TopTop
Begin typing your search above and press return to search.

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന് അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്.” 2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് ബര്‍ണാണ്ട് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സ് മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍.

ആദ്യ മൂന്നു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2,

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

വൈകുന്നേരം ഏഴ് മണിയോടെയാണ് എനിക്ക് വീണ്ടും ബോധം വന്നത്. അപ്പോള്‍ ലോറന്‍സ് വിദൂരമായ കടലിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അവന്‍ ആവേശത്തോടെ ചാടിയെഴുന്നേറ്റു. നാല് വള്ളങ്ങള്‍ നമ്മളെ അന്വേഷിച്ച് വരുന്നുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ ആ ഉറക്കച്ചടവില്‍ കണ്ണ് തിരുമ്മി ചുറ്റിലും നോക്കി. പക്ഷെ എനിക്കൊന്നും കാണാന്‍ പറ്റിയില്ല. എവിടെയാ ലോറന്‍സേ വള്ളങ്ങള്‍, ഞാനൊന്നും കാണുന്നില്ലല്ലോയെന്ന് ചോദിച്ചു. അവന്‍ കുറെ ചീത്തയാണ് ആദ്യം വിളിച്ചത്. നീയിങ്ങനെ ഉറങ്ങി ഉറങ്ങിയിരുന്നാല്‍ വള്ളങ്ങള്‍ വരുന്നത് എങ്ങനെ കാണാന്‍ പറ്റുമെന്നും ചോദിച്ചു.

എന്തായാലും ഒന്ന് എഴുന്നേറ്റ് നിന്ന് നോക്കാമെന്ന് തന്നെ ഞാന്‍ വിചാരിച്ചു. കമിഴ്ന്നു കിടക്കുന്ന വള്ളത്തിന്റെ മുകളില്‍ ഞാന്‍ ബാലന്‍സ് ചെയ്ത് നിന്നു. വളരെയധികം ദൂരത്തില്‍ ഒരു കപ്പല്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. അത് ഞങ്ങളുടെ അടുത്തേക്ക് ഉടനെയൊന്നും വരാന്‍ പോകുന്നില്ലെന്ന് എനിക്ക് മനസിലായി. എന്നാല്‍ ആ എഴുന്നേറ്റ് നില്‍പ്പിനിടയില്‍ കാലിന് ശക്തിയില്ലാതെ മലര്‍ന്നു വീണു. കടബോട്ടിന്റെ അരികത്താണ് എന്റെ നടുവ് ഇടിച്ചത്. ഇടികിട്ടിയതും ഞാന്‍ ഇക്കാര്യം ലോറന്‍സിനെ അറിയിച്ചു. ഉടന്‍തന്നെ വള്ളത്തില്‍ കയറി മലര്‍ന്നു കിടക്കുകയും ചെയ്തു. ഞാന്‍ തിരിച്ചു കയറിയതോടെ അവന്‍ എഴുന്നേറ്റ് നിന്ന് നോക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവനും വീണു. അവന്‍ വീണത് വള്ളത്തിന്റെ മുകളില്‍ തന്നെയാണ്. അവന്‍ ചെരിഞ്ഞാണ് വീണത്. മലര്‍ന്നു വീണിരുന്നെങ്കില്‍ അവന്റെ തലപൊട്ടുമായിരുന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.

നിരാശയോടെ വീണ്ടും അതേ കിടപ്പ് തുടരുമ്പോള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടു. ഞങ്ങള്‍ പ്രതീക്ഷയോടെ വീണ്ടും കാത്തിരുന്നു. ഏകദേശം 20 മീറ്റര്‍ ഉയരത്തില്‍ വരെ ഈ ഹെലികോപ്റ്റര്‍ എത്തി. പങ്കായത്തില്‍ കൊടികെട്ടി വച്ചിട്ടുണ്ട് അപ്പോഴും. മൂടല്‍ മഞ്ഞോ ഒന്നുമില്ലാത്തതിനാല്‍ അവര്‍ക്ക് ഞങ്ങളെ കാണാന്‍ സാധിക്കുമെന്ന് ഉറപ്പായിരുന്നു. ഇപ്രാവശ്യം ഞങ്ങളെ അവര്‍ രക്ഷപ്പെടുത്തുമെന്നും ഞങ്ങള്‍ക്ക് ഉറപ്പായി. നാലഞ്ച് മിനിറ്റ് ഞങ്ങള്‍ക്ക് ചുറ്റും കറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നുള്ള കാറ്റടിച്ച് ഞങ്ങള്‍ കൊടികെട്ടി വച്ചിരുന്ന പങ്കായം ചെരിഞ്ഞ് പോയ്ക്കൊണ്ടേയിരുന്നു. ഞങ്ങള്‍ എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും പങ്കായത്തെ നേരെ നിര്‍ത്താനായില്ല.

ഞങ്ങളുടെ പ്രതീക്ഷകളെല്ലാം വെറുതെയാക്കി ആ ഹെലികോപ്റ്ററും ഞങ്ങളെ എടുക്കാതെ പറന്നു പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും നേവിയുടെ ഒരു കപ്പല്‍ കൂടി ഞങ്ങളുടെ വളരെ അടുത്തു കൂടി പോയി, അവരോടും ഞങ്ങള്‍ അലറി വിളിക്കുകയും പങ്കായം ഉയര്‍ത്തിക്കാട്ടുകയും എല്ലാം ചെയ്തിട്ടും അവരും ഞങ്ങളെ കാണാതെ പോയി. ആര്‍ത്തലയ്ക്കുന്ന കടലില്‍ എനിക്കും ലോറന്‍സിനും പരസ്പരം കെട്ടിപ്പിടിച്ച് കരയാനും കപ്പലോ വിമാനമോ വരുമ്പോ ഉറക്കെ വിളിച്ചു കൂവാനും മാത്രമേ പറ്റുകയായിരുന്നുള്ളൂ.

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan-part-3/

ശനിയാഴ്ച രാത്രിയോടെ മഞ്ഞു മഴ പെയ്യാന്‍ തുടങ്ങി. മഴയത്ത് തന്നെ തണുത്തു വിറച്ച് കിടക്കുന്നതിനിടയിലാണ് മഞ്ഞ് മഴ കൂടി പെയ്യുന്നതെന്ന് ഓര്‍ക്കണം. തണുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ അക്കാര്യം ലോറന്‍സിനോട് പറഞ്ഞു. ഈ തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല, നമുക്ക് വെള്ളത്തിലിറങ്ങി കിടക്കാം എന്നാണ് ഞാന്‍ അവനോട് ചോദിച്ചത്. എന്നാല്‍ എന്തിനാ വെള്ളത്തില്‍ ഇറങ്ങി കിടക്കുന്നത്, വെള്ളത്തിലിറങ്ങി നീന്തി ആ കിടക്കുന്ന ആംബുലന്‍സില്‍ കയറിയാല്‍ പോരേ എന്നാണ് അവനെന്നോട് ചോദിച്ചത്. വെള്ളത്തിലെവിടെയാ ആംബുലന്‍സ് എന്ന് ഞാന്‍ അവനോട് ചോദിച്ചു. എന്നാല്‍ 'ദേ കിടക്കുകയല്ലേ' എന്നായിരുന്നു അവന്റെ മറുപടി. ഉറങ്ങിയിരുന്നാല്‍ നീയെങ്ങനെയാണ് ഇതൊക്കെ കാണുന്നതെന്നും അവന്‍ എന്നോട് ചോദിച്ചു.

എന്തായാലും ഞാന്‍ അവന്‍ പറഞ്ഞത് കൂട്ടാക്കാതെ വെള്ളത്തിലിറങ്ങി കിടന്നു. വള്ളത്തില്‍ കെട്ടിയിരിക്കുന്ന വടത്തില്‍ ബലമായി പിടിച്ച് തന്നെയായിരുന്നു ആ കിടപ്പ്. ഏകദേശം ഇരുപത് മിനിറ്റ് ആയപ്പോഴേക്കും എനിക്ക് ഉറക്കം വരാന്‍ തുടങ്ങി. ഈ രീതിയില്‍ കിടന്ന് ഉറങ്ങിപ്പോയാല്‍ കയറിലെ പിടിവിട്ട് കടലിനടിയിലേക്ക് പോകുമെന്ന് എനിക്ക് മനസിലായി. ഞാന്‍ വീണ്ടും വള്ളത്തിലേക്ക് തന്നെ തിരിച്ച് കയറാന്‍ തുടങ്ങി. അപ്പോള്‍ അവന്‍ എന്തിനാ തിരിച്ചുകയറുന്നത് ആംബുലന്‍സ് അവിടെ കിടക്കുകയല്ലേയെന്ന് വീണ്ടും ചോദിച്ചു. ഞാന്‍ അത് കാര്യമാക്കാതെ വള്ളത്തിലേക്ക് കയറി. ഞാന്‍ കയറിയതും അവന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി. വെള്ളത്തില്‍ ചാടിയ അവന്‍ കുറച്ചു ദൂരം നീന്തുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ കണ്‍മുന്നില്‍ വച്ച് തന്നെ അവന്‍ തിരിച്ച് നീന്താനും തുടങ്ങി. ആംബുലന്‍സ് കാണുന്നില്ല, അത് പോയെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് കുറെ തെറിയും വിളിച്ചാണ് അവന്‍ തിരിച്ച് വള്ളത്തിലേക്ക് കയറിയത്. ഞങ്ങള്‍ വീണ്ടും വടം പിടിച്ച് വള്ളത്തില്‍ തന്നെ കിടക്കാന്‍ തുടങ്ങി.

അതോടെ ലോറന്‍സിന്റെ ആത്മബലം നഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലായി. ജീവിതത്തിലാദ്യമായി ലോറന്‍സ് ആന്റണിയെന്ന സുഹൃത്ത് നിസ്സഹായനായി ഇരുന്ന് കരയുന്നത് ഞാന്‍ കണ്ടു. അവന്‍ കൂടെയുണ്ടെന്നതാണ്, അവന്റെ ആത്മബലമാണ് അത്രയും നേരം എന്നെയും ജീവിപ്പിച്ചത്. അതില്ലാതാകുന്നതോടെ ഞാനും ഇല്ലാതാകുന്നതായി എനിക്ക് മനസിലായി. ഈ ദിവസങ്ങളിലൊന്നും അവന്‍ ഉറങ്ങിയിരുന്നില്ല. ഒരുപക്ഷെ അത് കൂടിയായപ്പോള്‍ അവന്റെ മനസില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും. അതായിരിക്കും അവന്‍ ഇടയ്ക്കിടെ വള്ളങ്ങള്‍ വന്നെന്നും കപ്പല്‍ വന്നെന്നും ആംബുലന്‍സ് കിടക്കുന്നുണ്ടെന്നുമെല്ലാം തോന്നാന്‍ കാരണം. പിന്നീടുള്ള ഞങ്ങളുടെ സംസാരം മുഴുവന്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നതായിരുന്നു. ഇത്രയും ദിവസങ്ങളിലും തൊട്ടടുത്തെത്തിയിട്ടും തിരിഞ്ഞുപോലും നോക്കാത്ത കപ്പലുകളെയും ലോകത്തെ മുഴുവന്‍ ലോറന്‍സ് ചീത്തവിളിച്ചുകൊണ്ടിരുന്നു. അവന്‍ വളരെ നിഷ്‌കളങ്കനാണ്. അതുകൊണ്ടാണ് അത്രമാത്രം ദേഷ്യം വരുന്നത്.

ആ രാത്രി എന്റെ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. ഇരുന്നുറങ്ങുമ്പോള്‍ ഇടയ്ക്കിടെ നാം ഉണര്‍ന്നു പോകും. അതുപോലെ ഇത്തവണയും ഞാന്‍ പെട്ടെന്ന് തന്നെ ഉണര്‍ന്നു. ഒരു ശബ്ദം കേട്ടാണ് ശരിക്ക് പറഞ്ഞാല്‍ ഞാന്‍ ഇത്തവണ ഉണര്‍ന്നത്. അപ്പോഴേക്കും മഴ പൂര്‍ണമായും മാറിയിരുന്നു. ലോറന്‍സേ മഴ മാറിയെന്ന് ഞാന്‍ അവനോട് പറഞ്ഞു. പക്ഷെ അവന്റെ ഒരു അനക്കവും കേട്ടില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നേരത്തെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നിടത്ത് ലോറന്‍സ് ഇല്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അവന്‍ എങ്ങോട്ട് പോയെന്നോ എവിടെ പോയന്നോ എനിക്ക് മനസിലായില്ല. ഒരുപക്ഷെ നേരത്തെയുണ്ടായത് പോലെ ഏതെങ്കിലും ഒരു വിഭ്രാന്തിയില്‍ ഏതെങ്കിലും വള്ളങ്ങള്‍ കണ്ടോ ആംബുലന്‍സ് കണ്ടോ കടലിറങ്ങിക്കാണുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും അവന്‍ മടങ്ങി വന്നില്ല.

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan-part-2/

അവന്‍ ഇനി തിരിച്ച് വരില്ലെന്ന് മനസിലായപ്പോള്‍ മനസില്‍ സത്യത്തില്‍ ആ സമയത്ത് ഒന്നും തോന്നിയില്ല. എന്റെ സമയവും അടുത്തെത്തിയതായാണ് എനിക്ക് തോന്നിയത്. കാരണം, ഇത്രയും ദിവസം ഞാന്‍ പിടിച്ചു നിന്നത് അവന്‍ കൂടെയുണ്ടെന്ന ധൈര്യത്തിലായിരുന്നു. ഇനി ആ ധൈര്യം എനിക്കൊപ്പമില്ലല്ലോ. അതൊരു ഭയമായിരുന്നില്ല, പകരം ഒരുവിധത്തില്‍ മരവിപ്പ് കലര്‍ന്ന ഉറപ്പായിരുന്നു. ശനിയാഴ്ച രാത്രി ഏകദേശം പന്ത്രണ്ട് മണിയോടെയാണ് ലോറന്‍സിനെ നഷ്ടമായത്. പിന്നീടങ്ങോടുള്ള സമയം ഇരുന്നും ഉറങ്ങിയും ഞാന്‍ മരണത്തെ കാത്തിരിക്കുകയായിരുന്നു. എനിക്ക് എല്ലാ പ്രതീക്ഷകളും നഷ്ടമായിരുന്നു. ഒടുവില്‍ നേരം വെളുത്തു. ഒരു അഞ്ച് ആറ് മണിയൊക്കെ ആയപ്പോഴേക്കും കടല്‍ നല്ല ശാന്തമായിരുന്നു. മഴയുമില്ല, കാറ്റുമില്ല. തിരമാലകള്‍ക്ക് യാതൊരു വിധത്തിലുമുള്ള അക്രമ സ്വഭാവവുമില്ല.

അത്രയും ദിവസം ആടിയുലയുന്ന തിരമാലകളില്‍ ഇരുന്ന് ഉറങ്ങിയ എനിക്ക് അതൊരു ആശ്വാസമായിരുന്നു. എത്രനേരത്തേക്ക് ഈ ആശ്വാസമുണ്ടാകുമെന്ന ആശങ്കയോടെ തന്നെ വള്ളത്തിന് മുകളില്‍ ഞാന്‍ കിടന്നു. ആ ഉറക്കം ഏകദേശം പന്ത്രണ്ട് മണി വരെ നീണ്ടു നിന്നു. ഒരു കപ്പലിന്റെ ഊത്ത് കേട്ടാണ് ഞാന്‍ ഉണരുന്നത്. കപ്പല്‍ കടലിലൂടെ മൂന്നോട്ട് പോകുമ്പോഴെല്ലാം ഈ ഊത്ത് കേള്‍ക്കാം. വളരെ ദൂരെ നിന്നു പോലും ഈ ഊത്ത് കേള്‍ക്കാന്‍ സാധിക്കും. ചെറുവള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കുമുള്ള അടയാളമാണ് അത്. അല്ലെങ്കില്‍ കപ്പല്‍ കടന്നുപോകുമ്പോഴുള്ള തിരമാലയില്‍ അവ അപകടത്തില്‍പ്പെടും. ഊത്ത് കേട്ട് കിടന്നുകൊണ്ട് തന്നെ ഞാന്‍ തലതിരിച്ച് നോക്കി. ഒരു കപ്പല്‍ സാവധാനത്തില്‍ വരുന്നത് കാണാന്‍ കഴിഞ്ഞു. ഞാന്‍ കിടന്നുകൊണ്ട് തന്നെ കൈപൊക്കി പിടിച്ചു. പഴയതുപോലെ എഴുന്നേറ്റ് നിന്ന് തോര്‍ത്ത് വീശാനുള്ള ആരോഗ്യമൊക്കെ എനിക്ക് നഷ്ടമായിരുന്നു. എന്റെ ഭാഗ്യത്തിന് കടലും കാലാവസ്ഥയും ശാന്തമായിരുന്നതിനാലും കപ്പലിലുള്ളവര്‍ എന്നെ കാണുക തന്നെ ചെയ്തു. അവര്‍ കപ്പല്‍ തീര്‍ത്തും സാവധാനത്തിലാക്കി എനിക്ക് ചുറ്റും കറങ്ങി.

അതു കണ്ടതോടെ എനിക്ക് വീണ്ടും ഭയമായി. എന്നെ എടുക്കാതെ അവര്‍ പോയിക്കളയുമോയെന്നാണ് ഭയന്നത്. എന്റെ രണ്ട് കാലുകള്‍ക്കും അപ്പോഴേക്കും സ്വാധീനം നഷ്ടമായിരുന്നു. വള്ളത്തില്‍ നിന്നിറങ്ങി കപ്പലിന് നേരെ കൈകള്‍ കൊണ്ട് നീന്താനാണ് ശ്രമിച്ചത്. കപ്പലില്‍ നിന്നും ആദ്യം തന്നെ ഒരു ടയര്‍ ഇട്ടുതന്നു. ഞാന്‍ അതില്‍ പിടിച്ചതോടെ അവര്‍ കപ്പലിലേക്ക് എന്നെ വലിച്ചടുപ്പിച്ചു. തൊട്ടുപിന്നാലെ കയറില്‍ ഒരാള്‍ ഇറങ്ങി വന്നു. എന്നെ പൊക്കിയെടുത്തു. മുകളിലുണ്ടായിരുന്നവര്‍ കയര്‍ സാവകാശം വലിച്ച് എന്നെ കപ്പലില്‍ എത്തിച്ചു. കപ്പലില്‍ കയറിയ ഉടന്‍ തന്നെ ഒരു ഷീറ്റുകൊണ്ട് പൊതിഞ്ഞു. അതിന് ശേഷം ഞാന്‍ ഇട്ടിരുന്ന ബനിയനും കൈലിയും മറ്റ് വസ്ത്രങ്ങളുമെല്ലാം തന്നെ മാറ്റി നഗ്‌നനായി കപ്പലിനുള്ളിലേക്ക് കൊണ്ടുപോയി. അതിന് ശേഷം മറ്റൊരു ഷീറ്റുകൊണ്ട് വീണ്ടും പുതപ്പിച്ചു. അതിന് ശേഷം കമ്പിളി പുതപ്പ് പോലുള്ള ഒരു കട്ടിയുള്ള ഒരു വസ്ത്രം കൊണ്ടു വന്നു. അതിന്റെ സിബ് ഊരി അതിനുള്ളിലും എന്നെ പൊതിഞ്ഞു വച്ചു. ഒരു പത്ത് മിനിറ്റോളം അതിനുള്ളില്‍ ഇരുത്തിയ ശേഷം അവര്‍ അതില്‍ നിന്നും എന്നെ പുറത്തെടുത്തു. അതിന് ശേഷം എനിക്ക് കുടിക്കാന്‍ പ്രത്യേക തരം വെള്ളം തന്നു. എനിക്ക് അതിന്റെ പേര് അറിയില്ല. അതു കുടിച്ചതോടെ എനിക്ക് അല്‍പ്പം ഉഷാറ് തോന്നി.

ഇത്രയും ദിവസം ഭക്ഷണം കഴിക്കാത്തതിനാല്‍ തന്നെ എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ സാധിക്കാത്തത്ര അവശതയുമായിരുന്നു. ഞാന്‍ വിശക്കുന്നുവെന്ന് ആഗ്യം കാണിച്ചു. അവര്‍ അപ്പോള്‍ എനിക്കൊരു ജൂസ് തന്നു. അത്രയും ദിവസം വയറ്റില്‍ ഒന്നുമില്ലാതിരുന്നതിനാലാകും അത്. ഏതായാലും ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയെ വിവരം അറിയിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി ഒരു ഹെലികോപ്റ്റര്‍ എത്തി. ഹെലികോപ്റ്ററില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു. എന്റെ ശരീരത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് എന്നെ താങ്ങിപ്പിടിച്ച് അദ്ദേഹവും കയറി. അവര്‍ സാവകാശം എന്നെ ഹെലികോപ്റ്ററില്‍ എത്തിച്ചു. അതോടെ അഞ്ച് ദിവസത്തെ എന്റെ കടല്‍ ജീവിതത്തിന് അവസാനമായി.

രക്ഷപ്പെട്ടപ്പോള്‍ ആശ്വാസമോ സന്തോഷമോ ഒന്നുമല്ല, കടുത്ത സങ്കടമാണ് തോന്നിയത്. കൂടെയുണ്ടായിരുന്നവന്‍ ഇല്ലാതെയാണല്ലോ തിരികെയെത്തുന്നത് എന്നതായിരുന്നു ആ വിഷമം. ലോറന്‍സിനെ നഷ്ടപ്പെട്ടപ്പോള്‍ കടലില്‍ വച്ച് യാതൊരു വിഷമവും തോന്നിയില്ല. കാരണം ഞാനും മരണം ഉറപ്പിച്ചിരിക്കുകയായിരുന്നല്ലോ. കടലില്‍ നിന്നും രക്ഷപ്പെട്ടപ്പോഴാണ് എനിക്ക് അവന്‍ പോയത് സഹിക്കാനാകാതെ വന്നത്. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കടലില്‍ പോയതാണ്. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് തിരിച്ചുവരുന്നു. അതെനിക്ക് താങ്ങാനാകില്ലായിരുന്നു. ആശുപത്രിയില്‍ എന്നെ കാണാനെത്തുന്നവരെല്ലാം ലോറന്‍സിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

എറണാകുളം നേവല്‍ ബേസിലേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെനിന്നും ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ കന്യാകുമാരി ഭാഗത്തായിരുന്നില്ല, പകരം ആലപ്പുഴ ഭാഗത്തായിരുന്നു ഉണ്ടായിരുന്നതെന്ന് ഞാന്‍ മനസിലാക്കിയത്. അവിടെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി നാലാം ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് എന്നെ കൊണ്ടു വന്നു. അതോടെ ഞാന്‍ വീണ്ടും എന്റെ ജില്ലയില്‍ തിരികെയെത്തി. പക്ഷെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്നെ ചികിത്സിച്ച ഡോക്ടറെ പോലൊരാളുടെ സേവനം ഇനി ആര്‍ക്കും ലഭിക്കരുതെന്നാണ് എന്റെ ആഗ്രഹം. കാരണം അത്രമാത്രം ക്രൂരമായിരുന്നു പ്രമുഖനായ ആ ഡോക്ടറുടെ പെരുമാറ്റം.

http://www.azhimukham.com/offbeat-lorance-tale-of-a-survivor-in-sea-at-ockhi-time-report-by-arun-t-vijayan/

(തുടരും)

ചിത്രങ്ങള്‍: സുര്‍ജിത് കാട്ടായിക്കോണം

Next Story

Related Stories