TopTop
Begin typing your search above and press return to search.

ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്

ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്
ഇക്കണോമിസ്റ്റ് മാസിക അസാധാരണമായ ഒരു മാധ്യമ ഉത്പന്നമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അച്ചടി മാധ്യമങ്ങളുടെ പ്രചാരം കുറയുമ്പോഴും ഇത് വളരുകയാണ്. അച്ചടി പതിപ്പിനും ഡിജിറ്റല്‍ പതിപ്പിനും ഇതിന് ഒരേ വിലയാണ്, എന്തിലാണ് എന്നതല്ല, എന്താണ് ഉള്ളടക്കം എന്നതിലാണ് കാര്യമെന്ന് അവര്‍ വിശ്വസിക്കുന്നു.

ഇക്കണോമിസ്റ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം അവസാന പുറത്തെ ചരമക്കുറിപ്പ് ഒരു നിര്‍ബന്ധ വായനയാണ്. ഓരോ ആഴ്ച്ചയും ഏറ്റവും മികവുറ്റ എഴുത്താണ് അതിലുണ്ടാവുക. അപൂര്‍വമായേ ഇന്ത്യക്കാര്‍ അതില്‍ വന്നിട്ടുള്ളൂ, ഒരിക്കല്‍ ഇന്ത്യയിലെ വനം, പോലീസ് പ്രശങ്ങളെക്കുറിച്ചെല്ലാം എഴുതാനായി അവര്‍ വീരപ്പനെക്കുറിച്ച് അതില്‍ എഴുതി.

പുതിയ ആഴ്ച്ചയിലെ ചരമക്കുറിപ്പ് ലിനി പുതുശ്ശേരിയെ ഓര്‍മ്മിക്കുന്നു. ഇങ്ങനെയാണ് വരുന്ന തലമുറകള്‍ക്കായി നായികമാരെ സൃഷ്ടിക്കുന്നതും ആഘോഷിക്കുന്നതും. ലിനി ഒരു കേരള നായിക മാത്രമല്ല, വരുംകാല തലമുറകള്‍ക്ക് പ്രചോദനമാകാനുള്ള ആഗോള വ്യക്തിത്വങ്ങളുടെ പട്ടികയിലേക്ക് അവര്‍ ചേര്‍ന്നിരിക്കുന്നു. ആഗോള ഉപരിവര്‍ഗത്തിനിടയില്‍ അതൊന്നുകൂടി പറയുക മാത്രമാണു ഇക്കണോമിസ്റ്റ് ചെയ്തത്.

ചരമക്കുറിപ്പില്‍ നിന്നും ചില ഭാഗങ്ങള്‍:

“ഏപ്രില്‍ അവസാനം രോഗിയെ പ്രവേശിപ്പിച്ചപ്പോള്‍ ലിനി പുതുശ്ശേരി അവളുടെ രാത്രി ജോലി തുടങ്ങുകയായിരുന്നു. നെറ്റിയില്‍ നിന്നും സുന്ദരമായി മുടി പിന്നിലേക്ക് കൊതിയിട്ട, താടിവെച്ച 26-കാരനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍. ചങ്ങരോത്ത് പഞ്ചായത്തില്‍ നിന്നുള്ള മൊഹമ്മദ് ഷഫീഖ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും പനിയുമായിരുന്നു ലക്ഷണങ്ങള്‍. അപ്പോഴേ അവള്‍ക്കത് അസാധാരണമായി തോന്നി. പക്ഷേ അവളുടെ ജോലി അയാളെ ശുശ്രൂഷിക്കലാണ്. അവള്‍ അയാള്‍ക്ക് പാരസെറ്റമോളും മറ്റ് മരുന്നുകളും നല്‍കി. അയാളുടെ വിയര്‍പ്പ് നനഞ്ഞ വസ്ത്രങ്ങളും വിരികളും മാറ്റി, രാത്രി മുഴുവന്‍ ഒപ്പമിരുന്നു.


കോഴിക്കോടിനടുത്തുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഏഴു മാസമായി കരാര്‍ ജീവനക്കാരിയായി തൊഴിലെടുക്കുകയായിരുന്നു അവള്‍. ഒരു പതിറ്റാണ്ട് മുമ്പാണ് അത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ടത്. പക്ഷേ ഇപ്പൊഴും ഡോക്ടര്‍മാരും സൌകര്യങ്ങളും കുറവാണ്. ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ടേക്ക് പോകണം. കിടത്തി ചികിത്സിക്കുന്ന രോഗികള്‍ അധികമില്ല, എന്നാല്‍ എല്ലാ ദിവസവും ആയിരത്തോളം പേര്‍ കാണിച്ചുപോകുന്ന രോഗികളായി വരും. രാത്രി ജോലിക്കായി അവളെത്തുമ്പോളേക്കും തിരക്ക് ഒട്ടൊക്കെ കുറയുമായിരുന്നു.


അവളുടെ ഗ്രാമമായ ചെമ്പനോടയില്‍ നിന്നും നദികള്‍ക്കും കവുങ്ങിന്‍ തോട്ടങ്ങള്‍ക്കും റബര്‍ മരങ്ങള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെയുള്ള യാത്ര സാവധാനത്തിലാണെങ്കിലും സുന്ദരമായിരുന്നു. കിഴക്ക് അതിരിട്ടു നിന്ന പശ്ചിമഘട്ട മലകളില്‍ സായാഹ്ന സൂര്യന്‍ പതിഞ്ഞുകിടക്കും. പട്ടയത്തിനും വനഭൂമിയായായി തെറ്റായി കാണിച്ചത് ഒഴിവാക്കണമെന്നും പറഞ്ഞു കര്‍ഷകര്‍ ഗ്രാമ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന അവിടം ഒരു സ്വര്‍ഗമായിരുന്നില്ല. 2017-ല്‍ ഒരു കര്‍ഷകന്‍ തൂങ്ങി മരിച്ചു. ഇതൊക്കെയായാലും മാതാപിതാക്കളും അമ്മായിമ്മായും ബന്ധുക്കളുമൊക്കെ അടുത്തുള്ള പച്ചപ്പ് നിറഞ്ഞ ഗ്രാമത്തില്‍ അവളുടെ ജീവിതം ശാന്തമായിരുന്നു.


ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന നഴ്സായ അവളുടെ ജോലി സമയങ്ങള്‍ ഇളവുള്ളതായിരുന്നു. രണ്ടു ചെറിയ ആണ്‍കുട്ടികള്‍, അഞ്ചു വയസുള്ള ഋതുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്തൂം, ഉള്ളതുകൊണ്ടു അതവള്‍ക്ക് സൌകര്യവുമായി. അവളുടെ ഭര്‍ത്താവ് സജീഷ് അഞ്ചു വര്‍ഷമായി ബഹറിനില്‍ ജോലി ചെയ്യുകയാണ്. കൊല്ലത്തില്‍ ഇടയ്ക്കൊക്കെ വരും. ഫോണില്‍ അവരെന്നും സംസാരിക്കും. ധാരാളം കേരളീയര്‍ ഗല്‍ഫില്‍ ജോലി ചെയ്യുന്നു. നാട്ടില്‍ നില്‍ക്കുന്നതിനെക്കാള്‍ ആകര്‍ഷകമാണത്. ലിനിയുടെ കാര്യത്തില്‍ അതവരുടെ ഒറ്റ നില വീട് പണിയാം എന്നാണ്. അതിനു പുറത്തു നിന്ന് അവര്‍ അഭിമാനത്തോടെ ചിത്രങ്ങളെടുത്തിരുന്നു.”


ഗല്‍ഫില്‍ ജോലി ചെയ്യാന്‍ ലിനി ആഗ്രഹിച്ചിരുന്നു എന്നു മാസിക പറയുന്നു. ഇങ്ങനെ തുടരുന്നു:

“മെയ് അവസാനം പകര്‍ച്ചവ്യാധി പൂര്‍ണമായും ശമിച്ചിട്ടില്ല. പേരാമ്പ്രയിലെ ആശുപത്രിയില്‍, ലിനിയുടെ സഹപ്രവര്‍ത്തകര്‍ക്കിപ്പോള്‍ കയ്യുറകളും മുഖം മൂടികളും സംരക്ഷണ വസ്ത്രങ്ങളുമുണ്ട്. എന്നാല്‍, അവരുടെ രോഗികള്‍ കാത്തിരിപ്പ് മുറികളില്‍ നിന്നു മാത്രമല്ല, കിടക്കകളില്‍ നിന്നുപോലും ഓടിപ്പോയിരിക്കുന്നു. ചങ്ങരോത്ത് പഞ്ചായത്തില്‍ പകുതി വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും കിംവദന്തികള്‍ പ്രചരിക്കുന്നു. നിപ്പാ വവ്വാലുകളില്‍ നിന്നല്ല പടര്‍ന്നത്. അത് മറ്റ് നാടുകളില്‍ നിന്നും വന്നവര്‍ക്കൊപ്പമാണ് വന്നത്. അത് ലിനിയുടെ അവസരങ്ങളുടെയും സാധ്യതകളുടെയും സ്വപ്നഭൂമി, അറബിക്കടലിനപ്പുറത്തുള്ള നാട്ടില്‍ നിന്നുമാകാം.”

ചരമക്കുറിപ്പ് പൂര്‍ണമായി വായിക്കാന്‍: https://www.economist.com/obituary/2018/06/02/lini-puthussery-died-of-the-nipah-virus-on-may-21st

Next Story

Related Stories