TopTop

പഞ്ചാബിലെ ക്യാപ്റ്റന്‍; ഒപ്പം ഇന്ത്യക്കാര്‍ ഇടം കാണാത്ത രഹസ്യസംഘവും- ഹരീഷ് ഖരെ എഴുതുന്നു

പഞ്ചാബിലെ ക്യാപ്റ്റന്‍; ഒപ്പം ഇന്ത്യക്കാര്‍ ഇടം കാണാത്ത രഹസ്യസംഘവും- ഹരീഷ് ഖരെ എഴുതുന്നു
“ഹരീഷ്, നിങ്ങള്‍ക്കെന്താണ് എന്നോടു ദേഷ്യം?” അല്പം കളിതമാശയായി തുടങ്ങിയ ആദ്യവാചകം. രണ്ടാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റെടുത്തതിനുശേഷം ആദ്യമായിട്ടായിരുന്നു ഞങ്ങള്‍ കാണുന്നത്.

ചണ്ഡീഗഡിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനിടയിലാണ് ഞങ്ങള്‍ കണ്ടത്. ഞങ്ങള്‍ രണ്ടുപേരും ഒരു പൊതുസുഹൃത്ത്, പ്രൊഫസര്‍ പ്രമോദ് കുമാറും.

അത്ഭുതം, അദ്ദേഹം സമയം കണിശമായി പാലിച്ചു. ആര്‍ഭാടമില്ലാതെ വിശിഷ്ടമായ വസ്ത്രധാരണം. പരിചിതമായ ഒരു പൊതുവ്യക്തിത്വം സ്വകാര്യതയില്‍ സ്വാഭാവികമായും മറ്റൊരു രൂപം കാണിക്കുന്നു. എല്ലായ്പ്പോഴും അത് ചെയ്യുന്നതുപോലെ, അധികാരം അദ്ദേഹത്തെ വീണ്ടും ചടുലനാക്കിയിരിക്കുന്നു. അദ്ദേഹം ഭക്ഷണക്രമം പാലിക്കുന്നുണ്ട്; കഴിച്ചതു വളരെ ശ്രദ്ധയോടെയാണ് (ഭക്ഷണം ആവശ്യപ്പെട്ടത് അത്ര ശ്രദ്ധയോടെയല്ലെങ്കിലും).

ചൈനീസ് ഭക്ഷണമാണ് പറഞ്ഞത്- അല്ലെങ്കില്‍ പാചകക്കാരന്‍ 'ചൈനീസ്' എന്നു വിളിക്കുന്ന ഒന്ന്. ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ വിദഗ്ദ്ധനാണെന്ന് അദ്ദേഹം ബുദ്ധിപൂര്‍വം നടിച്ചില്ല. യുക്തിയോടെ ഒരു കത്തിയും മുള്ളും ഉപയോഗിച്ചു.

രാഷ്ട്രീയ, ഭരണ തലത്തില്‍ അറിവുള്ള, മിതത്വമുള്ള, ബുദ്ധിമാനായ, സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരാളെപ്പോലെ തോന്നിപ്പിച്ചു- ഒരുപക്ഷേ എന്താണ് ചെയ്യേണ്ടത് എന്നതില്‍ അത്ര വ്യക്തത വരാത്തതുപോലെയും.

ബാദല്‍ ദ്വയം അദ്ദേഹത്തെ അസ്വസ്ഥനാക്കുകയോ ചകിതനാക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഇരുവരോടും പ്രത്യേക പകയൊന്നും ഇല്ലതാനും.

ഞങ്ങള്‍ എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചു- കോണ്‍ഗ്രസും അതിന്റെ സാംസ്കാരിക നിഗൂഢതകളും, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പിന്നെ തീര്‍ച്ചയായും അരുണ്‍ ജെയ്റ്റ്ലിയും അമൃത്സറും, അരവിന്ദ് കേജ്രീവാള്‍, ആം ആദ്മി പാര്‍ടി, നട്‌വര്‍ സിംഗ് എന്നതെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു. തന്റെ ഭരണസംവിധാനത്തില്‍ നിന്നു പത്രങ്ങള്‍ക്ക് ചോര്‍ച്ചയുണ്ടായതായ കാര്യം, പ്രചാരണക്കാലത്ത് ട്രിബ്യൂണ്‍ ആം ആദ്മിയോട് കാട്ടിയ അടുപ്പം (ആരോപിതം), കര്‍ഷകരുടെ പ്രശ്നങ്ങള്‍, കടം എഴുതിത്തള്ളല്‍, യോഗി ആദിത്യനാഥ് ഒക്കെ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രത്യേക സുഹൃത്ത് അറൂസയെക്കുറിച്ച് സംസാരിച്ചില്ല- അദ്ദേഹം അത് പറഞ്ഞതുമില്ല,  ഞാനതൊട്ട് അറിയാന്‍ ബോധപൂര്‍വം താത്പര്യം കാണിച്ചതുമില്ല.

സ്വന്തം പ്രകടന മാനദണ്ഡങ്ങള്‍ ഉയര്‍ത്തണമെന്നും ചരിത്രത്തില്‍ സര്‍ദാര്‍ പ്രതാപ് സിംഗ് കൈറോണിനെ പോലെ ഓര്‍മ്മിക്കപ്പെടണം എന്നുമൊക്കെ ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ സ്വാധീനിച്ചോ എന്നെനിക്കറിയില്ല. വിധാന്‍സഭയുടെ സുരക്ഷിത സ്ഥലത്താണ് അദ്ദേഹം. ചില സ്തുതിപാഠകര്‍ 'ദേശീയ' വേഷം നല്‍കുന്ന വര്‍ത്തമാനം തീര്‍ത്തും അസ്ഥാനത്താണ്. ഈ ഭരണകാലത്തിന് ശേഷം താന്‍ ഒരു പുസ്തകമെഴുതാണ്‍ ആഗ്രഹിക്കുന്നു എന്നും '1984'-നെക്കുറിച്ച് അറിയാവുന്നതെല്ലാം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു- എല്ലാവരുടെ കൈകളിലും രക്തം പുരണ്ടിട്ടുണ്ട്.

മണല്‍ ഖനന മാഫിയ രംഗത്ത് തലക്കെട്ടുകളുടെ നിറം മാറി എന്നേയുള്ളൂ, കളിയില്‍ മാറ്റമൊന്നുമില്ല എന്ന എന്റെ നിരീക്ഷണം അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ശരിവെച്ചു.

രാവിലെ വളരെ വൈകി എഴുന്നേല്‍ക്കുന്ന ഒരാളെന്ന പേരുണ്ടെങ്കിലും താന്‍ സാധാരണ സമയത്തൊക്കെ എഴുന്നേല്‍ക്കുകയും രാവിലെ കാപ്പിക്കൊപ്പം അഞ്ചോ ആറോ പത്രം വായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ സാധാരണ പ്രതീക്ഷിക്കുന്നതിലും നേരത്തെ കിടക്കും. പക്ഷേ കിടക്കുന്നതിന് മുമ്പ് വായിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു-മിക്കപ്പോഴും പട്ടാള ചരിത്രം.

കോണ്‍ഗ്രസ് നേതാക്കളുടെ അപായകരമായ ദൌര്‍ബല്യത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ ജാഗ്രതപ്പെടുത്താന്‍ ശ്രമിച്ചു; ഡല്‍ഹിയുടെ അധികാര ദല്ലാളന്‍മാരുടെ പ്രലോഭനം ചെറുക്കാന്‍ അവര്‍ക്കാവില്ല. ഡല്‍ഹിയില്‍ നിന്നും ഏറെയകലെയല്ലാത്ത പഞ്ചാബിലെ രാഷ്ട്രീയക്കാര്‍ പലപ്പോഴും അതില്‍പ്പെട്ടുപോകും. വിജയിക്കുന്ന ഏത് കോണ്‍ഗ്രസുകാരനെയും അവര്‍ പൂട്ടാന്‍ നോക്കും, കാരണം നരേന്ദ്ര മോദി ഭരണം അവരെ എല്ലാ നിലയ്ക്കും അവഗണിക്കുകയും അപ്രസക്തരാക്കുകയും ചെയ്യുകയാണ്.

പക്ഷേ, അദ്ദേഹത്തിന്റെ പേര് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നാണ്.

കഴിഞ്ഞയാഴ്ച്ച മിക്കവരും വിദ്യാഭ്യാസ പണ്ഡിതരായവരുടെ ഒരു വിരുന്നില്‍ ഞാന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു പ്രൊഫസറെ കണ്ടു. കഴിഞ്ഞ വര്‍ഷത്തെ, ജര്‍മ്മനിയില്‍ നടന്ന അതീവരഹസ്യമായ ബില്‍ഡേര്‍ബെര്‍ഗ് യോഗത്തില്‍ പങ്കെടുത്ത വിവരം സാന്ദര്‍ഭികമായി അദ്ദേഹം പരാമര്‍ശിച്ചു. സത്യം പറഞ്ഞാല്‍ അന്ന് വൈകുന്നേരം വരെ അത്തരത്തിലൊരു സംഗതിയെക്കുറിച്ച് ഞാന്‍ അതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല.

ചില വിശദാംശങ്ങള്‍ ആകര്‍ഷണീയവും കൌതുകകരവുമാണ്. 1954 മുതല്‍ യൂറോപ്പ് മുതല്‍ വടക്കെ അമേരിക്ക വരെയുള്ള സാമ്പത്തിക, വാണിജ്യ, നയതന്ത്ര, മാധ്യമ രംഗത്തെ നൂറോളം പ്രമുഖവ്യക്തികള്‍ ലോകത്തില്‍ നടക്കുന്നതിനെക്കുറിച്ച് മനസിലാക്കാന്‍ ഒത്തുകൂടുന്നു. പ്രസിഡണ്ടുമാര്‍, പ്രധാനമന്ത്രിമാര്‍, രാജാക്കന്മാര്‍, റാണിമാര്‍, രാജകുമാരന്മാരും രാജകുമാരിമാരും, പ്രമുഖ മാധ്യമ, എഴുത്തുകാര്‍, വന്‍ കമ്പനികളുടെ അധിപന്‍മാര്‍, ഡേവിഡ് റോക്ഫെല്ലര്‍ മുതല്‍ ബില്‍ ഗേറ്റ്സ് വരെ അതില്‍ എപ്പോഴെങ്കിലുമായി പങ്കെടുക്കുന്നു. ഹെന്‍റി കിസിഞ്ചര്‍ എന്തായാലുമുണ്ട്. അസൂയാര്‍ഹമായ കൂട്ടം.ഏതാനും വര്‍ഷം മുമ്പ് വരെ അതിന്റെ നിലനില്‍പ്പിനെ ആരും അത്ര ഗണിച്ചിരുന്നില്ല. ബില്‍ഡേര്‍ബെര്‍ഗ് സംഘം, 'Chatham House ചട്ടങ്ങള്‍' അനുസരിച്ചാണ് ചേരുന്നത്- അതായത് ഒരു പരസ്യവുമില്ല- രേഖകളില്ല, വാര്‍ത്താകുറിപ്പില്ല, വോട്ടെടുപ്പില്ല, വലിയ പ്രസ്താവനകളോ അറിയിപ്പുകളോ ഇല്ല. ഈ ഏര്‍പ്പാടാണ് പങ്കെടുക്കുന്നവരെ സ്വതന്ത്രമായും തുറന്നും സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സംഘത്തില്‍ ഉണ്ടായിരുന്നു എന്നു പരസ്യമായി പറയാന്‍ പങ്കെടുത്ത ആര്‍ക്കും അനുവാദമില്ല. ഗൂഢാലോചന സിദ്ധാന്തക്കാര്‍ക്ക് പറ്റിയ ഒരുക്കങ്ങള്‍.

മിക്കവാറും യൂറോപ്യന്‍ നഗരങ്ങളിലാണ് സംഘം ചേരുന്നത്. ആരാണത് സ്ഥാപിച്ചതെന്ന് ആര്‍ക്കും അറിയില്ല. ക്ഷണിതാക്കള്‍ക്ക് പണം നല്കുന്നുണ്ടോ എന്നും. ആരാണ് ഇതൊക്കെ ഏര്‍പ്പാടാക്കുന്നതെന്നും ആര്‍ക്കും അറിയില്ല. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ്. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

ഒരു 'നിഴല്‍ ലോക സര്‍ക്കാര്‍' ആണെന്ന് ബില്‍ഡേര്‍ബെര്‍ഗ് സംഘത്തിനെ ആരോപിക്കാറുണ്ട്. എന്തായാലും എന്തെങ്കിലും തരത്തിലുള്ള ധാരണകള്‍ കൈമാറുന്നുണ്ടാകും. ഇത് രാഷ്ട്രങ്ങളുടെ ആഭ്യന്തര, വിദേശ ഇടപെടലുകളില്‍ പ്രതിഫലിക്കുകയും ഉണ്ടാകാം. അതിനെക്കുറിച്ചാലോചിക്കുമ്പോള്‍, ലോകം കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതും ഭരിക്കാന്‍ കഴിയാത്തതുമായ ഒന്നായി മാറിയെന്നു തോന്നും.

ഇതില്‍ കൌതുകകരമായ കാര്യം എനിക്കീ വിവരം തന്ന പ്രൊഫസര്‍ ഒരു ഇടതുപക്ഷ ധാരണയുള്ളയാളാണ് എന്നതാണ്. എന്നിട്ടും അദ്ദേഹം വലതുപക്ഷക്കാര്‍ എന്നഭിമാനിക്കുന്ന ഒരു കൂട്ടത്തില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ക്ഷണിക്കപ്പെട്ടു. ഒരുപക്ഷേ സംഘം അതിന്റെ വലതുപക്ഷ യാഥാസ്ഥിതികത്വത്തില്‍ തളച്ചിടപ്പെടുന്നുണ്ടാകില്ല. കുറഞ്ഞപക്ഷം മറ്റൊരു ശബ്ദത്തെ കേള്‍ക്കാനെങ്കിലും അവര്‍ തയ്യാറാകുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, മാറുന്ന ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം  ചൈനീസ്, റഷ്യന്‍ ക്ഷണിതാക്കളും ഇതില്‍ പങ്കെടുക്കുന്നു. ഒരിന്ത്യക്കാരനും ഈ അത്യുപരിവര്‍ഗ ക്ലബ്ബില്‍ ഇടം നേടിയിട്ടില്ല.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലോകം ചെറുതാണ്, പക്ഷേ കടുത്ത മത്സരമാണ്. അതിന് അതിന്റെതായ രീതികളും ആചാരങ്ങളുമുണ്ട്. മിക്ക സമയത്തും നമ്മള്‍ മറ്റൊരു പത്രത്തെ കുറിച്ചോ പത്രപ്രവര്‍ത്തകനെ കുറിച്ചോ നല്ലൊരു വാക്ക് പറയില്ല. മരിച്ചാല്‍ നാലു നല്ല വാക്ക് വരും. മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ഗുണങ്ങളെ നമ്മള്‍ അപൂര്‍വമായേ അംഗീകരിക്കൂ. ഡെയ്ലി വേള്‍ഡ് എന്ന പത്രം പുറത്തിറക്കുന്ന മനീഷ് തിവാരിയെക്കുറിച്ച് നല്ലത് പറയാന്‍ എനിക്കൊരു മടിയുമില്ല. 15 മാസം പ്രായമേ ആയിട്ടുള്ളൂ എങ്കിലും അത് പിടിച്ചുനില്ക്കും എന്നതിന്റെ സൂചനകള്‍ തന്നു കഴിഞ്ഞു.

അതിന്റെ കെട്ടും മറ്റും ഒന്നാന്തരമാണ്. ട്രിബ്യൂണ്‍ കഴിഞ്ഞാല്‍ ഞാന്‍ വായിക്കുന്ന പത്രം ഡെയ്ലി വേള്‍ഡ് ആണെന്ന് എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ മനീഷിനോടു പറഞ്ഞിരുന്നു.

സ്വന്തം അഭിപ്രായങ്ങള്‍ വെച്ച് ഒരു പത്രം നടത്തുന്നതിന്റെ സാമ്പത്തിക ശാസ്ത്രം നിഗൂഢമായ ഒരു സംഗതിയാണ്. അതെളുപ്പമല്ല. ഒരു ആധുനിക ദിനപത്രം നല്ല പത്രപ്രവര്‍ത്തനം മാത്രമല്ല. സാങ്കേതികവിദ്യ, വ്യാപാരം, വിഭവസ്രോതസുകള്‍, എല്ലാ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നു. പക്ഷേ മനീഷ് അതില്‍ കാറ്റിനെതിരെ തുഴയാനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കുന്നു.

കാണാന്‍ വന്നപ്പോള്‍ മനീഷ് ഒരു ഓര്‍മ്മസമ്മാനവും കൊണ്ടുവന്നു-ഒരു കാപ്പിക്കപ്പ്. നല്ല ഉത്തമമായ സമ്മാനം. ഞാന്‍ അയാള്‍ക്ക് ഒരു കാപ്പി കാപ്പി ഉയര്‍ത്തി-എനിക്കൊപ്പം ചേരൂ.

Next Story

Related Stories