TopTop
Begin typing your search above and press return to search.

ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ എന്ന നാട്ടുകാരുടെ 'അങ്കലാപ്പി'നിടയിലെ ഓട്ടപ്പാച്ചിലുകള്‍; ഭദ്ര ടീച്ചര്‍ എന്ന ജീവിതം

ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ എന്ന നാട്ടുകാരുടെ അങ്കലാപ്പിനിടയിലെ ഓട്ടപ്പാച്ചിലുകള്‍; ഭദ്ര ടീച്ചര്‍ എന്ന ജീവിതം

ഭദ്ര ടീച്ചർ നാട്ടിലെ അയൽവാസിയാണ്. വെക്കേഷന് രണ്ടുമാസം കുത്തിമറിയാൻ നാട്ടിൽ പോകുമ്പോൾ ശല്യം കാരണം വല്യമ്മയാണ് ഭദ്ര ടീച്ചറിൻ്റെ അടുക്കൽ പഠിക്കാനാക്കിയത്. അതിന് വല്യമ്മ പറഞ്ഞ ന്യായം എപ്പോഴും കളിച്ചാൽ കുട്ടികൾക്ക് പനിവരുമെന്നായിരുന്നു. അതുകൊണ്ട് ഇരുപത്തിമൂന്ന് മണിക്കൂർ വേണേലും കളിച്ചോ, പക്ഷെ ഒരു മണിക്കൂർ പഠിച്ചേ പറ്റൂ എന്ന നിയമം വന്നപ്പോൾ ഞങ്ങൾ കുട്ടികൾ ഭദ്ര ടീച്ചറിൻ്റെ അടുക്കൽ പഠിക്കാൻ പോയി. അഞ്ചാംക്ലാസ്സിൽ ആയിരുന്നു എന്നാണ് ഓർമ്മ. ടീച്ചറിൻ്റെ ഒരുമണിക്കൂർ ക്ലാസ്സുകൾ എന്നുപറഞ്ഞാൽ പഠിക്കുന്ന വിഷയമല്ലാതെ വേറെ ഒന്നും തന്നെ സംസാരിക്കാൻ പാടില്ലാത്ത, ചിരിക്കാൻ പാടില്ലാത്ത, എന്തിന് നന്നായൊന്ന് ശ്വാസം എടുക്കാൻ പാടില്ലാത്ത ക്ലാസ്സുകൾ ആയിരുന്നു. ഒരിക്കലും ഇടവേളകൾ തന്നില്ല. ഒരു മണിക്കൂർ എന്നത് ചിലപ്പോഴൊക്കെ ഒന്നര രണ്ടു മണിക്കൂർ വരെയൊക്കെ പോയി. ചില പാഠഭാഗങ്ങൾ തെറ്റിയപ്പോൾ ടീച്ചർ ഉഗ്രമൂർത്തിയായി. ഇടയ്ക്കിടെ മുറിയിലേക്ക് വരുന്ന ടീച്ചറിന്റെ ചെറിയ മോളെ നോക്കി ചിരിച്ചപ്പോൾ ഒക്കെ പാഠഭാഗം ശ്രദ്ധിക്കാത്തതിന് വഴക്ക് കിട്ടി. ടീച്ചറിന്റെ വീട്ടിൽ വെക്കേഷൻ സമയത്തും നിറയെ കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു. എന്നെപ്പോലെ പനിപിടിക്കാതിരിക്കാൻ വരുന്ന കുട്ടികളാവും എന്നാണ് ഞാൻ കരുതിയത്. പിന്നീട് തോന്നി ടീച്ചറിന് വെക്കേഷന് എങ്ങും പോകേണ്ടതില്ലയോ എന്ന് . വെക്കേഷൻ ക്ലാസ്സിന് വരുന്ന കുട്ടികളോട് പോലും നാളെ വാർഷിക പരീക്ഷ എന്ന പോലെയാണ് ടീച്ചർ സംസാരിക്കുക. ഒന്ന് പറഞ്ഞ്, രണ്ടിന് ടീച്ചർ ഒച്ചയിടും, വഴക്കുപറയും പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും പഠിപ്പിക്കുന്നതിൽ നൂറ് ശതമാനം ആത്മാർത്ഥത ഉണ്ടാകും.

അഞ്ചാം ക്ലാസ്സ് മുതൽ ഭദ്ര ടീച്ചറിൻ്റെ അടുക്കൽ പഠിച്ച ഓരോ വർഷവും പഠിച്ചതിൽ കൂടുതൽ സംശയങ്ങളുമായിട്ടാണ് ഞാൻ ആ വീട്ടുപടികൾ കേറുകയും ഇറങ്ങുകയും ചെയ്തത്. ഓരോവർഷവും വെക്കേഷന് ചെല്ലുമ്പോൾ സംശയങ്ങൾ കൂടുകയാണ് ഉണ്ടായത്. സംശയങ്ങൾ ഒരിക്കലും പാഠഭാഗത്ത് നിന്നും ആയിരുന്നില്ല. പത്താം ക്ലാസ്സിൽ നിന്ന് പ്ലസ് വണ്ണിലേക്കുള്ള അവധി അൽപ്പം നീണ്ടതായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം എന്നെ ഭദ്ര ടീച്ചർ പഠിപ്പിച്ചിട്ടില്ല. എങ്കിലും എല്ലാ അവധികളിലും ഞാൻ അവിടെ ചെല്ലുമായിരുന്നു. ടീച്ചറിൻ്റെ ഏറ്റവും ചെറിയ കുട്ടികളുടെ ബാച്ചിനെ പഠിപ്പിക്കാൻ സഹായകമ്മിറ്റി എന്ന നിലയിൽ. ആ സമയത്തതൊക്കെ ടീച്ചർ ചെറുതായൊക്കെ എന്നോട് മനസ്സ് തുറന്ന് തുടങ്ങി. വീടിൻ്റെ ഓട് പൊട്ടിയിട്ട് മാറ്റിയിടാൻ ഒരാളെ കിട്ടാത്തതിൻ്റെ പ്രയാസം. മഴപെയ്താൽ വീടിനകം മുഴുവൻ വെള്ളം കയറുന്നത്... ഇങ്ങനെ കക്ഷിയുടെ ചെറിയ ദുഃഖങ്ങൾ എന്നോട് പറയാൻ തുടങ്ങി. അപ്പോഴൊക്കെ എന്റെ ചില പഴയ സംശയങ്ങൾ മനസ്സിൽ തലപൊക്കും. "ടീച്ചറിന് ശരിക്കും ആരോടാണ് ദേഷ്യം? എന്തിനാണ് ദേഷ്യത്തിൽ സംസാരിക്കുന്ന ഓരോ രണ്ട് വാക്കുകൾക്കിടയിലും കണ്ണുനിറയുന്നത്? മറ്റുള്ളവരെ വഴക്ക് പറഞ്ഞിട്ട് എപ്പോഴും സ്വയം കരയുന്നതെന്തിനാണ്?എന്താണ് ശരിക്കും ടീച്ചറിൻ്റെ പ്രശ്നം?" പക്ഷെ ഞാനൊരിക്കലും ഇതൊന്നും ചോദിച്ചില്ല. ക്ലാസുകൾ മുന്നോട്ട് പോകും തോറും എൻ്റെ നാട്ടിലേക്കുള്ള യാത്ര കുറഞ്ഞു. പോയാൽ തന്നെയും തങ്ങുന്ന ദിവസങ്ങൾ കുറഞ്ഞു. വന്നു പോകുന്ന വേഗതകൾക്കിടയിൽ പലപ്പോഴും ഭദ്ര ടീച്ചറിനെ കണ്ടില്ല. ഇടയ്ക്ക് മുറ്റത്ത് കണ്ടാൽ കൈ ഉയർത്തി കാണിക്കുന്നത് മാത്രമായി ബന്ധം. പി.ജി കഴിഞ്ഞ സമയത്തെ അവധിക്ക് നാട്ടിൽ പോയപ്പോൾ ഒരു ദിവസം വൈകിട്ട് ഭദ്ര ടീച്ചറെ കണ്ടു. അപ്പോൾ പറഞ്ഞു. "ലക്ഷ്മിയെ കാണാൻ ഇരിക്കുവാരുന്നു. മോൾടെ കല്യാണമാണ്, ലക്ഷ്മി വരണം.' ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു, "ടീച്ചർ അവൾ പ്ലസ്ടുന് പറ്റിക്കുവല്ലേ. കല്യാണം കഴിക്കാറായില്ലല്ലോ. ടീച്ചർ ഇതെന്തൊക്കെയാണ് പറയുന്നത്". അതിൻ്റെ മറുപടി വലിയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു. വേറെ ഒന്നും പറയാതെ അവർ വീട്ടിനുള്ളിലേക്ക് നടന്നുപോയി. കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ വീട്ടിലേക്കും തിരികെ വന്നു. എങ്കിലും ടീച്ചറിന്റെ കരച്ചിൽ അന്ന് മുഴുവൻ മനസിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു. നാട്ടിലെ ഒരു ഉയർന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, ഉയർന്ന ഫീസ് ഒക്കെ കൊടുത്താണ് ടീച്ചർ ആ കുട്ടിയെ പഠിപ്പിച്ചത്. അത് ആ കുട്ടി എങ്ങും എത്തും മുന്നേ കെട്ടിച്ച് വിടാനാണോ എന്ന് ഞാൻ ഓർത്തു.

അന്ന് ആദ്യമായി അമ്മമ്മയോട് ഭദ്ര ടീച്ചറിനെ കുറിച്ച് അന്വേഷിച്ചു. "ഈ ടീച്ചറിന് ശരിക്കും എന്താണ് പ്രശ്നം? എന്തിനാണ് ആ കുട്ടിയെ ഇത്ര നേരത്തെ...". ഞാനത് മുഴുവിപ്പിച്ചില്ല. അമ്മമ്മ അപ്പോൾ ഒരു വലിയ കഥ എനിക്ക് മുന്നിലേക്ക് എടുത്ത് വച്ചു. "ഭദ്ര പഠിക്കാൻ മിടുക്കിയായൊരു കുട്ടിയാരുന്നു. പത്താം ക്ലാസ്സിലും പ്രീഡിഗ്രിക്കും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജയിച്ച കുട്ടിയാണ്. അപ്പോൾ തന്നെ നാട്ടിലെ പല ചെക്കന്മാരുടെ അമ്മമാരുടെയും കണ്ണ് അവള്‍ടെ മേലായി. അല്ലേലും ഒരു പെണ്ണിന് വീട് നോക്കാൻ പ്രീഡിഗ്രി വരെ പഠിക്കുന്നത് തന്നെ ധാരാളം എന്നാണ് അന്നൊക്കെ അവളുടെ അമ്മ പറഞ്ഞിരുന്നത്. എന്നിട്ടും ഭദ്ര സിറ്റിയിലെ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ആദ്യ വർഷം ക്ലാസ്സിലെ ഏറ്റവും കൂടുതൽ മാർക്കും അവൾക്കായിരുന്നു. അവൾ അവിടെ ഹോസ്റ്റലിൽ ആയോണ്ട് ഇവിടുത്തെ പുകിലുകൾ ഒന്നും അറിഞ്ഞുമില്ല. ഇവിടെ അവളുടെ അമ്മ പുറത്തിറങ്ങുമ്പോൾ തന്നെ മകൾക്ക് വിവാഹം ഒന്നും ശരിയായില്ല അല്ലേ എന്ന് ചോദിച്ച് തുടങ്ങും മനുഷ്യര്. ഓൾക്ക് അത് കേൾക്കുമ്പോൾ മോൾക്ക് അമ്പത് വയസായിട്ട് കല്യാണം ആകാതെ നിൽക്കുന്ന പോലെ ഒരു ആധി അങ്ങ് കേറും. അന്നും ഞാൻ അവളോട് പറഞ്ഞു, കൊച്ചിന് നല്ലൊരു ഭാവിയുള്ളതാണ്. നാട്ടുകാര് പറയണത് കേട്ട് നീ അത് നശിപ്പിക്കരുതെന്ന്. കല്യാണ ബ്രോക്കർമാരും ചെക്കന്മാരുടെ തള്ളമാരും അവിടെ ഒത്തിരി വന്നുപോയി. ഒരു ഓണാവധിക്ക് അവൾ നാട്ടിൽ വന്നപ്പോൾ അവളുടെ സമ്മതമില്ലാതെ അതിന്റെ കല്യാണം ഉറപ്പിച്ചു. ഭദ്ര കുറെ കരഞ്ഞു, ബഹളം വച്ചു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഒരു ഗൾഫുകാരനുമായി. തുടർന്ന് പഠിപ്പിക്കാം എന്ന അവൻ്റെ അമ്മയുടെ ഉറപ്പിന്മേൽ വെറ വഴിയില്ലാതെ ഭദ്ര വിവാഹത്തിന് സമ്മതിച്ചു . വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ ഗൾഫിലേക്ക് പോയി, ഭദ്ര കോളേജിലേക്കും. കോളേജിൽ വച്ച് ഒരു ദിവസം വയ്യാണ്ട് അവിടുള്ളവർ അവളെ ഇവിടെ കൊണ്ടുവന്നാക്കി. അപ്പോൾ ഓൾക്ക് വിശേഷം ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു മോനെയും അവൾക്ക് കിട്ടി.അടുത്തത് എം.എയ്ക്ക് പോകണമെന്ന് അവൾ പറഞ്ഞു, ആരുമതിന് തടസം നിന്നില്ല. പഠിത്തത്തിൻ്റെ ഒപ്പം കുഞ്ഞിൻ്റെ കാര്യങ്ങളും അവൾ നോക്കി. എം.എ ആദ്യ വർഷം കഴിഞ്ഞപ്പോൾ ഗൾഫുകാരൻ ഒരുമാസത്തെ അവധിക്ക് നാട്ടിൽ വന്നു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചും പോയി. എം.എ കഴിഞ്ഞപ്പോൾ ഭദ്രയ്ക്ക് ഒരു പെൺകുഞ്ഞും കൂടിയായി. ഈ രണ്ട് കുഞ്ഞുങ്ങളെയും വളർത്തുന്നതോടൊപ്പം ഭദ്ര ബി.എഡ് കൂടി ചെയ്തു.

പിന്നെ ഭർത്താവ് വന്നത് രണ്ടുവർഷം കഴിഞ്ഞാണ്. അപ്പോൾ മകൾക്ക് രണ്ടു വയസ്, മകന് മൂന്ന് വയസ്. അപ്പോഴേക്കും ഭദ്ര നാട്ടിലെ ഒരു ചെറിയ സ്കൂളിൽ പഠിപ്പിക്കാൻ പോയിത്തുടങ്ങിയിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഭദ്രയെ സ്കൂളിൽ ചെന്ന് അവളുടെ അമ്മാവന്മാർ കൂട്ടിക്കൊണ്ടു വന്നു. കാര്യം എന്താന്ന് അവൾക്കും പിടികിട്ടിയില്ല. വീട്ടിലെത്തിയപ്പോൾ അവളറിഞ്ഞു, ഭർത്താവ് ഒരു ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. അതും അയാളുടെ പൂർവ്വ കാമുകിയുടെ ഒപ്പം. ആ പെൺകൊച്ചിനും ഭർത്താവും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃതദേഹം തുന്നിക്കെട്ടി വീട്ടിൽ കൊണ്ടുവരാൻ കുറെ സമയം എടുത്തു. അവൾക്ക് എന്ത് പറഞ്ഞു നിലവിളിക്കണം എന്ന് പോലും അറിയില്ലായിരുന്നു. മരണത്തിന് വന്ന ബന്ധുക്കൾ ചുറ്റുമിരുന്ന് പറഞ്ഞു കൊടുത്തത് അയാളുടെ ആദ്യ പ്രണയകഥ ആയിരുന്നു. ഭദ്രയുമായുള്ള വിവാഹത്തിന് അയാൾക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. കാമുകിയുടെ കല്യാണം കഴിഞ്ഞതുകൊണ്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയുമാണ് അയാൾ ഭദ്രയെ വിവാഹം ചെയ്തതും എന്നൊക്കെ. അവൾ അന്നൊന്നും മിണ്ടിയില്ല എങ്കിലും പിറ്റേന്ന് മുതൽ മുന്നിൽ കാണുന്ന എല്ലാവരോടും, എല്ലാത്തിനോടും ദേഷ്യമായി.

മൂന്നുവർഷത്തെ ദാമ്പത്യം അവർ ഒന്നിച്ച് ജീവിച്ചത് ഏതാണ്ട് രണ്ടുമാസം, മൂന്ന് മാസം മാത്രം. സഞ്ചയനമോ മറ്റുകർമ്മങ്ങൾക്കോ ഭദ്ര ആ വീട്ടിൽ നിന്നില്ല. കുട്ടിക്കളേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോന്നു. ജോലിക്ക് പോയി, വീട്ടിൽ ട്യൂഷനെടുത്തു. ചില വീടുകളിൽ പോയും ട്യൂഷൻ എടുത്തു. പക്ഷെ അവളുടെ സ്വഭാവം മാറിപ്പോയി. ആരോടും ചിരിക്കില്ല, ഒച്ച വച്ച് മാത്രേ സംസാരിക്കൂ, അമ്മയുമായി എപ്പോഴും വഴക്കായി. നാത്തൂന്മാർക്ക് ഭദ്ര വീട്ടിൽ താമസിക്കുന്നത് ഒരു ബുദ്ധിമുട്ടായി. അപ്പോഴേക്കും കുട്ടികളെ നഴ്‌സറിയിൽ ചേർക്കാറായി. ഭദ്ര വീടിന്റെ അടുത്തതായി ചെറിയൊരു വീട് വാടകയ്‌ക്കെടുത്തു. കുട്ടികളെ ഏറ്റവും നല്ല സ്കൂളിൽ ചേർത്തു. വെക്കേഷനുപോലും ക്ലാസ് എടുത്തു. (വെക്കേഷന് ടീച്ചർ എന്താ യാത്ര പോകാത്തെ എന്നുള്ള എന്റെ കുട്ടിക്കാല സംശയങ്ങളിൽ ഒന്നിന് മറുപടി ലഭിച്ചു). ആ ചെറിയ വാടക വീട്ടിൽ അവൾ ട്യൂഷനെടുത്തതും സ്കൂളിൽ പോയും മാത്രം ജീവിച്ചു. മകനെ എൻജിനീയറിങ്ങിന് ചേർത്തു. മകളെ നാട്ടിലെ ഏറ്റവും മുന്തിയ സ്കൂളിൽ പ്ലസ്ടു വരെ പഠിപ്പിച്ചു, കൊച്ച് നല്ല മാർക്ക് വാങ്ങി പാസായി. ഇപ്പൊ അതിന് കല്യാണവുമായി. വകയിലേതോ ബന്ധുവാണെന്ന് തോന്നുന്നുപയ്യൻ. ഭദ്രയോട് അതൊന്നും ചോദിക്കാൻ തരായില്ല" എന്ന് പറഞ്ഞു അമ്മമ്മ നിർത്തി.

അവിടെ മാത്രം എനിക്കാ കല്ലുകടിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കല്യാണത്തിന് സമ്മതിക്കാതിരുന്ന, ഇത്രയും ജീവിതാനുഭവങ്ങൾ ഉള്ളൊരു വ്യക്തി പ്ലസ്ടു കഴിഞ്ഞ കൊച്ചിനെ എങ്ങനെയാണ് വിവാഹം ചെയ്ത് അയയ്ക്കുന്നത് എന്ന് എത്ര ഓർത്തിട്ടും മനസിലായില്ല. രാവിലെ ടീച്ചറിൻ്റെ വീട്ടിലോട്ട് ചെന്നു. ആളവിടെ ഒറ്റയ്ക്കാരുന്നു, കരഞ്ഞു കണ്ണ് കലങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ കണ്ണീരിൻ്റെ അളവ് കൂടി. ഞാനൊന്നും ചോദിച്ചില്ല, പോയ ഉടനെ തിരിച്ചിറങ്ങേണ്ട എന്ന് കരുതി വരാന്തയിൽ ഇരുന്നു. ഞങ്ങൾ രണ്ടുപേർക്കിടയിൽ കനത്ത നിശബ്ദത. ടീച്ചർ പെട്ടെന്നെന്നോട് ചോദിച്ചു. "അമ്മ വളർത്തുന്ന കുട്ടികൾ ഒക്കെ സ്വഭാവദൂഷ്യം ഉള്ളോരാകോ ലക്ഷ്മി?" ആ ചോദ്യത്തിന് മുന്നിൽ ഞാൻ അമ്പരന്നുവെങ്കിലും "അങ്ങനെ ഒരറിവ് എനിക്കില്ല ടീച്ചർ, അങ്ങനെ ഞാൻ ഇന്നോളം കേട്ടിട്ടില്ല" എന്ന് മറുപടി പറഞ്ഞു. "എന്നാൽ അമ്മ വളർത്തിയതുകൊണ്ടു മാത്രം എൻ്റെ രണ്ടുമക്കളും തലതിരിഞ്ഞു പോയി എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളുടെ അച്ഛൻ മരിച്ച ശേഷം ഞാൻ വെറെ വിവാഹം കഴിച്ചിരുന്നെങ്കിൽ കുട്ടികൾക്ക് നാഥൻ ഉണ്ടാകുമായിരുന്നു എന്ന്. അതിനർത്ഥം ഞാനുണ്ടായിട്ടും എന്റെ മക്കൾ അനാഥരെ പോലെ വഴി പിഴച്ചുപോയി എന്നല്ലേ. എനിക്ക് ഓരോ പ്രാവശ്യവും വിവാഹം ചെയ്ത് പരീക്ഷണം നടത്താനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അന്നും ഇന്നും ഞാനെന്റെ മക്കളോട് തെറ്റു ചെയ്തതത്രെ. എന്റെ ഭർത്താവ്, അവരുടെ അച്ഛൻ ആത്മഹത്യ ചെയ്തത് ഞാൻ കാരണമാണത്രെ, ആ മനുഷ്യനോട് നേരെ ചൊവ്വേ ഞാൻ സംസാരിച്ചതോ, ഒന്നിച്ച് യാത്രപോയതോ അങ്ങനെ ഒരു ഓർമ്മയും എനിക്കില്ല. വളരെ പാടുപെട്ട് ഞാൻ ഓർത്തെടുക്കുന്ന ഒരു മുഖം. അയാൾ എനിക്ക് ജീവിതത്തിൽ ആകെ വാങ്ങി തന്ന സമ്മാനം ഒരു സാരിയാണ്", അകത്ത് ചെന്നവർ വെള്ളയിൽ വയലറ്റ് കുത്തുകൾ ഉള്ള ഒരു ഗാർഡൻ സിൽക്ക് സാരി കൊണ്ടുവന്ന് കാണിച്ചു. "ഞാനിത് ഉടുക്കാറില്ല, എടുക്കാറില്ല, പക്ഷെ കളഞ്ഞില്ല. അയാളോടുള്ള എന്തെങ്കിലും സ്നേഹബന്ധത്തിൻറെ പുറത്ത് സൂക്ഷിക്കുന്നതുമല്ല. വെറുതെ സൂക്ഷിക്കുന്നു എന്ന് മാത്രം". ഞാൻ തരിച്ചു നിൽക്കുവാണ്. എന്ത് ചോദിക്കണം പറയണം എന്നൊന്നും ആ നിമിഷം മനസ്സിൽ വന്നില്ല. ഇതിനുമുൻപ് ഒരിക്കലും ടീച്ചർ ഇത്രയും തുറന്ന് പറച്ചിൽ ഒന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ആകെ അന്ധാളിച്ച് പോയി. എന്നാലും ഇത്രയും ചോദിച്ചു, എന്തുപറ്റി ടീച്ചർ ഇത്രയും വേഗം മാലയുടെ വിവാഹം നടത്താൻ? മറുപടി ശരവേഗത്തിലായിരുന്നു. "ഞാൻ നടത്തിയില്ലെങ്കിൽ അവൾ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു, അതുകൊണ്ട്". ടീച്ചറിന്റെ ഒരു ബന്ധുവായിരുന്നു പയ്യൻ. ഏതോ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത സമയത്താണ് ടീച്ചറിന്റെ മകളും അവനും തമ്മിൽ ആദ്യമായി കണ്ടത്. അവന് അവളെക്കാൾ 12 വയസിന് മൂപ്പുണ്ട്, പത്താം ക്ലാസ്സ് തോറ്റതാണ്. കൂലിപ്പണിയാണ്, ജോലിയുള്ള ദിവസം കിട്ടുന്ന കാശ് മുഴുവൻ കുടിച്ച് തീർക്കും. ഏതൊരമ്മയെയും പോലെ ടീച്ചർ വിവാഹം എതിർത്തു. "അവളോട് ആ പ്രായത്തിലെ കുട്ടികൾക്ക് ഉണ്ടാവുന്ന വെറും ആകർഷണങ്ങൾ മാത്രമാണ് ഇതൊക്കെ എന്ന് പറഞ്ഞു കൊടുത്തു, ഇങ്ങനെ ഒരാളോട് ഒപ്പം വിവാഹം കഴിക്കാനല്ല ഇത്രയും വലിയ സ്കൂളിൽ അവളെ ചേർത്ത് പഠിപ്പിച്ചത് എന്ന് പറഞ്ഞു, കരഞ്ഞു, കാലുപിടിച്ചു. അവൾക്ക് അമ്മയോടോപ്പമുള്ള ജീവിതം മടുത്തു എന്നു പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും സന്തോഷം അനുഭവിക്കാതെ ഈ കാലം മുഴുവൻ ജീവിച്ചു, ഇനിയെങ്കിലും അവൾക്ക് സന്തോഷത്തോടെ ജീവിക്കണം എന്നുപറഞ്ഞു. അതിന്റെ ഇടയിൽ എൻജിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്ന മകൻ അവന് മാത്രം അറിയുന്ന കാരണങ്ങൾ കൊണ്ട് പഠിത്തം നിർത്തി തിരിച്ചു വന്നു. നാട്ടുകാർ പറഞ്ഞു, 'പെൺമൂപ്പ് കൂടിയാൽ ഇതാവും ഫലമെന്ന്'".

ടീച്ചറിനെ എനിക്ക് മനസിലാകുമായിരുന്നു, അതുപോലെ ആ മകളെയും. വീടിനപ്പുറം ഒരു ലോകമില്ലാത്ത കുട്ടി, ഒരിക്കലും ചിരിച്ച് കാണാത്ത ഒരമ്മയുടെ മുഖം, സ്കൂളിൽ കുട്ടികൾ ഓരോ വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ പറയുന്ന കഥകൾ ഒന്നും അവൾക്ക് പരിചിതമായിരുന്നില്ല. വെക്കേഷന് പോലും അടുത്ത വർഷത്തെ സിലബസ് പഠിച്ചിരുന്ന ബാല്യം. ഒരു പതിനേഴു വയസുകാരി ഒരു നിമിഷം ഒരാൾ ചേർത്തുപിടിച്ചപ്പോൾ അവനെ വിശ്വസിക്കുന്നതിലും അവനിൽ സന്തോഷം കണ്ടെത്തുന്നതിലും നമുക്ക് തെറ്റ് പറയാൻ കഴിയില്ല. ടീച്ചറിന് ആ സൈഡിൽ പാളിച്ച പറ്റി എന്നെനിക്ക് പറയണമെന്നുണ്ടായിരുന്നു പക്ഷെ അതും കൂടി പറഞ്ഞു അവരെ തളർത്താൻ എനിക്ക് കഴിയില്ലാരുന്നു.

മാലയുടെ വിവാഹത്തിന് പോകാൻ കഴിഞ്ഞില്ല അതുകഴിഞ്ഞുള്ള വിരുന്നു സൽക്കാരത്തിനാണ് പോയത്. അതിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ എന്നെ എതിരേറ്റത്, ഒരു സ്ത്രീ തന്നിഷ്ടക്കാരിയായി ഒറ്റയ്ക്ക് ജീവിച്ചാൽ ഇതുമാതിരിയുള്ള അപകടം ഉണ്ടാകും എന്നുള്ള നാട്ടുകാരുടെ സംഭാഷണങ്ങളാണ്. ആ സ്ത്രീ ചെയ്ത തെറ്റ് പറക്കമുറ്റാത്ത പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ കുഞ്ഞുങ്ങളെയും എടുത്ത് ഒരു വീട്ടിലും അടിമപ്പണിക്ക് പോയില്ല എന്നതാണ്. ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ അവരിലെ സ്നേഹത്തെ കെടുത്തിക്കളഞ്ഞു എന്നത് സത്യമാണ്. പക്ഷെ അവർ തളരാൻ തയ്യാറായിരുന്നില്ല. തളരാത്ത സ്ത്രീകൾക്ക് നമ്മുടെ നാട്ടിൽ പേരുകൾ പലതാണല്ലോ. വിവാഹവേദിയിൽ ഒരച്ഛനും മകളും ഇരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. മാലയുടെ അടുത്തിരിക്കുന്ന മനുഷ്യന് ആ വിരുന്നിനെത്തിയ ആരുടെയും മുഖത്ത് നോക്കാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. അയാൾ തലകുനിച്ച് ഇരിക്കുന്നു. മാല സന്തോഷവതിയായും. മറ്റൊരു നേട്ടവും ഇല്ലെങ്കിലും അവളുടെ സന്തോഷത്തിന് കുറവുണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു. ടീച്ചറെ ദൂരെ നിന്ന് കണ്ട് കൈവീശി കാട്ടി പോന്നു.

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം വല്യമ്മ നാട്ടീന്ന് വിളിച്ചപ്പോൾ വിശേഷം പറയുന്ന കൂട്ടത്തിൽ, ഭദ്ര ടീച്ചറിന്റെ മകൾ മാല ആശുത്രിയിൽ ആണ്, കെട്ടിയോൻ തല്ലിയതാണ് എന്നൊക്കെ പറഞ്ഞു. കാരണം സംശയരോഗം ആണെന്ന് കൂടി പറഞ്ഞപ്പോൾ മാലയെക്കാൾ ആദ്യം ഓർത്തത് ടീച്ചറിനെ ആയിരുന്നു. അപ്പോൾ തന്നെ വിളിച്ചു. വളരെ സമാധാനപൂർവ്വം ആയിരുന്നു മറുപടി. "എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല ലക്ഷ്മി, വിവാഹം കഴിഞ്ഞു മൂന്നാം ദിവസം മുതൽ അവന് സംശയമാണ്. ഇത്രയും സുന്ദരിയായ പെണ്ണ് അവനെ ചതിക്കുമെന്ന് കൂട്ടുകാര് പറഞ്ഞൂന്ന്. അവൾക്ക് എങ്ങോട്ടും പോകാൻ അനുവാദമില്ല; അയൽക്കാരോട്, അവന്റെ അനിയനോട്, ആരോട് മിണ്ടിയാലും അടിയാണ്. എന്നോട് അവൾ ആദ്യമൊന്നും പറഞ്ഞില്ല ഒരു ദിവസം ഞാനവിടെ കേറി ചെല്ലുമ്പോൾ കണ്ട കാഴ്ച തല്ലി ബോധം കെടുത്തി ഇട്ടേക്കുന്നതാണ്. പഠിത്തം ഒക്കെ നിർത്തി. ഇനി എന്തായാലും ഞാൻ അവന് തല്ലാൻ കൊടുക്കുന്നില്ല. ഞാൻ കൊണ്ടു പോകുവാണ്, കേസ് കൊടുത്തിട്ടുണ്ട്". ആകെ ഒരു മരവിപ്പോടെ ഫോൺ കട്ട് ചെയ്തു. ഈ സ്ത്രീയുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും പ്രശ്നങ്ങൾ തീരില്ലേ എന്നോർത്ത് കൊണ്ട്.

ആശുപത്രിയിൽ നിന്ന് ടീച്ചർ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ശാരീരികമായും മാനസികമായും അവൾ സുഖം പ്രാപിച്ചപ്പോൾ ഡിഗ്രിക്ക് ഇംഗ്ലീഷ് സാഹിത്യം മെയിൻ എടുത്ത് പഠിപ്പിച്ചു. വളരെ നല്ല മാർക്കോടെ അവൾ ഡിഗ്രി കഴിഞ്ഞു. അതിനുശേഷം ഇംഗ്ളീഷിലും ഹിന്ദിയിലും പി.ജി കഴിഞ്ഞു, നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ അവൾ ജോലിക്ക് കയറി. അപ്പോഴും അവർ താമസിച്ചിരുന്നത് ആ പഴയ വാടക വീട്ടിൽ തന്നെ ആയിരുന്നു. തേങ്ങാ വീണ് ഓട് പൊട്ടുകയും ഒരു തുള്ളി വെള്ളം പോലും പുറത്ത് പോകാതെ ചോർന്നൊലിക്കുകയും ചെയ്തിരുന്ന ആ വീട്ടിൽ. പിന്നെ ഓരോ പ്രാവശ്യം കാണുമ്പോഴും ടീച്ചറിന് പറയാൻ ഉണ്ടാരുന്നത് എന്നോ വയ്ക്കാൻ ഇരിക്കുന്ന വീടിനെ കുറിച്ചും മാലയുടെ വിവാഹത്തെ കുറിച്ചും ആയിരുന്നു. "അവൾ ഒരു മാസമേ അയാൾക്ക് ഒപ്പം കഴിഞ്ഞുള്ളു എങ്കിലും നാട്ടുകാർക്ക് അത് രണ്ടാം കെട്ട് ആണല്ലോ ലക്ഷ്മി, അതുകൊണ്ട് അവൾക്ക് നല്ല ബന്ധങ്ങൾ കിട്ടില്ല എന്നുണ്ടോ", ഇങ്ങനെയൊക്കെയുള്ള സംശയങ്ങളാൽ അവർ വല്ലാതെ സങ്കടപ്പെട്ടു. അങ്ങനെയൊന്നുമില്ല ടീച്ചർ, ഇതൊക്കെ വെറും തെറ്റിദ്ധാരണയാണ് എന്നുപറഞ്ഞു സമാധാനിപ്പിച്ചു വിട്ടു. എന്നാലും ഒരു അങ്കലാപ്പോടെ അവർ കാണുമ്പോഴൊക്കെ അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ അവരുടെ പേരിൽ കുറച്ച് പറമ്പുണ്ടായിരുന്നു അത് വിറ്റ് അവർ അതിലും ചെറിയ പറമ്പു വാങ്ങി അതിൽ വീടും വച്ചു. പറയുന്നപോലെ എളുപ്പമായിരുന്നില്ല. ലോൺ വലുതാണ്, കടം ഏറെ ഉണ്ടായിരുന്നു. ആരോടും സഹായം ചോദിച്ചില്ല, എല്ലായിടവും അവർ തന്റെ 'പെൺമൂപ്പ്' കാണിച്ച് കൊണ്ടിരുന്നു. ആയിടയ്ക്ക് മാലയ്ക്ക് അടുത്ത കോളേജിൽ ഗസ്റ്റ് ലെക്ചർ ആയി ജോലി കിട്ടി. മകനും ചെറിയ ജോലിയായി. പിന്നെ ഇടയ്ക്ക് വിളിച്ചപ്പോൾ കടങ്ങൾ അടഞ്ഞു തീരും, ഇന്നിപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ടെന്ന് സന്തോഷത്തോടെ പറഞ്ഞു. ഇപ്പോഴും വീട് നിറയെ കുട്ടികളും വെക്കേഷൻ ക്ലാസ്സും ഒക്കെ പഴയപടി തന്നെ. അവർ ഒരിക്കലും വിശ്രമിച്ചില്ല.

പിന്നൊരു ദിവസം വളരെ സന്തോഷത്തോടെ ടീച്ചർ എന്നെ വിളിച്ചു. മാലയുടെ വിവാഹമാണ്, കൂടെ വർക്ക് ചെയ്യുന്ന ഒരു ലെക്ചർ ആണ് പയ്യൻ. അവനോട് അവൾ മുഴുവൻ കഥയും പറഞ്ഞു. അവന് അതൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞു. പയ്യന്റെ കുടുംബവും നല്ലതാണ്, അവർ വന്നിരുന്നു വീട്ടിൽ. അങ്ങനെ നിർത്താതെ ഇടയ്ക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് ടീച്ചർ ആദ്യമായി സംസാരിച്ചു. ഞാൻ റീസിവർ കൂടുതൽ ചെവിയോട് ചേർത്തുപിടിച്ചു, ആ ചിരി അത്രയും അടുത്ത് കേൾക്കാൻ വേണ്ടി. നീ വരണം എന്ന് പറയാൻ അവസരം ഞാൻ കൊടുത്തില്ല, ഞാൻ തലേ ദിവസം എത്തും എന്ന് അങ്ങോട്ട് പറഞ്ഞു. വിവാഹം ഗംഭീരമായി നടന്നു. മാല വളരെ സന്തോഷവതിയായിരുന്നു. മാലയെ യാത്ര അയയ്ക്കുമ്പോൾ അമ്മയും മകളും കരയുന്ന സീൻ പിടിക്കാൻ നിന്നവരുടെ ഇടയിലൂടെ അവർ ചിരിച്ചുകൊണ്ട് നടന്നു പോയി. യാത്രയയപ്പ് കഴിഞ്ഞു ടീച്ചർ അകത്ത് വന്നപ്പോൾ ആദ്യമായി അവരെ ഞാൻ കെട്ടിപ്പിടിച്ചു, എന്നിട്ട് ഇത്രയും പറഞ്ഞു, ''അമ്മ വളർത്തിയാലും അച്ഛൻ വളർത്തിയാലും ഇനി രണ്ടുപേരും കൂടി വളർത്തിയാലും മക്കൾ ഇടയ്ക്കൊക്കെ വഴിതെറ്റും. അപ്പോൾ അവർക്കാണോ നമുക്കാണോ തെറ്റിയത് എന്ന് മനസിലാക്കി അവരെ ശരിയായ വഴി തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിലാണ് അച്ഛന്റെയും അമ്മയുടെയും കഴിവ്. അമ്മ വളർത്തിയ മക്കൾ മാത്രമായി വഴിതെറ്റാറില്ലെന്ന് ഇപ്പൊ മനസിലായില്ലേ ടീച്ചറിന്". അവർ മറുപടി ഒന്നും പറഞ്ഞില്ല, അവർ കരയുകയായിരുന്നു, ഒപ്പം ചിരിക്കുകയും. എന്നിട്ട് പറഞ്ഞു, "രണ്ടൂസത്തെ അവധിയേ ഉള്ളൂ, പിള്ളേർക്ക് പോര്ഷ‍ൻസ് ഒരുപാട് തീരാനും ഉണ്ട്. ഇന്ന് തന്നെ വിരുന്ന് ആയിരുന്നേൽ ഞാൻ നാളെ സ്കൂളിൽ പോയേനേം" എന്ന്.

അവർക്ക് വിശ്രമം എന്നും അലർജിയായിരുന്നു. ചിലപ്പോൾ തോന്നും തിരിഞ്ഞു നിൽക്കാതെ അവർ നടത്തിയ ഓട്ടപ്പാച്ചിൽ ആവും അവരെ ഇത്രയും ശക്തയാക്കിയതെന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories