'ഞങ്ങള്‍ക്കൊന്നും പിടികിട്ടാത്ത മനുഷ്യനായിരുന്നു ജോയിച്ചേട്ടന്. ഒന്നാമത് അദ്ദേഹം പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകില്ല. ശൈലി തന്നെ വേറെയാണല്ലോ. വേദനിക്കുന്നവരുടെ കൂടെ മാത്രമേ എപ്പോഴും നിന്നിട്ടുള്ളൂ. പക്ഷേ, ചില നേരത്തു തോന്നും ഇതു നമുക്കറിയാവുന്ന ജോയിച്ചേട്ടനല്ലല്ലോ എന്ന്.' തനിക്കറിയാവുന്ന ജോയിച്ചേട്ടനെക്കുറിച്ച് ഹെല്‍ത്ത് കെയര്‍ പ്രവര്ത്തകന് നെജു പറഞ്ഞുതുടങ്ങിയതിങ്ങനെയാണ്. നജ്മല്‍ ബാബു അഥവാ ടി.എന്‍ ജോയ് എന്ന സാമൂഹിക പ്രവര്ത്തകന് സാംസ്കാരിക കേരളത്തിന് എത്രയേറെ വേണ്ടപ്പെട്ടയാളായിരുന്നു എന്നതിന് പുറമേ നിന്നുള്ള നിരീക്ഷണത്തോട് സമാനമായതെങ്കിലും, അല്പം വേറിട്ടതാണ് നെജുവിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ രേഖപ്പെടുത്തപ്പെടുന്ന അദ്ദേഹത്തിന്റെ അവസാനകാല ജീവിതം.
മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും 'നക്സലൈറ്റും' 'സി.പി.ഐ.എം.എല്‍ (Communist Party of India - Marxist-Leninist) സെക്രട്ടറി'യുമായി മാത്രം രേഖപ്പെടുത്തുന്ന നജ്മല്‍ ബാബു, എങ്ങനെയാണ് ഒരു മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയായിരുന്നത് എന്നിവര്‍ക്കറിയാം. താന്‍ കൂടി മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊടുങ്ങല്ലൂരിലെ പാലിയേറ്റീവ് ക്ലിനിക്കായ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിന്റെ ജീവിതം. അന്തേവാസിയായല്ല, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിത്തന്നെ. സെന്ററിലെ ഒരു മുറിയായിരുന്നു അദ്ദേഹത്തിന്റെ ലോകം. ഡെന്‍ എന്ന് നജ്മല്‍ ബാബു വിശേഷിപ്പിച്ചിരുന്ന ആ മുറിയിലായിരുന്നു അദ്ദേഹത്തിന്റെ ഊണും ഉറക്കവുമെന്ന് നെജു ഓര്‍ക്കുന്നു.
'നാട്ടിലെ പ്രമാണി കുടുംബത്തില്‍ ജനിച്ചയാളായിട്ടും സുഹൃത്തുക്കളുടെ സഹായത്താലാണ് ജീവിച്ചിരുന്നിരുന്നത്. എന്നു കരുതി സ്വഭാവത്തിലെ പ്രത്യേകതകള്‍ക്ക് ഒരു മാറ്റവുമില്ലായിരുന്നു. നൂറു രൂപ ആവശ്യമുള്ളിടത്ത് ആരെങ്കിലും ആയിരം രൂപ കൊടുത്തെന്നിരിക്കട്ടെ. എനിക്ക് നൂറു മതിയെന്നു പറഞ്ഞ് തിരിച്ചു കൊടുക്കും. അതാണ് രീതി. കൈയില്‍ ആരെങ്കിലും ഒരു മൊബൈല്‍ കൊടുത്താല്‍, നെജുനു മൊബൈലുണ്ടോയെന്ന് ചോദിക്കും. ഇല്ലെന്നാണെങ്കില്‍ അതു നമുക്കു തന്നു കഴിഞ്ഞു..'
കായണ്ണ കേസ്, കുമ്പളങ്ങി കേസ്, അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പീഢനം എന്നിവയ്ക്കെല്ലാമുപരി, എല്ലായ്പ്പോഴും നജ്മല്‍ ബാബു ഒരു സാമൂഹിക പ്രവര്ത്തകന് തന്നെയായിരുന്നുവെന്ന് അഡ്വ. പ്രഭാകരനും കെ.ആര്. ശശിയുമടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ നടത്തിപ്പോന്നിരുന്ന സൂര്യകാന്തി ബുക്സ് പോലും പുസ്തകങ്ങള്‍ പലര്‍ക്കും ദാനം ചെയ്തായിരുന്നു അവസാനിപ്പിച്ചത്. 'ആരോഗ്യമില്ലാത്ത അവസ്ഥയില്‍പ്പോലും കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തയാളാണ്. അദ്ദേഹം പങ്കെടുക്കാത്ത ജനകീയ സമരവേദികള്‍ കേരളത്തിലുണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും.'
രോഗപീഢകള്ക്കിടയിലും കന്യാസ്ത്രീ സമരപ്പന്തലില്‍ ആവേശത്തോടെ പ്രസംഗിച്ച നജ്മല്‍ ബാബുവിനെക്കുറിച്ചാണ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്. 'ഉപവാസ സമരത്തിന് വളരെ ഉത്സാഹത്തോടെയെത്തിയാണ് പ്രസംഗിച്ചത്. പിണറായിയെയും കോടിയേരിയെയുമൊക്കെ വിമര്‍ശിച്ചു. പക്ഷേ വിമര്ശിച്ചതാണെന്ന കാര്യം പോലും ഞങ്ങള്‍ക്കു മനസ്സിലായില്ലെന്ന്' നെജുവും പറയുന്നു. 'പുറത്തുള്ളവര്‍ക്ക് ധൈഷണികനും സാമൂഹിക വിമര്ശകനുമെല്ലാമായ ടി.എന്‍ ജോയിയെയാണ് പരിചയമെങ്കിലും, അടുത്തു നില്‍ക്കുന്നവര്‍ക്ക് ജോയിച്ചേട്ടന് വേറെയാണ്'
നജ്മല്‍ ബാബുവിന്റെ വാക്കും പ്രവൃത്തിയും മനസ്സിലാക്കാന്‍ സാധിക്കാത്തത് ഇവര്‍ക്കു മാത്രമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ടി. എന്‍. ജോയ് നജ്മല്‍ ബാബുവായി മാറിയതിന് പിന്നിലെ രാഷ്ട്രീയ പ്രഖ്യാപനം പോലും തിരിച്ചറിയാന്‍ പ്രബുദ്ധ കേരളത്തിന് സാധിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്കും മറ്റും അദ്ദേഹം ഇപ്പോഴും ടി.എന്‍. ജോയിയാണ്. അവസാന കാലത്തും കൂടെക്കൊണ്ടു നടന്നിരുന്ന ഉറച്ച രാഷ്ട്രീയബോധത്തിന്റെ വെളിപ്പെടുത്തലായി വേണം അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തെ കണക്കാക്കാന്‍. "അതിനിടയിലാണല്ലോ മതം മാറിയത്. മുസ്ലിമായി, നജ്മല്‍ ബാബു എന്ന പേരു സ്വീകരിച്ചു. അത് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് പറഞ്ഞിരുന്നത്. അതൊന്നും ആളുകള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. പൊതുസമൂഹത്തിന് മതമെന്നത് വിശ്വാസമാണെങ്കില്‍, ജോയിച്ചേട്ടന് അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മുസ് ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധമായിരുന്നു അദ്ദേഹത്തിന് മതം മാറ്റം" നെജു പറയുന്നു.
ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ പ്രവര്‍ത്തകരായ പ്രീതിയും ഷീജയുമടക്കമുള്ളവരായിരുന്നു നജ്മല്‍ ബാബുവിന്റെ 'സിംഹമട'യിലേക്ക് ഭക്ഷണമെത്തിച്ചിരുന്നത്. വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തരാകാത്ത അവര്‍ക്കും സംസാരിക്കാനുള്ളത് എല്ലാ കാലത്തും അദ്ദേഹം നടത്തിയിട്ടുള്ള സാമൂഹിക ഇടപെടലുകളെക്കുറിച്ചു തന്നെയാണ്. ആര്.എസ്.എസ് അജണ്ടകള്‍ക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം ഒരു വശത്ത്, ചെറിയ പിടിവാശികളും സ്വയം പ്രഖ്യാപനങ്ങളും മറുവശത്ത്. 'പിടികിട്ടാത്ത സ്വഭാവമെന്നു തന്നെ പറയണം. അവസാനമൊക്കെ ജോയിച്ചേട്ടന് പ്രകടനപരതയുടെ ആളാണോയെന്ന് ഞങ്ങളൊക്കെ തെറ്റിദ്ധരിക്കുക വരെ ചെയ്തിട്ടുണ്ട്", നെജു പറയുന്നു.
"ഇവിടെ അലഞ്ഞു നടക്കുന്ന പുഷ്പന് എന്നൊരാളുണ്ട്. ചെറിയ മാനസിക പ്രശ്നങ്ങളൊക്കെയായിട്ട്. പുഷ്പനു വേണ്ടി എന്നു പറഞ്ഞ് ജോയിച്ചേട്ടന് ഇവിടെ ഒരു ചായക്കുറി* ഒക്കെ നടത്തി. പുഷ്പനെപ്പോലുള്ളവര്ക്കൊപ്പം സഞ്ചരിച്ച മനസ്സായിരുന്നു. ജോയിച്ചേട്ടനു പകരം വയ്ക്കാന്‍ ഇനിയൊരു ജോയിച്ചേട്ടനൊന്നും ഉണ്ടാകില്ല. നമുക്കൊന്നും മനസ്സിലാകാത്ത ചിന്തകളും കാഴ്ചകളുമൊക്കെയായിട്ട് നടന്നിരുന്ന വ്യക്തിയായിരുന്നു. ചില നേരം വല്ലാതെ തല്ലു പിടിക്കണ്ടി വരും. ജോയി ഇങ്ങനെയായാല്‍ പറ്റില്ലാ എന്ന് എല്ലാര്ക്കും തറപ്പിച്ചു പറയേണ്ടി വരും. പക്ഷേ, കാര്യങ്ങള്‍ മുഖം നോക്കാതെ പറഞ്ഞു കഴിഞ്ഞാല്‍ ജോയിച്ചേട്ടന് ആ വിഷയം തീര്‍ന്നു കഴിഞ്ഞു."
നജ്മല്‍ ബാബു എന്ന മനുഷ്യാവകാശ പ്രവര്ത്തകന്, അടിന്തരാവസ്ഥക്കാലത്തെ ക്രൂരതകളുടെ ഇരകളെ സ്വാതന്ത്ര്യ സമരസനാനികളായി കണക്കാക്കണമെന്നാവശ്യപ്പെട്ടയാളാണ്, സംസ്കാരിക കേരളത്തിന് പരിചയമുള്ള ടി.എന്‍ ജോയിയും, ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തകരുടെ ജോയിച്ചേട്ടനും രണ്ടു കാലഘട്ടങ്ങളിലായി ഒരേ ആര്‍ജവത്തോടെ പോരാടിയയാളാണ്, ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒറ്റമുറിയിലും സമരമുഖങ്ങളിലുമായി രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നയാളാണ്. സമരങ്ങളില്‍ നിന്നും ഒരു കാലത്തും വിരമിക്കാത്ത ആളാണ്. മതം മാറ്റം പോലും രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റിയ നജ്മല്‍ ബാബു തന്റെ മരണത്തില്‍ പോലും പോരാടണമെന്ന് വാശിയിലായിരിക്കാം തന്നെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് മുമ്പ് പലതവണ പരസ്യമായി ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആഗ്രഹത്തിന് തടസ്സം നിന്നുകൊണ്ടു ആരുടെ മുന്‍പിലും തോല്‍വി സമ്മതിക്കാത്ത നജ്മല്‍ ബാബുവിനെ ചിലര്‍ പരാജയപ്പെടുത്തിയിരിക്കുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വീട്ടുവളപ്പില്‍ പ്രിയപ്പെട്ട ജോയിച്ചേട്ടന് എന്ന നജ്മല്‍ ബാബുവിന് അന്ത്യവിശ്രമം.
* പരസ്പര സഹകരണ സഹായ സമ്പ്രദായമാണ് ചായക്കുറി / ചങ്ങാതിക്കുറി. നാട്ടിലെ ഒരാള്‍ക്ക് വലിയ ഒരു സംഖ്യ പണത്തിന് ആവശ്യം വന്നാല്‍ അയാള്‍ ഒരു ചായക്കുറി നടത്തുകയാണെന്ന് കാണിച്ച് ചങ്ങാതിമാരെയും നാട്ടുകാരെയും ക്ഷണിക്കും. ചായക്കുറിക്ക് വരുന്നവരെല്ലാം ഒരു ചെറിയ തുക ആവുന്നതുപോലെ തുക നല്‍കും. ആര് എത്ര തന്നുവെന്നതെന്നല്ലാം കൃത്യമായി എഴുതി വെക്കും. പലര് നല്‍കുന്നത് കൊണ്ട് ആവിശ്യകാരന് വേണ്ട തുക കിട്ടുകയും ചെയ്യും.
https://www.azhimukham.com/offbeat-fond-memory-of-tnjoy-alias-najmalbabu-writes-safiya-fathima/
https://www.azhimukham.com/books-culture-najmal-babu-book-release-paul-zachariah-words/
https://www.azhimukham.com/trending-najmal-babu-interview-prabodhanam-why-islam-important-notes/
https://www.azhimukham.com/trending-relatives-oppose-funeral-of-najmal-babu-and-cremated-at-home/
https://www.azhimukham.com/trending-tnjoy-letter-cheraman-juma-masjid-sulaiman-moulavi-regarding-cremation/