TopTop
Begin typing your search above and press return to search.

കല്യാശ്ശേരിയിലെ പോളിംഗ്ബൂത്തില്‍ നിന്നും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ നായനാര്‍; ഒരു ഓര്‍മ്മ

കല്യാശ്ശേരിയിലെ പോളിംഗ്ബൂത്തില്‍ നിന്നും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ നായനാര്‍; ഒരു ഓര്‍മ്മ
പ്രഗത്ഭരും തന്ത്രജ്ഞരുമായ മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് കേരളം. എന്നാൽ കേരളത്തിന്റെ  ജനകീയനായ മുഖ്യമന്ത്രി ആരായിരുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ. വലിയ തന്ത്രജ്ഞൻ ഒന്നുമായിരുന്നില്ലെങ്കിലും ജനങ്ങളെ സ്നേഹിക്കുകയും അവരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത നായനാര്‍ ഒന്നും രണ്ടുമല്ല മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2004 മെയ് 19  ആം തിയ്യതി ഈ ലോകത്തോട് തന്നെ വിട പറഞ്ഞ നായനാരുടെ മൃതദേഹം സംസ്കരിക്കുന്നതിനായി തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരിലേക്കു കൊണ്ടുപോയമ്പോൾ ആ വിലാപ യാത്ര കടന്നുപോയ വഴികളിൽ കാത്തുനിന്ന വൻ ജനാവലി നായനാരെ കേരളം എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു.

ഇന്ന് നായനാരുടെ ഓര്‍മ്മ ദിനമാണ്. വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ ഒരിക്കൽ ഇ കെ നായനാർ എന്നെ നക്സലൈറ്റ് ആക്കിയതും പിന്നീട് ആ ദേഷ്യമെല്ലാം മറന്നു കെട്ടിപ്പിടിച്ചതുമായ അനുഭവം മുൻപും അഴിമുഖത്തിൽ എഴുതിയിട്ടുള്ളതിനാൽ അതൊന്നും വീണ്ടും ആവർത്തിക്കുന്നില്ല. എങ്കിലും നായനാരുടെ ചരമ ദിനത്തിൽ കണ്ണൂർ, കാസർകോട് ലോക്സഭ മണ്ഡലങ്ങളിൽ പെട്ട ഏഴ് ബൂത്തുകളിൽ കള്ള വോട്ടിന്റെ പേരിൽ റീ പോളിങ് നടക്കുന്നുവെന്നതിനാൽ നായനാർ മുഖ്യ കഥാപാത്രമായ ഒരു വിവാദ പോളിങ്ങിനെക്കുറിച്ചു വെറുതെ ഓർത്തു ചിരിച്ചുപോയി.

സംഭവം നടന്നത് 1999 സെപ്റ്റംബർ 11 നായിരുന്നു. സ്ഥലം നായനാരുടെ ജന്മ നാടായ കല്യാശ്ശേരിയിലെ പൊളിടെക്‌നിക്കും. അന്നും ഒരു ലോക്സഭ തിരെഞ്ഞെടുപ്പ് നടക്കുകയാണ്. എസ് എഫ് ഐ നേതാവ് എ പി അബ്ദുള്ളകുട്ടിയാണ് ഇടതുമുന്നണി സ്ഥാനാർഥി. യു ഡി എഫ് സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രനും. ഇന്നിപ്പോൾ ഇരുവരും കോൺഗ്രെസ്സിലാണെന്നു മാത്രം. സ്വന്തം വീടിനടുത്തുള്ള പോളിടെക്നിക്കിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു നായനാർ. നായനാരുടെ വരവ് പ്രമാണിച്ചു വലിയൊരു സംഘം ഫോട്ടോഗ്രാഫർമാർ അവിടെ ഉണ്ടായിരുന്നു. ബാലറ്റ് പേപ്പർ വാങ്ങി വോട്ട് രേഖപ്പെടുത്തിയ നായനാർ പേപ്പർ പെട്ടിയിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഫോട്ടോഗ്രാഫർമാർക്ക് നേരെ അത് ഉയര്‍ത്തിക്കാട്ടി 'എന്റെ വോട്ട് നമ്മടെ അബ്ദുള്ളകുട്ടിക്ക്' തന്നെ എന്ന് പറഞ്ഞത്രേ.

പിറ്റേ ദിവസം പുറത്തിറങ്ങിയ ഒരു പത്രത്തിൽ ആ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. സത്യത്തിൽ പി ആർ ഡി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം പത്രം വിലക്കുവാങ്ങുകയായിരുന്നു എന്നൊരു കഥയും അന്ന് പ്രചരിച്ചിരുന്നു. നായനാർ ജന പ്രാധാനിത്യ നിയമം ലംഘിച്ചു എന്ന മട്ടിലാണ് ചിത്രവും വാർത്തയും വന്നതെന്നതിനാൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാൽ വോട്ട് റദ്ദാക്കപ്പെടുന്നത് കൂടാതെ അഞ്ഞൂറ് രൂപ പിഴ അടക്കേണ്ടിവരുന്നതാണ് കേസ്. സംഭവം അന്വേഷിക്കാൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സിയാൻ  ചാറ്റര്‍ജിയെ തന്നെ അന്വേഷണത്തിന് നിയോഗിച്ചു. നായനാർ കുറ്റം നിഷേധിക്കുക മാത്രമല്ല ആ ഫോട്ടോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ആരോപിക്കുകയും ചെയ്തു. 'സൂപ്പർ ഇമ്പോസ്‌' എന്ന വാക്കാണ് നായനാർ അന്ന് ഉപയോഗിച്ചതെങ്കിൽ മറ്റൊരിക്കൽ ദക്ഷിണാഫ്രിക്കൻ നേതാവ് വിന്നി മണ്ടേലയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ അച്ചടിച്ച് വന്നപ്പോൾ നായനാർ ഉപയോഗിച്ച പദം 'മോർഫിംഗ്' എന്നതായിരുന്നു.  എന്തായാലും ഒടുവിൽ നയനാർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.

Read More: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

Next Story

Related Stories