TopTop
Begin typing your search above and press return to search.

ആള്‍ദൈവങ്ങള്‍ സിനിമയിലും ജീവിതത്തിലും

ആള്‍ദൈവങ്ങള്‍ സിനിമയിലും ജീവിതത്തിലും

ജീവിതവും സിനിമയും പരസ്പരം ബന്ധമുള്ളവയാണ്. സിനിമ ജീവിത ഗന്ധിയാകുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ അതിനെ ഇരു കൈയ്യും നീട്ടിസ്വീകരിക്കും. അവിശ്വസനീയതയുടെ പരിധി അല്പം കടന്നാലും അത് അവരില്‍ അലോസരമുണ്ടാക്കില്ല. അത്തരം സിനിമകള്‍ അല്ലാതെ കച്ചവട സിനിമകള്‍ എന്ന ലേബലില്‍ ഇറങ്ങുന്നവയുംഉണ്ട്. ഇടിപ്പടങ്ങളും, അമാനുഷിക നായകനും, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നിറഞ്ഞ ഇവയില്‍ വാസ്തവികതയുടെ അംശമുണ്ടോ എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. സിനിമ കഴിഞ്ഞാല്‍ ഭക്തിയാണ് മനുഷ്യന്‍ ആശ്വാസം ലഭിക്കാന്‍ ആശ്രയിക്കുന്ന മറ്റൊരിടം. എന്തും നേരിട്ട്‌ കണ്ടാല്‍ മാത്രമേ വിശ്വാസം കൂടു എന്നതിനാലാവാം ആള്‍ ദൈവങ്ങളായി അവരില്‍ പലരുടെയു ആശ്വാസകേന്ദ്രങ്ങള്‍. ഇവരുടെ പ്രഭാഷണങ്ങള്‍, സത്പ്രവൃത്തികള്‍, ഭക്തരോടുള്ള വാത്സല്യ പൂര്‍ണമായ സമീപനം എന്നിവ തീര്‍ക്കുന്ന കാന്തിക പ്രഭാവം ഒരിക്കലും പുറത്ത് കടക്കാന്‍ കഴിയാത്ത വിധം കഠിനമായിരിക്കും. ഇത്തരം ആത്മീയതയുടെ പിന്നില്‍ നടക്കുന്ന ഉള്ളുകളികള്‍ നമ്മെ ഓര്‍മിപ്പിച്ച ചിത്രമായിരുന്നു ഷാജീ കൈലാസ് സംവിധാനംചെയ്ത 'ഏകലവ്യന്‍'. അതുല്യ നടന്‍ ശ്രീ നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച സ്വാമി അമൂര്‍ത്താനന്ദ ഭക്തരെആനന്ദിപ്പിക്കുന്ന, ശൂന്യതയില്‍ നിന്നും ഭസ്മം സൃഷ്ടിച്ച് നല്‍കുന്ന, എന്നാല്‍ പിന്നില്‍ കൊടും കുറ്റവാളികളെ പോലും വിറപ്പിക്കുന്ന ക്രൂരനായ സ്വാമി.

അമൂര്‍ത്താനന്ദയ്ക്ക് ശരിയായ ഉദാഹരണമായിരുന്നു സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ അറിയപ്പെട്ട സന്തോഷ് മാധവന്‍. ഗള്‍ഫ് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്തത് മുതല്‍ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ വരെ പ്രതിയായ ഇയാള്‍ക്ക് നിരവധി ഭക്തര്‍ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. 2004 മുതല്‍ ഇന്റര്‍പോള്‍ തേടുന്ന പ്രതിയായിരുന്നു സന്തോഷ് മാധവന്‍. അശ്ലീല വീഡിയോകളുടെ ചിത്രീകരണം മുതല്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡനത്തിന് വിധേയരാക്കുകയും ചെയ്ത ഇയാളെ 2008 മെയ് 18-ന് കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ചൂഷണത്തിന് 2009 മെയ് 29-ന് കോടതി സന്തോഷ് മാധവനെ 16 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

ഭദ്രന്‍ സംവിധാനം ചെയ്ത യുവതുര്‍ക്കിയിലെ സ്വാമി സോമേന്ദ്ര യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു കഥാപാത്രത്തിന്റെ അനുകരണമായിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വിശ്വസ്തനായ ആള്‍ ദൈവമായിരുന്നു ചന്ദ്രസ്വാമി. തന്റെ പ്രഭാവ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ആത്മീയതയുമായി കൂട്ടിക്കുഴച്ച് പരിപൂര്‍ണതയില്‍ എത്തിച്ചു കളഞ്ഞു ചന്ദ്രസ്വാമി. യുവതുര്‍ക്കിയില്‍ രാജന്‍ പി ദേവിന്റെ സ്വാമി സോമേന്ദ്ര, ചന്ദ്ര സ്വാമിക്ക് മുന്നില്‍ ഒന്നുമല്ലന്നാണ് പല വിവരങ്ങളും പുറത്ത് എത്തുമ്പോള്‍ തോന്നിപ്പോകുന്നത്. ഓ മൈ ഗോഡ് എന്ന ബോളീവുഡ് ചിത്രത്തിലാണെങ്കില്‍ ഇന്ന് ഇന്ത്യയിലുള്ള ഒട്ടുമിക്ക ആള്‍ദൈവങ്ങളെയും എത്തിച്ചിട്ടുണ്ട്. ആള്‍ദൈവം എന്നതിലേക്കാണ് വരാതെ ജീവനകലയുടെ ആചാര്യനായി സ്വയം അവരോധിച്ച സന്യാസിയുടെ അനുകരണമായി മിഥുന്‍ ചക്രവര്‍ത്തിയും, നോര്‍ത്ത് ഇന്ത്യയിലെ സെക്‌സി ആള്‍ ദൈവം രാധാ മായുടെ അനുകരണങ്ങളും ഗോവിന്ദ് നമിഡ് അവതരിപ്പിച്ച സിദ്ധേശ്വര്‍ മഹാരാജാണെങ്കില്‍ നിലവിലെ പല ആള്‍ദൈവങ്ങളുടെയും ഒരു സങ്കരയിനമാണ്.

ആലുവ ടൗണ്‍ പോലീസ്റ്റേഷനില്‍ പോലീസുകാരനെ ആക്രമിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു എന്ന കേസിലെ പ്രതിയും ഒരു സ്വാമി തന്നെ. ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ നിന്ന് ആ ഒരു സംഭവത്തോടെ 'തോക്ക് സ്വാമി'യായി മാറി. ഒരു പ്രശസ്ത മാധ്യമ സ്ഥാപനത്തില്‍ കടന്നു ചെന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ക്ഷോഭിച്ച ഇദ്ദേഹത്തെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. അവസാനമായി മലയാളക്കര കേട്ട വാര്‍ത്തയായിരുന്നു സ്വയരക്ഷയ്ക്കായി യുവതി, തന്നെ വര്‍ഷങ്ങളായി ചൂഷണം ചെയ്തിരുന്ന സ്വാമിയുടെ ലിംഗം ഛേദിച്ചു എന്നത്. തന്നെ വര്‍ഷങ്ങളായി നശിപ്പിക്കുകയായിരുന്നുവെന്നും ആരോടും പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന സാഹചര്യം ഉണ്ടായതിനാലുമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പറഞ്ഞ കുട്ടി പിന്നീട് മൊഴിയില്‍ ഉറച്ചുനിന്നില്ല. കേസില്‍ ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്.

ആള്‍ദൈവങ്ങളുടെ മൊത്താവകാശം ഹിന്ദു സന്യാസിമാര്‍ക്ക് മാത്രമായി കൊടുക്കേണ്ടതില്ല. ദൈവ പ്രതിനിധികളായി ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗക്കാരുമുണ്ട്. ഈ പറഞ്ഞതിന്റെ എല്ലാം കൂടി ചേര്‍ന്ന ഒരു അവതാരമായിരുന്നു ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ബാബ ഗുര്‍മീത് റാം റഹീം സിങ്. റാം റഹിം പിന്നെ സിനിമ രംഗത്തും സൂപ്പര്‍ സ്റ്റാറാണ്. റോക്ക് ഗാന രംഗത്തും സ്റ്റാറാണ് ഈ ദൈവം. കഴിഞ്ഞ ദിവസം ഈ ആള്‍ ദൈവത്തിനെതിരെ വന്ന വിധിയുടെ പ്രഭാവം ഉത്തരേന്ത്യയിലാകെ കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. ആഡംബര സ്വാമി എന്നറിയപ്പെടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിവന്നു. അതിന് ശേഷം ഇന്ത്യ കണ്ടത് പടര്‍ന്ന് തുടങ്ങിയ കലാപമാണ്. ഒരുകോടതി വിധിയിലൂടെ ഉത്തരേന്ത്യ കത്തിപ്പടര്‍ന്നു. പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന കേസിനാണ് ഈ വിധി ഉണ്ടായത്. തന്റെ ആശ്രമത്തിലെ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു വിധി.

ഗുര്‍മീതിനെതിരെ നിരവധി കേസുകളാണ് ഉള്ളത്. വിധി വന്ന കേസിനെ വാര്‍ത്തയാക്കിയതി രാം ചന്ദര്‍ ഛത്രപതി എന്ന പത്രപ്രവര്‍ത്തകനെ വധിച്ച കേസ്, ദേരാ മാനേജര്‍ രഞ്ജിത് സിംഗ് കൊലക്കേസ്, ദേരാ സച്ചായുടെ 400 വിശ്വാസികളെ നിര്‍ബന്ധിച്ച് വന്ധ്യംകരണം നടത്തി ഇങ്ങനെ കേസുകള്‍ നീണ്ടു പോവുകയാണ്. സാധാരണ സ്വാമിമാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ഗുര്‍മീത്. ജാക്കറ്റും സണ്‍ഗ്ലാസും ഒക്കെയായി ഒരു ആഡംബര ബാബയായി വാണ ഗുര്‍മീത് സിനിമാ മേഖലയില്‍ അഭിനയം ഉള്‍പ്പെടെ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചു. കൂടാതെ റോക്ക് സ്റ്റാര്‍ എന്ന നിലയില്‍ നിരവധി സ്റ്റേജ് ഷോകള്‍ ചെയ്ത ഈ വ്യക്തിക്ക് 700 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഒരു ആശ്രമമാണുള്ളത്.

ജീവിതത്തില്‍ നിന്ന് സിനിമയിലേക്ക് പകര്‍ത്തിയ ഒട്ടനവധി ആള്‍ദൈവങ്ങളും ദൈവ പ്രതിനിധികളുമുണ്ട്. ഇവരില്‍ പലരെയും സന്യാസി എന്നാല്‍ സര്‍വ്വസംഗ പരിത്യാഗി എന്നാണര്‍ഥം. എന്നാല്‍ ഇവിടുത്തെ ആള്‍ ദൈവങ്ങള്‍ അളവറ്റ സാമ്പത്തും അളക്കാന്‍ കഴിയാത്ത അത്ര സ്വാധീനമുള്ളവരാണ്. ഇവരില്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പിടിക്കപ്പെടാത്ത ആള്‍ ദൈവങ്ങള്‍ തങ്ങളുടെ ഭക്തരെ അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അറിയപ്പെടാതെ പോകുന്ന ഇത്തരം പല കേസുകളിലും സംഭവിക്കുന്നത് പരാതിപ്പെടാന്‍ ധൈര്യമില്ലാത്തതോ മാനഹാനി ഭയന്നോ ജീവഹാനി ഭയന്നോ മറച്ചുവയ്ക്കപ്പെടുക എന്നതാണ്.

വിശ്വാസം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ മനുഷ്യനും ദൈവത്തിനും ഇടയില്‍ മറ്റൊരുവന് സ്ഥാനം നല്‍കുമ്പോള്‍ വിശ്വാസികള്‍ സ്വയം ചോദിക്കേണ്ട ഒന്നാണ്- നാം നമുക്കായി പറയേണ്ടുന്ന കാര്യങ്ങള്‍ മറ്റൊരാളെ ഇടനിലക്കാരനായി നിര്‍ത്തിച്ച് പറയേണ്ടതുണ്ടോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories