TopTop

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി
മാതൃഭൂമി ചാനലില്‍ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം അവധി നല്‍കിയ തീരുമാനത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ പങ്കുവയ്ക്കുന്നു, പ്രമുഖ എഴുത്തുകാരിയും അധ്യാപികയുമായ ഡോ. എസ് ശാരദക്കുട്ടി

മാതൃഭൂമി ചാനലില്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെതിരായി പറയുന്നവര്‍ ആര്‍ത്തവത്തെ ഒരു ആരോഗ്യപ്രശ്‌നം മാത്രമായാണ് കണക്കാക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് ആരോഗ്യപ്രശ്‌നമല്ല, മറിച്ച് ആര്‍ത്തവ പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് മനുഷ്യാവകാശ പ്രശ്‌നമാണ്. എന്റെ മുപ്പത് വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍, ആര്‍ത്തവ ദിവസങ്ങളില്‍ തലകറക്കവും ഛര്‍ദ്ദിയുമുണ്ടാവുന്ന എത്രയോ കുട്ടികളെ പരിചരിച്ചിട്ടുണ്ട്. ചില കുട്ടികള്‍ തലകറങ്ങി വീഴുക പോലുമുണ്ട്. ആര്‍ത്തവ ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വയ്യായ്മയുണ്ടെങ്കിലും അറ്റന്‍ഡന്‍സ് പോവും, പ്രാക്ടിക്കല്‍ ക്ലാസ് പോവും എന്ന് കരുതിയിട്ടാണ് പഠിക്കാന്‍ വരുന്നത്. നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളിലൊന്നും ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ വിശ്രമിക്കാനുള്ള ഒരു സൗകര്യം പോലുമില്ല. അങ്ങനെയിരിക്കെ ആര്‍ത്തവ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശമാണ്.

ആര്‍ത്തവം എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെയല്ല. വേദനയോ മറ്റ് വിഷമങ്ങളോ ഇല്ലാത്തവരുണ്ടാവും. എന്നെ സംബന്ധിച്ച് എനിക്ക് ആര്‍ത്തവമാണെന്ന് ഞാന്‍ അറിയുന്നത് പോലും ടോയ്‌ലറ്റില്‍ പോവുമ്പോഴായിരുന്നു. പക്ഷെ, എന്റെ മകള്‍ക്ക് ആര്‍ത്തവം എന്ന് പറഞ്ഞാല്‍ വലിയ വേദനകൂടിയാണ്. ഈ ദിവസങ്ങളില്‍ കടുത്ത വിഷാദ രോഗം ബാധിക്കുന്നവരുണ്ട്. മരിക്കണമെന്ന് തോന്നുന്നത് പോലെ വിഷാദരോഗം വരുന്ന പലരേയും എനിക്ക് അറിയാം. ചിലര്‍ക്ക് ദേഷ്യവും ആക്രമണോത്സുകതയുമുണ്ടാവും. ആര്‍ത്തവ പ്രശ്‌നത്തെ ഗൗരവമായ രീതിയില്‍ സമൂഹം ഇതേവരെ പരിഗണിച്ചിട്ടില്ല. അത്തരം കാര്യങ്ങളെ പരിഗണിക്കാത്ത ഒരു സമൂഹത്തില്‍, ഇത് തൊഴിലിടത്തിലെ ഒരു പ്രശ്‌നം തന്നെയായി മനസ്സിലാക്കണം. ഒരു ദിവസം മുഴുവന്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. തുണിക്കടകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും ജോലി ചെയ്യുന്ന പെണ്‍കുട്ടികളുണ്ട്. വേണ്ടത്ര ശൗചാലയങ്ങള്‍ പോലും പലയിടത്തുമുണ്ടാവില്ല. നാപ്കിന്‍ മാറാന്‍ പോലും നിവൃത്തിയില്ലാതെ രാവിലെ മുതല്‍ വൈകിട്ട് വരെ ഒരേ നില്‍പ്പ് നിന്നാല്‍ അത് അണുബാധയ്ക്കും കാരണമാവും. ഇതെല്ലാം നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്.

ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി, ആരുടേയും നിര്‍ബന്ധ പ്രകാരമല്ലാതെ, ഒരു നിയമ നടപടിയിലൂടെയും അടിച്ചേല്‍പ്പിക്കപ്പെടാതെ മാതൃഭൂമി ഇത് ചെയ്തത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. സ്ത്രീസുരക്ഷയ്ക്കായുള്ള കാര്യങ്ങള്‍ നിയമമോ ഉത്തരവോ വരാതെ എല്ലാ സ്ഥാപനങ്ങളും നടപ്പാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച്, മാധ്യമ പ്രവര്‍ത്തകരെപ്പോലെ രാപ്പകലില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് ആര്‍ത്തവ ദിനങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ.ഇത് എതിര്‍ക്കുന്നവരില്‍ ചിലര്‍ പറയുന്ന കാര്യം തൊഴിലിടങ്ങളില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ളതാണിതെന്നും അങ്ങനെ പുരുഷന്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനുള്ളതുമാണെന്നാണ്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. പഴവങ്ങാടിയ്ക്കടുത്ത് ഒരു തുണിക്കടയുണ്ട്. ആ തുണിക്കടയില്‍ ആര്‍ത്തവത്തിലെ നാല് ദിവസങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് ചെല്ലാന്‍ പാടില്ല. വിവാഹ വസ്ത്രങ്ങള്‍ ആര്‍ത്തവ ദിവസങ്ങളില്‍ വില്‍ക്കാന്‍ പാടില്ല എന്നതാണ് അവരുടെ വിശ്വാസം. പക്ഷെ ആ ഒരു കാര്യത്തെ അവിടുത്തെ സ്ത്രീകള്‍ വളരെ ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് വരാന്‍ പറ്റാത്ത ദിവസങ്ങളില്‍ ആര്‍ത്തവമാണെന്ന് പറഞ്ഞ് മാറിനില്‍ക്കും.

തങ്ങള്‍ക്കെതിരായി വരുന്ന സാഹചര്യങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗിക്കാനറിയാവുന്ന സ്ത്രീകളുള്ള നാടാണ് നമ്മുടേത്. വിദ്യഭ്യാസവും ജോലിയും നിരന്തര ബോധവത്ക്കരണങ്ങളുമെല്ലാം കൊണ്ട് സ്ത്രീകള്‍ ബോധവതികളാണ്. ആര്‍ത്തവത്തിന്റെ 'പരിശുദ്ധി'യെക്കുറിച്ച് ഇനി കേരളത്തിലെ സ്ത്രീകളെ പറഞ്ഞ് ബോധിപ്പിക്കാനാവില്ല. അവര്‍ക്ക് അതിന്റെ അര്‍ഥശൂന്യതയറിയാം. ആര്‍ത്തവ ദിവസങ്ങളില്‍ അമ്പലത്തില്‍ പോവാന്‍ പോലും മടിയില്ല.

ചിലര്‍ക്ക് രണ്ടാം ദിവസമായിരിക്കും ആര്‍ത്തവ ബുദ്ധിമുട്ടുകളുണ്ടാവുക. അതുകൊണ്ട് ആര്‍ത്തവത്തിന്റെ ഒന്നാമത്തെ ദിവസം എന്ന് പറയുന്നതിന് പകരം ആര്‍ത്തവത്തിലെ ഒരു ദിവസം എന്ന് ആക്കി എല്ലാ സ്ഥാപനങ്ങളും അവധി നല്‍കിയാല്‍ അത് ഉചിതമായിരിക്കും.

(തയാറാക്കിയത് കെ.ആര്‍ ധന്യ)

Next Story

Related Stories