Top

യോഗക്ഷേമ സഭ അശ്ലീലം; കേരളത്തില്‍ സത്രീ വിരുദ്ധത അടിമുടി ബാധിച്ച ആദ്യ വിഭാഗം നമ്പൂതിരി സമുദായം

യോഗക്ഷേമ സഭ അശ്ലീലം; കേരളത്തില്‍ സത്രീ വിരുദ്ധത അടിമുടി ബാധിച്ച ആദ്യ വിഭാഗം നമ്പൂതിരി സമുദായം
മാതൃഭൂമിക്ക് യോഗക്ഷേമ സഭ അയച്ച കത്ത് കണ്ടപ്പോള്‍ എഴുതണമോ വേണ്ടയോ എന്ന് ആലോചിച്ചതാണ്. നേരനുഭവങ്ങള്‍ വലുതായി തത്കാലം എഴുതി വീണ്ടും മരിച്ചു പോയ അച്ഛനെയും ജീവിച്ചിരിക്കുന്ന അമ്മയേയും പറയിപ്പിക്കണ്ട എന്ന് ആദ്യം കരുതി. ഇങ്ങോട്ട് വന്ന് ചിലര്‍ കുത്തിയിളക്കിയത് കൊണ്ട് എഴുതുകയാണ്. യോഗക്ഷേമസഭക്ക് വേറെ ഇടപെടാന്‍ പറ്റിയ നല്ല കാര്യങ്ങളൊന്നും കേരളത്തില്‍ ഇല്ലേ എന്ന് ചോദിക്കുന്നില്ല. കേരളത്തിലെ മൊത്തം ബ്രാഹ്മണരേയും ഉദ്ധരിച്ച് ഉദ്ധരിച്ച് ഒരു വഴിക്ക് ആക്കുക എന്നതിലാണല്ലോ മേലാളന്മാരുടെ പൂര്‍ണ്ണ ശ്രദ്ധ എപ്പോഴും വേണ്ടത്. തുടങ്ങി അധിക കാലമാകുന്നതിന് മുമ്പേ എന്ത് ഉദ്ദേശത്തിലാണോ രൂപീകരിക്കപ്പെട്ടത് അതിന്റെ നേര്‍ വീപരിത ദിശയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്ന സംഘടനായാണത്. നമ്പൂതിരിയെ മനുഷ്യന്‍ ആക്കാന്‍ രൂപീകരിച്ച സംഘടന നമ്പൂതിരിയെ എവിടെ വരെ എത്തിച്ചു ഇന്നിപ്പോള്‍ എങ്ങോട്ടേക്ക് നയിക്കുന്നു എന്നൊക്കെ ചോദിച്ചാല്‍ കുറച്ച് പേര് ഫോര്‍ വീലും വാങ്ങി സ്വര്‍ണ്ണ ബ്രേസ്ലെറ്റും ഇട്ട് നാട്ടുകാരേ പറ്റിച്ച് കഞ്ഞി കുടിച്ച് പോകുന്നു എന്നടക്കം പറയേണ്ടി വരും. സ്കൂളില്‍ പോയി നേരെ ചൊവ്വേ നാലക്ഷരം പഠിച്ച് കണ്ട ചൊവന്‍മാരെ ഒക്കെ തോല്‍പ്പിച്ച് നല്ല തൊഴില്‍ സമ്പാദിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ മിനക്കെട്ട പണിയാണ്. അതുകൊണ്ട് അടുത്ത തലമുറയും ആ പണിക്കൊന്നും പോകരുത്. ഇതൊരു ഫാമിലി ബിസിനസ്സായി നിലനിന്നു പോകണല്ലോ. പറഞ്ഞ് വന്നത് മീശയിലെ സ്ത്രീ വിരുദ്ധതതയും അത് നമ്പൂതിരിമാര്‍ക്ക് കൊണ്ടതിനെയും കുറിച്ചാണ്.

കേരളത്തില്‍ സത്രീ വിരുദ്ധത അടിമുടി ബാധിച്ച ആദ്യത്തെ വിഭാഗം ഏതെന്ന് ചോദിച്ചാല്‍ അത് നമ്പൂതിരി സമുദായമായിരുന്നു. ഇന്നും യാതൊരു സംശയവും വേണ്ട അത് ഇതേ വിഭാഗമാണ്. "തിന്നെടാ കഴുവേറി" എന്ന് മന്ത്രം ജപിച്ച് നാരായണ ഗുരുവിന് നേദ്യം വെച്ച ബ്രാഹ്മണരേ എനിക്കറിയാം. പക്ഷെ മേല്‍ശാന്തിമാര്‍ക്ക് പെണ്ണ് കിട്ടാതെ വരുമ്പോള്‍ യോഗ ക്ഷേമ സഭ പ്രത്യേക പൂജ നടത്തി ഈഴവ സ്ത്രീയെ എന്നല്ല ഏത് ജാതിക്കാരിയേയും മതക്കാരിയേയും അന്തര്‍ജ്ജനമാക്കി കൊടുക്കും. കുടംബത്ത് വേളിയും വിശേഷങ്ങളുെമാക്കെ വരുമ്പോള്‍ പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുക എന്നത് സാധാരണയാണ്. എനിക്ക് അത് വലിയ ഇഷ്ടവുമായിരുന്നു. അടുത്തിടെയാണ് അതില്‍ ചിലതിന്റെ വരികള്‍ ശ്രദ്ധിക്കാന്‍ തോന്നിയത്. ഒന്നാന്തരം അശ്ലിലവും സ്ത്രീ വിരുദ്ധതയും നിറഞ്ഞത് എന്ന് മാത്രമല്ല അത് ഒച്ചത്തില്‍ പാടി കൈക്കൊട്ടി കളിക്കുക എന്നത് ഏറ്റവും യോഗ്യതയായി ആണ് അന്തര്‍ജ്ജനങ്ങള്‍ ഇപ്പോഴും കാണുന്നത്.

അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടന്ന ദിവസങ്ങള്‍ വീണ്ടും ഓര്‍ത്തു പോവുകയാണ്. ഞാന്‍ വാര്യരേ വിവാഹം കഴിച്ചതിന്റെ പേരില്‍ മേല്‍ശാന്തിയായിരുന്ന അച്ഛന്റെ മരണാനന്തര ചടങ്ങ് നടത്താന്‍ ഓതിക്കോന്മാരേ കിട്ടാതിരുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. ജാതിക്ക് പുറത്ത് പോയി വിവാഹം കഴിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണം എന്നായിരുന്നു ആഡ്യന്മാരുടെ വിധി. മരണവും ജനനവും ഒക്കെ മനുഷ്യരേ കുടുക്കാന്‍ കിട്ടുന്ന അവസരങ്ങളാണല്ലോ. അന്ന് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധി അച്ഛന്റെ അമ്മ, സഹോദരങ്ങള്‍, എന്റെ സഹോദരി അമ്മയുമൊക്കെ എന്റെ നിലപാടുകള്‍ കാരണം അവരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകള്‍ ചെയ്യാനാവാതെ വിഷമിക്കുമല്ലോ എന്നായിരുന്നു. അച്ഛന് രണ്ട പെണ്മക്കളാണ്. ഞാനാണ് മുത്ത മകള്‍. അനിയത്തിയുടെ ഭര്‍ത്താവ് ശാസ്ത്രജ്ഞനാണ്, പ്രൊഫസറാണ്. പരീക്ഷ കാലത്ത് അദ്ദേഹത്തിനെ അധിക സമയം ഇതിനെല്ലാം ഓടിക്കാന്‍ പറ്റില്ല. പിണ്ഡവും സപിണ്ണിയും നടത്താന്‍ ഞാന്‍ തന്നെ പലതിനും ഓടി നടന്നപ്പോള്‍ ആണുങ്ങളാണ് ഇതൊക്കെ ചെയ്യേണ്ടത് എന്ന് പലയിടത്ത് നിന്നും കേട്ടു. അതുകൊണ്ട് സഹകരിക്കാത്തവരും ഉണ്ട്.

കുറച്ച് വര്‍ഷം പിറകോട്ട് പോയാല്‍ എനിക്ക് വന്ന ഒരു വേളി ആലോചനയില്‍ പലര്‍ക്കും ഏറ്റവും ശ്രേഷ്ഠമായി തോന്നിയത് ചെറുക്കന്റെ പെങ്ങള്‍ ഈഴവനെ പ്രേമിച്ച് കെട്ടിയപ്പോള്‍ പടി അടച്ച് പിണ്ഡം വെച്ച കുടുംബമാണ് അതെന്നുള്ളതാണ്. ഇനിയുമുണ്ട് എണ്ണി എണ്ണി പറയാന്‍ ഒരുപാട്. പഴയതും പുതിയതുമായ ചിലത് പറഞ്ഞത് യോഗക്ഷേമ സഭയെ ഉദ്ധരിക്കാനോ എന്നെ കൂടി കണക്കിലെടുക്കണേ എന്ന് അപേക്ഷിക്കാനോ അല്ല. അങ്ങിനെയൊരു സംഘടന തന്നെ ഇക്കാലത്ത് എത്രമാത്രം അശ്ലീലമാണ് എന്ന് പറയാനാണ്. നമ്പൂതിരി മനുഷ്യനാകണമെങ്കില്‍ പൊട്ടക്കിണറ്റില്‍ നിന്ന് പുറത്ത് കടക്കണം. സ്വയം അതിന് തയ്യാറായില്ലെങ്കില്‍ നാട്ടുകാര്‍ നന്നാക്കിയെടുക്കാന്‍ തുനിയുന്ന കാലം അധികം ദൂരത്തല്ല എന്ന് പറയാനാണ്.

മീശയില്‍ പെണ്ണിന്റെ ആഗ്രഹത്തെ കുറിച്ചാണ് പറഞ്ഞത്. സ്ത്രീ ശരീരം പുരുഷന്റെ അധീനതയിലുള്ള സ്വകാര്യ സമ്പത്തായി കണക്കാക്കപ്പെടുമ്പോള്‍ നാട്ടിലുള്ള ആണുങ്ങള്‍ക്ക് കൊള്ളും. മതവും പൗരോഹിത്യവും അതാണ് ആഗ്രഹിക്കുന്നതും. ഭാരത സ്ത്രീയുടെ ഭാവശുദ്ധി മതപൗരോഹിത്യത്തിനും പുരുഷന്മാര്‍ക്കും മാത്രം എന്നും ആയുധമാക്കാനുള്ള വിഷയങ്ങളാണ്.

ഇനി ഒരു തമാശ കൂടി, അച്ഛന്‍ ശാര്‍ക്കര മേല്‍ശാന്തിയായിരുന്നപ്പോള്‍ ഇന്ന് കുഞ്ഞമ്പി ആണ് എന്ന് പറഞ്ഞ് കുളിച്ച പാതി കുളിക്കാത്ത പാതി പെണ്ണുങ്ങള്‍ വെളുപ്പിന് അമ്പലത്തിലേക്ക് ഓടുമായിരുന്നു എന്ന് അടുത്തിടെ തമാശയായി അച്ഛന്റെയൊരു കൂട്ടുകാരി പറഞ്ഞതാണ്. കൈയില്‍ തൊട്ട് പ്രസാദം കൊടുത്തില്ലേല്‍ പരിഭവിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടെന്ന് അടുത്ത ബന്ധുക്കള്‍ പറയാറുണ്ട്. അമ്പലങ്ങളിലെ തിടപ്പള്ളികള്‍ എന്തിനൊക്കെയുള്ള ഇടങ്ങളാണ് ആണെന്ന് കുറഞ്ഞത് അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെങ്കിലും മനസ്സിലാക്കുന്നുണ്ടാകണം. നാട്ടില്‍ മുത്തശ്ശന്റെ സംബന്ധം ഏറ്റവും അഭിമാനമായി കണക്കായിരുന്ന നായര്‍ കുടുംബങ്ങളുണ്ടായിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവും ആയി മക്കള്‍ എത്രയാണ് എന്ന് പുള്ളിക്ക് തന്നെ തിട്ടമുണ്ടായിരുന്നോ എന്നറിയില്ല. ആ പഴമ ഇന്നും ഇളക്കം തട്ടാതെ പുതിയ രൂപത്തിലും ഭാവത്തിലും ആസ്വദിക്കുന്നവരാണ് പലരും.

ചരിത്രവും സമകാലിന സാഹചര്യങ്ങളും കൂട്ടിചേര്‍ത്താല്‍ ഇനിയും കിട്ടും ഒരുപാട്. വീണ്ടും പറയുന്നു യഥാര്‍ത്ഥ വിഷയം ഇപ്പോഴും എഴുത്തുകാരനോ എഴുത്തോ അല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും തന്നെയാണ്. കഥയറിയാതെ ചാടി ഇറങ്ങിയവരെല്ലാം വെറും ടൂളുകളാണ്.

* ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories