TopTop

ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീല മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു

ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീല മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊന്നത് എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധതയോടുള്ള വഴിതെറ്റിയ പ്രതികരണമായി വിവരിച്ചു വിമർശിക്കുന്ന ഇടതുപക്ഷ വിരുദ്ധതയെ തിരിച്ചറിയുക എന്നതുകൂടി അഭിമന്യുവിന്റെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. കേരളത്തിലെ കലാലയങ്ങളിൽ കൊലപാതക രാഷ്ട്രീയം നാളിതുവരെ കൊണ്ടുനടന്ന സംഘടനകൾ കെ എസ് യുവും എ ബി വിപിയുമായിരുന്നു. കേരളത്തിന്റെ പൊതുരാഷ്ട്രീയ അന്തരീക്ഷത്തിലെ ജീർണതകളെല്ലാം വിദ്യാർത്ഥി രാഷ്ട്രീയത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഇതിൽനിന്നും മുക്തമല്ല. എന്നാൽ കലാലയ വളപ്പിലും പുറത്തും വിദ്യാർത്ഥികളെ അവരുടെ രാഷ്ട്രീയത്തിന്റെ പേരിൽ കൊന്നുതള്ളുന്ന ഭീകരതയുടെ കത്തിമുനകളിൽ വീണത് ഏതാണ്ടെല്ലായ്പോഴും ഇടതുപക്ഷ സഖാക്കളായിരുന്നു. ഭുവനേശ്വരനും മുഹമ്മദ് മുസ്തഫയും, സെയ്താലിയും, തോമസും, സുധീഷും, കൊച്ചനിയനും അങ്ങനെ നിരവധി ഉശിരന്മാരായ സഖാക്കൾ.

പതിറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയ ഈ കൊലപാതകരാഷ്ട്രീയത്തെ ചില കലാലയങ്ങളിലെ എസ് എഫ് ഐയുടെ ജനാധിപത്യവിരുദ്ധമായ പ്രവണതകൾ കൊണ്ട് മറച്ചുപിടിക്കാനുള്ള ലജ്ജാശൂന്യമായ യത്നത്തിലാണ് പുത്തൻ ഇസ്‌ലാമിക വർഗീയ രാഷ്ട്രീയ കൊലപാതകികളുടെ മാപ്പുസാക്ഷികളും അവരുടെ സഖ്യക്ഷികളും.

ജനാധിപത്യം എന്ന സങ്കല്പത്തിന്റെ ഏഴയലത്ത് വരാത്ത, സ്ത്രീവിരുദ്ധത ജനിതക ഘടനയായ ഇസ്‌ലാമിക വർഗീയ രാഷ്ട്രീയത്തിന്റെ തോളിൽക്കയറി ജനാധിപത്യത്തിനെക്കുറിച്ചു വിലപിക്കുന്നവർ എന്തായാലും തികഞ്ഞ ബോധ്യത്തോടെയാണത് ചെയ്യുന്നത്.

അവരുടെ പ്രശ്നം കേവലം മുഖ്യധാര ഇടതുപക്ഷ കക്ഷികളോ അവയുടെ പ്രവർത്തനരീതികളോ അപചയങ്ങളോ അല്ല. അവരുടെ ശത്രു ഇടതുപക്ഷം എന്ന രാഷ്ട്രീയമാണ്. വർഗ്ഗരാഷ്ട്രീയം എന്ന രാഷ്ട്രീയപദ്ധതിയാണ്. മതത്തിന്റെയും  പൊളിറ്റിക്കൽ എക്കണോമിയെയും ചൂഷണാധികാരബന്ധങ്ങളെ താങ്ങിനിർത്തുന്ന നാനാവിധ സ്വത്വ ബോധങ്ങളെയുമാണ് അവർ കൊണ്ടുനടക്കുന്നത്. ഈ ഇസ്‌ലാമിക വർഗീയ രാഷ്ട്രീയത്തിന്റെ കൊലപാതക, ഗുണ്ടാസംഘത്തിന്റെ രാഷ്ട്രീയ അരങ്ങൊരുക്കുന്നതിൽ ഇവർക്കെല്ലാം തങ്ങളുടേതായ പങ്കുണ്ട്. ഈ ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധതയെ എസ് എഫ് ഐ കലായങ്ങളിൽ കൊടികുത്താൻ സമ്മതിക്കുന്നില്ല എന്ന ന്യായത്തിന്റെ മറവിൽ കൂട്ടിക്കെട്ടി കടത്തിവിടരുത്. ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ അതിനെ അശ്ലീലം നിറഞ്ഞ മൗനം കൊണ്ട് അവഗണിച്ച ഒരു രാഷ്ട്രീയ പാതകത്തിനു കൂടിയാണ് നാം ഈ വില കൊടുക്കുന്നത്. മതേതര സമൂഹത്തിന്റെ മൂല്യബോധത്തിന്റെ ഉറച്ച രാഷ്ട്രീയമാണ് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയ്‌ക്കെതിരെ മുന്നോട്ടു വെക്കാനുള്ളത്. അതിനെ മുഹമ്മദിനെക്കുറിച്ചു പറഞ്ഞാൽ കൈവെട്ടുമെന്ന രാഷ്ട്രീയമുള്ള ഇസ്‌ലാമിക വർഗീയവാദികളുടെ തൊഴുത്തിൽ കെട്ടേണ്ടതില്ല. മറ്റേതു മതത്തെയും പോലെ ജനാധിപത്യ വിരുദ്ധവും ഹീനമായ തരത്തിൽ സ്ത്രീവിരുദ്ധവുമാണ് ഇസ്‌ലാം മതവും. അത്തരം മതബോധത്തിന്റെ അടുക്കളപ്പുറത്തു നിഷ്ക്കളങ്കമെന്ന ഭാവേന നട്ടുനനച്ചു വളർത്തിയ ചെടികളാണ് വർഗീയ രാഷ്ട്രീയത്തിന്റെ കൊലപാതക സംഘങ്ങളായി കേരളത്തിൽ വളരുന്നത്.

ആ സംഘങ്ങളുടെ പിന്തിരിപ്പൻ മൂല്യങ്ങളെ, മതേതര, സ്ത്രീ വിമോചന രാഷ്ട്രീയ വിരുദ്ധതയെ ബദൽ വിമോചനമായി കൊണ്ടാടാനും ന്യായീകരിക്കാനും ഒരു സാമൂഹ്യാന്തരീക്ഷം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ചെലവിൽ അവർ കൈക്കലാക്കുകയും ചെയ്യുന്നു.

മതേതരത്വമാണവരുടെ ശത്രു. ഇടതുപക്ഷ കക്ഷികളല്ല, ഇടതു ബോധത്തെയും രാഷ്ട്രീയത്തേയുമാണ് അവർ കശാപ്പുകത്തികളുമായി കാത്തിരിക്കുന്നത്.

മതവർഗീയരാഷ്ട്രീയത്തിനെതിരെ, ഇസ്ളാമിക വർഗീയ രാഷ്ട്രീയത്തിനെതിരെ, ഇടതു, മതേതര രാഷ്ട്രീയത്തിന്റെ സമരങ്ങളിൽ വിട്ടുവീഴ്ചക്കിടമില്ല എന്ന് അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഓർമ്മപ്പെടുത്തുന്നു.

ആ രക്തസക്ഷിത്വത്തിന് അന്ത്യാഭിവാദ്യങ്ങൾ.

*ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

https://www.azhimukham.com/tj-joseph-hand-chopping-case-human-rights-muslim-extremists-ribin-kareem/

https://www.azhimukham.com/offbeat-a-remembrance-about-abhimanu-who-killed-a-maharajas-college-ampus/

https://www.azhimukham.com/trending-popular-fronts-growth-in-kerala-campus-is-not-good-for-society/

https://www.azhimukham.com/kerala-pinarayi-vijayan-on-campus-front-terror/

https://www.azhimukham.com/kerala-sdpi-terror-in-alappuzha/

Next Story

Related Stories