TopTop
Begin typing your search above and press return to search.

വെടിയേറ്റു വീണിട്ട് അമ്പത് വര്‍ഷം; അവസാനിക്കുന്നില്ല ചെ പ്രഭാവം

വെടിയേറ്റു വീണിട്ട് അമ്പത് വര്‍ഷം; അവസാനിക്കുന്നില്ല ചെ പ്രഭാവം
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒക്ടോബര്‍ ഒമ്പതിനാണ് ബൊളീവിയന്‍ കാടുകളില്‍ വച്ച് ഗറില്ല യുദ്ധമുറയുടെ ആചാര്യനും ക്യൂബയുടെ ഇടതുവിപ്ലവത്തിന്റെ മുന്നണിപ്പോരാളിയും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ചെ ഗുവേര കൊല്ലപ്പെട്ടത്. അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയയിലെ പിന്നോക്ക ഗ്രാമം ഇന്നൊരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ചുറ്റുമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചെയുടെ പിന്‍മുറക്കാര്‍ക്ക് നിരാശയുടെ കാലമാണ് സമ്മാനിക്കുന്നതെന്ന് ഗാര്‍ഡിയന്‍ പത്രത്തില്‍ ലോറന്‍സ് ബ്ലയറും ഡാന്‍ കോളിനസും ചേര്‍ന്നെഴുതിയ ലേഖനം നിരീക്ഷിക്കുന്നു.

1966 നവംബര്‍ മൂന്നിന് ബൊളീവിയയിലെ ലാ പാസയില്‍ ഒരു വ്യവസായിയുടെ വേഷത്തില്‍ വന്നിറങ്ങിയ ചെ ഗുവേരയുടെ വാഗ്ദത്ത ഭൂമിയല്ല ഇന്നത്തെ ലാറ്റിന്‍ അമേരിക്ക. യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഏകാധിപതിയായ ബാറ്റിസ്റ്റയില്‍ നിന്നും ക്യൂബയെ മോചിപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ വേദിയില്‍ നിന്നുകൊണ്ട് യുഎസിനെതിരെ സംസാരിക്കുകയും സോഷ്യലിസം ലോകമാകെ വ്യാപിപ്പിക്കാന്‍ മനസുറപ്പിക്കുകയും ചെയ്ത ചെഗുവേരയുടെ സ്വപ്‌നങ്ങളല്ല ഇപ്പോഴത്തെ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയം പങ്കുവെക്കുന്നത്.

ചുണ്ടില്‍ കടിച്ചുപിടിച്ച ചുരുട്ടുമായി ലാ പാസയില്‍ വിമാനമിറങ്ങിയ തടിയനായ വ്യവസായിയുടെ രൂപമായിരുന്നില്ല പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ലോകമെങ്ങും പ്രചരിച്ച ചെ ഗുവേരയുടെ ചിത്രത്തില്‍ ഉണ്ടായിരുന്നത്. തലനിറയെ മുടിയും വെട്ടിയൊതുക്കാത്ത താടിയും തുറിച്ച കണ്ണുകളോടും കൂടിയ അദ്ദേഹത്തിന്റെ മെലിഞ്ഞ, നിശ്ചല ശരീരം ഒരു സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ രൂപമായിരുന്നു അദ്ദേഹത്തിനെന്ന് ചെയുടെ നിശ്ചല ശരീരം വൃത്തിയാക്കാന്‍ സഹായിച്ച സുസന്ന ഒസിനാഗ പറയുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന പരിശുദ്ധ ചെഗുവേരയോട് ജനങ്ങള്‍ ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നതായും 87-കാരിയായ അവര്‍ വിശദീകരിക്കുന്ന കാര്യം ഗാര്‍ഡിയന്‍ ലേഖനം ചൂണ്ടിക്കാണിക്കുന്നു.

1965ലെ കോംഗോ പര്യവേഷണം പരാജയപ്പെട്ടതിന് ശേഷമാണ് ആഗോള വിപ്ലവത്തിന്റെ ഈറ്റില്ലമായി ബൊളീവിയയെ ചെ സ്വീകരിക്കുന്നത്. ഈ തീരമാനത്തില്‍ അല്‍പജ്ഞാനത്തിന്റെ അംശങ്ങള്‍ സംശയിക്കാമെങ്കിലും കരുത്തുറ്റ പ്രത്യയശാസ്ത്ര പിന്‍ബലം അതിനുണ്ടെന്നാണ് ചെ ഗുവേര: എ റവല്യൂഷണറി ലൈഫ് എന്ന ചെയുടെ ജീവചരിത്രം എഴുതിയ ജോണ്‍ ലീ ആന്‍ഡേഷ്‌സണ്‍, ഗാര്‍ഡിയനോട് പറഞ്ഞത്. ഉന്മത്തമായ 1960-കളില്‍ എന്തും സാധ്യമായിരുന്നുവെന്നും ആധുനിക കാലത്തില്‍ അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാന്‍ അന്ന് മാത്രമേ സാധിക്കുമായിരുന്നുള്ളവെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നിട്ടും ചെയും തന്റെ 47 അനുയായികളും മുള്‍ച്ചെടികള്‍ നിറഞ്ഞ വരണ്ട പ്രദേശമായ നാന്‍കഹുവാസുവില്‍ എത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ക്യൂബയുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവിക്കുകയും ചെയ്തു. രോഗങ്ങളും വിഷപ്രാണികളും അവരെ ആക്രമിച്ചു.

യുദ്ധം ചെയ്ത് ദൃഢചിത്തരായ ക്യൂബക്കാരുടെ ഉത്തരവുകള്‍ ബൊളീവിയക്കാരെ മുഷിപ്പിച്ചു. വലിഞ്ഞു കയറുന്ന വിദേശികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രചരണങ്ങള്‍ തൊഴിലാളികളില്‍ ഭീതി വിതച്ചു. ഗുവേരയുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ച യുഎസ്, റെനെ ബാര്യന്റോസ് ഭരണകൂടത്തെ സഹായിക്കാന്‍ സിഐഎയും സൈനിക ഉപദേഷ്ടാക്കളെയും അയച്ചു. 1967 ഓഗസ്റ്റ് 31ന് നടന്ന ഒരു സൈനിക പതിയാക്രമണം കാസ്‌ട്രോയുടെ പകുതിയിലേറെ പോരാളികളെ തുടച്ചുനീക്കി. കുരുക്കില്‍ നിന്നും രക്ഷപ്പെട്ട ബാക്കിയുള്ളവര്‍ മലകളെ അഭയം പ്രാപിച്ചു.ആസ്ത്മയുടെ ശല്യം കലശലായതോടെ ചെ, ഒരു കോവര്‍കഴുതയുടെ പുറത്തേറി ലാ ഹിഗ്വേര ഗ്രാമത്തിലെത്തി. ഒരു ഗ്രാമീണന്‍ ഒറ്റിക്കൊടുത്തു. കടുത്ത വെടിവയ്പ്പില്‍ ചെയുടെ തോക്കിന്റെ പാത്തി തെറിച്ചുപോയി. ഗ്രേ പ്രാഡോ എന്ന 28കാരന്റെ കീഴിലുള്ള യുഎസ് ഗ്രീന്‍ ബ്രെറ്റ്‌സിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി. 'ഞാന്‍ ചെയാണ്. വെടിവെക്കരുത്. നിങ്ങള്‍ക്ക് എന്നെ ജീവനോടെയാവും കൂടുതല്‍ പ്രയോജനം,' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദരിദ്രനും ക്ഷീണിതനും പൊടിയും അഴുക്കും നിറഞ്ഞ ചെയെ കണ്ടപ്പോള്‍ വിഷമം തോന്നിയതായി പ്രാഡോ, ഗാര്‍ഡിയനോട് പറഞ്ഞു. അദ്ദേഹം ഒരു നായകനെ പോലെ തോന്നിച്ചില്ലെന്നും പ്രാഡോ ഓര്‍ക്കുന്നു. ചെയോടൊപ്പം സിമിയോണ്‍ 'വില്ലി' ക്യൂബ സര്‍ബിയെയും യുഎസ് സേന കീഴടക്കി. ലാ ഹിഗ്വേരയിലെ ഒരു സ്‌കൂളിലെ പ്രത്യേക മുറികളില്‍ ഇരുത്തി അവരെ ചോദ്യം ചെയ്തു. ചെയ്ക്ക് തങ്ങള്‍ ഭക്ഷണവും കാപ്പിയും സിഗററ്റും നല്‍കിയെന്നും അദ്ദേഹത്തോട് മാന്യമായാണ് പെരുമാറിയതെന്നും പ്രാഡോ പറയുന്നു. തനിക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചെ ചോദിച്ചപ്പോള്‍ സാന്താ ക്രൂസില്‍ വച്ച് അദ്ദേഹത്തെ വിചാരണയ്ക്ക് വിധേയനാക്കും എന്നാണ് പെഡ്രോ മറുപടി നല്‍കിയത്. കോടതിയില്‍ തനിക്ക് വാദിക്കാന്‍ അവസരമുണ്ടാകും എന്ന വിചാരം ചെയെ സന്തുഷ്ടനാക്കി. പക്ഷെ, അങ്ങനെയൊരു വിചാരണ നടന്നില്ല. 'അയാളെ ഒഴിവാക്കിയേക്കൂ' എന്ന ഉത്തരവാണ് പ്രാഡോയ്ക്ക് പിറ്റെ ദിവസം ലഭിച്ചത്.

27-കാരനായ സര്‍ജന്റ് മാരിയോ ടെറാന്‍ ആണ് ഇതിനായി നിയോഗിക്കപ്പെട്ടത്. യന്ത്രത്തോക്കില്‍ നിന്നുള്ള രണ്ട് വിസ്‌ഫോടനങ്ങളിലൂടെ അയാള്‍ ചെയുടെ ജീവിതം അവസാനിപ്പിച്ചു. വല്ലെഗ്രാന്‍ഡെയില്‍ ലോക മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചതിന് ശേഷം കൈകള്‍ വെട്ടിമാറ്റിയ ചെയുടെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത കുഴിമാടങ്ങളില്‍ അടക്കി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവ കണ്ടെത്തി തിരിച്ചറിഞ്ഞത്.

ചെയുടെ സഖാക്കള്‍ മരിച്ച സ്ഥലത്തെ പാറകളില്‍ ഇപ്പോഴും വെടിയുണ്ടകള്‍ ഏല്‍പ്പിച്ച പാടുകള്‍ കാണാം. ചെ ഒളിച്ചിരുന്ന പാറക്കല്ലില്‍ ഇന്ന് ചുവരെഴുത്തുകള്‍ നിറച്ചിരിക്കുന്നു. ഇന്ന് ബൊളീവിയന്‍ കേന്ദ്ര ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചെയുടെ ഡയറിയില്‍ സൂചിപ്പിച്ചിരുന്ന വൃദ്ധയുടെ വീട് നാശോന്മുഖമായി തുടങ്ങിയിരിക്കുന്നു. 75 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ ഇന്ന് 15ല്‍ പരം കുടുംബങ്ങള്‍ മാത്രമാണ് ബാക്കി.

ഗറില്ലകളുടെ ആയുധങ്ങള്‍ വിഷലിപ്തങ്ങളാണ് എന്ന പ്രചാരണം അന്ന് ശക്തമായിരുന്നുവെന്ന് അവശേഷിക്കുന്ന ചിലരെങ്കിലും ഓര്‍ക്കുന്നു. അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നും മുതിര്‍ന്നവരെ കൊല്ലുമെന്നും തങ്ങളെ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി അന്ന് 15 വയസുള്ള നവവരന്‍ ആയിരുന്ന ക്രാന്‍ഷ്യ സരാട്ടെ ഓര്‍ക്കുന്നു. കീറത്തുണിയുടുത്ത് അഴുക്ക് നിറഞ്ഞ ശരീരത്തിലെ മുറിവുകളില്‍ നിന്നും ഒലിക്കുന്ന ചോരയുമായി കീഴടങ്ങിയ ചെ നടന്നുപോകുന്നത് 73 കാരനായ ആല്‍സിഡസ് ഓസിനാഗ കണ്ടിട്ടുണ്ട്.

അന്ന് വളരെ അസഹിഷ്ണുതയോടെയാണ് ചെഗുവേരയെ വരവേറ്റതെങ്കിലും ഇന്ന് അദ്ദേഹം വന്നതില്‍ ലാ ഹിഗ്വേര ഗ്രാമം സന്തുഷ്ടമാണ്. ഗ്രാമത്തില്‍ അരഡസനിലേറെ ഹോട്ടലുകള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ചെ വന്നിരുന്നില്ലെങ്കില്‍ തങ്ങള്‍ക്കാര്‍ക്കും തൊഴില്‍ ലഭിക്കില്ലായിരുന്നു എന്നാണ് ചെയെ വെടിവെച്ചുകൊന്ന സ്‌കൂളിന്റെ കാവല്‍ക്കാരന്‍ പറയുന്നത്. അകത്ത് ലോകത്തെമ്പാടുനിന്നും എത്തിയ സന്ദര്‍ശകര്‍ സമര്‍പ്പിച്ച ശ്രദ്ധാഞ്ജലികളും സ്മാരകചിഹ്നങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

വല്ലെഗ്രാന്‍ഡെയില്‍ ഒരു കുടില്‍ വ്യവസായമായി ചെ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കല്ലറയിലേക്ക് സന്ദര്‍ശകരെ ഗൈഡുകള്‍ നയിക്കുന്നു. കുഴിമാടങ്ങള്‍ ഇപ്പോള്‍ സ്മാരകമണ്ഡപങ്ങളാക്കി മാറ്റിയിരിക്കുന്നു. ആന്‍ഡേഴ്‌സണിന്റെ ജീവചരിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് ചെയുടെ കുഴിമാടത്തിന് വേണ്ടിയുള്ള അന്വേഷണം നടന്നത്. ഈ അന്വേഷണത്തിന്റെ സംഘത്തിന്റെ ഭാഗമായിരുന്ന ഗോണ്‍സാലോ ഗുസ്മാന്‍ ഇന്ന് ഗൈഡാണ്. തനിക്ക് അക്കാലത്ത് ചെ ആരാണെന്ന് അറിയില്ലായിരുന്നു എന്ന് ഗുസ്മാന്‍ സമ്മതിക്കുന്നു. എന്നാല്‍ താന്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന് തന്നോട് പറഞ്ഞത് ക്യൂബന്‍ അന്വേഷകരാണ്.എല്ലാ ഒക്ടോബര്‍ ഒമ്പതിനും ലോകത്തെമ്പാടുനിന്നും ഇവിടേക്ക് ജനസഹസ്രങ്ങള്‍ ഒഴുകിയെത്തുന്നു. സാമൂഹിക പ്രവര്‍ത്തകരും, പ്രാദേശിക നേതാക്കളും ക്യൂബന്‍ അധികാരികളും ചെയുടെ മക്കളും ഉള്‍പ്പെടെ 10,000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

അമ്പതാം വാര്‍ഷികം കടന്നുവരുമ്പോള്‍ അര്‍ജന്റീന, പെറു, ബ്രസീല്‍, പരാഗ്വേ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ഭരിച്ചിരുന്ന സര്‍ക്കാരുകളെല്ലാം മധ്യ-ഇടതുവശത്തേക്ക് ചാഞ്ഞിരിക്കുന്നു. ഗുവേരയുടെ ഏകീകൃത, സോഷ്യലിസ്റ്റ് ഭൂഖണ്ഡം എന്ന സ്വപ്‌നം പങ്കുവെച്ചിരുന്ന ഹ്യൂഗോ ഷാവേസിന്റെ വെനസ്വേല ഇന്ന് പട്ടണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും ഉയര്‍ന്ന കൊലപാതക നിരക്കുകളുടെയും പിടിയിലാണ്. ഗുവേരയുടെ സാമൂഹിക നീതിയിലേക്കുള്ള പാത ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്നു. കൊളംബിയയിലെ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് എന്ന പ്രദേശത്തെ ഏറ്റവും വലിയ വിമത സേന 53 വര്‍ഷത്തെ സായുധ വിപ്ലവത്തിന് ശേഷം ഈ വര്‍ഷം ആദ്യം ആയുധം താഴെ വച്ചു.

പെറുവിലെ ഷൈനിംഗ് പാത്തിന്റെ നേതാക്കള്‍ ജയിലിലാണ്. ബ്രസീല്‍, ഉറുഗ്വേ, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ സായുധ ഗറില്ലകള്‍, തിരഞ്ഞെടുപ്പിന്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഗുവേരയുടെ പ്രിയപ്പെട്ട ചങ്ങാതിമാരെ പ്രായം കീഴടക്കുന്നു. കാസ്‌ട്രോ 2016-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ 89കാരനായ സഹോദരന്‍ റൗള്‍ കാസ്‌ട്രോ അടുത്ത വര്‍ഷം അധികാരം ഒഴിയുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. യുഎസിനോടുള്ള താല്‍പര്യത്തെയും കാലം ബാധിക്കുന്നു. ഇപ്പോള്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ ഭൂരിപക്ഷവും ചെയുടെ കടുത്ത ശത്രുവിനെ അംഗീകരിക്കുന്നു.

ബൊളീവിയയും രാഷ്ട്രീയ മാറ്റത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് അമ്പതാം വാര്‍ഷികം എത്തുന്നത്. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വളര്‍ച്ചയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ശേഷം എണ്ണവിലയില്‍ ഉണ്ടായ ഇടിവും മണ്ടന്‍ രാഷ്ട്രീയ തീരുമാനങ്ങളും മൊറാലസിന്റെ ജനപിന്തുണ ഇടിച്ചിരിക്കുന്നു. മൊറാലസിനെ എതിര്‍ക്കുന്ന വല്ലെഗ്രാന്‍ഡെക്കാര്‍ ചെയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഗുസ്മാന്‍ പറയുന്നു. ഒരിക്കല്‍ തങ്ങളുടെ ശത്രുക്കളായിരുന്ന ഗറില്ലകള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കേണ്ടി വരുന്നതിനോട് ബൊളീവിയയുടെ സൈന്യത്തിനും താല്‍പര്യമില്ല.

എന്നാല്‍ ചെയുടെ മാഹാത്മ്യം നഷ്ടമായില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ഉണ്ട്. കിഴക്കന്‍ ബൊളീവിയയിലെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയമായില്ല എന്നതാണ് അവരുടെ കാഴ്ചപ്പാട്. വിജയത്തിന്റെ മാനദണ്ഡം എന്താണ് എന്നതിനെ അനുസരിച്ച് മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കൂവെന്ന് ബൊളീവിയയിലെ ഗുവേര പ്രസ്ഥാനത്തിന്റെ നേതാവും ഇഎന്‍എന്‍ സേനയെ കുറിച്ചുള്ള പുസ്തകത്തിന്റെ സഹരചയിതാവുമായ ഹെക്ടര്‍ ഉര്‍ദ്ദേറ്റ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ സായുധസമരങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു. ചെയെ തള്ളിക്കളയാന്‍ നിങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം തങ്ങളുടെ നായകന്‍ തന്നെയാണെന്നും ഗുസ്മാന്‍ ഉറപ്പിച്ചുപറയുന്നു.

Next Story

Related Stories