TopTop
Begin typing your search above and press return to search.

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന് അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്.” 2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് ബര്‍ണാണ്ട് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സ് മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം- കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം, കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

വ്യാഴാഴ്ച രാത്രി മുതല്‍ ഒരു ലൈറ്റ് ഹൗസ് ഞങ്ങള്‍ കാണുന്നുണ്ട്. ലോറന്‍സ് പറഞ്ഞത് അത് വിഴിഞ്ഞത്തുള്ളതാണെന്നാണ്. ലൈറ്റിന്റെ ചലനം കൊണ്ട് എവിടുത്തെ ലൈറ്റ് ഹൗസ് ആണെന്ന് എനിക്ക് തിരിച്ചറിയാനാകാറുണ്ട്. വിഴിഞ്ഞത്തുള്ള ലൈറ്റ് ഹൗസിന്റെ ചലനം അല്ല മുട്ടത്തുള്ള ലൈറ്റ് ഹൗസിന്റേത്. ഇത് രണ്ടുമല്ല ആലപ്പുഴയിലും അഞ്ചുതെങ്ങിലുമുള്ളത്. ചാവക്കാടുള്ളതും കൊച്ചിയിലുള്ളതുമെല്ലാം എങ്ങനെ ചലിക്കുമെന്നത് എനിക്കറിയാം. ഈ ലൈറ്റ് ഹൗസ് കണ്ടപ്പോള്‍ മുട്ടം ബീച്ച് അല്ല ഇത്, മുട്ടത്തെ ലൈറ്റിന് ഇത്രയും പവര്‍ ഇല്ല എന്ന് ഞാന്‍ ലോറന്‍സിനോട് പറയുകയും ചെയ്തു. എന്നാല്‍ ഈ റൂട്ടില്‍ മുട്ടം ബീച്ചല്ലാതെ വേറെ ഏത് ബീച്ചെന്നാണ് അവന്‍ ചോദിച്ചത്. ആ സമയത്ത് ഞങ്ങള്‍ കരയോട് അടുത്താണ് കിടന്നിരുന്നതും. വേറെയും ധാരാളം ലൈറ്റുകള്‍ കാണാനാകുന്നുണ്ടായിരുന്നു. കരയ്ക്കടുത്തായിരുന്നതിനാലാണ് പവര്‍ തോന്നുന്നതെന്ന് അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് അത് ശരിയാണെന്ന് തോന്നുകയും ചെയ്തു. എന്നാല്‍ അവിടെയായിരുന്നില്ല വള്ളം കിടന്നത്. ഒരു പകല്‍ ദൂരം കൊണ്ട് ഇത്രമാത്രം ദൂരം എത്തിയെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

കണ്ണു തുറക്കുമ്പോള്‍ വീണ്ടും വെളിച്ചം വന്നിരുന്നു. ഒരു രാത്രി മുഴുവന്‍ കമിഴ്ന്നു കിടക്കുന്ന വള്ളത്തിന് മുകളില്‍ ഞാന്‍ ഉറങ്ങിയെന്ന് വ്യക്തമായി. വെള്ളിയാഴ്ച രാവിലെയും മഴയ്ക്ക് കാര്യമായ കുറവൊന്നും തോന്നിയില്ല. അപ്പോഴേക്കും വല്ലതും കഴിച്ചിട്ട് ഒരുദിവസത്തിലേറെയായിരുന്നു. വിശപ്പ് വല്ലാതെ കൂടി വന്നു. തകര്‍ത്തു പെയ്യുന്ന മഴവെള്ളം തോര്‍ത്തില്‍ വീഴുന്നത് പിഴിഞ്ഞ് കുടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോറന്‍സും അതു തന്നെ ചെയ്തു. നേരത്തെ പറഞ്ഞല്ലോ ലോറന്‍ എന്നേക്കാള്‍ കരുത്തുള്ളവനാണ്. മാനസികമായും ശാരീരികമായും. അവന്‍ ഒപ്പമുള്ളതായിരുന്നു എന്റെ മാനസിക ധൈര്യവും. എന്നിട്ടും വിശപ്പ് അവനെയും അലട്ടാന്‍ തുടങ്ങി. ഏതെങ്കിലും കപ്പല്‍ ഉടന്‍ വരും ഞങ്ങളെ രക്ഷിക്കും അതുവരെയും ഞങ്ങള്‍ക്ക് ജീവിച്ചിരിക്കണമെന്ന ചിന്ത മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു.

വെള്ളിയാഴ്ച വൈകുന്നേരം നേവിയുടെ ഒരു കപ്പല്‍ ഞങ്ങളുടെ അരക്കിലോ മീറ്റര്‍ ദൂരത്തിലെത്തി. ഞങ്ങള്‍ അലറി വിളിക്കുകയും എന്റെ കയ്യിലുണ്ടായിരുന്ന തോര്‍ത്ത് വീശി കാണിച്ചെങ്കിലും അവര്‍ അത് കണ്ടില്ല. ഞാന്‍ വള്ളത്തിലിരുന്ന് വാവിട്ട് കരഞ്ഞു. അപ്പോഴും ലോറന്‍സ് എന്റെ തോളിലമര്‍ത്തി പറഞ്ഞു. പേടിക്കണ്ടടാ, ആരെങ്കിലും വരും, വരാതിരിക്കില്ല. ഞാന്‍ എന്റെ വീടിനെക്കുറിച്ച് ഓര്‍ത്തു. മാഗ്ളിനും മക്കളായ രേഷ്മയും രഹാനയും ജോയലും ഇപ്പോള്‍ എന്തു ചെയ്യുകയാകും? സാധാരണ നിലയില്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് മുമ്പ് ഞാന്‍ തീരത്ത് ചെല്ലേണ്ടതാണ്. അപ്പോഴേക്കും രഹാനയും ജോയലും സ്‌കൂളില്‍ പോകാറായിട്ടുണ്ടാകും. രേഷ്മ ലാബിലെ ജോലിക്ക് പോയിക്കഴിഞ്ഞിരിക്കും. അവര്‍ക്കൊപ്പം ഒരുപാട് നേരം ഇരുന്നിട്ട് എത്രകാലമായെന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ രാവിലെ ചെല്ലുമ്പോള്‍ അവര്‍ പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും. വൈകിട്ട് അവര്‍ തിരികെയെത്തുമ്പോള്‍ ഞാന്‍ കടലിലേക്ക് പോയിട്ടുണ്ടാകും. ഇത് എന്റെ മാത്രമല്ല, ഓരോ മത്സ്യത്തൊഴിലാളികളുടെയും വിധിയാണ്. കൂടാതെ മെയ് മാസത്തില്‍ രേഷ്മ മോളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അതു കാണാനുള്ള ഭാഗ്യം കര്‍ത്താവ് എനിക്ക് ഈ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ നിഷേധിച്ചിരിക്കുകയാണോയെന്ന് ഞാന്‍ ചിന്തിച്ചു. രഹാന പ്ലസ് വണ്ണിലും ജോയല്‍ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ഞാനില്ലാതായാല്‍ അവരുടെ ഭാവി എന്താകും? ഞങ്ങളുടെ കടപ്പുറത്തെ മറ്റ് സ്ത്രീകളെ പോലെ ജോലിക്കൊന്നും പോയി ശീലമില്ലാത്തയാളാണ് മാഗ്ലിന്‍. ഞാന്‍ മരിച്ചാല്‍ മക്കളെ പോറ്റാനായി അവള്‍ ഇനി ജോലിക്ക് പോയി തുടങ്ങേണ്ടി വരുമോ? അവള്‍ മീന്‍ വില്‍ക്കാനൊക്കെ പോകുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലുമാകില്ല.

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan-part-2/

പിന്നീട് ആലോചിച്ചു, ഈ കടലില്‍ നിന്നും ഒരു തിരിച്ച് പോക്കില്ലെങ്കില്‍ എന്റെ മകളുടെ വിവാഹം എങ്ങനെ നടക്കും? മാഗ്ലിനും മക്കളും എങ്ങനെ ജീവിക്കും? രേഷ്മ മോളുടെ തുച്ഛമായ വരുമാനം കൊണ്ട് അവര്‍ക്ക് ഒരിക്കലും ജീവിക്കാനാകില്ല. ആദ്യത്തെ കുറച്ചു ദിവസം ബന്ധുക്കളും നാട്ടുകാരുമെല്ലാം അവരെ സഹായിച്ചേക്കും. എന്നാല്‍ അതെല്ലാം എത്രദിവസത്തേക്ക് കാണും? സ്വാഭാവികമായും കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോള്‍ മാഗ്ലിനും മക്കളും മാത്രമാകും. എന്റെ ചിന്തകള്‍ ഈ വിധത്തിലെല്ലാം കാടുപിടിച്ചുകൊണ്ടിരുന്നു. ലോറന്‍സിനോട് ഞാന്‍ എന്റെ വിഷമങ്ങള്‍ പറഞ്ഞു. അവനും ഭാര്യയും മക്കളുമെല്ലാമുള്ളതാണ്. അവന് മൂന്നും ആണ്‍മക്കളാണ്. മൂത്തമകന്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. എന്റെ അതേ അവസ്ഥയാണ് അവനുമുള്ളത്. അവന്‍ ഇല്ലാതായാല്‍ മൂത്തമകന്‍ പഠിത്തം നിര്‍ത്തി ജോലിക്ക് പോകേണ്ടി വരുമല്ലോയെന്ന് ഞാന്‍ ഓര്‍ത്തു. ഒരുപക്ഷെ അവന്‍ അവരെക്കുറിച്ചും ആലോചിക്കുന്നുണ്ടാകുമെന്ന് എനിക്ക് തോന്നി. പക്ഷെ എന്തുകൊണ്ടോ എനിക്ക് അതേക്കുറിച്ച് അവനോട് ചോദിക്കാന്‍ തോന്നിയില്ല.

വ്യാഴാഴ്ചയിലെ തുടര്‍ച്ചെയെന്നോണം വെള്ളിയാഴ്ചയും കൂറ്റന്‍ തിരമാലകള്‍ ഞങ്ങളുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തുകൊണ്ട് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പലപ്പോഴും വള്ളത്തില്‍ നിന്നും തെറിച്ച് വീണ ഞാനും ലോറന്‍സും വീണ്ടും നീന്തി വള്ളത്തിലെത്തിപ്പിടിക്കാന്‍ ഏറെ വിഷമിച്ചു. ഓരോ തവണ തിരിച്ചു നീന്തുമ്പോഴും വള്ളം അവിടെ തന്നെ കാണണേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്. കാറ്റ് വള്ളത്തെ ഒഴുക്കിക്കൊണ്ട് പോകുന്നതാണ് എന്നെ ഭയപ്പെടുത്തിയത്. ഇടയ്ക്ക് കസ്റ്റംസിന്റെ ഒരു ബോട്ടും ഞങ്ങളെ സമീപിച്ചു. നേവിയുടെ കപ്പലിനേക്കാള്‍ അടുത്തായിരുന്നു ആ ബോട്ട് കിടന്നിരുന്നത്. ഇത്തവണ പങ്കായത്തില്‍ തോര്‍ത്ത് കെട്ടിവയ്ക്കുകയും ഞാന്‍ മറിഞ്ഞുകിടക്കുന്ന വള്ളത്തിന് മുകളില്‍ നിന്ന് തോര്‍ത്ത് വീശിക്കാണിക്കുകയും ചെയ്തു. എന്നാല്‍ അവരും ഞങ്ങളുടെ അടുക്കലേക്ക് എത്തിയില്ല. അവരെന്നാല്‍ ഞങ്ങളെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നെന്ന് എനിക്ക് തോന്നി. അവരുടെ തലബോട്ട് ഞങ്ങളെ അന്വേഷിച്ചു വരുന്നത് പോലെ തോന്നിയെങ്കിലും അവരും അടുത്തേക്ക് വന്നില്ല.

വള്ളം തമിഴ്നാട്ടിലെ ഏതെങ്കിലും ഭാഗത്ത് ഉള്ളിലേക്ക് കയറി കിടക്കുന്നതിനാല്‍ തിരച്ചില്‍ കപ്പലുകള്‍ക്കൊന്നും ഞങ്ങളിലേക്ക് എത്താനാകാതിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആലപ്പുഴയും കഴിഞ്ഞ് 32 കിലോമീറ്റര്‍ അകലെ അര്‍ത്തുങ്കല്‍ ഭാഗത്താണ് ആ സമയത്ത് വള്ളം കടന്നിരുന്നതെന്ന് കടലില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷമാണ് ഞാന്‍ മനസിലാക്കിയത്.

ശനിയാഴ്ച അതിരാവിലെ മുതല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വെപ്രാളമായിരുന്നു. ആ വെപ്രാളം വെറുതെയായിരുന്നില്ലെന്ന് പിന്നീട് കരയിലെത്തിയപ്പോള്‍ എനിക്ക് മനസിലായി. എന്നെ രക്ഷപ്പെടുത്തിയ ഞായറാഴ്ച ദിവസം വള്ളത്തില്‍ തിരച്ചില്‍ നടത്തിയവര്‍ 70-80 മൈല്‍ വരെ വള്ളം കൊണ്ട് വന്നിരുന്നു. എന്നാലും അവര്‍ക്ക് ഞങ്ങളെ കിട്ടിയില്ല. കാരണം അവര്‍ ഉള്ളിലേക്കാണ് പോയത്. നേരെയല്ല പോയി നോക്കിയത്. ഈ കപ്പല്‍ എന്നെ കണ്ടില്ലായിരുന്നെങ്കില്‍ ലോറന്‍സിന്റെ അവസ്ഥ തന്നെയാകുമായിരുന്നു എന്റേതും. ശരീരം പോലും വീട്ടുകാര്‍ കാണാനായി ലഭിക്കില്ലായിരുന്നു. കേരളത്തില്‍ അവസാനം ജീവനോടെ കണ്ടെത്തിയതും എന്നെ തന്നെയാണ്.

ഒരു വള്ളം കാണുന്നുവെന്ന് പറഞ്ഞ് ലോറന്‍സ് കടലില്‍ എടുത്തു ചാടി. അവനെ ഒറ്റയ്ക്കാക്കി പോകാന്‍ എനിക്കാകില്ലെന്ന് ചിന്തിച്ച് ഞാനും എടുത്ത് ചാടി. കുട്ടിക്കാലത്ത് മുതല്‍ ശ്വാസം മുട്ടുള്ളയാളാണ് ഞാനെന്ന് നേരത്തെ പറഞ്ഞല്ലോ? അതിനുള്ള മരുന്നും എല്ലാമായാണ് ഞാന്‍ ജോലിയ്ക്ക് പോയിരുന്നത്. കുറച്ച് ദൂരം നീന്തിയപ്പോള്‍ എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. ഞാന്‍ അത് ലോറന്‍സിനോട് പറയുകയും ചെയ്തു. 'എന്റെ ലോറന്‍സേ പതുക്കെ നീന്ത്, എന്നെക്കൊണ്ട് നീന്താന്‍ പറ്റണില്ല, ശ്വാസം മുട്ടുന്നു' എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. കൂടാതെ മുന്നോട്ട് നീന്തുമ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ കടലിന് അടിയിലേക്ക് പോകുകയാണെന്നാണ്. നീ എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞ് അവന്‍ വേഗത്തില്‍ തന്നെ നീന്തി, ഞാന്‍ പതുക്കെയും. എന്നാല്‍ കുറച്ചു ദൂരം നീന്തിയപ്പോള്‍ അവന്‍ തിരികെ നീന്തിയെത്തി. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ നാലഞ്ച് തെറിയും വിളിച്ചുകൊണ്ട്, അവര്‍ പോയ്ക്കളഞ്ഞു എന്നാണ് പറഞ്ഞത്. അതോടെ എനിക്ക് വെപ്രാളമായി. ഞങ്ങള്‍ കിടന്ന വള്ളം ഇനി എവിടെ അന്വേഷിച്ച് പോകുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ തിരിച്ച് നീന്താന്‍ തുടങ്ങിയപ്പോള്‍ വള്ളം ഞങ്ങളുടെ തൊട്ടടുത്ത് തന്നെയുണ്ടെന്ന് മനസിലായി. അതുവരെയും ഞങ്ങള്‍ ചിന്തിച്ചത് വള്ളത്തില്‍ നിന്നും ഏറെ അകലെ വരെ നീന്തിയെന്നാണ്. എന്നാല്‍ അധികമൊന്നും ദൂരേയ്ക്ക് നീന്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

വള്ളത്തിലേക്ക് തിരിച്ച് കയറി ഒരു പത്ത് മിനിറ്റ് പോലും തികഞ്ഞില്ല, അപ്പോഴേക്കും ഒരു വലിയ കപ്പല്‍ ഞങ്ങളുടെ വള്ളത്തിനടുത്തേക്ക് എത്തി. ഞങ്ങളെ ഇടിക്കാന്‍ വരുന്നത് പോലെയായിരുന്നു അതിന്റെ വരവ്. അപ്പോഴും പങ്കായത്തിലെ തോര്‍ത്ത് ഉയര്‍ത്തിക്കാട്ടുകയും ഞാന്‍ തോര്‍ത്ത് വീശുകയും ചെയ്തു. ഇടിയ്ക്കാന്‍ വന്ന കപ്പലിനെ പേടിയോടെ നോക്കിയാണ് ഞങ്ങള്‍ ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ അതിവേഗതയില്‍ വന്ന കപ്പല്‍ പിന്നീട് വേഗത കുറയ്ക്കുന്നത് ഒരു ആശ്വാസത്തോടെ ഞങ്ങള്‍ കണ്ടു. ഞാനും ലോറന്‍സും ആശ്വാസത്തോടെയും സന്തോഷത്തോടെയും കെട്ടിപ്പിടിച്ചു. നമ്മള്‍ രക്ഷപ്പെട്ടെടാ, നമ്മള്‍ തിരിച്ച് പോകാന്‍ പോകുന്നുവെന്ന് ലോറന്‍സ് എന്നോട് പറയുന്നുണ്ടായിരുന്നു. ഞാനും സന്തോഷിച്ചു. മാഗ്ലിന്റെയും മക്കളുടെയും അടുത്തെത്താന്‍ ഇനി അധിക സമയം വേണ്ട എന്ന് എന്റെ മനസ് പറഞ്ഞു.

ഞങ്ങളുടെ അടുക്കലേക്ക് സാവധാനത്തിലെത്തിയ കപ്പല്‍ എന്നാല്‍ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് പോകുകയായിരുന്നു. ഇതോടെ നേരത്തെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് കരഞ്ഞ ഞങ്ങള്‍ മരണഭയം കൊണ്ട് കരയാന്‍ തുടങ്ങി. ഈ കപ്പലും പോയതോടെ ഞങ്ങള്‍ രണ്ട് പേര്‍ക്കും പ്രതീക്ഷകളെല്ലാം ഇല്ലാതായി. ഇനി ആരും നമ്മളെ രക്ഷിക്കാന്‍ വരില്ലെന്ന് ലോറന്‍സ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടുമിരുന്നു. എന്നാല്‍ ഞാന്‍ അവനോട് പറഞ്ഞത്, ദൈവമുണ്ടെടാ നമുക്കെന്നാണ്. പക്ഷെ അവന്‍ അപ്പോള്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. ദൈവമുണ്ടായിരുന്നെങ്കില്‍ ഇത്രയും നേരം വന്ന ഒരു കപ്പലുകള്‍ പോലും നമ്മളെ കാണാതിരുന്നതെന്തെന്നാണ് അവന്‍ ചോദിച്ചത്.

ഇതിനിടെയിലും മഴ ശക്തമായും ശോഷിച്ചുമെല്ലാം മാറിമാറി വന്നു. തോര്‍ത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ പറ്റാതെ വന്നതോടെ എന്റെ വിശപ്പും ദാഹവും കൂടി വന്നു. ഒടുവില്‍ തോര്‍ത്ത് കടലില്‍ മുക്കി ആ വെള്ളം കുടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ലോറന്‍സ് അടുത്തിരിപ്പുണ്ട്. അവന് ആദ്യം എന്റെ ഉദ്ദേശമെന്താണെന്ന് മനസിലായില്ല. ഈ ദിവസങ്ങളിലെല്ലാം അവന്‍ അവന്റെ ജീവനും എനിക്കുമായി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു. ഞാന്‍ തോര്‍ത്ത് പിഴിഞ്ഞ് വായിലേക്ക് ഒഴിക്കാന്‍ നോക്കിയപ്പോള്‍ അവന്‍ വിലക്കിയെങ്കിലും ഞാന്‍ അത് അനുസരിച്ചില്ല. കാരണം അത്രമാത്രം ഞാന്‍ ക്ഷീണിതനായിരുന്നു. ക്ഷീണവും നിരാശയും എനിക്ക് കൂടിക്കൂടി വരുകയായിരുന്നു. കടല്‍വെള്ളം ആവോളം ഞാന്‍ വായിലേക്ക് ഒഴിച്ചു. ആശ്വാസത്തോടെ ഒരു വിജയിയെ പോലെ ലോറന്‍സിനെ നോക്കി. വേണ്ടായിരുന്നു എന്ന ഭാവത്തില്‍ അവന്‍ എന്നെയും. എന്നാല്‍ എന്റെ വിജയഭാവം അധികനേരം നീണ്ടു നിന്നില്ല. അടിവയറ്റില്‍ നിന്നും എന്തോ ഉരുണ്ടു കയറി വരുന്നത് പോലെ തോന്നി തുടങ്ങി. ഇത്തവണ ഞാന്‍ അവനെ നോക്കിയത് ദയനീയമായാണ്. ലോറന്‍സിന് ആ വടത്തില്‍ പിടിച്ച് കിടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലായിരുന്നു. ഞാന്‍ ഭയങ്കരമായ ശബ്ദത്തില്‍ ശര്‍ദ്ദിക്കാന്‍ തുടങ്ങി. എന്റെ കുടല്‍ പോലും പുറത്തു വരുന്നതു പോലെ എനിക്ക് തോന്നി. സത്യത്തില്‍ ശര്‍ദ്ദിച്ചു കളയാന്‍ തോര്‍ത്തില്‍ നിന്നും കുടിച്ച ആ മഴ വെള്ളം മാത്രമേയുണ്ടായിരുന്നുള്ളൂ. അതുകൂടി ശരീരത്തില്‍ നിന്നും പുറത്തേക്ക് പോയതോടെ ക്ഷീണം വര്‍ദ്ധിച്ചു. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

(തുടരും)

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan/


Next Story

Related Stories