Top

പ്രണയം തോല്‍ക്കില്ല; സുധാകരന്‍ മാഷുടെ ഓര്‍മ്മയില്‍ ഷില്‍നയ്ക്ക് കൂട്ടായി രണ്ടു പെണ്‍കുഞ്ഞുങ്ങള്‍

പ്രണയം തോല്‍ക്കില്ല; സുധാകരന്‍ മാഷുടെ ഓര്‍മ്മയില്‍ ഷില്‍നയ്ക്ക് കൂട്ടായി രണ്ടു പെണ്‍കുഞ്ഞുങ്ങള്‍
ജീവിതത്തിന്റെ താളക്രമം കൈവിട്ടുപോകുമായിരുന്ന ദിനങ്ങളിൽ ഷിൽനയെ കൈപിടിച്ചുയർത്തിയത് കെ വി സുധാകരൻ എന്ന പ്രിയതമൻ ബാക്കിനിർത്തി പോയ കുറെ നല്ല ഓർമ്മകളും അദ്ദേഹം കുറിച്ചിട്ട അക്ഷരങ്ങളുമായിരുന്നു. കണ്ണൂരിലെ കൊയിലി ആശുപത്രിയിലെ ഇരുന്നൂറ്റി അഞ്ചാം മുറിയിൽ സുധാകരന്റെ ഓർമ്മകൾക്ക് ജീവൻ വച്ചതുപോലെ രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ട് ഷിൽനയ്ക്കിപ്പോൾ കൂട്ടായി. അതിരില്ലാത്ത സൗഹൃദങ്ങളായിരുന്നു സുധാകരന്റെ കരുത്ത്. അവർ ആശുപത്രിയിൽ വന്നെത്തുമ്പോൾ കുഞ്ഞുമക്കളെ അൽപനേരം നോക്കിനിൽക്കുമ്പോൾ അസാന്നിധ്യത്തെക്കാൾ ഉപരി പ്രിയസുഹൃത്തിന്റെ സാന്നിധ്യമാണ് അവരെല്ലാം അനുഭവിച്ചറിയുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് പതിനഞ്ചിനായിരുന്നു തലശ്ശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനും കഥാകൃത്തുമായിരുന്ന കെ വി സുധാകരൻ നിലമ്പൂരിൽ വാഹനം തട്ടി മരണപ്പെട്ടത്. ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായുള്ള യാത്ര ആയിരുന്നു. പ്രിയപ്പെട്ടവന്റെ വേർപാടിൽ തളർന്നു പോകുമായിരുന്ന ദിനങ്ങളിൽ ഭാര്യ ഷിൽന നിശ്ചയദാർഢ്യത്തോടെ പിടിച്ചു നിന്നു. കുഞ്ഞുണ്ടാവുകയെന്ന ഇരുവരുടെയും ആഗ്രഹം സഫലമാക്കുകയെന്നത് മാത്രമായിരുന്നു ഷിൽനയുടെ പിന്നീടുള്ള ആഗ്രഹം. സുധാകരന്റെ മരണത്തിനും മുൻപ് അവർ കോഴിക്കോട്ട് ഐ വി എഫ് ചികിത്സ തുടങ്ങിയിരുന്നു.

അച്ഛൻ പി വി പവിത്രൻ മകളുടെ ഏത് തീരുമാനത്തിനും കരുത്ത് പകർന്ന് ഒപ്പം നിന്നു. സുധാകരൻ പോയതിനു ശേഷം കുട്ടികൾക്കായുള്ള ചികിത്സ തുടരാൻ അവൾ ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്ന് പവിത്രൻ പറഞ്ഞു. അതിനായി ഇരുവരും താമസിച്ച കണ്ണൂരിലെ വീട്ടിലേക്ക് ഷിൽനക്ക് കൂട്ടായി അവർ സ്വന്തം നാടായ പേരാവൂരിൽ നിന്നും താമസം മാറ്റി. കണ്ണൂർ ഫെഡറൽ ബാങ്കിൽ വായ്പാ സെക്ഷനിൽ മാനേജരായ ഷിൽന അധികം വൈകാതെ ജോലിയിൽ സജീവമാവുകയും ചെയ്തു.

ഡോ. കുഞ്ഞുമൊയ്തീനും ഡോ.ശ്രീജയും ഷിൽനയുടെ തീരുമാനത്തിനൊപ്പം ചേർന്നു. മരിക്കുന്നതിന് മുൻപ് സുധാകരൻ ഐ വി എഫ് ചികിത്സയുടെ സാധ്യതകൾ, ഉണ്ടാവാനിടയുള്ള പോരായ്മകൾ എല്ലാം നന്നായി മനസ്സിലാക്കിയിരുന്നുവെന്നു ഡോക്ടർമാർ ഓർമ്മിക്കുന്നു. അതിനാൽ ചികിത്സയുടെ ഓരോ ഘട്ടത്തിനും അക്കാദമിക് തലം കൂടിയുണ്ടായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. സുധാകരനെ അത്രയേറെ ഇഷ്ടമായിരുന്നു അവർക്കെല്ലാം. സെപ്റ്റംബറിൽ ചികിത്സ തുടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.

കണ്ണൂരിലെ ആശുപത്രിയിൽ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. പരിചരണത്തിനായി ഷിൽനയുടെ അച്ഛനും അമ്മയും സുധാകരന്റെ ബന്ധുക്കളും ഇടയ്ക്കിടെ എത്തുന്ന സുഹൃത്തുക്കളും ഉണ്ട്. ഇവിടെ നിന്ന് ഡിസ്ചാർജ് ആയാൽ അമ്മയും കുഞ്ഞുങ്ങളും സുധാകരന്റെ തിമിരി തലവിലെ വീട്ടിലേക്ക് പോകും. അവിടെ ഏക മകനായിരുന്ന സുധാകരന്റെ ഓർമ്മയിൽ കഴിയുന്ന അച്ഛൻ പിലാക്കൽ കുഞ്ഞിരാമനും ഓമനയും അവരെ കാത്തിരിക്കുന്നുണ്ട്. പ്രിയപ്പെട്ട മകന്റെ ജീവൻ തുടിക്കുന്ന മക്കളെ കാണാൻ. പ്രിയപ്പെട്ടവന്റെ അസാന്നിധ്യം വേദനയാണെങ്കിലും അതെല്ലാം ഉള്ളിൽ നിർത്തി, കാണാൻ വരുന്നവരോടെല്ലാം പുഞ്ചിരിയോടെ സന്തോഷം എന്ന് പറയാൻ മാത്രമാണ് ഷിൽനയ്ക്കിഷ്ടം.

സുധാകരനില്ലെങ്കിലും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്ന സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹം എഴുതിയ കഥകളുടെ സമാഹാരം അടുത്തു തന്നെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയുമാണ്.

Next Story

Related Stories