TopTop
Begin typing your search above and press return to search.

മിസ്റ്റർ മോഹൻലാലിന് ബ്ലാക്ക് ഹ്യൂമര്‍ എന്താണെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?

മിസ്റ്റർ മോഹൻലാലിന് ബ്ലാക്ക് ഹ്യൂമര്‍ എന്താണെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?
താരസംഘടന എ എം എം എയിൽ നിന്ന് നടിമാരുടെ കൂട്ട രാജിക്കും, ഡബ്ല്യുസിസി എന്ന നട്ടെല്ലുള്ള സംഘടനയുടെ പ്രതിഷേധത്തിനും കാരണമായ പ്രധാന കാരണങ്ങളിൽ ഒന്നാണ് സ്ത്രീ വിരുദ്ധവും മലയാള സിനിമ രംഗത്തെ പുതിയ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവിനെ പരോക്ഷമായി ടാർഗറ്റ് ചെയ്തുകൊണ്ട് നടത്തിയ 'സ്ത്രീ ശാക്തീകരണ വാട്സാപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങി'ന്‍റെ ആക്ഷേപ ഹാസ്യാവതരണം. താരസംഘടനയായ എ എം എം എ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്ന് സംഘടിപ്പിച്ച താരോത്സവം ‘അമ്മ മഴവില്ല് 2018’ സ്റ്റേജ് ഷോയിലാണ് അശ്ലീലം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന സ്കിറ്റ് അരങ്ങേറിയത്.

താരസംഘടന എ എം എം എയുടെ പ്രസിഡന്റും, മലയാളത്തിന്റെ കംപ്ലീക്ട് ആക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമാൻ മോഹൻലാലിനോട് പത്രസമ്മേളനത്തിൽ ഈ സ്കിറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി, "അതൊരു ബ്ലാക് ഹ്യുമർ" ആണെന്നായിരുന്നു. അതോടെ ചേട്ടന് ബ്ലാക് ഹ്യൂമറിനെ പറ്റി വലിയ ധാരണ ഇല്ലെന്നു മനസ്സിലായി. മഹാനടൻ ആയതുകൊണ്ട് എല്ലാം അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. പക്ഷെ ഇത്രയും സെന്‍സിറ്റിവ് ആയ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുമ്പോൾ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒരു മിനിമം സെൻസ് ഒട്ടും ലക്ഷ്വറി അല്ല.

മോഹൻലാൽ നയിക്കുന്ന മലയാള സിനിമയിൽ ഹാസ്യം എന്ന് പറയുന്നത് അപരന്റെ വൈകല്യങ്ങൾ മുതൽ സ്ത്രീ - ദളിത്- ന്യൂനപക്ഷ വിരുദ്ധതയിലൂന്നിയതാണ്. ഹാസ്യം എന്തെന്ന് അറിയാത്തവരോട് 'കറുത്ത ഹാസ്യ'ത്തെ കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം?

പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ്‌ സംവിധാനം ചെയ്ത്  മോഹൻലാൽ നായകനായി 1986-ൽ പുറത്തിറങ്ങിയ  മലയാള ചലച്ചിത്രമാണ്‌ 'നിന്നിഷ്ടം എന്നിഷ്ടം'. "സിറ്റി ലൈറ്റ്‌സ്" എന്ന ചാർളി ചാപ്ലിൻ ചിത്രത്തിൽ നിന്ന് 'പ്രചോദനം' ഉൾക്കൊണ്ട് ആയിരിക്കണം പ്രിയൻ നിന്നിഷ്ടം എന്നിഷ്ടം സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. രണ്ടു സിനിമകളുടെയും കഥയും, കഥാപാത്രങ്ങളും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. 1931ലാണ് സിറ്റി ലൈറ്റ്സ്  പുറത്തിറങ്ങിയത്. സംഭാഷണങ്ങളില്ലാത്ത ചിത്രം സംവിധാനം ചെയ്തത് ചാർളി ചാപ്ലിൻ തന്നെ.

അന്ധയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന യാചകന്റെ കഥയാണ്‌ ആ ചിത്രം പറയുന്നത്. വിർജീനിയ ചെറിലും ഹാരി മയേഴ്സും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. നിന്നിഷ്ടം എന്നിഷ്ടം ഉപരിവിപ്ലവമായ കെട്ടുകാഴ്ചകൾ കൊണ്ടും, മെലോഡ്രാമയുടെ അതിപ്രസരം കൊണ്ടും നിറഞ്ഞു നിൽക്കുമ്പോൾ അതേ കഥാതന്തു ദാരിദ്ര്യത്തിന്റെ, അധികാരത്തിന്റെ, സാമൂഹിക അസമത്വങ്ങളുടെ പശ്ചാത്തലത്തിൽ നർമത്തിൽ പൊതിഞ്ഞാണ് സ്ട്രീറ്റ് ലൈറ്റ്‌സിൽ ചാപ്ലിൻ അവതരിപ്പിക്കുന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു സിറ്റിലൈറ്റ്സിന്റെ പ്രീമിയറില്‍ ചാപ്ലിന്റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്നത്. ചാപ്ലിന്‍ പിന്നീടെഴുതി: “അവസാനരംഗം കണ്ടപ്പോള്‍ ഐന്‍സ്റ്റീന്‍ കണ്ണു തുടയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.” ആ ചിത്രം കണ്ട  ലോകത്തിലെ ഒട്ടുമുക്കാല്‍ പ്രേക്ഷരുടേയും സ്വാഭാവികമായ പ്രതികരണം അതുതന്നെയായിരുന്നു. നിന്നിഷ്ടം എന്നിഷ്ടം അടക്കമുള്ള ചിത്രങ്ങൾ എല്ലാം സിറ്റി ലൈറ്റ്സിന്റെ വികലമായ അനുകരണങ്ങൾ മാത്രമാണ്.

https://www.azhimukham.com/film-amma-mazhavil-show-skit-against-wcc-criticised-ribinkareem/

ചാപ്ലിന്റെ തന്നെ ദ ഗ്രേറ്റ് ഡിക്റ്റേടര്‍ ഇന്നത്തെ ലോകത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥയിലും ശ്രദ്ധേയമാണ്. 1940 ലായിരുന്നു ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ പുറത്തിറങ്ങിയത്. 1921 ല്‍ പുറത്തിറങ്ങിയ ദ കിഡ് ഈ കാലത്ത് പോലും പരിഹരിക്കപ്പെടാതെ കിടക്കുന്ന സാമൂഹിക അസമത്വങ്ങളെ ആക്ഷേപഹാസ്യം കൊണ്ട് തുറന്നുകാട്ടുന്നു. ചില അനുഭവങ്ങളും സംഭവങ്ങളും ഇടപെടലുകളും ചിരി ഉളവാക്കുന്ന മാനസികാവസ്ഥയെയാണ് ഹാസ്യം അഥവാ ഹ്യൂമർ എന്ന് പറയുന്നത്. ജീവിതത്തിന്റെ ബഹുമുഖമായ സങ്കീര്‍ണ്ണതകളില്‍ നമുക്ക്‌ അല്‍പമെങ്കിലും രക്ഷയാവുന്നത്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ മാത്രമാണ്. മനുഷ്യന്റെ, സമൂഹത്തിന്റെ, പ്രകൃതിയുടെ സങ്കീർണ്ണമായ അവസ്ഥകളെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുന്നതിന് പൊതുവായി കറുത്ത ഹാസ്യം അഥവാ ബ്ലാക് ഹ്യുമർ എന്ന് പറയുന്നു. ദാരിദ്യ്രത്തോട്, അധികാരത്തിന്റെ ഹുങ്കിനോട്, സാമൂഹിക അസമത്വങ്ങളോട് ചാപ്ലിൻ ഹാസ്യ രൂപത്തിൽ കലഹിച്ചത് ഒരു പുതിയ സിനിമ വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.

മലയാള കവിതയില്‍ അയ്യപ്പപ്പണിക്കരും മറ്റും കൊണ്ടുവന്ന ഒരു ആവിഷ്‌കാര രീതിയാണ്‌ കറുത്ത ഫലിതം (Black Wit) "അര വയര്‍നിറയാ പെണ്ണിന്‌ പെരുവയര്‍ നല്‍കും മര്‍ത്ത്യന്‌ സ്‌തുതി പാടുക നാം" എന്ന അയ്യപ്പപ്പണിക്കരുടെ വരികളില്‍ ഈ കറുത്ത ഫലിതമുണ്ട്‌. വിപരീതാര്‍ത്ഥം നല്‍കലാണ്‌ കറുത്ത ഫലിതത്തിന്റെ ഒരു സ്വഭാവം. പട്ടിണിയാണ്‌ (അരവയര്‍ നിറയാത്ത പെണ്ണ്‌) വ്യഭിചാരത്തിലേക്ക്‌ പെണ്‍കുട്ടികളെ നയിക്കുന്നത്‌ (പെരുവയര്‍ നല്‍കുന്നത്‌), വിശക്കുന്നവളെ പ്രലോഭിപ്പിച്ച്‌ ഗര്‍ഭിണിയാക്കുന്ന മര്‍ത്ത്യന്‌ സ്‌തുതി പാടുക നാം എന്ന്‌ അയ്യപ്പപ്പണിക്കര്‍ എഴുതുമ്പോള്‍ അതിന്‌ വിപരീതമാണല്ലോ ഉദ്ദേശിക്കുന്നത്‌. ഈ കറുത്ത ഫലിതോപായത്തില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ട്‌. പ്രതിഷേധവും നീറ്റലുമുണ്ട്‌. മിസ്റ്റർ മോഹൻലാലിന് കറുത്ത ഹാസ്യം എന്താണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ അല്ലെ?

https://www.azhimukham.com/video-superstar-sarojkumar-pressmeet/

ഹിമാലയൻ വലുപ്പത്തിൽ സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീ കൂട്ടായ്മകളെ കുറിച്ച് വരുന്ന ധാരാളം ട്രോളുകളും പരിഹാസങ്ങളും ചേർത്ത് അവിയൽ രൂപത്തിൽ യാതൊരു ധാര്‍മ്മികതയും ഇല്ലാതെ, മാറുന്ന ലോകത്തെ കുറിച്ച് ഒരു മിനിമം ധാരണ പോലും ഇല്ലാതെ ഒരു തട്ടിക്കൂട്ട് സ്കിറ്റ് തയ്യാറാക്കുകയും അത് വിവാദമാകുമ്പോൾ ബ്ലാക് ഹ്യൂമർ ആണെന്ന് പറഞ്ഞു തടി തപ്പുകയും ചെയ്യുന്നത് ശ്രീനിവാസന്റെ സരോജ് കുമാർ എന്ന കഥാപാത്രത്തെ  ഓർമപ്പെടുത്തുന്നു. മോഹൻലാൽ അയാളുടെ ഒരു ഫോട്ടോകോപ്പി ആണെന്ന് ലോകത്തിനു മുന്നിൽ സമ്മതിച്ചിരിക്കയാണ്. മിസ്റ്റർ ലാൽ, സ്കിറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മാപ്പ് പറഞ്ഞ് അവസാനിപ്പിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ നിങ്ങളോട് കേരള സമൂഹത്തിന് ഇപ്പോൾ തോന്നുന്ന അവജ്ഞ ഒരു പരിധി വരെയെങ്കിലും കുറഞ്ഞേനേ. താങ്കളുടെ അമാനുഷിക കഥാപാത്രങ്ങളുടെ സൃഷ്ടാവ് രഞ്ജി പണിക്കർ വരെ ചെയ്ത പാപം ഏറ്റു പറഞ്ഞു കഴിഞ്ഞു. "നടിയുടെ ഒപ്പമാണ്, ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നു" എന്നും താങ്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു! ഇതും ഞങ്ങൾ ബ്ലാക് ഹ്യൂമറിൽ പെടുത്തണോ അതോ ടിപ്പിക്കൽ മോഹൻലാൽ ഐറ്റം ആണോ?

Next Story

Related Stories