TopTop

ഞങ്ങളിടുന്ന ലെഗ്ഗിങ്‌സില്‍ വരെ അശ്ലീലം കാണുന്ന സദാചാര മലയാളികളുടേതായിരുന്നില്ലേ ആ ആള്‍ക്കൂട്ടം!

ഞങ്ങളിടുന്ന ലെഗ്ഗിങ്‌സില്‍ വരെ അശ്ലീലം കാണുന്ന സദാചാര മലയാളികളുടേതായിരുന്നില്ലേ  ആ ആള്‍ക്കൂട്ടം!
ചിങ്ങം ഒന്നിന്റെ പൊന്‍പുലരിയില്‍ ആശംസകള്‍ പരസ്പരം കൈമാറി കേരള സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന മലയാളികള്‍ 'സണ്ണി ലിയോണിനെ പ്രണയിച്ച കൊച്ചി' എന്ന പ്രധാനവാര്‍ത്തയോടൊപ്പം വന്ന ആരാധകജനസാഗരത്തെ കണ്ടു സ്തബ്ധരായി.

സദാചാരം പറയുന്ന ഓരോ മലയാളിയുടെയും ഉള്ളറയിലെ കപടത വ്യക്തമാവുകയായിരുന്നു ഇന്നലെ കൊച്ചിയില്‍. മലയാള സംസ്‌കാരാപജയത്തിന്റെ മൂല്യഭ്രംശത്തിന്റെ ഒരു യാഥാര്‍ത്ഥദൃശ്യം. എന്തായാലും ഇതൊരു നല്ല ആചാരം തന്നെ.

സ്ത്രീകള്‍ ലെഗ്ഗിങ്‌സ് ഇടുന്നതിനെ വിമര്‍ശിക്കുന്ന മലയാളി... മലയാള നടിമാരുടെ ജീന്‍സിലോ സ്ലീവ്‌ലെസ് ടോപ്പിലോ അശ്ലീലം കാണുന്ന മലയാളി... പീഡിപ്പിക്കപ്പെട്ട സ്ത്രീയെ വീണ്ടും വീണ്ടും വാക്കസ്ത്രത്താല്‍ മാനംകെടുത്തുന്ന മലയാളി... ചുവന്ന തെരുവിനെ അറപ്പോടെ നോക്കുന്ന പകല്‍മാന്യരായ മലയാളി... ഒരു സ്ത്രീ സാമൂഹികരാഷ്ട്രീയ കാര്യങ്ങളില്‍ തങ്ങളുടെ നിലപാട് പറഞ്ഞാല്‍ അവരെ അസഭ്യവര്‍ഷത്താല്‍ പൊതിയുന്ന മലയാളി... അമ്മയ്ക്കും മകനും, അച്ഛനും മകള്‍ക്കും, സഹോദരനും സഹോദരിക്കും ഒരുമിച്ചു യാത്ര ചെയ്യാനനുവദിക്കാത്ത സദാചാരസമ്പന്നരെകൊണ്ട് നിറഞ്ഞ കേരളനാട്ടിലെ മലയാളി... മലയാളി ഡാ...

ജീവിതത്തില്‍ വഴിമുട്ടി നിന്ന അവസരങ്ങളില്‍ നിവൃത്തിയില്ലാതെ ഒരു നേരത്തെ അന്നത്തിനായി ഒരു പെണ്ണ് തെറ്റ് ചെയ്തുപോയാല്‍ പിന്നീട് അവരെ കരകയറാന്‍ അനുവദിക്കാതിരിക്കുകയും കാര്‍ക്കിച്ചു തുപ്പുകയും ആട്ടിപ്പായിക്കുകയും ഒക്കെ ചെയ്യുന്ന ഒരുപാട് 'സാമൂഹിക കാഴ്ചപ്പാടുള്ള' സമൂഹത്തിലാണ് പല സദാചാരക്കോലങ്ങളും ഇന്നലെ കൊച്ചിയിലേക്ക് ഒഴുകിയത്. പീഡിപ്പിക്കപ്പെട്ട പെണ്ണിനെതിരെ അശ്ലീലം ചൊരിഞ്ഞു പീഡിപ്പിച്ച ആണിനെ തോളിലിരുത്തുന്ന മലയാളിയുടെ ഇരട്ടത്താപ്പ് സാക്ഷരകേരളത്തിനു ചേര്‍ന്നതാണോ?! ഇത് ആരാധനയോ, മറിച്ചു സാക്ഷരകേരളത്തിന്റെ പതനമോ?! ചിങ്ങം ഒന്നിന്, സ്വാതന്ത്രപിറ്റേന്നു വര്‍ഗീയതയും കപടസദാചാര പട്ടാളക്കാരുമില്ലാതെ ഇത്രകണ്ട് ഒരുമയില്‍ കൂടിയ കേരളസമൂഹത്തെ കാണുമ്പോള്‍ എന്ത് ഭാവമാണ് വരുത്തേണ്ടത്?!

പ്രായത്തെ മറന്ന്, ആളൊഴുക്കിനൊപ്പം കൊച്ചിയിലേക്കു നീന്തിയ മുതിര്‍ന്നപൗരക്കൂട്ടത്തെ കാണുമ്പോള്‍ കേരളയുവതയെ എങ്ങനെ കുറ്റപ്പെടുത്താനാകും?! ഞങ്ങള്‍ തലകുനിക്കുന്നത് നിങ്ങള്‍ മുതിര്‍ന്നവരെയോര്‍ത്താണ്. ഓരോ മലയാളിയും വിരല്‍ ചൂണ്ടുന്നത് നിങ്ങളിലേക്കാണ്. തലമുറകളിലേക്ക് നിങ്ങള്‍ പകരേണ്ട ഒരു പ്രവൃത്തിയായി നിങ്ങള്‍ക്ക് തന്നെ ഇതിനെ വിലയിരുത്താനാകുന്നുണ്ടോ?! യുവതലമുറയോട്, നിങ്ങളുടെ മക്കള്‍ക്ക് നാളെ മാതൃകയാകേണ്ടത് നിങ്ങളാണെന്നത് ഓര്‍ത്താല്‍ നന്ന്.സാക്ഷരകേരളത്തിലെ ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായവര്‍ ചിന്തിക്കേണ്ട ഒന്നുണ്ട്. ആരാധിക്കുന്നതില്‍ തെറ്റില്ല. മണിക്കൂറുകള്‍ പൊതുനിരത്തുകളില്‍ ഗതാഗതം തടഞ്ഞു, ആംബുലന്‍സുകള്‍ വഴി മുടക്കി, ജോലിയില്‍ ലീവ് എടുത്തു, കൊച്ചിക്കാരെ ലോകര്‍ക്കു മുന്‍പാകെ തലകുനിപ്പിച്ചു, എങ്ങോട്ടു പോയതെന്ന വീട്ടുകാരുടെ ചോദ്യത്തിന് കള്ളം പറഞ്ഞു നിങ്ങള്‍ എന്ത് നേടി?!

ന്യായീകരണവിഭാഗത്തിന്റെ അഭിപ്രായം പോലെ അവര്‍ നന്മ ഒരുപാടുള്ള സ്ത്രീയാകാം, വിവാഹിതയായ അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു ചേര്‍ത്തുപിടിച്ചിട്ടുണ്ടാകാം, ചാരിറ്റി പ്രവര്‍ത്തനങ്ങളുമുണ്ടാകാം... ഒന്നു പറയട്ടെ, എല്ലാ സ്ത്രീകളിലും; അല്ല എല്ലാ മനുഷ്യരിലും ഏതെങ്കിലും രീതിയിലുള്ള നന്മയുണ്ട്. അതുകൊണ്ടു അവരുടെ നല്ലവശങ്ങളെ പൊക്കിപ്പിടിച്ചു 'പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ' എന്ന വാക്യത്തെ ഓര്‍മിപ്പിച്ചു സ്വന്തം ചെയ്തിയെ സമര്‍ത്ഥിക്കുന്നതിനെ ഒരുതരം അവജ്ഞയോടെ നോക്കാനേ ആകുന്നുള്ളൂ. അന്ന് ജോലിക്കുപോയിരുന്നേല്‍ നിങ്ങള്‍ക്കും ചെയ്യാമായിരുന്നില്ലേ ആ പണം കൊണ്ട് ഒരു ചെറിയ തോതിലെങ്കിലും ചാരിറ്റി?!

എന്തുതന്നെയായാലും ഈ ഉന്തും തള്ളും മുന്‍കൂട്ടിക്കണ്ട മൊബൈല്‍ കമ്പനിയെ 'നമിക്കുന്നു'.

കുറിപ്പ്: ഈ നടിയെയോ അവരുടെ ഭൂതകാലത്തെയോ വ്യക്തിത്വത്തേയോ ഞാന്‍ വിമര്‍ശിക്കുന്നില്ല, ആരാധിക്കുന്നുമില്ല; ആരാധിക്കുന്നവരെ പുച്ഛിക്കുന്നുമില്ല. അഭിനയം, അതവരുടെ ജോലിയുടെ ഭാഗമാണ് എന്ന് നല്ല ബോധ്യവുമുണ്ട്. അവരിലെ നല്ല സ്ത്രീത്വത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories