അഞ്ച് വര്‍ഷം കൊണ്ട് അധ്യാപകര്‍ക്ക് ലഭിച്ച ശമ്പളവര്‍ധന 800 രൂപ; സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യാപകരെ ചൂഷണം ചെയ്യുന്നു

തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകര്‍ സമരത്തില്‍

അധ്യാപകര്‍ക്ക് വര്‍ഷാവര്‍ഷം ലഭിക്കുന്ന ശമ്പളവര്‍ധന 160 രൂപ. അഞ്ച് വര്‍ഷം കൊണ്ട് ഒരു അധ്യാപകന് ലഭിച്ച ശമ്പളവര്‍ധന 800 രൂപ. തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകരാണ് നിയമപരമായി ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്. സമരം തുടങ്ങി എട്ട് ദിവസമായിട്ടും ജീവനക്കാരുടെ ആവശ്യം പരിഗണിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായിട്ടുമില്ല. ഫീസ് ഇനത്തില്‍ മാത്രം രണ്ടര കോടിയോളം രൂപ വര്‍ഷത്തില്‍ വരുമാനമുള്ള സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ജനുവരിയില്‍ മാനേജ്മെന്‍റിനെതിരെ പ്രതിഷേധിച്ചിരുന്നു.

“ജീവിക്കാന്‍ ആവശ്യമുള്ള ശമ്പളമെങ്കിലും ഞങ്ങള്‍ക്ക് ലഭ്യമാക്കണം. നിയമപ്രകാരം കിട്ടേണ്ട ശമ്പളം മാത്രം മതി. 2013 ല്‍ സ്‌കൂളില്‍ ജോലിക്കു കയറുമ്പോള്‍ഞങ്ങളുടെ കയ്യില്‍ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങിയ അധികൃതര്‍ നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് കിട്ടുന്ന ശമ്പളം ലഭിക്കുമെന്നാണ്. എന്നാല്‍ ഇന്നേവരെ വാക്ക് പാലിക്കാത്ത സ്‌കൂള്‍ മാനേജ്‌മെന്റ് ഞങ്ങളെ പോലുള്ള അധ്യാപകരോടും അധ്യാപന ജോലിയോടും കൊടും വഞ്ചനയാണ് കാണിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സമരത്തിലേക്കിറങ്ങിയത്.” തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം സ്‌കൂള്‍ പടിക്കല്‍ 23 പേരടങ്ങുന്ന അധ്യാപകരുടെ അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കുന്ന ഡിവിന്‍ ദാസ് അഴിമുഖത്തോട് പറഞ്ഞു.

കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ എംപ്ലോയിസ് യൂണിയന്റെ (കെയുഎഎസ്ഇയു) പിന്തുണയോടെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. വേണമെങ്കില്‍ 250 രൂപ കൂട്ടി നല്കാമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇതേ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനും പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകര്‍.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇതിന് മുമ്പ് മൂന്നു തവണ സമരം പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 1500 രൂപയും താഴെ ക്ലാസുകളില്‍ പഠിക്കുന്നര്‍ക്ക് 1000 രൂപയും കൂട്ടി നല്കാമെന്നാണ് അറിയിച്ചത്. അഞ്ചു വര്‍ഷത്തേക്ക് ശമ്പളവര്‍ധന ഉണ്ടാകില്ലെന്ന നിബന്ധനയാണ് മാനേജ്മെന്‍റ് മുന്നോട്ടുവെച്ചത്. ഇത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലായിരുന്നു എന്നു അധ്യാപകര്‍ പറഞ്ഞു. വര്‍ഷം ഇരുന്നൂറ് രൂപ ശമ്പള വര്‍ധന ഉണ്ടായിട്ടെന്താണ് കാര്യം? അതുകൊണ്ട് അധ്യാപകര്‍ ഈ കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറായില്ല. വര്‍ഷാവര്‍ഷം കുറഞ്ഞത് ഒരു കുട്ടിയില്‍ നിന്ന് 18000 രൂപയെങ്കിലും ഈടാക്കുന്ന സ്‌കൂള്‍ അധികൃതര്‍ ജീവനക്കാരോട് ചെയ്യുന്നത് കടുത്ത ക്രൂരതയാണ്. 27 വര്‍ഷമായി തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ എല്‍കെജി മുതല്‍ പ്ലസ്ടു വരെ 1350 കുട്ടികകളും 60 അധ്യാപകരുമാണുള്ളത്. അനധ്യാപകര്‍ വേറെയും. അതേസമയം സമരത്തില്‍ പങ്കെടുത്താല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടുമെന്നു വരെ ചില അധ്യാപകരെ മാനേജമെന്റ് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

“ഗതികെട്ടാണ് സമരത്തിന് ഇറങ്ങിയത് ഈ വിഷയത്തില്‍ പലപ്പോഴായി ഒമ്പതുതവണ ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നു. ഒന്നിലും പരിഹാരമായില്ല. മൂന്നു തവണ മീഡിയേറ്റര്‍ ഇല്ലാതെ നേരിട്ട് ചര്‍ച്ച നടത്തി. ഈ സമയങ്ങളിലെല്ലാം വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളെ വഞ്ചിച്ചതല്ലാതെ യാതൊരു വിധ നടപടിയും ഉണ്ടായില്ല. ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയില്‍ 250 രൂപയാണ് കൂട്ടി നല്‍കാമെന്ന് പറഞ്ഞത്. അധ്യാപന ജോലി ചെയ്യുന്നവരോട് കാണിക്കുന്ന വഞ്ചനയാണ് ഇത്. കുട്ടികളുടെ പഠന ഭാഗങ്ങള്‍ എല്ലാം പഠിപ്പിച്ച് തീര്‍ത്ത ശേഷമാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. സമരത്തിന് സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്.” അധ്യാപകര്‍ പറഞ്ഞു.

ജോലി കോളേജിലാണ്; പക്ഷേ, കൂലി സ്കൂളിലേക്കാളും കുറവ്; ഗസ്റ്റ് ലക്ചര്‍മാരുടെ ദുരിതങ്ങള്‍

രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ ക്യാപിറ്റേഷന്‍ ഫീ കൊടുത്തിട്ടുള്ള അധ്യാപകരുടെ ശരാശരി ശമ്പളം 15,000 രൂപയാണ്. ഇതില്‍ പലര്‍ക്കും പിഎഫ് ആനുകൂല്യങ്ങളും ഇല്ല. അനധ്യാപകരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. പരമാവധി 8000 രൂപവരെയാണ് ശമ്പളം. ഡിവിന്‍ 2008 ല്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 8000 രൂപയാണ് ശമ്പളം. 2013 ല്‍ അത് 20000 രുപയായി വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം 20,800 രൂപയാണ് ഡിവിന്റെ ശമ്പളം. ക്യാപിറ്റേഷന്‍ ഫീസ് നല്‍കി ജോലിക്ക് പ്രവേശിച്ച അധ്യാപകനാണ് ഡിവിന്‍. ഇദ്ദേഹത്തിന് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളൊന്നുമില്ല. 21 അധ്യാപകരില്‍ നിന്നായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് ക്യാപിറ്റേഷന്‍ ഫീ ഇനത്തില്‍ വാങ്ങിച്ചതെന്നും ഡിവിന്‍ ആരോപിക്കുന്നു.

സംസഥാനത്തെ പൊതുവിദ്യാലങ്ങളിലുള്ള അതേ ശമ്പളം സിബിഎസ്ഇ അധ്യാപകര്‍ക്കും നല്കണമെന്നാണ് 2014 ലെ സിബിഎസ്ഇ ചട്ടം പറയുന്നത്. എന്നാല്‍ ഇതിന്റെ പകുതി ശമ്പളം പോലും ഇല്ലാതെയാണ് കേരളത്തിലെ സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകര്‍ ജോലിയെടുക്കുന്നതെന്ന് കെയുഎഎസ്ഇയു സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ പറഞ്ഞു.

അതേസമയം സ്‌കൂളിന്റെ വരുമാനം അനുസരിച്ച് അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം നല്കുന്നുണ്ടെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാഖി അഴിമുഖത്തോട് പറഞ്ഞു. അധ്യാപകര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ മുഴുവനായും ശരിയല്ലെന്നും പരീക്ഷ സമയത്ത് സ്‌കൂളിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങള്‍ കുട്ടികളുടെ ഭാവി അവതാളത്തിലാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മോഡല്‍ എക്‌സാമിന്റെ വാല്യൂഷന്‍ ഉള്‍പ്പെടെയുള്ള പുറത്ത് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അവര്‍ പ്രതികരിച്ചു.

തൊഴില്‍ ചൂഷണം, അവഹേളനം; കൊച്ചി മെട്രോയില്‍ കൊട്ടിഘോഷിച്ച ട്രാന്‍സ് ജീവിതം ഇപ്പോഴിങ്ങനെയാണ്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍