TopTop
Begin typing your search above and press return to search.

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് ബര്‍ണാണ്ട് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു. ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന് അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്.”

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സ് മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കാം- കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ഭാഗം - 2

ആ ഒരു പകലിനിടെ പലയാവര്‍ത്തി വള്ളം മറിയാനുള്ള വിധത്തില്‍ കാറ്റടിച്ചിരുന്നു. വള്ളത്തിനടിയിലൂടെ പങ്കായം കെട്ടിയുറപ്പിച്ചാണ് ഞങ്ങള്‍ വള്ളം മറയുന്നത് തടഞ്ഞത്. പങ്കായത്തിന്റെ ഒരറ്റത്ത് കയര്‍ (വടം) കെട്ടി പങ്കായം വള്ളത്തിനടിയിലൂടെ അപ്പുറത്തെ വശത്തെത്തിക്കും. പിന്നീട് വടത്തിന്റെ മറ്റേ അറ്റം പങ്കായത്തിന്റെ എതിര്‍വശത്ത് കെട്ടിയുറപ്പിക്കുന്നതാണ് ഈ രീതി. വള്ളം ഒരു സീറ്റില്‍ ഇരിക്കുന്നത് പോലെയുണ്ടാകും ഇങ്ങനെ ചെയ്യുമ്പോള്‍. ഇത്തരത്തില്‍ പങ്കായം കെട്ടിയുറപ്പിച്ച് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വലിയൊരു തിരമാലയടിച്ചു. ഞങ്ങളുടെ അതുവരെയുള്ള ശ്രമങ്ങളെ വെറുതെയാക്കുന്നതായിരുന്നു ആ തിരമാല. സത്യത്തില്‍ വള്ളം മറിഞ്ഞതുകൊണ്ട് പങ്കായം ഞങ്ങളുടെ കയ്യില്‍ വീണ്ടും കിട്ടുകയും അത് പിന്നീട് പ്രയോജനം ചെയ്യുകയും ചെയ്തു. ആ പങ്കായം ഞങ്ങള്‍ അഴിച്ചെടുത്ത് മറ്റൊരു വടത്തില്‍ കെട്ടിയിട്ടു.

സത്യത്തില്‍ ഇത്രയും നേരത്തിനിടയില്‍ ഞങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പേടി തോന്നിത്തുടങ്ങിയത് വള്ളം കമിഴ്ന്ന് വീണതോടെയാണ്. ആറേഴ് അടി താഴ്ചയിലേക്ക് വള്ളം പോയ ശേഷമാണ് കടലിന് മുകളിലേക്ക് പൊങ്ങിവന്നത്. ഞങ്ങള്‍ തെറിച്ച് പോകുകയും ചെയ്തു. ഞങ്ങളെ അടിച്ച് തെറിപ്പിച്ച തിരമാല എന്റെ ചെവി തകര്‍ത്തതു പോലെയും തോന്നി. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെയുണ്ടായിരുന്നു. മുപ്പത്, മുപ്പത്തഞ്ച് മീറ്റര്‍ അകലെയായിരുന്നു ഞാനും ലോറനും അപ്പോള്‍. എന്നാല്‍ ലോറന്‍സായിരുന്നു വള്ളത്തോട് ഏറെ അടുത്തുണ്ടായിരുന്നത്. പക്ഷെ അവന് ചുറ്റിലും തിരയടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ മേല്‍ തിരയടിക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എനിക്ക് വള്ളത്തിനടുത്തേക്ക് നീന്തിയെത്താന്‍ സാധിച്ചു. ഞാനാണ് വള്ളം പിടിച്ചത്. തൊട്ടുപിന്നാലെ ലോറന്‍സും വന്നു. അതിന് ശേഷമാണ് പങ്കായം അഴിച്ചെടുത്ത് മാറ്റിക്കെട്ടിയത്. വള്ളത്തിലുണ്ടായിരുന്ന ബാക്കിയുണ്ടായിരുന്ന വടങ്ങളും വള്ളത്തില്‍ ചുറ്റി. ഈ വടത്തില്‍ പിടിച്ചാണ് പിന്നീടുള്ള ദിവസങ്ങളെ ഞങ്ങള്‍ അതിജീവിച്ചത്. വള്ളത്തില്‍ കെട്ടിവച്ചിരുന്ന പങ്കായം ഞാന്‍ രക്ഷപ്പെടും വരെയും വള്ളത്തിലുണ്ടായിരുന്നു. ഒരുപക്ഷെ ഇപ്പോഴും അതവിടെ കാണും.

ഈ വടത്തില്‍ അള്ളിപ്പിടിച്ച് ഞങ്ങള്‍ വള്ളത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ചു. എത്ര അള്ളിപ്പിടിച്ചിരുന്നാലും അടുത്ത ഒരു തിര വന്ന് അടിക്കുമ്പോള്‍ രണ്ട് പേരെയും വള്ളത്തില്‍ നിന്നും എടുത്തെറിയുന്ന അവസ്ഥയായിരുന്നു. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എത്ര തവണ ഞാനും ലോറനും തെറിച്ച് കടലില്‍ വീണുവെന്നോ തിരിച്ച് നീന്തി വള്ളത്തിന്റെ മുകളിലേക്ക് നീന്തിയെത്തിയെന്നോ യാതൊരു നിശ്ചയവുമില്ല. ഏതായാലും ആ ദിവസങ്ങളില്‍ 30-40 തവണയെങ്കിലും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് തന്നെ കൂറ്റന്‍ തിരമാലകള്‍ വരികയും കടലില്‍ വലിച്ചെറിയുകയും ചെയ്തു. എനിക്ക് ആ സമയത്ത് പലപ്പോഴും തോന്നിയത് ഈ ജീവിതം തന്ന കടലമ്മ എന്നെ തിരിച്ചെടുക്കാന്‍ നോക്കുകയാണെന്നാണ്. എങ്കിലും ദൈവം ഞങ്ങളെ കൈവിടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. പലപ്പോഴും തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ റോപ്പില്‍ പിടിച്ചിരിക്കുന്ന ഞങ്ങളുടെ കൈകള്‍ പറിഞ്ഞു പോകുമോയെന്ന് സംശയം തോന്നിയിരുന്നു. 'നമ്മളെ രക്ഷിക്കാനും ആരെങ്കിലും വരും', അപ്പോഴും ലോറന്‍ എനിക്കും ഞാന്‍ ലോറനും ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ ചുറ്റിലും ഒരു ചെറുവള്ളം പോലും കാണാനുണ്ടായിരുന്നില്ല.

ആ സമയത്തെല്ലാം ഞങ്ങള്‍ വിഴിഞ്ഞത്താണ് കിടന്നിരുന്നത്. വിഴിഞ്ഞത്തിനടുത്ത് പുല്ലിവിളയിലായിരുന്നു അത്. പുതിയ ഹാര്‍ബറിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരിക്കുന്ന കപ്പല്‍ ഞങ്ങള്‍ക്ക് കാണാനാകുമായിരുന്നു. എന്നാല്‍ വളരെയധികം ദൂരയെയായിരുന്നു ആ കപ്പല്‍. അതിന് മുമ്പ് ഞങ്ങള്‍ ഓടി വരുമ്പോഴും ഈ കപ്പല്‍ കാണുന്നുണ്ടെങ്കിലും അടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വള്ളം ഞങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും വിട്ട് കാറ്റിന്റെ നിയന്ത്രണത്തിലായതായിരുന്നു അതിന് കാരണം. വള്ളം ഞങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് വന്നതോടെയാണ് നങ്കൂരമിടാന്‍ ശ്രമിച്ചത്. എന്നാല്‍ നങ്കൂരം കടല്‍ മണ്ണില്‍ പിടിക്കാത്ത അവസ്ഥ വന്നത് നേരത്തെ പറഞ്ഞല്ലോ. വള്ളം മറഞ്ഞു കഴിഞ്ഞും അത് കാറ്റിന്റെ ഇഷ്ടത്തിനാണ് ഒഴുകിയത്. എന്നാല്‍ ഏത് ദിശയിലേക്കാണ് ഈ പോക്കെന്ന് ഞങ്ങള്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു.

ശക്തമായി മഴ പെയ്യുന്നതു കൊണ്ട് കടന്നുപോകുന്ന സമയം എത്രയാണെന്ന് അറിയുന്നുണ്ടായിരുന്നില്ല. സൂര്യന്റെ യാതൊരു ലക്ഷണവും തലയ്ക്ക് മുകളില്‍ കാണാനില്ല. കയ്യിലുള്ള വാച്ചാണ് സമയമറിയാനുള്ള ഏക മാര്‍ഗ്ഗം. മഴ ഈ രീതിയില്‍ പെയ്താല്‍ ആര്‍ക്കും ഞങ്ങളെ കാണാനാകില്ലെന്ന് തോന്നി. മഴയൊന്ന് കുറഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആശിച്ചു. എന്നാല്‍ മഴയുടെ ശക്തി കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇതിനിടെ കാറ്റിന്റെ ശക്തി കുറയുന്നതായി തോന്നി. ചുഴലിക്കാറ്റ് കേരളത്തിന്റെ തീരം വിട്ട് പോകുകയാണെന്ന് മനസിലായി. പക്ഷെ മഴ കുറയുമെന്ന പ്രതീക്ഷ മാത്രം വെറുതെയായി.

ഒടുവില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അങ്ങകലെ ഒരു കപ്പലിന്റെ വെളിച്ചം കണ്ടു. അത് അടുത്തു വരുമെന്ന് ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ രണ്ട് പേരും കാത്തിരുന്നെങ്കിലും കപ്പലാണോയെന്ന് ഞങ്ങളുടെ കണ്ണുകള്‍ക്ക് പോലും തിരിച്ചറിയാനാകാത്തത്ര ദൂരെയായിരുന്നു അത്. കൂടാതെ മൂടല്‍ മഞ്ഞ് കാരണം അടുത്തിരിക്കുന്ന ലോറന്‍സിനെ എനിക്ക് പോലും കാണാനാകില്ലായിരുന്നു. അപ്പോള്‍ പിന്നെ അവരെങ്ങനെ കാണും? കടലിരമ്പത്തില്‍ ഞങ്ങളുടെ അലറി വിളിക്കലുകള്‍ക്കും യാതൊരു പ്രയോജനമില്ലായിരുന്നു.

ഇതിനിടെ ക്ഷീണം വല്ലാതെ അലട്ടാന്‍ തുടങ്ങി. പലപ്പോഴും കണ്ണടഞ്ഞ് പോകുന്നത് പോലെ തോന്നി തുടങ്ങി. ചിലപ്പോഴൊക്കെ വള്ളത്തില്‍ കയറില്‍ അള്ളിപ്പിടിച്ച് കമിഴ്ന്ന് കിടക്കും. എന്നാല്‍ ജീവതത്തിന് മുന്നില്‍ നില്‍ക്കുന്ന അനിശ്ചിതത്വം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. വീണ്ടും എഴുന്നേറ്റിരുന്ന് കരകാണാക്കടലില്‍ പ്രതീക്ഷയോടെ നാല് ദിക്കിലേക്കും നോക്കിയിരിക്കും. രാത്രിയാകുമ്പോഴേക്കും ഇരുട്ടിന് കുറച്ചുകൂടി കട്ടി കൂടി. അതോടെ ഇനി ആരും തിരഞ്ഞ് വരില്ലെന്ന് ലോറന്‍സ് പറയാന്‍ തുടങ്ങി. ഇതിനിടെയെപ്പോഴോ ഞാന്‍ മയക്കത്തിലേക്ക് വഴുതി വീണു. അപ്പോള്‍ കണ്ണടയുമ്പോള്‍ ഞാന്‍ കരുതിയത് അതെന്റെ മരണമാണെന്നാണ്.

(തുടരും)

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan/


Next Story

Related Stories