TopTop
Begin typing your search above and press return to search.

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സ് ബര്‍ണാണ്ടിന്റെ മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. ലോറന്‍സ് ആന്റണിയെന്ന കൂട്ടുകാരനെ നാലാം ദിവസം കടല്‍ കൊണ്ടുപോയതോടെ തന്റെയും നിമിഷങ്ങളെണ്ണിയാണ് ഇദ്ദേഹം മറിഞ്ഞു കിടന്ന ആ വള്ളത്തില്‍ അള്ളിപ്പിടിച്ച് കിടന്നത്. എന്നിട്ടും കടല്‍ ഇയാള്‍ക്ക് വേണ്ടി നീക്കി വച്ചത് കര തന്നെയായിരുന്നു.

2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു. ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന് അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, "അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്." അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍.

ഭാഗം 1

ചെറുബോട്ടുകളിലായി ഞങ്ങള്‍ 32 പേരാണ് അന്ന് ഒന്നിച്ച് പണിക്കിറങ്ങാന്‍ തീരുമാനിച്ചത്. ഞാനും ലോറന്‍സ് ആന്റണിയെന്ന എന്റെ കൂട്ടുകാരനും ഒരു വള്ളത്തില്‍. മൂന്നും നാലും പേര്‍ കയറി മറ്റ് ആറ് വള്ളങ്ങളും. ഞങ്ങള്‍ കഴിഞ്ഞ ദിവസത്തെ കോളിന്റെ തുടര്‍ച്ച തേടിയാണ് തീരത്തു നിന്നും യാത്ര തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ പൂന്തുറയില്‍ നിന്നും മാത്രമല്ല, എല്ലാ തീരങ്ങളില്‍ നിന്നും പുറപ്പെടുന്നത് പ്രതീക്ഷകളോടെ തന്നെയാണ്.

നവംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചകളില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള കൂട്ടംകൂടിയുള്ള പോക്കിലൂടെ രണ്ട് ലക്ഷത്തിനും മൂന്ന്‌ ലക്ഷത്തിനും ഇടയിലുള്ള മീനാണ് കിട്ടിയിരുന്നത്. വീതം വച്ചെടുക്കുമ്പോള്‍ ഞങ്ങള്‍ മുപ്പതോളം പേരുടെ കുടുംബങ്ങള്‍ക്ക് അത് ധാരാളമായിരുന്നു. നവംബര്‍ 29ന് രാവിലെ കടലില്‍ നിന്നും തിരികെയെത്തി ഉറങ്ങാന്‍ കിടക്കുമ്പോഴും വൈകിട്ട് വീണ്ടും കടലിലേക്ക് പോകാന്‍ തയ്യാറെടുക്കുത്തതും ഈ കോള് മനസില്‍ കണ്ട് തന്നെയാണ്. അങ്ങനെ ഉച്ചയ്ക്ക് രണ്ടരയോടെ എന്റെ ഭാര്യ മാഗ്ലിനോട്‌ പോയിവരാമെന്ന് പറഞ്ഞ് തീരത്തേക്ക് പോകുകയായിരുന്നു.

പല ചെറുബോട്ടുകാരും ചെയ്യുന്ന രീതി ഏഴോ എട്ടോ ബോട്ടുകളുടെ കൂട്ടവുമായി കടലില്‍ മീന്‍ ലഭിക്കുമെന്ന് ഉറപ്പുള്ള മേഖലകളിലെവിടെയെങ്കിലും ഒത്തുകൂടി കൂട്ടവല വയ്ക്കുന്ന രീതിയാണ്. മടി എന്നാണ് ഈ രീതിയെ വിളിക്കുന്നത്. കരയില്‍ രണ്ട് വശങ്ങളില്‍ നിന്ന് വല വലിക്കുന്നതിന് സമാനമായ രീതിയാണ് ഇത്. കടലില്‍ ഏഴോ എട്ടോ വള്ളങ്ങള്‍ ഇത്തരത്തില്‍ ചുറ്റിലും വല വിരിക്കും. അരമുക്കാല്‍ മണിക്കൂര്‍ ഇത്തരത്തില്‍ വല വലിച്ചിട്ടിട്ട് വള്ളങ്ങള്‍ സ്പീഡ് കുറയ്ക്കും. പിന്നീട് രണ്ട് വള്ളങ്ങള്‍ റിവേഴ്‌സ് വച്ച് പോകും. മറ്റുള്ളവര്‍ ബലമായി വലിക്കുകയും ചെയ്യും. ഇതിനിടയ്ക്ക് വലയ്ക്ക് ഇളക്കം കൊടുക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ വലയില്‍ കയറിയ മീന്‍ നഷ്ടപ്പെടും. ഇത്തരത്തില്‍ കൂട്ടവല വയ്ക്കുമ്പോള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് വരെ മീന്‍ ലഭിക്കാറുണ്ട്. അതാണ് ചെറുബോട്ടുകളെ സംബന്ധിച്ച് ലാഭവും.

ഞാന്‍ ഒരുപാട് കാലം ഒറ്റയ്ക്ക് തന്നെ കടലില്‍ പോയി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ്. എന്റെ അച്ഛന് രണ്ട് ഭാര്യമാര്‍ ആയിരുന്നു. ആദ്യത്തെ ഭാര്യ മരിച്ചു പോയപ്പോഴാണ് തമിഴ്‌നാട്ടിലെ പട്ടണം എന്ന സ്ഥലത്ത് വന്ന് എന്റെ അമ്മയെ കല്യാണം കഴിച്ചത്. എന്റെ അമ്മയെ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല. എന്നെ പ്രസവിച്ച് മൂന്ന് നാല് മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു പോയി. പിന്നീട് എന്നെ വളര്‍ത്തിയത് അച്ഛന്റെ ആദ്യ ഭാര്യയിലെ മക്കളായ ചേട്ടന്മാരും ചേച്ചിമാരും ചേര്‍ന്നാണ്. അവര്‍ ആറ് മക്കളായിരുന്നു. അതില്‍ ഒരാള്‍ വളരെ കുട്ടിയായിരുന്നപ്പോഴേ മരിച്ചു പോയതാണ്, ഞാന്‍ കണ്ടിട്ടില്ല. മൂന്ന് ചേച്ചിമാരെയും രണ്ട് ചേട്ടന്മാരെയുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഞാന്‍ ജനിച്ചത് പട്ടണത്ത് ആണെങ്കിലും വളര്‍ന്നത് തടിയ പട്ടണത്തിലാണ്. ഇവിടെയാണ് അച്ഛന്റെ ആദ്യ ഭാര്യയിലെ മക്കള്‍ താമസിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ സ്‌കൂളില്‍ പോയതാണ്. ഒമ്പത് വയസ്സ് വരെ മാത്രമാണ് ഇവിടെ ജീവിച്ചത്. അതുകൊണ്ട് തന്നെ ആ നാടുകളെക്കുറിച്ച് എനിക്ക് കാര്യമായ ഓര്‍മ്മകളൊന്നുമില്ല. വീട്ടിലെ ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തി ഞാനും കടലില്‍ പണിക്ക് പോയി തുടങ്ങിയിരുന്നു.

പണിക്ക് പോയി തുടങ്ങിയെങ്കിലും ഞാന്‍ തീരെ കൊച്ചു കുട്ടി തന്നെയായിരുന്നു. വയസ്സായ അച്ഛന് എന്നെ നോക്കാന്‍ ആകാത്തത്ര അവശതയുമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് എപ്പോഴും അസുഖങ്ങള്‍ വരുമായിരുന്നു. അന്നത്തെ ശ്വാസംമുട്ടലൊക്കെ ഇപ്പോഴും എന്നെ വിടാതെ പിന്തുടരുന്നുണ്ട്. അതോടെയാണ് രണ്ടാമത്തെ ചേട്ടനും ഭാര്യയും കൂടി അവര്‍ താമസിച്ചിരുന്ന പൂന്തുറയിലേക്ക് എന്നെയും കൂട്ടിക്കൊണ്ടു വന്നത്. മടുവമ്പാറയിലാണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. തമിഴ്‌നാട്ടിലേത് പോലെ ഇവിടെയും ഞാന്‍ കടലില്‍ പണിക്ക് പോയി തുടങ്ങി. കൊച്ചുകുട്ടികള്‍ പോലും പണിക്ക് പോകേണ്ട സാഹചര്യമാണ് മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഇന്നും നിലനില്‍ക്കുന്നതെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. കുട്ടികള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസത്തെക്കുറിച്ചൊക്കെ പലര്‍ക്കും അറിയാമെങ്കിലും വീട്ടിലെ ദാരിദ്ര്യം മൂലം പലര്‍ക്കും അതിന് സാധിക്കില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസം സൗജന്യമാണെങ്കിലും ഒരാള്‍ കൂടി പണിക്ക് പോയാല്‍ അത്രയും ദാരിദ്ര്യം കുറഞ്ഞിരിക്കുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. ഇന്നും പലരും അങ്ങനെ ചിന്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ്.

ഒമ്പതാം വയസില്‍ ഇവിടെ കടലില്‍ പോയി തുടങ്ങിയ കാലം മുതല്‍ ഞാന്‍ പൂന്തുറ തീരം കാണുന്നതാണ്. അക്കാലത്ത് കിട്ടുന്നതെല്ലാം ചേട്ടനെയാണ് ഏല്‍പ്പിച്ചിരുന്നത്. ചേട്ടന്‍ എന്നെ നന്നായി നോക്കുകയും ചെയ്തു. നേരത്തെ പറഞ്ഞതുപോലെ പലപ്പോഴും രോഗിയായിരുന്ന എന്നെ ചേട്ടനും ചേട്ടത്തിയും ആശുപത്രിയില്‍ കൊണ്ടുപോകുകയും ചികിത്സിപ്പിക്കുകയുമൊക്കെ ചെയ്തു. അതിന്റെ ഫലമായി യുവാവായപ്പോഴേക്കും നല്ല ആരോഗ്യത്തോടെ തന്നെ കടലില്‍ പണിക്കിറങ്ങാനാകുമെന്ന അവസ്ഥയിലേക്ക് ഞാന്‍ വളര്‍ന്നു. 26 വയസ്സുള്ളപ്പോഴാണ് വിവാഹിതനായത്. നടുത്തുറയിലാണ് ഭാര്യയുടെ വീട്. മൂത്ത മകളുണ്ടായപ്പോള്‍ അവളെ കണ്ട് ആശുപത്രിയില്‍ നിന്നും നേരെ പോയത് കടലിലേക്കാണ്. അത്രമാത്രം എനിക്ക് കടലിനെ വിശ്വാസമാണ്.

എന്നാല്‍, ഒരു ദിവസം വാരിക്കോരി തരുന്ന അതേ കടല്‍ പിറ്റേന്ന് ചിലപ്പോള്‍ നമ്മുടെ ജീവന്‍ കൂടി എടുത്തുകൊണ്ട് പോകുന്നതായിരിക്കും കാണേണ്ടി വരുന്നത്. ഞങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ദിവസങ്ങളോളം വാരിക്കോരി തന്ന അതേ കടല്‍ തന്നെയാണ് ആ ഒറ്റ ദിവസം കൊണ്ട് ഞങ്ങളില്‍ പലരുടെയും ജീവനും ജീവിതവും തിരിച്ചെടുത്തത്. അതാണ് കടലിന്റെ നീതി. ഓരോ മത്സ്യത്തൊഴിലാളികളും കടലിലേക്കിറങ്ങുന്നത് ദൈവത്തിലും ഈ നൈതികതയിലും വിശ്വാസമര്‍പ്പിച്ചാണ്.

അന്ന് ഇന്നത്തേത് പോലുള്ള ചെറിയ ബോട്ടുകളല്ല, പകരം ചാളത്തടിയെന്ന് ഞങ്ങള്‍ പറയുന്ന കട്ടമരങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആ ചെറിയ വള്ളവുമായി കടലില്‍ അധിക ദൂരത്തേക്കൊന്നും പോകാനാകില്ലായിരുന്നു. അതില്‍ നിന്നും അന്നന്നത്തേക്കുള്ളത് കിട്ടുമെന്ന് മാത്രം പറയാം. എന്നാല്‍ ഇപ്പോഴുള്ളതുപോലെ ബോട്ടുകളും വള്ളങ്ങളും വന്നതോടെ കടലില്‍ കുറച്ചുകൂടി അകത്തേക്ക് പോകാനും കൂടുതല്‍ മീന്‍ പിടിക്കാനും സാധിക്കുമെന്ന അവസ്ഥ വന്നു. ഇപ്പോഴും ഒരു ബോട്ടില്‍ ഒറ്റയ്ക്ക് പോയാലും ഒന്നും കിട്ടാനുണ്ടാകില്ല. കൂടുതല്‍ മീന്‍ കിട്ടുന്ന സീസണുകളില്‍ വില കുറവും കുറവ് കിട്ടുന്ന സീസണുകളില്‍ വില കൂടുതലുമായിരിക്കും. അത് ലേലം അനുസരിച്ച് മാറിമറിയും. എന്നാല്‍ മറ്റ് ചിലപ്പോള്‍ ഈ സീസണ്‍ കണക്കുകളൊക്കെ വെറുതെയാകും. അതായത് മീനിന് ഒരു വിധത്തിലും വില കിട്ടാത്ത അവസ്ഥ.

എന്റെ കുട്ടിക്കാലത്ത് തിന്നാനും കുടിക്കാനും വല്ലതും കണ്ടെത്തിയാല്‍ മതിയായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയല്ല, ഭാര്യയും മൂന്ന് മക്കളും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റണം, മക്കളെ പഠിപ്പിക്കണം. സ്‌കൂള്‍ കഴിഞ്ഞാല്‍ അവരുടെ പഠിത്തത്തിന് കാശ് ഒരുപാട് കണ്ടെത്തേണ്ടി വരും.

ഒറ്റയ്‌ക്കൊറ്റയ്ക്ക് പോകുന്നവര്‍ ഇപ്പോഴും പൂന്തുറയില്‍ തന്നെയുണ്ടെങ്കിലും കടലില്‍ അധികം ദൂരത്തേക്ക് പോകാനാകാത്തതിനാല്‍ തന്നെ അവര്‍ക്ക് കാര്യമായ കോളൊന്നും അതില്‍ നിന്നും കിട്ടില്ല. കൂട്ടംകൂടി കടലിലേക്കിറങ്ങുമ്പോള്‍ അത്യാവശ്യം നല്ല കോളുമായി തന്നെ തിരിച്ചു വരാനുമാകും. അതുകൊണ്ടാണ് കുറച്ചു കാലമായി കൂട്ടം ചേര്‍ന്നുള്ള ഈ മീന്‍പിടിത്തത്തിന് ഇറങ്ങാന്‍ തന്നെ കാരണം.

29ന് ഉച്ചയ്ക്ക് മൂന്നര മണിയായപ്പോഴേക്കും ഞങ്ങള്‍ ഏഴ് വള്ളങ്ങളിലുള്ളവരും പൂന്തുറ തീരത്തു നിന്നും പുറപ്പെട്ടു. നേരത്തെ പറഞ്ഞതു പോലെ ഏഴ് വള്ളങ്ങള്‍ ചുറ്റിലും വളഞ്ഞ് വലയിടുന്ന സംവിധാനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. അങ്ങനെ വലയിടുമ്പോള്‍ ഏഴ് വള്ളത്തിലുള്ളവരും ഒരേ മെയ്യും മനസുമായാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാത്തപക്ഷം വലയില്‍ കുടുങ്ങുന്ന മത്സ്യത്തെ കരയിലെത്തിക്കാന്‍ സാധിക്കാതെ വരും. ആരുടെയെങ്കിലും കയ്യില്‍ നിന്നും ഒരുവശം തെന്നിപ്പോയാല്‍ പിന്നെ വള്ളങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവാണ്. എന്നിരുന്നാലും ആ വഴക്കുകള്‍ സ്ഥിരമായി നില്‍ക്കില്ല.

അന്ന് സന്ധ്യയ്ക്ക് ആറര മണിയോടെ പലയിടങ്ങളിലായി നങ്കൂരമിട്ടു. എന്നാല്‍ ശക്തമായ കാറ്റ് കാരണം മീന്‍ പിടിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഞങ്ങള്‍ക്ക് മാത്രമല്ല, അന്ന് കടലില്‍ പണിക്കിറങ്ങിയ എഴുന്നൂറോളം വള്ളക്കാര്‍ക്ക് അന്നത്തെ ദിവസം മീന്‍ പിടിക്കാന്‍ പറ്റിയിട്ടില്ല. കാറ്റ് കാരണം ഒറ്റയ്‌ക്കൊറ്റയ്ക്ക് പോയ വള്ളക്കാരെല്ലാം അന്ന് തന്നെ കരയിലേക്ക് തിരിച്ചു. സന്ധ്യയ്ക്ക് ഏഴ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ കടലില്‍ നിന്നും കരയിലേക്ക് തിരിച്ച പലരും പുലര്‍ച്ചെ മൂന്ന് മണിക്കും രാവിലെ ഒമ്പത് മണിക്കുമെല്ലാമാണ് കരയില്‍ തിരികെയെത്തിയത്. കാറ്റിനെ മറികടന്ന് ഓടിയെത്താനുള്ള സമയം അനുസരിച്ചായിരുന്നു ഇത്. സാധാരണ ഒന്നര മണിക്കൂറാണ് കരയില്‍ തിരികെയെത്താന്‍ എടുക്കാറുള്ളത്. പലപ്പോഴും കടലിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മത്സ്യത്തൊഴിലാളികളെ ഈ വിധത്തില്‍ ചതിക്കാറുണ്ട്. കൂട്ടമായി പോകുന്നവര്‍ കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരുന്ന് കിട്ടുന്ന മത്സ്യവും കൊണ്ട് തിരികെ പോരുന്നതാണ് പതിവ്. ചിലപ്പോഴൊക്കെ കാലി വള്ളങ്ങളുമായും തിരികെ വരേണ്ടി വരാറുണ്ട്. കൂട്ടായ വള്ളങ്ങളില്‍ പോകുന്നവര്‍ക്ക് ഇത്തരത്തില്‍ കാലി വള്ളങ്ങളുമായി തിരികെ വരുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. കാരണം അത്രമാത്രം ചെലവാണ് കൂട്ടമായി പോകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് പോകുന്നവര്‍ ഉള്‍ക്കടലിലേക്ക് പോകുന്നില്ലെന്നതിനാല്‍ തന്നെ അവര്‍ക്കും ചെലവുണ്ടെങ്കില്‍ അത് ഇത്രമാത്രം കൂടുതല്ലല്ല.

ഞങ്ങള്‍ ഏഴ് വള്ളങ്ങളിലായി പോയവരായത് കൊണ്ടു തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരികെ പോകുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. നാല് വള്ളങ്ങളെങ്കിലും തീരുമാനമെടുത്താല്‍ മാത്രമേ മറ്റുള്ളവര്‍ക്കും മടങ്ങാനാകൂ. കരയ്ക്ക് വരണോ അതോ അവിടെ തന്നെ കിടക്കണോ എന്ന തീരുമാനമാണ് എടുക്കേണ്ടത്. ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ ഞങ്ങള്‍ അവിടെ കിടക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പ്രതീക്ഷയില്‍ തന്നെയായിരുന്നു സാധാരണ പോലത്തെ ഒരു കാറ്റ്, ആ കാറ്റിനെ നാമെന്തിന് പേടിക്കണമെന്നാണ് ഞാനും ലോറനും പരസ്പരം ചോദിച്ചുകൊണ്ടിരുന്നത്. എന്നിരുന്നാലും സമയം വൈകുന്നത് ഞങ്ങളെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു. അത് കാത്തിരിക്കുന്ന അപകടത്തെക്കുറിച്ചായിരുന്നില്ല. മറിച്ച് കാലി വള്ളവുമായി തീരത്തേക്ക് ചെല്ലുന്നതിനെക്കുറിച്ചുള്ള വ്യാകുലതയായിരുന്നു. ലോറന്‍ ഞാനുമായി താരതമ്യം ചെയ്യുമ്പോള്‍ മാനസികവും ശാരീരികവുമായി കൂടുതല്‍ കരുത്തുള്ളയാളാണ്. സാമ്പത്തികമായും അവന്‍ എന്നേക്കാള്‍ സുരക്ഷിതനാണ്. എന്നിരുന്നാലും കാലി വള്ളവുമായി മടങ്ങുന്നത് ഞങ്ങള്‍ക്ക് ആലോചിക്കാന്‍ പോലുമാകില്ലായിരുന്നു. എന്നിരുന്നാലും കാലവസ്ഥ അനുവദിച്ചില്ലെങ്കില്‍ നിരാശരായി തന്നെ മടങ്ങേണ്ടി വരും.

ഒടുവില്‍ പുലര്‍ച്ചെ നാല് മണി കഴിഞ്ഞതോടെ ഞങ്ങള്‍ ഉള്‍ക്കടലില്‍ നിന്നും തിരിച്ചു കയറാന്‍ തീരുമാനിച്ചു. കടലില്‍ 32 മൈലേജ് ഓടി കരയില്‍ നിന്നും 3.5 മൈലേജ് അകലെയാണ് ഞങ്ങള്‍ എത്തിയത്. അത്രയും നേരം ഞങ്ങള്‍ സാധാരണ കാറ്റാണ് എന്നു കരുതിയത് ചുഴലിക്കാറ്റാണെന്ന് അപ്പോഴാണ് മനസിലാക്കിയത്. ഇതില്‍ അഞ്ച് വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയെടുത്തു. എന്നാല്‍ രണ്ട് വള്ളങ്ങള്‍ക്ക് ചുഴലിക്കാറ്റ് മൂലം കരയിലേക്ക് അടുപ്പിക്കാനാകാത്ത അവസ്ഥയായിരുന്നു. എന്നാല്‍ കാറ്റിനനുസരിച്ച് വള്ളം നീങ്ങാനും തുടങ്ങി. അതോടെ ഞങ്ങള്‍ നങ്കൂരമിടാന്‍ ശ്രമിച്ചു. എന്നാല്‍ നങ്കൂരം കടലിനടിയിലെ മണ്ണില്‍ പിടിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

കാറ്റിനൊപ്പം ഉയര്‍ന്ന തിരമാലകളും ഞങ്ങളുടെ വള്ളത്തെ ചലിപ്പിച്ചു. അതുവരെയും ഒന്നിച്ചുണ്ടായിരുന്ന രണ്ട് വള്ളങ്ങളും രണ്ട് ദിശയിലാകുകയും ചെയ്തു. വള്ളത്തിലിരുന്ന് ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചെയ്താലും ആ കാറ്റില്‍ വള്ളത്തെ നിയന്ത്രിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്ന ദിശയിലേക്ക് ചലിപ്പിക്കാനോ സാധിക്കുമായിരുന്നില്ല. പ്രകൃതിയുടെ കരുത്ത് മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്താണല്ലോ? അപ്പോഴേക്കും കരുതിവച്ചിരുന്ന മണ്ണെണ്ണ തീരുകയും ചെയ്തു. എങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. കരയില്‍ ഞങ്ങളെ കാത്തിരുന്നവരുടെ പ്രാര്‍ത്ഥനകളായിരുന്നു ഞങ്ങളുടെ പ്രതീക്ഷകള്‍. കൂടാതെ ചുഴലിക്കാറ്റുണ്ടായിരുന്ന സമയത്ത് ഇത്രയേറെ മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നതിനാല്‍ തന്നെ ഞങ്ങള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം കരയില്‍ ആരംഭിച്ചിട്ടുണ്ടാകുമെന്നും ഉറപ്പുണ്ടായിരുന്നു.

കൂടാതെ ഒന്നുകില്‍ കാറ്റ് ശമിക്കുമെന്നും അല്ലെങ്കില്‍ ഏതെങ്കിലും രക്ഷാകപ്പലുകള്‍ ഞങ്ങളുടെ അടുത്തെത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. തീരത്തു നിന്നും അധികം ദൂരെയല്ലെന്നാണ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്. ആ ഒരു പ്രതീക്ഷയോടെ ഞങ്ങള്‍ നോക്കെത്താ ദൂരത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. ഞാന്‍ രക്ഷപ്പെട്ട് കരയില്‍ തിരിച്ചെത്തിയ ശേഷമാണ് എത്രമാത്രം അകലെയായിരുന്നു ഞങ്ങളെന്ന് മനസിലാക്കിയത്. ഞങ്ങള്‍ കാത്തിരുന്നെങ്കിലും തേടിയെത്തിയത് കൂറ്റന്‍ തിരമാലകള്‍ മാത്രമാണ്. എങ്കിലും ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ധൈര്യം കൈമോശം വന്നിരുന്നില്ല. എന്നാല്‍ 30-ന് രാവിലെ പത്ത് പത്തരയോടെ വലിയൊരു തിരമാലയില്‍പ്പെട്ട് ഞങ്ങളുടെ വള്ളം മറിഞ്ഞു.

ചിത്രങ്ങള്‍: സുര്‍ജിത് കാട്ടായിക്കോണം

(തുടരും)


Next Story

Related Stories