TopTop
Begin typing your search above and press return to search.

'വിഷമകോണീയ അപവാഹം' വല്ലതും മനസ്സിലായോ? എന്റമ്മോ...ഇതെന്തു മലയാളം!

വിഷമകോണീയ അപവാഹം വല്ലതും മനസ്സിലായോ? എന്റമ്മോ...ഇതെന്തു മലയാളം!

'വിഷമകോണീയ അപവാഹം' വല്ലതും മനസ്സിലായോ? Angulate drainage എന്നതിന്റെ മലയാളം ഇതാണെന്നാണ് പറയുന്നത്! 'നിമ്‌നാപരദതലം' ഇതെന്താണെന്നറിയാമോ? മറ്റ് ഭാഷയൊന്നുമല്ല. മലയാളമാണെന്നാണ് സര്‍ക്കാര്‍ വാദം. 'Base level erosion' എന്നതിന്റെ മലയാള പരിഭാഷ ഇതാണത്രേ!

ബന്ധിത ജലജതം, പ്രതിലോമ വക്രത, തടക്ഷേത്രഫല അനുപാതം, അനുവര്‍ത്തിചാനല്‍, സുകരപ്രഷ്ഠം, പശ്ചാപരദനം...ഇതൊക്കെ മലയാള വാക്കുകളാണെന്നാണ് പുതിയ സാങ്കേതികപദാവലിയില്‍ പറയുന്നത്! ആസൂത്രണ സാമ്പത്തികകാര്യവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി പഠന കേന്ദ്രം പ്രസിദ്ധീകരിച്ച സാങ്കേതികപദാവലിയിലെ മലയാളം വാക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ അടുത്ത പുസ്തകം വേണ്ടിവരും!

ഇനി 'റേഡിയേഷന്‍' എന്നു പറയേണ്ട. പകരം 'വക്രതാത്രിജ്യ' എന്നു പറയാം. വയ്പു പല്ലുള്ളവര്‍ അത് തെറിച്ചുപോകാതെ സൂക്ഷിക്കണം!

മുമ്പ്, 'സ്വിച്ച്' എന്നതിനു 'വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രം' എന്നായിരുന്നു പരിഭാഷ നിശ്ചയിച്ചത്. ബെഞ്ചിന് 'നാലുകാലുള്ള ആസനംകുത്തി മരപ്പലക' എന്നും. ഇത്തരം വിവര്‍ത്തനങ്ങളെ ആട്ടിയോടിച്ച നാടാണ് 'വക്രതാത്രിജ്യ'യുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. റോക്കറ്റ്, റേഡിയോ, ടെലിവിഷന്‍, ഗവര്‍ണര്‍, ഡോക്ടര്‍, സ്പീക്കര്‍, കാര്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാക്കുകളെ അതേപടി മലയാളത്തിലേക്ക് സ്വീകരിച്ച് 'ക്‌ളാസിക് മലയാള'മായ നമ്മള്‍ 'വക്രതാത്രിജ്യ'പോലുള്ള മലയാളത്തിനു പകരം 'റേഡിയേഷന്‍' എന്നുതന്നെ പറഞ്ഞാല്‍ മലയാളത്തിന്റെ ആകാശം ഇടിഞ്ഞു വീഴുമോ?

മലയാളവും ഇംഗ്‌ളിഷും ചേര്‍ന്ന വാക്കുകള്‍ തനിമലയാളമായി ഉപയോഗിച്ചുമാറ്റിയ നാടാണിത്. അങ്ങനെ കൊണ്ടും കൊടുത്തുമേ ഭാഷ വളരൂ. കറിമസാല, പൊലീസുകാരന്‍, തക്കാളിസൂപ്പ് എന്നിങ്ങനെ ഇംഗ്‌ളീഷും മലയാളവും തമ്മില്‍ വേളികഴിച്ച എത്രയെത്ര വാക്കുകള്‍ ഇന്ന് തനിമലയാളത്തിന്റെ ചേലയുടുത്തു നില്‍ക്കുന്നു.

മലയാളത്തിലേക്ക് ഇംഗ്‌ളിഷ് മാത്രമല്ല, മറ്റുപല ഭാഷകളിലേയും പദങ്ങള്‍ വന്നിട്ടുണ്ട്. കമാനം,രസീത്,പരാതി,ബിനാമി, ശിപാര്‍ശ,കാക്കി,കനേഷുമാരി, അച്ചാര്‍, ചപ്പാത്തി,ഉറുമാല്‍ തുടങ്ങി എത്രയെത്ര വാക്കുകളാണെന്നോ പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് മലയാളം സ്വന്തമാക്കിയത്. എന്തിന് 'സര്‍ക്കാര്‍' പോലും പേര്‍ഷ്യക്കാരനാണ്!സുല്‍ത്താന്‍, ഉസ്താദ്, അദാലത്ത്, കബര്‍, കാപ്പിരി, മുന്‍സിഫ്, ഹര്‍ജി, താലൂക്ക്, ജില്ല എന്നിവയൊക്കെ മലയാളം സ്വന്തമാക്കിയത് അറബി ഭാഷയില്‍നിന്നാണ്. 'ഇന്‍ക്വിലാബ്' പോലും അറബിയില്‍ നിന്നാണെന്ന് രേഖകള്‍ പറയുന്നു.

ഇസ്തിരി, മേശ, അലമാര, ജനല്‍, വരാന്ത, മേസ്തിരി, കുരിശ്, കൊന്ത, പാതിരി, ലേലം, പേര, സവാള മുതല്‍ പേനയും കടലാസും വരെ കൊണ്ടുവന്ന് മലയാളത്തിന് സമ്മാനിച്ചത് പോര്‍ച്ചുഗീസുകാരാണ്.

തമിഴ്,സംസ്‌കൃതം എന്നിവയില്‍ നിന്ന് ഇഷ്ടം പോലെ വാക്കുകള്‍ സ്വന്തമാക്കിയ മലയാളം കൊപ്ര, ചട്‌നി, പാറാവ്, പങ്ക, ബംഗ്‌ളാവ്, റൊട്ടി, ചട്ടി, പൈസ, ലഹള, ലാത്തി മുതല്‍ സാരി, കുര്‍ത്ത, ചുരീദാര്‍ എന്നിവ മാത്രമല്ല ലഡു, മിഠായി മുതല്‍ ബീഡി വരെ എത്രയെത്ര വാക്കുകളാണെന്നോ ഹിന്ദിയില്‍നിന്ന് സ്വന്തമാക്കിയത്! സേമിയയും സാമ്പാറും മാത്രമല്ല കത്തിയും മലയാളത്തിന് സമ്മാനിച്ചത് മറാഠിയാണ്.

സുറിയാനി, ജൂത, ചൈനീസ് ഭാഷകളുമായി സമ്പര്‍ക്കമുണ്ടായിരുന്ന മലയാളം അവിടെനിന്നുള്ള വാക്കുകളും ഇരുകൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ പദങ്ങളെ വരവേറ്റാലേ ഭാഷ സമ്പന്നമാവൂ. ഇംഗ്‌ളിഷ് ലോകഭാഷയായത് അങ്ങനെയാണ്. മലയാളത്തില്‍ നിന്ന് കൊപ്ര, കയര്‍, തേക്ക്, പപ്പടം ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാന്‍ ഇംഗ്ലിഷിന് ഒരു മടിയുമുണ്ടായില്ല.

എന്നാല്‍, എല്ലാക്കാര്യത്തിലുമെന്ന പോലെ ഭാഷയിലും മൗലികവാദികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത്തരം മലയാളം മൗലികവാദികളാണ് ഇംഗ്‌ളണ്ടിന് ബിലാത്തിയെന്നും ഇംഗ്‌ളിഷിന് ആംഗലേയമെന്നുമൊക്കെ മതിയെന്ന് വാശിപിടിക്കുന്നത്. ആയതിനാല്‍, നമുക്ക് റേഡിയേഷനുള്‍പ്പെടെ നല്ല മലയാളപദങ്ങള്‍ കിട്ടാത്ത സാങ്കേതികപദങ്ങള്‍ അതത് ഭാഷയിലുള്ള വാക്കുതന്നെ ഉപയോഗിക്കാം.അല്ലാതെ, 'സാങ്കേതികബദാവലി' തയ്യാറാക്കിയവര്‍പോലും 'നിമ്‌നാപരദനതലം' പോലെയുള്ള വാക്കുകള്‍ ഉപയോഗിക്കില്ല. മാത്രമല്ല, ഇതൊക്കെ മലയാളമാണെന്ന് ഇവര്‍ എങ്ങനെ പറയും?

പിന്നെ, സര്‍ക്കാരിന്റെ പണം ചെലവഴിക്കാന്‍ വഴികളാവാം. 'കാട്ടിലെ തടി,തേവരുടെ ആന...!.'വക്രതാതിജ്യമെങ്കില്‍ അങ്ങനെ...'ദീപസ്തംഭം മഹാശ്ചര്യം...' എന്നുപറയാന്‍ ഇപ്പോഴും ഒരുപാട് ആളെകിട്ടുന്ന നാടാണിത്. അവര്‍ ഒരുപക്ഷേ, ഇത്തരം സാങ്കേതികപദാവലികള്‍ മഹത്തരമെന്ന് വാദിച്ചേക്കാം. ലോകമലയാളത്തിലേക്കുള്ള കാല്‍വയ്പായി വ്യാഖ്യാനിച്ചുകൂടെന്നുമില്ല...!അപ്പോഴും ഇതൊന്നും സഹിക്കാനാവാതെ ഒരു നിലവിളി ഉയരുന്നുണ്ടാവും, പാവം മലയാളത്തിന്റെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories