കോട്ടയത്ത് മാമ്മന്‍ മാപ്പിളയുടെ പ്രതിമയുടെ മുന്പില് ചെന്നുനിന്നു ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാം പറഞ്ഞു: "മാമ്മന്‍ മാപ്പിള മക്കളെ ഉണ്ടാക്കി; മക്കള്‍ മാമ്മന്‍ മാപ്പിളയെ ഉണ്ടാക്കി!". അടിയന്തിരാവസ്ഥ കാലം, ചാരക്കേസ്, മേരി റോയ് കേസ്, വലതു പക്ഷത്തിന് വേണ്ടി നടത്തി പോരുന്ന നീചമായ പ്രൊപഗണ്ടകൾ അടക്കം സമകാലിക മലയാള മനോരമ അജണ്ടകൾ, എല്ലാം ജോൺ എബ്രഹാം ഒരു ദീർഘദർശി ആണെന്ന് തെളിയിക്കുന്നു.
താരസംഘടന ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഇടതുപക്ഷം സ്ത്രീപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങള്‍ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കള്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി, ആര്‍എംപി എന്നീ പാര്‍ട്ടികളുടെ നേതാക്കളും നിശബ്ദരായിരുന്നില്ല. ഒരേ ഭാഷയിൽ ആണ് ഇവര്‍ താരസംഘടനയിലെ കലാപത്തിൽ പ്രതികരിച്ചത്. "ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റ്, എ.എം.എം.എയിൽ നിന്നിറങ്ങി വന്ന നടിമാർക്ക് ഐക്യദാർഢ്യം". ഏവരും ഒരേ സ്വരത്തിൽ പറഞ്ഞു .
എ.എം.എം.എയിലെ താരാധിപത്യത്തെ കേരളത്തിന്റെ സാംസ്കാരിക നായകരും പലപ്പോഴായി വിമർശിച്ചിട്ടുണ്ട്. "സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയതിന് ബലാത്സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ സംഘടനയിൽ തിരിച്ചെടുത്ത താരസംഘടനയായ എ.എം.എം.എ കേരളീയ സമൂഹത്തിന്റെ മുഖത്ത് കാറിത്തുപ്പുകയാണ് ചെയ്തിരിക്കുന്നത്. കേരളം ഇത് വകവച്ചു കൊടുക്കരുത്." എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം പ്രതികരിച്ചത് ഇപ്രകാരമാണ്. പറഞ്ഞു വരുന്നത് രാഷ്ട്രീയ കേരളവും, സാംസ്കാരിക കേരളവും നിലപാട് വ്യക്തമാക്കി കഴിഞ്ഞു, ഇവിടെ മനോരമ ഉൾപ്പെടുന്ന മാധ്യമങ്ങൾ ആരുടെ കൂടെയാണ്?
മാധ്യമങ്ങളുടെ വിശിഷ്യാ മനോരമയുടെ ഈ വിഷയത്തിൽ ഉള്ള നിലപാടിൽ സംശയങ്ങൾ തോന്നാൻ ഉള്ള പ്രധാന കാരണങ്ങൾ നടി ആക്രമിക്കപ്പെട്ട സമയം മുതലുള്ള റിപ്പോര്‍ട്ടിങ് രീതികളാണ്, കേസ് ദിലീപിലേക്കു നീണ്ട ആദ്യ ദിനങ്ങളിൽ തന്നെ നടിക്ക് നേരെയുള്ള ആക്രമണം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്” എന്ന മനോരമയുടെ ഒന്നാം പേജ് വാര്‍ത്തയില്‍, “എന്നെയും സിനിമകളെയും തകര്‍ക്കാനുള്ള ശ്രമം” എന്ന ദിലീപിന്റെ പ്രസ്താവനയും, “എന്നെയും വേട്ടയാടുന്നു” എന്ന നാദിര്‍ഷയുടെ പ്രസ്താവനയും വലിയ പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ചു, അങ്ങനെ ദിലീപിന്റെ ഇര നിർമിതിക്കാവശ്യമായ കൃഷി തുടങ്ങിയത് മനോരമ തന്നെയാണെന്ന് പറയേണ്ടി വരും.
https://www.azhimukham.com/cinema-some-women-questioning-malayalam-cinemas-male-chauvinism-rakeshsanal/
നടിമാരുടെ പ്രതിഷേധത്തിലേക്കും, രാജിയിലേക്കും നയിച്ചതിൽ മുഖ്യ പങ്കു വഹിച്ച മറ്റൊരു സംഭവം അമ്മയുടെ സ്റ്റേജ് ഷോ ആണ്; 'സ്ത്രീ ശാക്തീകരണ വാട്സാപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ' ആക്ഷേപ ഹാസ്യ അവതരണം, അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മലയാള സിനിമ രംഗത്തെ പുതിയ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവിനെ ടാർഗെറ് ചെയ്തു കൊണ്ട് നടത്തിയ ഈ ആഭാസത്തിനു മിനി സ്ക്രീൻ ഒരുക്കിയതും മനോരമയുടെ വിനോദ ചാനൽ തന്നെ! മനോരമ പോലെ പോപ്പുലർ ആയ ഒരു മാധ്യമ സ്ഥാപനത്തിന് ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുമ്പോൾ മിനിമം സെൻസറിങ് പോലും ഇല്ലാത്തത് പരമ കഷ്ടമാണ്!
സ്കിറ്റിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ യാതൊരു മടിയും ഇല്ലാതെ ഒരു താരത്തിന്റെ അഭിമുഖം എന്ന പേരിൽ ജസ്റ്റിഫിക്കേഷനും കൊണ്ടിറങ്ങിയത് ഇന്നലെ രാവിലെയാണ്! തീർത്തും ചൈൽഡിഷ് ആയ കാരണങ്ങളാണ് സ്ത്രീ വിരുദ്ധതയുടെ പൊന്നാപുരം കോട്ടയായ ഒരു പരിപാടിയെ വെള്ള പൂശാൻ ഉപയോഗിച്ചിരിക്കുന്നത്.
താര സംഘടനയുടെ പുരുഷാധിപത്യത്തിലും, സ്ത്രീ വിരുദ്ധതയിലും കലഹിച്ച് ഇറങ്ങിവന്ന നാലു സ്ത്രീകളെ സോഷ്യൽ മീഡിയ അടക്കം ഹർഷാരവത്തോടെയാണ് വരവേറ്റത്. നാല് പെണ്ണുങ്ങൾ ചരിത്രം തിരുത്തുന്നു എന്ന് ട്വീറ്റ് ചെയ്തവരും ഉണ്ട്. അപ്പോഴും മനോരമയുടെ ചിന്ത പുറകോട്ടു തന്നെ. ഇത്രയും വിപ്ലവകരം ആയിട്ടുള്ള ഒരു നിലപാടിനെ "ചിറ്റമ്മ നയത്തില്‍ പിണങ്ങി പെണ് പടിയിറക്കം" എന്ന തലക്കെട്ട് കൊടുക്കുമ്പോൾ എത്ര മാത്രം പ്രതിലോമകാരമാണ് മനോരമയുടെ രാഷ്ട്രീയ ബോധം? താര ദമ്പതിമാരുടെ ഡിവോഴ്സ് ഗോസിപ്പെഴുതുന്ന ലാഘവത്തിൽ ഇത്തരം വിഷയങ്ങൾ കൈ കാര്യം ചെയ്യരുത് എന്നൊരപേക്ഷ ഉണ്ട്. അപ്പോഴും ഇതെല്ലാം യാദൃശ്ചികം ആണെന്ന് കരുതാനും എളുപ്പമല്ല. ദിലീപ് കേസിന്റെ ഒരു ഘട്ടം മുതലുള്ള ന്യായീകരണ ലേഖന പരമ്പരകള്‍ മലയാളികൾ മറന്നിട്ടില്ല.
ഓരോ സന്നിഗ്ദ്ധ ഘട്ടത്തിലും നിങ്ങൾ എടുക്കുന്ന നിലപാടുകളാണ് ചരിത്രത്തിൽ പിന്നീട് അടയാളപ്പെടുത്തുക. വരും തലമുറ ചരിത്രം മറിച്ച് നോക്കുമ്പോൾ വേട്ടക്കാരുടെ കൂടി ഓടി ശീലം ഉള്ളവരെ എന്ത് പേരിലായിരിക്കും വിശേഷിപ്പിക്കുക എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എല്ലാ മേഖലകളിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കയാണ്, പുതിയ ശബ്ദങ്ങൾ, സമരങ്ങൾ, പ്രതിഷേധങ്ങൾ ലോകം മാറുകയാണ് മാധ്യമങ്ങളും ആ മാറ്റം ഉൾക്കൊണ്ടെ പറ്റൂ!
https://www.azhimukham.com/film-amma-mazhavil-show-skit-against-wcc-criticised-ribinkareem/
https://www.azhimukham.com/film-a-gang-of-misogynyic-male-chauvinist-called-amma/
https://www.azhimukham.com/trending-we-also-resign-with-her-big-salute-for-this-support/
https://www.azhimukham.com/newswrap-amma-a-democratic-organisation-says-actor-mahesh-writes-saju-kompan/
https://www.azhimukham.com/trending-amma-members-want-to-avoid-from-the-ambassadorship-of-products-and-government/