TopTop
Begin typing your search above and press return to search.

എപ്പോഴും സ്വന്തമായ ഒരാള്‍

എപ്പോഴും സ്വന്തമായ ഒരാള്‍
പെരുമാറ്റത്തില്‍ ഒരു മനുഷ്യന് എത്രത്തോളം ലാളിത്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 'കേരളകൗമുദി' ചീഫ് എഡിറ്റര്‍ എം.എസ്. രവി. വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരോടും ഹൃദ്യമായി പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ പ്രത്യേകത നിറഞ്ഞ ചിരിയായിരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നിറങ്ങി വരുന്ന ചിരി. അടുപ്പമുള്ളവരോട് കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടാവും സംസാരം. എപ്പോഴും സ്വന്തമാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഹൃദ്യമായ പെരുമാറ്റം. അതുകൊണ്ടുതന്നെയാവും ഒരിക്കല്‍ പരിചയപ്പെട്ട ആള്‍, അത് പ്രമുഖനോ നിസ്വനോ ആവട്ടെ, അവരുടെ ഉള്ളില്‍ അത് മറക്കാതെ ചേര്‍ത്തുവയ്ക്കുന്നത്.

തിരുവനന്തപുരത്ത് കേരളകൗമുദിയുടെ പ്രതാപകാലത്താണ് പ്രിന്ററും പബ്‌ളിഷറും ആയി ചുമതലയേല്‍ക്കുന്നത്. കേരളത്തിന്റെ എക്കാലത്തെയും ഒരേയൊരു 'പത്രാധിപര്‍' ആയ കെ.സുകുമാരന്റെയും കേരളകൗമുദി ചെയര്‍മാനായിരുന്ന മാധവി സുകുമാരന്റെയും നാല് ആണ്‍മക്കളില്‍ ഇളയ ആള്‍. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഉറച്ച പിന്തുണ നില്‍കുകയും വിമോചന സമരം പോലുള്ളവ സമരാഭാസമാണെന്നും ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ പിരിച്ചുവിടുന്നത് ഉചിതമല്ലെന്നുമുള്ള ഉറച്ച നിലപാടെടുക്കുന്ന അച്ഛന്‍. സംവരണംപോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ തെറ്റായ നിലപാടെടുത്തപ്പോള്‍ പത്രാധിപര്‍ പിന്നീട് 'കുളത്തൂര്‍ പ്രസംഗം എന്ന പേരില്‍ വിഖ്യാതമായ പ്രസംഗത്തിലൂടെ കുളത്തൂര്‍ ശ്രീനാരായണ സ്മാരക ലൈബ്രറി വേദിയില്‍ ആഞ്ഞടിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിലാണ്. അതൊക്കെ കണ്ടും കേട്ടും അനുഭവിച്ചുമാണ് എം.എസ് രവി ബാല്യകൗമാരങ്ങള്‍ പിന്നിട്ടത്. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍രാഷ്ട്രീയത്തെ പ്രകമ്പനംകൊള്ളിച്ച വ്യക്തികളെ തിരുവനന്തപുരം പേട്ടയിലെ കേരളകൗമുദി ആസ്ഥാനത്ത് നേരിട്ടുകണ്ടും ഇടപെട്ടും രൂപപ്പെട്ട വ്യക്തിത്വം.

ഒരു വിദ്യാര്‍ത്ഥി ആയിരിക്കേ തികച്ചും സൗമ്യനായിരുന്നു എം.എസ് രവിയെന്ന് ഓര്‍ക്കുന്നത് മാര്‍ ഇവാനിയോസ് കോളേജിലെ അദ്ധ്യാപകനായിരുന്ന, പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറാണ്.'പത്രാധിപരാണ് എന്നെ രവിയെ ഏല്‍പ്പിച്ചത്. കുഞ്ഞുമോനെ ഞാന്‍ സാറിനെ ഏല്‍പ്പിക്കുന്നു എന്നാണ് പത്രാധിപര്‍ പറഞ്ഞത്. അന്നുമുതല്‍ രവി എനിക്കും കുഞ്ഞുമോനായി. എന്റെ വിഷമങ്ങളില്‍ ഒപ്പം നിന്ന കുഞ്ഞനിയന്‍. മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് എന്നെ പിരിച്ചുവിട്ട സമയത്തൊക്കെ എനിക്ക് രവി നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഒരാളിന്റെ വിഷമം അറിഞ്ഞ് പ്രതികരിക്കാന്‍ രവിക്ക് എല്ലായ്‌പോഴും കഴിഞ്ഞു.' - ഓണക്കൂര്‍ അനുസ്മരിച്ചു.

മാര്‍ ഇവാനിയോസ് കോളേജിലെ പഠനം കഴിഞ്ഞ് ജര്‍മ്മനിയിലെ പഠനമാണ് യന്ത്രങ്ങളുടെ ഹൃദയരഹസ്യം കേള്‍ക്കാന്‍ പാകത്തിലുള്ള ഒരു സാങ്കേതികവിദഗ്ദനാക്കി രവിസാറിനെ മാറ്റിയത്. ആധുനിക അച്ചടിയന്ത്രങ്ങള്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്ന സമയങ്ങളില്‍ തൊഴിലാളികളെപ്പോലെ, അവരോടൊപ്പം ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകല്‍ ചെലവഴിക്കുന്ന പത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്‌ളിഷര്‍ അത് സ്ഥാപിക്കാനെത്തിയ വിദേശ സാങ്കേതിക വിദഗ്ദരെപ്പോലും അതിശയിപ്പിച്ചു. പുതിയ യന്ത്രസംവിധാനങ്ങളോടും വാഹനങ്ങളോടുമുള്ള വല്ലാത്ത ഭ്രമം അവസാനംവരെയും തുടര്‍ന്നു. വളരെ പഴയ ബെന്‍സ്, പ്രീമിയര്‍ പത്മിനി, കോണ്ടെസ ഇതൊക്കെ ശരിയാക്കി വയ്ക്കുകയും അതില്‍ കയറി സ്വയം ഓടിച്ചുപോവുകയും ചെയ്യുമായിരുന്നതില്‍ സന്തോഷം കണ്ടെത്തിയ ആളായിരുന്നു അദ്ദേഹം.

ഒരിക്കല്‍, ലയണ്‍സ് ക്‌ളബ്ബിന്റെ ഒരു യോഗം തിരുവനന്തപുരം ഗോള്‍ഫ് ക്‌ളബ്ബില്‍ നടക്കുന്നു. അത് റിപ്പോര്‍ട്ടു ചെയ്യേണ്ട ചുമതല അന്ന് തിരുവനന്തപുരം ബ്യൂറോയിലെ ലേഖകനായിരുന്ന എനിക്കായിരുന്നു. 'മലയാളമനോരമ'യില്‍നിന്ന് അന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ജെയ്ജി പീറ്റര്‍. ജെയ്ജി പിന്നീട് വാഹനാപകടത്തില്‍ മരണപ്പെട്ടു. രവിസാര്‍ അന്ന് ഞങ്ങളോട് ഇടപെട്ട രീതികണ്ട് ജെയ്ജി ചോദിച്ചത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്: 'ഒരു മുതലാളിക്ക് ഇത്ര സിമ്പിളാവാന്‍ പറ്റുമോ?'. അതായിരുന്നു എം.എസ്.രവി എന്ന മനുഷ്യന്‍.

തൊഴിലാളികളോട് ഹൃദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന പത്രാധിപരുടെ അതേ പാതയില്‍ തന്നെയായിരുന്നു ഈ ഇളയമകന്റെയും സഞ്ചാരം. ഓരോരുത്തരെയും പേരുപറഞ്ഞു വിളിക്കാവുന്ന അടുപ്പം പുലര്‍ത്തിയിരുന്നു അദ്ദേഹം. ഓഫീസില്‍ കസേരകള്‍ക്കു മുന്നില്‍ ആളില്ലാതെ ഫാനും ലൈറ്റും പ്രകാശിക്കുന്നത് കണ്ടാല്‍ ഉടന്‍ ഓഫ് ചെയ്യും. അതിനുശേഷം ഒന്നും മിണ്ടാതെ പോവുന്ന അദ്ദേഹം പലര്‍ക്കും ഊര്‍ജസംരക്ഷണത്തിന്റെ പാഠമാവുകയായിരുന്നു.

മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച എം. എസ്. മണി എന്ന മൂത്ത ജ്യേഷ്ഠന്‍. സഞ്ജയ് ഗാന്ധി ഉള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അക്കാലത്തെ നായകരുമായി ഉറ്റബന്ധം പുലര്‍ത്തിയ രണ്ടാമത്തെ സഹോദരന്‍ എം.എസ്. മധുസൂദനന്‍. സാമ്പത്തിക പ്രതിസന്ധികളില്‍ ആടിയുലയുമ്പോഴും സ്ഥാപനത്തെ സുരക്ഷിതമായി മുന്നോട്ടു നയിച്ച എം.എസ്. ശ്രീനിവാസന്‍. ഇവരുടെയൊക്കെ കരുത്തും പിന്‍ബലവുമായിരുന്നു 'കുഞ്ഞുമോന്‍' എന്ന ഈ കുഞ്ഞനിയന്‍. അവര്‍ മൂവരും വഹിച്ച പദവികളെല്ലാം പില്‍ക്കാലത്ത് ഈ ഇളയസഹോദരനെ തേടിയെത്തിയതിന് കാരണവും മറ്റൊന്നല്ല.

എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത ആളായിരുന്നു എം.എസ്.രവി. ഒരു വാര്‍ത്ത കൊടുക്കാനുണ്ടെങ്കില്‍ 'ഇതൊന്ന് കൊടുക്കാമോ' എന്നേ ചോദിച്ചിരുന്നുള്ളൂ. ഒരു റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമോ ലയണ്‍സ് ക്‌ളബ്ബിന്റെ ചികിത്സാസഹായമോ പോലുള്ള ആരു കൊണ്ടുവന്നാലും കൊടുക്കുന്ന വാര്‍ത്തകളുമായിട്ടാവും അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന.

അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളോട് വല്ലാത്ത താല്പര്യം പുലര്‍ത്തിയിരുന്നു. തിരുവനന്തപുരം ഫിലം ഫെസ്റ്റിവലിന്റെ പതിവ് കാഴ്ചക്കാരനായിരുന്നു. കൈരളിയും കലാഭവനും ഉള്‍പ്പെടെയുള്ള തിയേറ്ററുകളില്‍ നിലത്തിരുന്ന് സിനിമകാണുന്ന ഇദ്ദേഹത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ കാഴ്ചക്കാരനായും എത്തിയിരുന്നു.

കേരളകൗമുദിയുടെ ഏറ്റവും വിഷമം പിടിച്ച കാലം, പത്രാധിപരുടെ മരണശേഷം നാലുമക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായിരുന്നു. ഒരു പ്രസ്ഥാനമായി പടര്‍ന്നു പന്തലിക്കേണ്ട കേരളകൗമുദി തിരിച്ചടി നേരിടുന്നതിനിടയാക്കിയ കോടതികേസുകളും വഴക്കുകളും കൊല്ലങ്ങള്‍ നീണ്ടു. അത് അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകള്‍കൊണ്ടുകൂടിയാണ്. ആ കാലുഷ്യം അടുത്ത തലമുറയിലേക്ക് പടര്‍ത്താതെ നോക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

ചെറുപ്പക്കാര്‍ക്കും പുതിയ നേതാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നത് പത്രാധിപരുടെ നിര്‍ദ്ദേശമായിരുന്നു. അതിപ്പോഴും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എം.എസ് രവി ശ്രദ്ധിച്ചിരുന്നു. അധികാരത്തിന്റെ വലിയ ഇടനാഴികളില്‍നിന്നൊക്കെ കൃത്യമായ അകലം പാലിച്ചായിരുന്നു ഈ പത്രാധിപരുടെ ജീവിതം. പുതിയ തലമുറയെ പ്രാപ്തമാക്കിയശേഷമാണ് അറുപത്തെട്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗം. കൊല്ലം പള്ളിത്തോട്ടം വിമലാനിവാസില്‍ ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവിയും ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ദര്‍ശന്‍ രവിയും മക്കളാണ്.

കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു എം.എസ്. രവിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചത്. സാമൂഹികമാറ്റത്തിനും സാമൂഹികപരിഷ്‌കരണത്തിനും വേണ്ടി എല്ലാക്കാലത്തും പോരാട്ടം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത പത്രമായ കേരളകൗമുദിയെ അതേപാതയില്‍ മുന്നോട്ട് നയിക്കാന്‍ പത്രാധിപരെന്ന നിലയില്‍ എം.എസ്. രവിക്ക് കഴിഞ്ഞെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതെ, മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് കേരളകൗമുദിയെ മുന്നോട്ട് നയിക്കാന്‍ നേതൃത്വം നല്‍കി എന്ന നിലയാവും എം.എസ്. രവിയെ ചരിത്രം അടയാളപ്പെടുത്തുക.

Next Story

Related Stories