TopTop

അവര്‍ 'പിഴച്ച' സ്ത്രീകളാണെങ്കില്‍, അവരെ വിധിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശമാണുള്ളത്?

അവര്‍
അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്തിരിക്കുന്നു, അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിച്ച്‌ ഗുരുതര നിലയില്‍ ആശുപത്രി വരാന്തയില്‍; ഇങ്ങനെയൊരു ഒരു വാര്‍ത്തയല്ലേ കുളത്തൂപ്പുഴയില്‍ നിന്നും നമ്മളില്‍ ചിലരെങ്കിലും പ്രതീക്ഷിച്ചത്? മറ്റുള്ളവന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരു മനസ്സ് മലയാളിക്ക് ഇല്ലേ എന്ന് പല തവണ സംശയം തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും ഒരു വിഭാഗം ആളുകളെങ്കിലും ഒരുത്തന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരും തകര്‍ച്ചയില്‍ ഉള്ളില്‍ സന്തോഷിക്കപ്പെടുന്നവരുമാണ്. "കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് ഓടിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ 'വഴിപിഴച്ച' സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കിയത്"- ഇതായിരുന്നു സംഭവിച്ചത്.

കുറവസമുദായത്തില്‍പ്പെട്ട, നിത്യവൃത്തിക്ക് വകയില്ലാത്ത അഞ്ചംഗ കുടുംബമാണ് പോലീസുകാരുടെ മൗന സമ്മതത്തോടെ നാടുകടത്തപ്പെട്ടിരിക്കുന്നത്. ഇവിടെ കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി കാലങ്ങളായി അകന്നു കഴിയുകയായിരുന്നു. അവര്‍ക്കു ജോലി വാഗ്ദാനം ചെയ്യാന്‍ എത്തിയ വനിത കമ്മിഷന്‍ അംഗങ്ങളോട്, വഴിപിഴച്ചു ജീവിക്കുന്ന സ്ത്രീകള്‍ ആയതുകൊണ്ട് അവര്‍ക്കു ജോലിയുടെ ആവശ്യം ഇല്ല എന്നാണ് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. വിധവയോ, ഭര്‍ത്താവ് ഒപ്പമില്ലാത്തവരോ, വിവാഹമോചിതരോ ആയ തനിച്ചു താമസിക്കുന്ന സ്ത്രീകള്‍ നാട്ടുകാരുടെ ബാധ്യത ആണല്ലോ! ഇവരൊക്കെ നാട്ടുകാരുടെ കണ്ണില്‍ വഴിപിഴച്ചവര്‍ ആയിരിക്കും. ആണ്‍തുണ ഇല്ലാത്ത വീട്; ഒന്നു ശ്രമിക്കുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കാത്തവര്‍ എത്ര പേര് ഉണ്ടായിരുന്നിരിക്കും ആ നീതി നടപ്പാക്കിയ ആള്‍ക്കൂട്ടത്തില്‍?

Also Read: ‘അവര്‍ ഞങ്ങളെ കൊല്ലുമായിരുന്നു’; ഏഴുവയസുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ നിന്ന് നാട്ടുകാര്‍ ആട്ടിയോടിച്ച കുടുബം സംസാരിക്കുന്നു

ഇനി നമുക്ക് ഒന്ന് മറിച്ചു ചിന്തിക്കാം, ഇങ്ങനെയൊന്നു നടന്നത് നാട്ടിലെ ഒരു സവര്‍ണ കുടുംബത്തില്‍, സാമ്പത്തികമായും സാമുദായികമായും മുന്നില്‍ നില്‍ക്കുന്നിടത്തായിരുന്നുവെങ്കിലോ? കുട്ടിയുടെ ചെറിയമ്മയുടെ സ്റ്റാറ്റസ് അപ്പോള്‍ മാറും, ഇപ്പോള്‍ നിങ്ങള്‍ അവിഹിതം എന്ന് വിളിക്കുന്നത് അവിടെ 'ലിവിങ് ടുഗെദര്‍' എന്നാകും. ഇന്ത്യന്‍ പീനല്‍ കോഡ് പോലും അംഗീകാരം കൊടുത്തിട്ടുള്ളത്. ഇങ്ങനെ ഒന്ന് അവിടെ പലപ്പോഴും പുറംലോകം അറിയാതെ പോകും. ഇനി ഇപ്പോള്‍ അറിഞ്ഞാല്‍ തന്നെ കുളത്തൂപ്പുഴയിലെ നിര്‍ധന കുടുംബത്തിന് നേരെ നടന്നതു പോലെ ഇവിടെ നടക്കുവോ? അതിനെതിരെ ശബ്ദിക്കാന്‍ ആ നാട്ടിലെ ഒരുത്തനെങ്കിലും നട്ടെല്ല് നിവരുമോ? ഇല്ല , കാരണം പ്രതികരിക്കാന്‍ ശേഷി ഇല്ലാത്തവര്‍ക്കെതിരെ മാത്രമേ കൂട്ടായ അക്രമം നടക്കൂ.

ശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെയാന്നാണ് ജീവിക്കുക എന്നതും. ഓരോ വ്യക്തികളും എവിടെ ജീവിക്കണം, എങ്ങനെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് വ്യക്തികളില്‍ അധിഷ്ടിതമാണ്. അവരെ ഒരു നാട്ടില്‍ നിന്ന് തന്നെ തുരത്തി ഓടിക്കാന്‍ ഉള്ള അധികാരം ആരാണ് നല്‍കിയത്?

പോലീസ് നിയമം സംരക്ഷിക്കുകയാണ് വേണ്ടത്, അല്ലാതെ നിയമം കയ്യിലെടുക്കാന്‍ കൂട്ടുനില്‍ക്കുകയല്ല. അവര്‍ക്കവരുടെ സ്വന്തം വീട്ടില്‍ താമസിക്കുന്നതിന് വേണമായിരുന്നു പോലീസ് അവര്‍ക്കു സംരക്ഷണം നല്‍കാന്‍.കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവന്തപുരത്ത് ഒരു പതിമൂന്നു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അതില്‍ നടപടിയെടുക്കാന്‍ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് കിട്ടിയ മറുപടി, 'ആ കുട്ടിയുടെ അമ്മ പിഴയാണ് , അതുകൊണ്ടു ഇതിലിടപ്പെട്ട് വെറുതെ നാണംകെടണോ?' എന്നായിരുന്നു. അമ്മ 'പിഴ' ആണെന്ന് ആ ഉദ്യോഗസ്ഥന്‍ അങ്ങ് തീരുമാനിച്ചു, ഇനി ഇപ്പോള്‍ അവര്‍ അങ്ങിനെ ആണെങ്കില്‍ തന്നെ ഈ കുട്ടി ഇന്ന് അല്ലെങ്കില്‍ നാളെ പിഴച്ചുപോവേണ്ടവള്‍ ആണെന്നും അദ്ദേഹം വിധിയെഴുതി. മറ്റൊരിടത്ത് കാമുകന്റെ ചതിയില്‍ പെട്ട് അവന്റെ സുഹൃത്തുക്കളാല്‍ പതിനഞ്ചു വയസ് മാത്രം പ്രായം വരുന്ന ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍, ആ കേസ് ഒഴിവാക്കാനായിരുന്നു അതിന്റെ അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രമം. പീഡിപ്പിച്ച ആണ്‍കുട്ടികളുടെ ഭാവി നശിക്കുമത്രേ! അതോര്‍ത്തായിരുന്നു വിഷമം. കോടതി വിധിക്കു മുന്‍പേ നടക്കേണ്ട ഒരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്, അത് നടത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥരാണ്. പലപ്പോഴും ഒരു കേസുമായി സമീപിക്കുമ്പോള്‍ അതിലെ നിയമവശങ്ങളെ കുറിച്ച് തെറ്റായ ധാരണ വരുത്തി കേസ് ഒതുക്കി തീര്‍ക്കാനാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.

Also Read: ‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

ഇതിനുമുന്‍പ് പിച്ചിച്ചീന്തപ്പെട്ടിട്ടുള്ളവരുടെ കേസ് നോക്കുമ്പോള്‍ ഈ കുഞ്ഞിനും നീതികിട്ടുമോ എന്നു കണ്ടറിയാം. ഇവിടെ അതിലും കഷ്ടമാണ് ആ കുഞ്ഞിന്റെ കുടുംബം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍. അവരെ തുരത്തി ഓടിച്ചവര്‍ നാളിതുവരെ ആ വീട്ടില്‍ അടുപ്പു പുകയുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ട ബാധ്യത കൂടി കാണിക്കണമായിരുന്നു. അവസരം കിട്ടിയാല്‍ കല്ലെറിയുന്നവരാണെന്ന് ആ നാട്ടുകാര്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ ആ വീട്ടിലെ എന്തിനുമുള്ള അവസരവും ഇത്തരക്കാര്‍ മുതലെടുക്കുമായിരുന്നു. അങ്ങനെയുള്ള മുതലെടുപ്പുകളുടെ ഒരുപാടു കഥകള്‍ ആ സ്ത്രീകള്‍ക്കും പറയാന്‍ ഉണ്ടാകും.

ഭൂമിയില്‍ ഒരമ്മയും ഒരുത്തനും കാഴ്ചവെക്കാന്‍ വേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഇവിടെ സ്വന്തം കുഞ്ഞിന്റെ ചിത ഒരുക്കുവാനുള്ള സ്വാതന്ത്ര്യം കൂടി ആ അമ്മയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. അവര്‍ ആരെ വിശ്വസിക്കണം? ആരെ അവിശ്വസിക്കണം? നിങ്ങള്‍ ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകും എന്ന് അറിയാമായിരുന്നു എങ്കില്‍ അവരെ അറിയിച്ചുകൂടായിരുന്നോ? പിന്നെ കുട്ടിയുടെ ചെറിയമ്മ ഒന്നോ ഒമ്പതോ വിവാഹം കഴിക്കുകയോ മറ്റൊരാളോടൊപ്പം താമസിക്കുകയോ ചെയ്യട്ടെ, അതിനെ ചോദ്യം ചെയ്യാന്‍ എനിക്കോ നിങ്ങള്‍ക്കോ എന്ത് അവകാശം? ഒരുകാര്യത്തില്‍ കണ്ണടച്ച് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ വിധി എഴുതും മുന്‍പ് സ്വന്തം യോഗ്യതയെ കുറിച്ച് സ്വയം ഒരു അവലോകനം നടത്തുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories