TopTop
Begin typing your search above and press return to search.

377; അപരിഷ്കൃത എഡിറ്റോറിയലുമായി മാധ്യമം; ഇനിയും എട്ടുകാലി മമ്മൂഞ്ഞാവാന്‍ ജമാ അത്തിനെ അനുവദിക്കരുത്

377; അപരിഷ്കൃത എഡിറ്റോറിയലുമായി മാധ്യമം; ഇനിയും എട്ടുകാലി മമ്മൂഞ്ഞാവാന്‍ ജമാ അത്തിനെ അനുവദിക്കരുത്
സ്വവര്‍ഗ ലൈംഗികത, സ്വവര്‍ഗ വിവാഹബന്ധം എന്നിവയെ എല്ലാ കാലത്തും മത മൗലികവാദികളും യാഥാസ്ഥിതികരും ശക്തമായി എതിര്‍ത്തുപോരുന്നുണ്ട്. എല്ലാ മതങ്ങളുടേയും പൗരോഹിത്യ നേതൃത്വം സ്വവര്‍ഗ ലൈംഗികതയ്ക്ക് എതിരാണ്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുമ്പോളും മതയാഥാസ്ഥിതിക സംഘടനകളും മതമൗലികവാദ സംഘടനകളും എതിര്‍പ്പുമായി രംഗത്തുവരുന്നുണ്ട്. വിധിയില്‍ നിരാശയുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ് പ്രസ്താവനയില്‍ പറഞ്ഞു. പുരുഷനും പുരുഷനും തമ്മിലും സത്രീയും സ്ത്രീയും തമ്മിലുമുള്ള വിവാഹം കുടുംബ വ്യവസ്ഥയെ തകര്‍ക്കുമെന്നും മനുഷ്യസമൂഹത്തിന്റെ സ്വാഭാവികമായ പരിണാമത്തേയും പുരോഗതിയേയും തടസപ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ അഭിപ്രായം.

ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റ ഇന്നത്തെ എഡിറ്റോറിയൽ വിധി പുനഃപരിശോധിക്കണം എന്ന് ആവർത്തിച്ചു പറയുന്നുണ്ട്. അതിനോടൊപ്പം പതിവ് പോലെ എയ്ഡ്സ് പരത്തുന്ന കൊതുക് ആണ് ഐ പി സി 377 ഭേദഗതി എന്ന നൂറ്റാണ്ടുകൾക്കു മുൻപുള്ള കണ്ടെത്തലും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം, പൗരധർമം, ഭരണകൂട ഭീകരത തുടങ്ങിയ വിഷയങ്ങളിൽ തങ്ങളേക്കാൾ പുരോഗമനകാരികൾ ആരും ഈ പ്രപഞ്ചത്തിൽ ഇല്ലെന്ന് തെളിയിക്കുന്ന വണ്ണം ലേഖനങ്ങൾ അച്ചടിച്ച് വന്ന അതെ മാധ്യമത്തിന്റെ എഡിറ്റോറിയൽ പേജിൽ ആണ് ഇത് പോലെ ഒരു അശ്ലീലം അടിച്ചു വന്നിരിക്കുന്നത് എന്നോർക്കണം.

മനുഷ്യവംശത്തിന്റെ പരിണാമത്തെ കുറിച്ച് ഡാർവിൻ പറഞ്ഞിട്ടുണ്ട്, എന്നാൽ ഒരു മത വിഭാഗത്തിന്റെ പരിണാമത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കു പറ്റിയ ഒന്നാന്തരം റഫറൻസ് ആണ് ജമാഅത്തെ ഇസ്ലാമി.

അവിഭക്ത ഇൻഡ്യയിൽ, 1941-ആഗസ്റ്റ് 26ന് ലാഹോറിൽ വച്ചാണ് മൌലാന സയ്യിദ് അബുൽ അ‌അ്‌ല മൌദൂദി ജമാ‌അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന രൂപീകരിക്കുന്നത്. ദൈവീക ഭരണം (ഹുകൂമത്തെ ഇലാഹി)* സ്ഥാപിക്കലായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇന്ത്യാവിഭജനത്തിനു ശേഷം ഒരു ബഹുമത രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന് തന്ത്രപരമായ ഒരു നിലപാട് അവർ സ്വീകരിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ ദൈവികഭരണമെന്ന മുദ്രാവാക്യത്തിന് ചെറിയൊരു മാറ്റം വരുത്തി ‘ഇഖാമത്തുദ്ദീൻ’ എന്നാക്കി മാറ്റിയത്. അതിന്റെ അർഥം ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കുക എന്നതാണ്. രൂപീകരിച്ച നാൾ മുതലുള്ള ഈ രൂപ - ഭാവ - ഘടന മാറ്റം ഇന്നും അവർ തുടർന്ന് പോരുന്നുണ്ട്. കുറച്ചു ഉദാഹരണങ്ങൾ പറയാം. ജമാഅത്തെ ഇസ്‌ലാമി ബൗദ്ധിക ജിഹാദിന് ഉപയോഗിക്കുന്ന മാധ്യമങ്ങളാണ്, മാധ്യമം ദിനപത്രം, പ്രബോധനം, മീഡിയ വൺ തുടങ്ങിയവ.

“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.." (എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)

"നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)

നോക്കു ഈ രണ്ടു ഉദാഹരണങ്ങൾ മാത്രം എടുത്താൽ മതി. ഇനി ഈ വിഷയങ്ങളിൽ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി അമീറിനോടോ, മാധ്യമം എഡിറ്ററോടോ ചോദിച്ചാൽ അവർ ഉരുണ്ടു കളിക്കുന്നത് ലൈവ് ആയി കാണാം. സ്ത്രീകളെ ജോലി സ്ഥലങ്ങളിലേക്ക് അടുപ്പിക്കരുത് എന്ന് തിട്ടൂരം ഇറക്കിയവർ തന്നെ ഇപ്പോൾ അവരുടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകൾ ആണെന്ന യാഥാർഥ്യം തിരിച്ചറിയാഞ്ഞിട്ടൊന്നുമല്ല പക്ഷെ വ്യാജമായി സൃഷ്ടിച്ചെടുത്ത ഇമേജ് തകർന്നു പോകുമല്ലോ!

ഹിന്ദുത്വവാദികൾ, യഥാർത്ഥ ഹിന്ദുമത സംരക്ഷകർ തങ്ങളാണെന്ന് അവകാശപ്പെടുന്നതുപോലെ ജമാ‌അത്തുകളെ പോലുള്ള ഇസ്ലാംവാദികളും തങ്ങളാണ് ഇസ്ലാമിനെ സംരക്ഷിക്കുന്നതെന്നാണ് പ്രചാരണം നടത്തുന്നത്. അതിന്റെ സത്തയിൽ മാറ്റമൊന്നും വരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇവർ വ്യത്യസ്ത രൂപങ്ങളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവരുടെ അടിസ്ഥാന നിലപാടുകൾക്ക് മാറ്റങ്ങൾക്കൊന്നും തന്നെ ഇല്ല എന്നുള്ളതുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. സ്ഥലകാലമാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുന്നത് പിശകാണെന്നു കരുതുന്ന മൌദൂദിസ്റ്റുകൾക്കും സ്വയം ചില മാറ്റങ്ങൾക്കെങ്കിലും വിധേയരാകാതെ നിലനിൽക്കാനാകില്ലെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ് എന്ന് പിന്നീടുള്ള അവരുടെ തന്നെ ചുവടു മാറ്റം തെളിയിച്ചു.

ഒരു പാട്‌ നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച്‌ ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്‍ക്കുന്ന സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി ആയി ഏറ്റെടുത്ത ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പോഷക സംഘടനകളും. ഇപ്പോഴും യഥേഷ്ടം വലിയൊരു വിഭാഗത്തെ കബളിപ്പിച്ചു പോരുന്നുണ്ട്.

പരമ്പരാഗത ചിന്തകൊണ്ട് നേരിടാനാവാത്തതാണ്, പുതിയ കാലത്തെ രാഷ്ട്രീയം അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ പുതിയ സമരഭൂമികളെ നേരിടാനാവാതെ കൗമാരത്തിലോ യൗവനത്തിലോ തന്നെ വാര്‍ദ്ധക്യം ബാധിച്ച് കഴിയുകയാണ് ജമാഅത്തെ ഇസ്‌ലാമി. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ ആഴവും പരപ്പും ഏറിയതാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും അതനുസരിച്ച് ചില മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ടിവരും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന പ്രശ്‌നവും അതാണ്. ഒരു തരം അങ്കലാപ്പും ഭയവും ഇവരുടെ സ്ഥായീഭാവമാണ്.

ജനാധിപത്യവും മൗദൂദിസവും ഒരു നിലക്കും ചേരുംപടി ചേരില്ല. ഇസ്‌ലാമിക രാജ്യങ്ങളിലൊന്നും ജനാധിപത്യപോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഈ ആഗോള പ്രസ്ഥാനം രംഗത്തു വന്നതായി അറിവില്ല. മനുഷ്യ വിമോചനത്തിന്റെ അവസാനത്തെ അത്താണി മതരാഷ്ട്രീയം തന്നെയാണവര്‍ക്ക്. അതിനാല്‍ ബഹുസ്വരമായ ജീവിതഘടനയെ അഭിസംബോധനചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമല്ല.

ഐ പി സി 377 നിയമ ഭേദഗതി വന്നപ്പോൾ സമത്വത്തെ കുറിച്ചും, സഹോദര്യത്തെ കുറിച്ചും, സഹജീവിയെ കുറിച്ചും കരുതലുള്ള ഏതൊരു മനുഷ്യ ജീവിയും ആഹ്ലാദിച്ചിട്ടുണ്ട്, ആനന്ദിച്ചിട്ടുണ്ട്, ആഘോഷിച്ചിട്ടുണ്ട്. എതിർപ്പുമായി വന്നവരുടെ ജാഥാ നയിച്ചിരുന്നത് സൊ കോൾഡ് പുരോഗമനത്തിന്റെ മൊത്ത കച്ചവടക്കാർ ആയ ജമാഅത്തെ ഇസ്ലാമി ആണെന്നത് അറിയാതെ കൂകി പോയ കുറുക്കന്റെ നിഷ്കളങ്കതയോടല്ല ഉപമിക്കേണ്ടത്. രോഗിയായ എന്നാൽ അവസരം വന്നാൽ ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായയോടാണ്.

പുനഃപരിശോധിക്കേണ്ട വിധി എന്ന തലക്കെട്ടിൽ അച്ചടിച്ച് വന്ന ഇന്നത്തെ മാധ്യമം ലേഖനത്തിലെ ഒരു വരി പോലും ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നില്ല, അത്രമേൽ അപരിഷ്‌കൃതവും, പിന്തിരിപ്പൻ നിരീക്ഷണങ്ങൾ ആണ് യാതൊരു ഉളുപ്പും ഇല്ലാതെ അച്ചടിച്ച് വെച്ചിരിക്കുന്നത്. ജമാഅത്തിന്റെ പരിമിതി അവർ തന്നെ വെളിവാക്കിയ സ്ഥിതിക്ക് ഇനിയെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിൽ എട്ടു കാലി മമ്മൂഞ്ഞാവാൻ അവരെ അനുവദിക്കാതിരിക്കുക എന്നത് നാട്ടിലെ ചില ബുദ്ധിജീവികളുടെയും, ആക്റ്റിവിസ്റ്റുകളുടെയും കൂടി ചുമതലയാണ്.

Next Story

Related Stories