിലായിരുന്നു. ഒരുപാട് ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ കുട്ടിക്കാലം എന്നാണ് കേട്ടിട്ടുള്ളത്. വളര്‍ന്നപ്പോള്‍ അവരുടെ ഒരകന്ന ബന്ധുവിന് കല്യാണം നിശ്ചയിച്ചു, കല്യാണത്തിന് കുറച്ചീസം മുന്‍പ് മദ്രാസിലേക്ക് പോയ അയാളെ പിന്നെ മൃതദേഹമായാണ് തിരിച്ചു കിട്ടീത് പോലും.

ശാപജന്മമാണെന്ന് കരുതി പിന്നെയാരും അവ്വയെ കല്യാണം കഴിക്കാന്‍ വന്നില്ല. ആകെയുണ്ടായ മുത്തശ്ശി മരണക്കിടക്കയിലുമായി. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ മൈസൂരിലുള്ള ബന്ധുവിനെ കാണാന്‍ പോയ ദാസന്‍ ചെട്ടിയുടെ കണ്ണില്‍ അവ്വ പെടുന്നത്. അയാളവരെ കല്യാണമാലോചിച്ചു ചെന്നു. ഇരുപത്തെട്ടാം വയസ്സില്‍ മധ്യവയസ്‌കനായ ദാസന്‍ ചെട്ടിയെ വിവാഹം കഴിച്ചാണ് അവ്വ തിരുനെല്ലിയിലെത്തുന്നത്.

അവ്വ 'ഗണേശന്‍' എന്നു പേരിട്ടിട്ടുള്ള ഒരാന ഉണ്ടായിയുന്നു. ആ ആന അവ്വ വിളിച്ചാല്‍ വിളി കേള്‍ക്കും. ആനകള്‍ വെള്ളം കുടിക്കാന്‍ വരുന്ന ചിറയുടെ അടുത്താണ് അവ്വയുടെ വീട്. ചിലപ്പോള്‍ ആനകള്‍ അവ്വ വെള്ളമെടുക്കുമ്പോള്‍ വരും. അവ്വ വെള്ളമെടുത്ത് കഴിയും വരെ ആനകള്‍ കാത്തു നില്‍ക്കുകയും ചെയ്യും.

കുറച്ചു കാലം മാത്രമേ ഭര്‍ത്താവ് ദാസന്‍ ചെട്ടി അവരോടൊപ്പം ഉണ്ടായിരുന്നുള്ളു.

താമസിയാതെ ചെട്ടിയാര്‍ മരിച്ചു. ചെട്ടി അവ്വയെ കല്യാണം കഴിക്കുന്നതിനു മുമ്പ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതയാള്‍ മറച്ചു വെച്ചായിരുന്നു അവ്വയെ കെട്ടിയത്. അവ്വക്ക് അതിന് അയാളോട് പരാതിയുണ്ടായിരുന്നില്ല.

കുറ്റബോധത്താല്‍ നീറിയാണ് ദാസന്‍ ചെട്ടി മരിച്ചത്. അവ്വയുടെ മടിയില്‍ കിടന്നു തന്നെ. ചെട്ടി മരിച്ച ശേഷം വനംവകുപ്പ് അധികൃതര്‍ കാട്ടില്‍ നിന്ന് മാറ്റി താമസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവ്വ സമ്മതിച്ചില്ല. ഭര്‍ത്താവിന്റെ ഓര്‍മകളുള്ള കാട് വിട്ട് എങ്ങോട്ടും പോകാന്‍ അവ്വ ഒരുക്കമല്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് അവ്വ ജീവിച്ചിരുന്നത് ' നാട്ടുകാരന്‍ സെയ്താലി അവ്വയെ ഓര്‍ത്തെടുത്തു.

'അവ്വ താമസിച്ചിരുന്നത് കൊടും വനത്തിലായിരുന്നു. ഈടെ നാട്ടുകാര്‍ക്കൊന്നും ആടേയ്ക്ക് പോവാന്‍ പറ്റൂല്ല. സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ ഈടെയ്ക്ക് വരുമ്പോഴാണ് കാണാറുള്ളത്. എന്നും ഒരു ചിരിയും വലിയ കുങ്കുമപ്പൊട്ടും ഉണ്ടാവുമായിരുന്നു മുഖത്ത്. പാതി കീറിയ ചാക്ക് സഞ്ചിയില്‍, 'ഇതി പാതി എനക്കും ബാക്കി എന്റെ മക്കക്കും' എന്ന് പറഞ്ഞോണ്ട് അവര്‍ തിരിച്ച് പോകും.' അവ്വ സാധനങ്ങള്‍ വാങ്ങിയിരുന്ന തിരുനെല്ലിയിലെ പലചരക്കുകടയിലെ സുബ്രഹ്മണി പറയുന്നു.

വാര്‍ദ്ധക്യസഹജമായ രോഗം മൂര്‍ചിച്ചപ്പോള്‍ വനം വകുപ്പ് അവ്വയെ കാട്ടില്‍ നിന്നും നിര്‍ബന്ധിച്ച് മാറ്റി.

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വഴി നല്‍കിയ വലിയ വീട്ടിലേക്കായിരുന്നു മാറ്റിത്താമസിപ്പിച്ചത്. പനവല്ലിയിലെ ആ വീടും ഏകാന്ത തടവറ തന്നെയായിരുന്നു അവ്വക്കെന്ന് നാട്ടുകാര്‍ പറയുന്നു...

മൂന്നു മാസം മുമ്പ് അവ്വയെക്കണ്ട ലീല ഓര്‍മ്മിക്കുന്നു 'മോത്തും നെറ്റിയിലും കൊറേ

ചുളിവുകള്‍. കണ്ണിന് കാഴ്ച്ച പോരാ. കേള്‍വിയും കുറഞ്ഞു, ആകപ്പാടെ വല്ലാത്ത അവസ്ഥ. ഒരുപാട് നേരം സംസാരിച്ചിരുന്നു അന്ന്. കാട്ടിലെ മക്കളെ വിട്ട് ഭര്‍ത്താവിന്റെ ഓര്‍മകളുള്ള വീട് വിട്ട് പോന്നതിന്റെ പരാതികളായിരുന്നു അതിലേറെയും.'

വല്ലപ്പോഴും മുറ്റത്തെ മയിലാഞ്ചി ഇലകള്‍ അടര്‍ത്താനെത്തിയിരുന്ന കുട്ടികള്‍ മാത്രമായിരുന്നു അവ്വയുടെ പുതിയ വീട്ടിലെ കൂട്ടുകാര്‍. അമ്പത് വര്‍ഷത്തെ ഏകാന്തവാസത്തേക്കാള്‍ വന്യമൃഗങ്ങള്‍ ഇല്ലാത്ത ജീവിതമാവും അവ്വയെ ഇത്രയും തളര്‍ത്തിയതെന്നും ലീല പറയുന്നു. കാട് തന്നെ വിളിക്കുന്നതായി അവ്വ ഇടയ്ക്കിടെ എല്ലാവരോടും പറയാറുണ്ടായിരുന്നു.

വനാന്തരത്തില്‍ കാട്ടാനകളോടും കടുവകളോടുമൊപ്പം സഹവസിച്ച് അമ്പത് വര്‍ഷം ഏകാന്ത കാനനവാസം നയിച്ച അവ്വയെ കാട് തിരികെ വിളിച്ചതാണെന്നാണ് തിരുനെല്ലിക്കാര്‍ പറയുന്നത്.

ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ തന്നെയും സംസ്‌കരിക്കണമെന്ന അവ്വയുടെ ആഗ്രഹം വനംവകുപ്പ് സഫലീകരിച്ചു. അങ്ങനെ അവ്വ കാടിന്റെ ആഴങ്ങളിലേക്ക് തിരികെ യാത്രയായി..


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories