TopTop
Begin typing your search above and press return to search.

പ്രളയബാധിതരെ തനിച്ച് വീടുകളിലേക്ക് വിടാതിരിക്കുക, വാര്‍ത്തകളില്‍ സംയമനം പാലിക്കുക

പ്രളയബാധിതരെ തനിച്ച് വീടുകളിലേക്ക് വിടാതിരിക്കുക, വാര്‍ത്തകളില്‍ സംയമനം പാലിക്കുക

സുനാമി, ഓഖി, ഇപ്പോള്‍ പ്രളയം; കേരളം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കടന്നുപോയ വലിയ പ്രകൃതിദുരന്തങ്ങളാണ്. ഓരോ പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷവും ജീവിതത്തെ തിരിച്ച് പിടിക്കുക എന്നത് ദുരന്തത്തിനിരയായവര്‍ക്ക് വലിയ വെല്ലുവിളിയാണ്. പ്രളയശേഷം ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, വീടും ജീവനോപാധികളും തകര്‍ന്നു പോയവര്‍, ഈ അവസ്ഥ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരുപക്ഷേ അതിന്റെ മാനസികാഘാതം താങ്ങാനാകണമെന്നില്ല. ഭൗതിക നഷ്ടങ്ങളും പരിഭ്രാന്തിയും ആശങ്കകളും എല്ലാം കൂടിച്ചേര്‍ന്ന് വല്ലാത്ത മാനസികാവസ്ഥയാണ് അപ്പോള്‍ സൃഷ്ടിക്കപ്പെടുക. ചിന്താശക്തിയേക്കാള്‍ വൈകാരികത പ്രവര്‍ത്തിക്കുന്ന ആ നേരങ്ങളിലാണ് ആളുകള്‍ തെറ്റായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുന്നത്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് ദുരിതബാധിതര്‍ തിരികെ പോകുന്ന അവസരത്തില്‍ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

"ദുരന്താനുഭവം ഉണ്ടായിക്കഴിയുമ്പോള്‍ ഒരു കളക്ടീവ് ട്രോമ എക്‌സ്പീരിയന്‍സാകും ഉണ്ടാകുക. ഏറ്റവും പെട്ടെന്ന് ആളുകളില്‍ പടര്‍ന്ന് പിടിക്കുന്ന വികാരങ്ങള്‍ ഭയം, ആശങ്ക, പരിഭ്രാന്തി എന്നിവയാണ്. അതുകൊണ്ടാണ് തെറ്റായ വാര്‍ത്തകളും വിവരങ്ങളും കിംവദന്തികളും പെട്ടെന്ന് ആളുകളിലേക്ക് എത്തുന്നത്. അത് എല്ലാ സമൂഹത്തിലും അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിച്ച സമൂഹത്തില്‍ അതിന്റെ തോത് കൂടതലാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു വ്യക്തി നില്‍ക്കുകയും അതേ തരത്തിലുളള പ്രതിസന്ധി നേരിടുന്ന മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ അതൊരു മാതൃകയാക്കാനുള്ള പ്രവണതയുണ്ടാകും", ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൈക്കോളജി അസിസ്റ്റന്റ് പ്രഫസറുമായ ഷിജു ജോസഫ് അഭിപ്രായപ്പെടുന്നു.

"ഇത് നമുക്ക് പരിചയമില്ലാത്ത പ്രതിസന്ധിയാണ്. മലയാളികളുടെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റുകളാണ് വീടും വിദ്യാഭ്യാസവും. ഇത് രണ്ടും നഷ്ടപ്പെടുന്നത് അവര്‍ക്ക് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഒറ്റയ്ക്ക് ഒരാളെ വീട്ടിലേക്ക് വിടാന്‍ പാടില്ല. ഒരു പ്രദേശത്തുള്ള ആളുകളെല്ലാം ഒന്നിച്ച് പോകുക, ഒന്നിച്ച് വൃത്തിയാക്കുക എന്നതാണ് ചെയ്യേണ്ടത്. അപ്പോള്‍ ഈ പ്രതിസന്ധി പങ്കുവെക്കപ്പെടും. ആളുകള്‍ക്ക് ഇത് എല്ലാവരുടെയും പ്രശ്‌നമാണെന്ന് മനസിലാക്കാനാകും. ഇതിന് അയല്‍ക്കൂട്ടം, ഗ്രാമസഭ തുടങ്ങിയ സംഘങ്ങളെ ചുമതലപ്പെടുത്താവുന്നതാണ്", ഷിജു പറയുന്നു.

പ്രളയശേഷമുള്ള വീടിന്റെ അവസ്ഥയില്‍ മനംനൊന്ത് എറണാകുളം സ്വദേശിയായ റോക്കി ആത്മഹത്യ ചെയ്തിരുന്നു. കോഴിക്കോട് 19 വയസുള്ള വിദ്യാര്‍ത്ഥി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്തതും ഇതിനു പിന്നാലെയാണ്. "പ്രളയശേഷം റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകളിലെല്ലാം ആണുങ്ങളാണ് ഇരയായിട്ടുള്ളത് എന്നത്. കേരളത്തിലെ പുരുഷന്മാര്‍ക്ക് പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനുള്ള ശേഷി കുറവാണെന്നാണ് മനസിലാക്കേണ്ടത്. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആശങ്കപ്പെടുത്തുന്ന രീതിയിലല്ലാതെ അറിയിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങളും തയാറാകണം", ഷിജു ജോസഫ് പറഞ്ഞു.

മറ്റൊരു പ്രധാന കാര്യം ഈ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗ് രീതിയാണ്. "മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ആളുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അവസരങ്ങളില്‍ ആത്മഹത്യ ചെയ്തു എന്ന് നേരിട്ട് പറയുന്നതിലുപരി മരിച്ച നിലയില്‍ കണ്ടെത്തി എന്ന് വാര്‍ത്ത അണ്ടര്‍റേറ്റ് ചെയ്യാവുന്നതാണ്. അങ്ങനെയാകുമ്പോള്‍ ഒരേ മാനസികാവസ്ഥയിലുണ്ടായേക്കാവുന്ന കണക്ഷന്‍ കുറയും. ക്യാംപുകളിലുള്ള വോളണ്ടിയേഴ്‌സും കൗണ്‍സിലേ്‌സും ഇത് മാധ്യമപ്രവര്‍ത്തകരേക്കാള്‍ ശ്രദ്ധിക്കേണ്ടതാണ്. ദുരന്തബാധിതരെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പറഞ്ഞു മനസിലാക്കി വേണം വീട്ടിലേക്ക് തിരിച്ച് വിടാന്‍. പൊതുവില്‍ അന്താരാഷ്ട്ര മാധ്യമരംഗത്ത് ഉള്ള രീതിയാണ് ഇതുപോലുള്ള വാര്‍ത്തകള്‍ അണ്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്ത വളരെ മയപ്പെടുത്തി, പ്രാധാന്യം കുറച്ച് നല്‍കുക എന്നതാണ്.' ഷിജു ജോസഫ് അഭിപ്രായപ്പെട്ടു.

ദുരന്തശേഷമുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ പറ്റി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍ നായര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: "ഒരു ഡിപ്രഷന്‍ വള്‍നറബിലിറ്റി ഉള്ള ഒരു ജനതയാണ് നമ്മള്‍. കേരളത്തിലെ അമിത മദ്യാസക്തി കൂട്ടിവായിച്ചു കഴിഞ്ഞാല്‍ ഇത് മനസിലാകും. ആധുനിക സമൂഹം എന്ന് നമ്മള്‍ നമ്മളെ തന്നെ വിശേഷിപ്പിക്കുന്നെങ്കിലും അതിന്റേതായ മാനസികാരോഗ്യപരമായ ഘടന ഇല്ലാത്തവരാണ് നമ്മള്‍. പത്ത് ലക്ഷത്തിലേറെ പേര്‍ ഡിസ്‌പ്ലേസ്ഡ് ആയ സാഹചര്യത്തില്‍ ഈ ആത്മഹത്യകള്‍ക്ക് ഇത്തരത്തില്‍ പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ പൊതു ആത്മഹത്യാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സ്വാഭാവികമാണെന്നാണ് മനസിലാക്കുന്നത്. കൊച്ചിയിലെ റോക്കി എന്ന വ്യക്തിയുടെ ആത്മഹത്യക്ക് പിന്നില്‍ പ്രളയം ഒരു കാരണമായിരുന്നെങ്കിലും അത് ഒരു പ്രവണത കൂടിയായിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൂടുതല്‍ ആത്മഹത്യകള്‍ക്ക് പ്രേരണയാകുകയും ചെയ്യും."

"വാര്‍ത്താമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കുന്ന ശബ്ദങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്. ദുരന്തങ്ങളുടെയും വിപത്തുകളുടെയും സമയങ്ങളില്‍ ഉപയോഗിക്കുന്ന ബിജിഎം, സൗണ്ട് പിച്ച് എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ദുരന്തമുഖത്ത് നിന്നുള്ള ആദ്യ ദിവസങ്ങളിലെ റിപ്പോര്‍ട്ടിങുകള്‍ കണ്ടപ്പോള്‍ എന്റെ രക്തസമ്മര്‍ദം കൂടി ഒരു ഇമോഷണല്‍ എഡ്ജിലേക്ക് എത്തി. വാര്‍ത്തകളില്‍ പൊതുവില്‍ ബിജിഎം ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഈ പ്രളയസമയത്തുള്ള റിപ്പോര്‍ട്ടിങില്‍ ആളുകളില്‍ ഭയമുണ്ടാക്കുന്ന രീതിയില്‍ ബിജിഎം ഉപയോഗിച്ചതില്‍ മലയാളം വാര്‍ത്താ ചാനലുകള്‍ ആത്മവിമര്‍ശനം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായമുള്ള ആളാണ് ഞാന്‍," ഗൗരിദാസന്‍ നായര്‍ പറയുന്നു.

വികസിത രാജ്യങ്ങളില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമ്പോള്‍ അത് കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും, മുതിര്‍ന്നവരെ എങ്ങനെ ബാധിക്കും, സമൂഹത്തിനെയാകെ എങ്ങനെ ബാധിക്കും മാനസികാരോഗ്യപരമായിട്ടുള്ള മാനമെന്താണ് ഇങ്ങനെ ഒരുപാട് തരത്തില്‍ അവര്‍ കൈകാര്യം ചെയ്യും. അത് അവരുടെ അനുഭവങ്ങളില്‍ നിന്നാണ് പഠിച്ചത്. സുനാമി, ഓഖി, പ്രളയം മൂന്ന് അവിചാരിതമായ പ്രകൃതി ദുരന്തങ്ങള്‍ നമ്മള്‍ നേരിട്ട് കഴിഞ്ഞു. ഇതൊരു അവസരമാക്കി നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും പ്രളയത്തെ അതിജീവിച്ച് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കും കൌണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി നിരവധി സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരുന്നുണ്ട്. ക്യാമ്പുകളില്‍ പറ്റും നൃത്തവും ഒക്കെ ഉള്‍പ്പെടുത്തി മനുഷ്യരെ സധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനുള്ള ശ്രമങ്ങളും ഇതിനൊപ്പമുണ്ടെന്ന് നാം കാണുന്നുണ്ട്. ഇതുപോലെ തന്നെ, പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോക്കുമാണ് ആവശ്യമെന്നും, ഒപ്പം കരുതലും ഉണ്ടാകേണ്ടതുണ്ട് എന്നു തന്നെയാണ് വിവിധ മാതൃകകള്‍ ചൂണ്ടിക്കാണിക്കുന്നത്.

https://www.azhimukham.com/opinion-flood-foretold-by-drtvsajeev/


Next Story

Related Stories