TopTop
Begin typing your search above and press return to search.

'ഭീഷണിപ്പെടുത്തുകയും തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ഗുരുതരമായ രോഗലക്ഷണം'-മാതൃഭൂമി എഡിറ്റോറിയല്‍

കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ 'മാതൃഭൂമി'യുടെ പ്രാധാന്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്കൊണ്ട് നിരാകരിക്കാവുന്നതല്ല. എസ് ഹരീഷിന്‍റെ മീശ എന്ന നോവലിനെതിരെയും ജീവിക്കാന്‍ വേണ്ടി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രസിദ്ധീകരിച്ച മാതൃഭൂമി റിപ്പോര്‍ട്ടിനെതിരെയും ഏഴമാന്തുരുത്തിൽ ഒറ്റപ്പെട്ടുപോയ ജനങ്ങളുടെ കഥ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴി ജീവന്‍ പൊലിഞ്ഞുപോയ റിപ്പോര്‍ട്ടര്‍മാരെ കുറിച്ചും നവമാധ്യമങ്ങളിലൂടെ പ്രചരിച്ച ട്രോളുകളും അപകീര്‍ത്തി പോസ്റ്റുകളും ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. ഹരീഷിന്റെ 'മീശ' പിന്‍വലിച്ച വിഷയം മാതൃഭൂമി കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടു തന്നെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാതൃഭൂമിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുകയാണ് ഇവിടെ.


മാതൃഭൂമി ദൌത്യം തുടരുക തന്നെ ചെയ്യും

ജനങ്ങൾക്കൊപ്പമുള്ള ജാഗ്രതയേറിയ യാത്രയെക്കുറിച്ചാണ് ചരിത്രം എന്നും മാതൃഭൂമിയെ ഓർമിപ്പിച്ചിട്ടുള്ളത്. വർത്തമാനകാലത്തും അതിന്റെ രക്ഷാകവചം കൈവിടാത്ത മൂല്യങ്ങളാണ്. അതിന്റെ നിതാന്തമായ പ്രതീക്ഷ ആ മൂല്യങ്ങളെ വിലമതിക്കുന്ന ഒരു ജനതയുടെ സാംസ്കാരികമായ ഉണർവാണ്. സത്യംപറയാനുള്ള മാതൃഭൂമിയുടെ ആർജവം ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ തൊണ്ണൂറ്റിയഞ്ചു വർഷങ്ങളിൽ അതുയർത്തിപ്പിടിച്ച മതേതര നിലപാടുകളിൽനിന്ന് ഒരിക്കലും പിന്തിരിഞ്ഞ് നടന്നിട്ടില്ല.

എന്തുകൊണ്ടാണ് മാതൃഭൂമിയെ പലരും എതിർക്കുന്നതെന്ന് ചോദിച്ചേക്കാം. ചില സിനിമക്കാരും കയേറ്റക്കാരും മടിയിൽ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്. തുറന്നുപറയട്ടെ, ഈ പത്രത്തിന് സങ്കുചിതമായ നിക്ഷിപ്ത താത്പര്യങ്ങളില്ല. ഞങ്ങൾ ഇരയോടൊപ്പം നിന്നതു കൊണ്ടുമാത്രം വേട്ടക്കാർ ഞങ്ങൾക്കെതിരേ തിരിഞ്ഞു. ഞങ്ങൾനിന്നത് ശരിയുടെ പക്ഷത്താണ്. ജനങ്ങളുടെ ഉത്കണ്ഠകളാണ് ഞങ്ങൾ പങ്കുവെച്ചത്. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കത്ത് സത്യാഗ്രഹം തുടങ്ങാൻ ഒരു മിനിറ്റ് പോലും മാതൃഭൂമിയുടെ സാരഥികൾക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല. ഗുരുവായൂരിൽ മാതൃഭൂമിയുടെ പത്രാധിപർ സത്യാഗ്രഹം തുടങ്ങിയത് അവർണരുടെ ക്ഷേത്രപ്രവേശത്തിനു വേണ്ടിയാണ്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരേ പോരാടുമെന്ന് ആദ്യത്തെ മുഖപ്രസംഗത്തിൽ തന്നെ വ്യക്തമാക്കിയ മാതൃഭൂമിക്ക് ഇതൊക്കെ ജന്മദൗത്യങ്ങളാണ്.

മാതൃഭൂമിയുടെ സാഹിത്യ പ്രസിദ്ധീകരണമായ ആഴ്ചപ്പതിപ്പിൽ വന്ന ഒരു നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ മാതൃഭൂമിയുടെ അഭിപ്രായമെന്ന മട്ടിൽ ആളിക്കത്തിച്ചുകൊണ്ടാണ് സാമൂഹികമാധ്യമങ്ങളിൽ ആദ്യത്തെ ആക്രമണം തുടങ്ങിയത്. മാതൃഭൂമിയുടെ പിറവിക്കുശേഷം ഒമ്പതുവർഷം കഴിഞ്ഞാണ് ആഴ്ചപ്പതിപ്പ് തുടങ്ങിയത്. അത് എഴുത്തുകാരുടെ സർഗാത്മക ഭാവനയ്ക്കുള്ള വേദിയായിരുന്നു. എസ്. ഹരീഷ് ആഴ്ചപ്പതിപ്പിലെഴുതിയത് ഒരു നോവലാണ്. ഒരു ലേഖനമോ കുറിപ്പോ അല്ലെന്നോർക്കണം, അതൊരു ലേഖനമാണെന്ന മട്ടിൽ വളച്ചൊടിച്ച് ദിനപത്രത്തിന് നേരെ കല്ലെറിയാൻ ശ്രമിച്ചവരിൽ മാതൃഭൂമി വായനക്കാരിൽ കണ്ണുവെച്ചവരുമുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ തങ്ങളുടെ കൂടെ വരുമെന്ന് അവർ സ്വപ്നംകണ്ടു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടർത്തിമാറ്റി പത്രത്തിന്റെ അഭിപ്രായമാണെന്ന് വരുത്തിത്തീർക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് അതോടെ ബോധ്യമായി. കഥാപാത്രങ്ങളുടെ സംഭാഷണം ദിനപത്രത്തിന്റെ തലയിൽ കെട്ടിവെച്ചാൽ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവർ ഈ പത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.

മാതൃഭൂമിയുടെ ഉത്കണ്ഠ നിക്ഷിപ്ത താത്പര്യത്തോടെ സൃഷ്ടിക്കപ്പെടുന്ന ആശയമലിനീകരണത്തെ കുറിച്ചായിരുന്നു. ബോധപൂർവം മാതൃഭൂമിക്കെതിരേ തയ്യാറാക്കിയ പോസ്റ്റുകളും മാതൃഭൂമി വിരുദ്ധ ട്രോളുകളും കൃത്യമായി ഉന്നംവെക്കുന്നത് ഞങ്ങളുടെ മതേതര നിലപാടുകളെ ആയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ മാതൃഭൂമിക്കെതിരേയാണെങ്കിലും അതു സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള വിദ്വേഷത്തിന്റെ ഭാഷയെക്കുറിച്ച് ഞങ്ങൾക്ക് ഉത്കണ്ഠയുണ്ട്. കോളേജ് യൂണിഫോം പോലും മാറ്റാൻ സമയമില്ലാതെ മീൻ കച്ചവടം നടത്തി ജീവിതത്തോട് ഏറ്റുമുട്ടിയ ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ വളച്ചൊടിച്ച് മാതൃഭൂമിയുടെ കപടനാടകമാണെന്ന് വരുത്തിത്തീർക്കാൻ സാമൂഹികമാധ്യമങ്ങളിലെ ഈ കുടിലബുദ്ധികൾ ശ്രമിച്ചു. ഏഴമാന്തുരുത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ അവരുടെ സങ്കടങ്ങൾ പറയാൻ മാതൃഭൂമി പ്രവർത്തകരെ വിളിച്ചത് നിസ്സഹായത കൊണ്ടായിരുന്നു. ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർ ആ ശ്രമത്തിൽ ജീവൻ വെടിഞ്ഞപ്പോഴും അത് ട്രോളാക്കി ആഘോഷിക്കുന്നവരുടെ മനസ്സ് സാക്ഷരകേരളം കാണുന്നുണ്ട്.

ഒരു സംസ്കാരം വളർത്തുന്നുവെന്ന് ഞങ്ങൾ അവകാശപ്പെടുമ്പോഴും അത് അംഗീകരിക്കാൻ ജനങ്ങൾ കൂടെയുണ്ടെന്നുള്ളത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. അതിന്റെ ഭാഗമായാണ് ഞങ്ങളുടെ പ്രവർത്തകർ കുട്ടനാട്ടിലെ അശരണരായ മനുഷ്യരുടെ മുമ്പിലേക്ക് കുടിവെള്ളവും അരിയുമായി ചെന്നത്. മാതൃഭൂമി ഒരു രാഷ്ട്രീയകക്ഷിയുടെയും ജിഹ്വയല്ല, ഒരു മതത്തിന്റെയും പാട്ടുകാരല്ല. ഒരു സമുദായസംഘടനയെയും സ്വന്തം വളർച്ചയ്ക്കായി ഞങ്ങൾ കൂട്ടുപിടിച്ചിട്ടില്ല. ആരുടെയും നിക്ഷിപ്തതാത്പര്യത്തിനു വേണ്ടി ഞങ്ങൾ കൂട്ടുനിന്നിട്ടില്ല. എന്നും മതേതരത്വമാണ് മാതൃഭൂമിയുടെ പ്രാണവായു. മതനിരപേക്ഷതയുടെ പേരിൽ ഉറച്ചുനിന്ന ഈ പത്രത്തിന് സമൂഹത്തിനോടാണ് ഉത്തരവാദിത്വം. മൂന്നായി മുറിഞ്ഞുകിടന്ന കേരളത്തെ സമസ്തകേരളമാക്കാൻ ആദ്യത്തെ ചുവട് വെപ്പ് നടത്തിയ പത്രത്തിന് കേരളത്തിന്റെ മൂല്യങ്ങളിലാണ് വിശ്വാസം.

ജനാധിപത്യത്തിന്റെ കാതലായ ആശയസംവാദങ്ങളുടെ തുറന്നവേദി മാതൃഭൂമി തന്നെയായിരുന്നു. വിഭിന്നമായ അഭിപ്രായങ്ങളും വീക്ഷണങ്ങളുമാണ് ജനാധിപത്യത്തിന്റെ മൗലികതയെ രൂപപ്പെടുത്തുന്നത്. എന്നാൽ, അതിനു വേദിയൊരുക്കുന്നതിനുപകരം ഭീഷണിപ്പെടുത്തുകയും തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ഗുരുതരമായ രോഗലക്ഷണമാണ്. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന മതേതരജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനു പിന്നിൽ മാതൃഭൂമിയുടെ ചോരയും വിയർപ്പുമുണ്ട്.

മുഖപ്രസംഗം എഴുതിക്കൊണ്ടിരിക്കെ പത്രാധിപക്കസേരയിൽനിന്ന് പത്രാധിപരെ അറസ്റ്റു ചെയ്യുമ്പോഴും നാളത്തെ വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനെ കുറിച്ചാണ് അതിന്റെ ജീവനക്കാർ വേവലാതി കൊണ്ടത്. വാർത്തകൾ വസ്തുനിഷ്ഠമായി അറിയിക്കുന്നതാണ് മാതൃഭൂമിയുടെ എക്കാലത്തെയും വലിയ ദൗത്യം. അതുകൊണ്ട് തന്നെ മാതൃഭൂമിക്ക് ഗൂഢതാത്പര്യങ്ങളുള്ളവരുടെ എതിർപ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്. മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണ് എന്നാണ് മാതൃഭൂമി തുടങ്ങുമ്പോൾ അതിന്റെ പത്രാധിപർ ആദ്യമെഴുതിയ വാചകം. സമൂഹത്തിന്റെ തുറന്ന അഭിപ്രായങ്ങളുടെ ബഹുസ്വരതയാണ് മാതൃഭൂമിയുടെ ശക്തി. ആവിഷ്കാരസ്വാതന്ത്ര്യം അതിന്റെ മജ്ജയും മാംസവുമാണ്. ആ സംസ്കാരത്തിന്റെ രക്ഷാദൗത്യം ഏറ്റെടുത്തുകൊണ്ട് മാതൃഭൂമി അതിന്റെ അക്ഷരലോകത്തെ കാക്കാൻ ജാഗ്രതയോടെ നിലകൊള്ളുകതന്നെ ചെയ്യും.

https://www.azhimukham.com/newswrap-mathrubhumi-published-editorial-on-meesha-and-freedom-of-expression-writes-saju/

Next Story

Related Stories