TopTop
Begin typing your search above and press return to search.

നാം പ്രതിരോധിക്കുന്നുണ്ട്, ഒപ്പം ആഫ്രിക്കയുടെ എബോള ദുരന്തം ഒരു പാഠവുമാകണം

നാം പ്രതിരോധിക്കുന്നുണ്ട്, ഒപ്പം ആഫ്രിക്കയുടെ എബോള ദുരന്തം ഒരു പാഠവുമാകണം
പുറം ലോകത്തിന് എബോള പകര്‍ച്ചവ്യാധിയുടെ ഏറ്റവും പുതിയ വാര്‍ത്തകള്‍ എത്തിച്ച രണ്ടു സഹോദരന്മാരുടെ ശ്രമങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ഇതിഹാസമാണ്. ഈ മാരക രോഗവിവരങ്ങള്‍ ലോകത്തിനെ അറിയിക്കാന്‍ കോങ്കോയിലെ മഴക്കാടുകളിലൂടെ നടന്നും വഞ്ചിയിലും മോട്ടോര്‍സൈക്കിളിലുമായി 170 മൈലുകള്‍ ആ സഹോദരന്മാര്‍ സഞ്ചരിച്ചു.

കേള്‍ക്കാന്‍ സന്നദ്ധരായ ആരോടും അവരതൊക്കെ പറഞ്ഞു. എമ്പാണ്ടാകയിലെ കാത്തലിക് ബിഷപ്പിനോടും. ഇകോകൊ ഇമ്പെങ്കെ എന്ന തങ്ങളുടെ ഗ്രാമത്തില്‍ വന്ന ഒരു സന്ദര്‍ശകന്‍ മരിച്ചെന്നും ഒരു പ്രാദേശിക പുരോഹിതന്‍ അയാളെ മൃതദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്ന ആചാര ബഹുമതികളോടെ അടക്കം ചെയ്തെന്നും അവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം ആ പുരോഹിതനും അയാളുടെ കുടുംബത്തിലെ മിക്കയാളുകളും മരിച്ചു.

കാടുകളില്‍ പടരുന്ന എബോളയാണ് അതെന്ന് ബിഷപ്പിന് മനസിലായി. അദ്ദേഹം വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളില്‍ അദ്ദേഹത്തിന്റെ സംശയം ശരിയാണെന്ന് തെളിഞ്ഞു. അടുത്ത മൂന്നാഴ്ച്ചക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 2014-നും 2016-നും ഇടയ്ക്കുണ്ടായ വലിയ പകര്‍ച്ചവ്യാധിക്ക് ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ വൈറസ് ബാധ മഴക്കാടുകളുടെ നടുവില്‍ നിന്നും വലിയ നഗരങ്ങളിലേക്കും ഒടുവില്‍ കോങ്കോ, റൂകി നദികളുടെ സംഗമകേന്ദ്രമായ, 1.2 ദശലക്ഷം പേര്‍ താമസിക്കുന്ന എമ്പാണ്ടാകയിലേക്കും പടര്‍ന്നു.

ആഫ്രിക്കയിലെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും ആഫ്രിക്കയിലെ എബോള ബാധയുടെ പുതിയ വരവിനെ നേരിടുന്നതിന് പോരാടുമ്പോള്‍, നിപ വൈറസിനെ എങ്ങനെ ചെറുക്കണം, എങ്ങനെയല്ല അത് ചെയ്യേണ്ടത് എന്നതിനും കേരളത്തിനും ഇന്ത്യക്കും ഒരുപാട് പാഠങ്ങള്‍ അതില്‍ നിന്നും പഠിക്കാനുണ്ട്.

1976-ല്‍ കണ്ടതിന് ശേഷം ഇത് ഏതാണ്ട് ഒമ്പതാമത്തെ തവണയാണ് എബോള പൊട്ടിപ്പുറപ്പെടുന്നത്. ഇതിന് മുമ്പ് എബോള വന്നതൊക്കെ കോങ്കോയിലെ (DRC) വിദൂര പട്ടണങ്ങളിലായിരുന്നു. അവിടെയത് വേഗം ശമിക്കുകയും ചെയ്തു. ഇത്തവണ വൈറസ് ബാധ രാജ്യത്തിന്റെ പ്രധാന ജീവനദിയായ കോങ്കോ നദിയുടെ അരികിലേക്കാണ്. അവിടെ നിന്നും 600 കിലോമീറ്ററോളം ദൂരത്താണ് കിന്‍സാസ, ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ നഗരം, 1.3 കോടി മനുഷ്യര്‍ പാര്‍ക്കുന്നിടം. അപ്പുറത്ത് റിപ്പബ്ലിക് ഓഫ് കോങ്കോയുടെ തലസ്ഥാനം ബ്രാസവില്ലെയാണ്.

പകര്‍ച്ചവ്യാധി വന്നതോടെ കോങ്കോ സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന, നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ അതിനെ തടയാനുള്ള വലിയ ശ്രമങ്ങളും തുടങ്ങി. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള അനുഭവങ്ങളുമായി എത്തുന്നുന്നുണ്ട്.

അവര്‍ വലിയ ജാഗ്രതയുടെ പാഠങ്ങളാണ് നല്‍കുന്നത്. കഴിഞ്ഞ തവണ 2014- ഗിനിയയില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകാരോഗ്യ സംഘടനയും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും അവധാനത കാട്ടിയില്ല. പിന്നീട് കാര്യങ്ങളെല്ലാം സമാഹരിച്ചപ്പോഴേക്കും ഗിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ അടുത്തെത്തിയിരുന്നു എബോള.

ആ വര്‍ഷം ആഗസ്തിലാണ് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആ കാലതാമസം തന്നെ എബോള വ്യാപകമാക്കാന്‍ ഇടയാക്കി. ആറ് രാജ്യങ്ങളിലായി 11,300 പേര്‍ മരിച്ചു. 17,000 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയോ രണ്ടു പേരെയുമോ നഷ്ടപ്പെട്ടു. പകര്‍ച്ചവ്യാധി മാരകമായ മാനങ്ങളില്‍ എത്തിയപ്പോഴാണ് ലോകം ശ്രദ്ധിച്ചത് പോലും. ചില രാജ്യങ്ങള്‍ പരിഭ്രാന്തരായി പകര്‍ച്ചവ്യാധി വന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിമാനയാത്ര നിരോധനം ഏര്‍പ്പെടുത്തി. ഇത് പലരെയും കരമാര്‍ഗം പോകാന്‍ നിര്‍ബന്ധിതരാക്കി, അവരെ തുടര്‍ന്ന് കണ്ടെത്തുക ദുഷ്കരമായിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ തന്നെയാണ് നമുക്ക് ഉള്ളത്. അതുകൊണ്ടാണ് നൂറു കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ഒരവസ്ഥയില്‍ നിന്നും മരണസംഖ്യ കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞത്. രോഗകാരണം എളുപ്പത്തില്‍ കണ്ടെത്താനും അത് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. മൂന്നാം ഘട്ട രോഗബാധയ്ക്ക് സാധ്യത ഇല്ല എന്നു തന്നെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എങ്കിലും രോഗബാധയുടെ ഉറവിടം ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തതും അതിനെ പൂര്‍ണമായി നിര്‍മ്മാര്‍ജനം ചെയ്തു എന്ന് ഉറപ്പ് വരുത്താന്‍ കഴിയാത്തതും നമുക്ക് മുന്നിലുള്ള വെല്ലുവിളി തന്നെയാണ്. ദശകങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ ഇബോള വൈറസിനെ കുറിച്ച് ലോകം പുലര്‍ത്തിയ നിസംഗത തന്നെയാണ് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ എടുക്കുന്നതിലേക്ക് അതിനെ നയിച്ചത്. ഇപ്പോഴും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എങ്കിലും രോഗഭീതി നിലനില്‍ക്കുന്നതും.

"പകര്‍ച്ച വ്യാധികള്‍ വരാന്‍ പാകത്തിന് മനുഷ്യര്‍, ജനസംഖ്യ, ജനസാന്ദ്രത, ചില രോഗാണുക്കള്‍ക്ക് വളരാന്‍ അനുഗുണമായ അന്തരീക്ഷ ഊഷ്മാവ്, ഇടയ്ക്കിടെ മഴ പെയ്യുന്നത് കൊണ്ട് രോഗപ്പകര്‍ച്ച സഹായികളായ കൊതുകുകള്‍ക്ക് പെരുകാനുള്ള സാഹചര്യം, പൊതുശുചിത്വത്തിന്റെ അഭാവം എന്ന് വേണ്ട പകര്‍ച്ചാ രോഗങ്ങള്‍ വരാനുള്ള അനേകം സാധ്യതകള്‍ ഇവിടെ നില നില്‍ക്കുന്നുണ്ട്" എന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതൊരു മുന്നറിയിപ്പായി എടുത്തുകൊണ്ട് തന്നെ പൊതു ആരോഗ്യ മേഖലയില്‍ ഉണ്ടാക്കേണ്ട, മെച്ചപ്പെടുത്തേണ്ട മാര്‍ഗങ്ങള്‍ കണ്ടെത്തുകയും നടപ്പാക്കുകയും തന്നെയാണ് ഇപ്പോള്‍ വേണ്ടത്.

കേരളത്തില്‍ മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. ഓരോ സീസണിലും ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനി ആയിട്ടുമൊക്കെ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. പൊതു ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും പകര്‍ച്ചവ്യാധികള്‍ അടക്കമുള്ളവയെ കുറിച്ച് കൂടുതല്‍ ജാഗരൂകരായി നടപടികള്‍ സ്വീകരിക്കുകയുമാണ്‌ എത്രയും പെട്ടെന്ന് ചെയ്യേണ്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories