TopTop
Begin typing your search above and press return to search.

കാന്തപുരവും ഖദീജ മുംതാസും; വാക്സിനേഷന്റെ മത തീവ്രവാദ സംവാദങ്ങള്‍ ആര്‍ക്കുവേണ്ടി?

കാന്തപുരവും ഖദീജ മുംതാസും; വാക്സിനേഷന്റെ മത തീവ്രവാദ സംവാദങ്ങള്‍ ആര്‍ക്കുവേണ്ടി?
റൂബെല്ല വാക്‌സിനുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് ഒരു ലേഖനമെഴുതാമോ എന്നു ചോദിച്ചുകൊണ്ട് സുഹൃത്തായ ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ചു. ആരോഗ്യ ശാസ്ത്രവുമായോ അതിന്റെ ചികിത്സാ രീതികളുമായി ബന്ധപ്പെട്ടോ ഉള്ള ഒരു ലേഖനം പോയിട്ട്, അത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള ഏതെങ്കിലും തരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യത ഉള്ള ഒരാളല്ലല്ലോ ഞാന്‍ എന്നു പറഞ്ഞു അദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ നിരുത്സാഹപ്പെടുത്തി ഒഴിഞ്ഞുമാറി. ഇസ്ലാമിക് ശരീഅത്, ഉസൂലുല്‍ ഫിഖ്ഹ്, ഹദീസ് ശാസ്ത്രം, എന്നിവയിലും മാധ്യമ-സാംസ്‌കാരിക പഠനത്തിലുമാണ് എന്റെ പ്രൊഫഷണല്‍ ട്രെയിനിങ്. പിന്നെ ഞാനെങ്ങനെ റൂബെല്ല വാക്‌സിനെ കുറിച്ചെഴുതും? വാക്‌സിനേഷനുമായി ബന്ധപ്പെട്ടു വിവിധ മുസ്ലിം സംഘടനകള്‍ എടുത്ത നിലപാടുകള്‍ വിശകലനം ചെയ്തുകൊണ്ടും ആ നിലപാടുകളിലെ വൈരുധ്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുമുള്ള ഒരു ലേഖനം എഴുതാമോ എന്നായിരുന്നു ആ സ്‌നേഹിതന്റെ അഭ്യര്‍ഥനയുടെ ഉപചോദ്യം. 'നോക്കൂ, പുരോഗമന മുസ്ലിംകള്‍ എന്നവകാശപ്പെടുന്ന സലഫികളും ജമാഅത്തെ ഇസ്ലാമിയും വാക്‌സിനേഷനെതിരെയുള്ള കാമ്പയിനില്‍ സജീവമായി രംഗത്തുണ്ട്. അതേ സമയം വാക്‌സിനേഷന്‍ നല്‍കണമെന്ന നിലപാടാണ് യാഥാസ്ഥിതികര്‍ എന്നു സലഫികളും ഇസ്‌ളാമിസ്‌റുകളും ആക്ഷേപിക്കുന്ന സുന്നികള്‍ എടുത്തിരിക്കുന്നത്. ഇതില്‍ വൈരുധ്യമില്ലേ?' സുഹൃത്ത് തുടര്‍ന്നു. 'ആ വൈരുധ്യം പുറത്തേക്കു കൊണ്ടുവരുന്ന ഒരു ലേഖനമാണ് നിങ്ങള്‍ എഴുതേണ്ടത്'.

ശരിയാണ്. റൂബെല്ല വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള വിവിധ സലഫി പ്രസ്ഥാനങ്ങളും സുന്നികളും സ്വീകരിച്ച സമീപനങ്ങളില്‍ വലിയ വ്യത്യാസങ്ങളുണ്ട്. 'അന്ധ വിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും ഇരുള്‍ മുറ്റിയ ലോകത്തു നിന്നും മുസ്ലിം സമുദായത്തെ, അറിവിന്റെയും ആധുനികതയുടെയും ജ്ഞാനോദയത്തിലേക്ക് കൈപിടിച്ചു നയിച്ച തൗഹീദി പ്രസ്ഥാനം' എന്നാണല്ലോ വക്കം മൗലവി മുതല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വരെയുള്ളവര്‍ സലഫി പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നത്. എഴുപതുകളില്‍ കോഴിക്കോട് പ്രാക്ടീസ് ചെയ്ത ഒരു സലഫി മെഡിക്കല്‍ പ്രാക്ടീഷണര്‍ രോഗികള്‍ തങ്ങളുടെ കഴുത്തിലും അരകളിലും കെട്ടിയിരുന്ന മന്ത്രിച്ച നൂലുകള്‍ വലിച്ചുപൊട്ടിച്ചുകൊണ്ടായിരുന്നു തന്റെ ചികിത്സ ആരംഭിക്കുന്നത് തന്നെ എന്നു മേനി പറഞ്ഞു നടക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു റൂബെല്ലാ വാക്‌സിനില്‍ എത്തിയപ്പോള്‍ എന്ത് സംഭവിച്ചു എന്ന ആശ്ചര്യമാണ് ചിലര്‍ക്ക് ഒരു ഭാഗത്ത്. മറ്റു ചിലര്‍ക്കാകട്ടെ, മത പണ്ഡിതന്മാരോ പുണ്യാത്മാക്കളോ മന്ത്രിച്ച നൂലുകള്‍ കെട്ടി നടന്നിരുന്ന സുന്നികള്‍ ഇപ്പോള്‍ എന്തിനു റൂബെല്ല വാക്‌സിന് അനുകൂലമായ നിലപാടെടുക്കുന്നു എന്ന കൗതുകമാണ്.

സൂക്ഷ്മാര്‍ഥത്തില്‍, സുന്നികളെയും സലഫികളെയും കുറിച്ചുള്ള, വിശ്വാസപരമായി അവരെ നയിക്കുന്ന ജ്ഞാന ശാസ്ത്രപരമായ നിലപാടുകളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണ് ഉപരിപ്ലവമായ ഇത്തരം ആശ്ചര്യങ്ങളും കൗതുകകകങ്ങളും രൂപം കൊള്ളുന്നത് എന്നതാണ് ശരി. മുസ്ലിം സമുദായത്തെ കുറിച്ചുള്ള മുന്‍വിധികളും അറിവില്ലായ്മകളും എത്രമേല്‍ രൂക്ഷമാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം. സലഫികള്‍ ആധുനികരായിരുന്നു, സുന്നികള്‍ പിന്തിരിപ്പന്മാരായിരുന്നു എന്ന ലളിത സുന്ദരമായ സമവാക്യത്തില്‍ നിന്നാണല്ലോ അടിസ്ഥാനപരമായി ഇത്തരം വേവലാതികള്‍ ഉരുവം കൊള്ളുന്നത്. ഈ ലോജിക്ക് അനുസരിച്ച അരക്കെട്ടില്‍ മന്ത്രിച്ചൂതിയ നൂലും കെട്ടി തന്നെയാണ് മുസ്ലിം സ്ത്രീകള്‍ കോഴിക്കോട്ടെ ആ പഴയ സലഫീ ഡോക്ടറുടെ അടുത്ത് അലോപ്പതി ചികിത്സക്കെത്തിയിരുന്നത് എന്നതിലും ഒരു വൈരുധ്യം തോന്നേണ്ടതാണല്ലോ. അല്ലെങ്കില്‍, ചികിത്സക്കെത്തുന്ന പെണ്ണുങ്ങളുടെ അരക്കെട്ടില്‍ പിടിച്ചു അവര്‍ അണിഞ്ഞ നൂല്‍ അവരുടെ സമ്മതം പോലും ചോദിക്കാതെ പൊട്ടിച്ചു വലിച്ചെറിയുന്നതിലെ സ്ത്രീ വിരുദ്ധതയെയോ, മനുഷ്യാവകാശ പ്രശ്‌നത്തെയോ കുറിച്ചു കൗതുകത്തിനു പോലും ആലോചിക്കാന്‍ ആളെ കിട്ടില്ലല്ലോ. അത്തരം ആലോചനകളും അന്വേഷണങ്ങളുമെല്ലാം ആധുനിക വല്‍ക്കരണത്തിനു വേണ്ടി മുസ്ലിംകള്‍ സ്വയം ഒളിപ്പിച്ചുവെക്കേണ്ട, സഹിച്ചു തീര്‍ക്കേണ്ട വേദനകളായാണ് പൊതുവെ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. അത്തരം ഒളിച്ചുവെക്കലുകളെ ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞന്മാരുണ് വേണ്ടുവോളം പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്.ഇലക്ട്രിസിറ്റി വ്യാപകമായി വന്നപ്പോള്‍ സുന്നികള്‍ക്കിടയില്‍ ജിന്നും ശൈത്താനും കുറഞ്ഞു എന്നായിരുന്നല്ലോ സലഫികളുടെ പ്രധാന പരിഹാസം. പക്ഷേ, കേരളത്തില്‍ 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയായ ഘട്ടത്തിലാണ് 'മുസ്ലിം ആധുനികരെ' ജിന്നും പിശാചും പിടി കൂടിയത് എന്നത് കൗതുകകരമായ വൈരുധ്യമായി നിലനില്‍ക്കുന്നു. പക്ഷേ, ഇത്തരം വൈരുധ്യങ്ങളെക്കുറിച്ചൊന്നും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്ത വിധത്തില്‍ ആധുനികതയുടെ നരേറ്റിവിനകത്തു നിന്ന് കൊണ്ട് തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന ഒരു സലഫി സാംസ്‌കാരിക പശ്ചാത്തലം കേരളത്തില്‍ ശക്തമായിരുന്നു എന്നതാണ് വസ്തുത. സലഫികളാണോ എന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം സലഫി നരേറ്റിവുകളെ ചരിത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും വളര്‍ത്തിക്കൊണ്ടുവരാന്‍ ആ സാംസ്‌കാരിക മേധാവിത്വത്തിനു കഴിഞ്ഞു. സി എന്‍ അഹമ്മദ് മൗലവി, കെ കെ അബ്ദുല്‍ കരീം എന്നിവരില്‍ തുടങ്ങി, ഇങ്ങേ തലക്കല്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, എം എന്‍ കാരശ്ശേരി വരെ നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക ഭൂമികയാണ് വഹാബി പ്രസ്ഥാനങ്ങളുടെ കേരളത്തിലെ കരുത്ത്. ഈ കരുത്തില്‍ നിന്നാണ് മുസ്ലിം സമുദായത്തെ പ്രതിയുള്ള ചില പ്രത്യേക തരാം ചോദ്യങ്ങള്‍ മാത്രം ഉയരുകയും മറ്റു ചിലവ മറച്ചുവെക്കപ്പെടുകയും ചെയ്യുന്നത്. അത്തരം മറച്ചുപിടിക്കലുകളില്‍ നിന്നാണ് റൂബെല്ല വാക്‌സിനേഷനെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളിലും കാണാന്‍ കഴിയുകയുള്ളൂ.

ഒരര്‍ഥത്തില്‍, വാക്‌സിനേഷനെതിരെ മലപ്പുറത്തെ ഒരു സ്‌കൂളില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രക്ഷിതാവിന്റെ പ്രതിഷേധത്തെ കേരളത്തിലെ മുസ്ലിം ജിഹാദീ തീവ്രവാദികളുടെ സാന്നിധ്യത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടുന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ നിലപാടിന്റെ മറ്റൊരു മുഖമാണ് റൂബെല്ലയിലെത്തിയപ്പോള്‍ സുന്നികള്‍ മെച്ചപ്പെട്ടല്ലോ എന്ന നിലപാട്. വാക്‌സിനേഷനെ കുറിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന സജീവമായ ചര്‍ച്ചകളെ ഒരു മുസ്ലിം വ്യവഹാരത്തിന്റെ ഭാഗമായല്ലാതെ നമുക്ക് അവതരിപ്പിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലല്ലോ എന്നതാണ് നമ്മുടെ തന്നെ സാംസ്‌കാരിക പ്രതിസന്ധി. അതുകൊണ്ടു തന്നെ, വാക്‌സിനേഷനെതിരെയുള്ള ഒരു രക്ഷിതാവിന്റെ പ്രതിഷേധത്തെ ജിഹാദി സാന്നിധ്യത്തിനുള്ള തെളിവായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, വാക്‌സിനേഷനെതിര് നില്‍ക്കുന്ന ഹിന്ദു പേരുള്ള പ്രമുഖരുടെ പേര് പറഞ്ഞു സുരേന്ദ്രന് മറുപടി പറയാനേ നമ്മുടെ ആരോഗ്യ വിദഗ്ധര്‍ക്ക് പോലും കഴിയുന്നുള്ളൂ. യതാര്‍ത്ഥത്തില്‍ സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതും അത്തരമൊരു മറുപടിയാണ്. സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്ക്, അവര്‍ ആഗ്രഹിക്കുന്ന മറുപടികള്‍ അല്ലാതെ റൂബെല്ല വാക്‌സിനേഷന്‍ പോലുള്ള ഒരു ശാസ്ത്ര ചര്‍ച്ചയില്‍ പോലും നമുക്ക് നല്കാനാകുന്നില്ല എന്നതാണ് നമ്മുടെ രാഷ്ട്രീയ ഗതികേട്. ഈ ഗതികേടിന്റെ തുടര്‍ച്ചതന്നെയാണ് പലപ്പോഴും വാക്‌സിനേഷന്‍ ചര്‍ച്ചകളെ വിവിധ മുസ്ലിം സമുദായ നേതാക്കളുടെ നിലപാടുമായി ബന്ധിപ്പിച്ചു മാത്രം ആലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.സത്യത്തില്‍, മുമ്പ് ഡിഫ്തീരിയ വാക്‌സിനേഷന്‍ വിവാദവുമായി ബന്ധപ്പെട്ടു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതുപോലെ ഒരു പ്രതിരോധ മരുന്നിന്റെ ഗുണ നിലവാരം എന്നത് മതപരമായ ഒരു വിഷയം അല്ല തന്നെ. റൂബെല്ല വാക്‌സിനേഷന്‍ ഗുണ നിലവാരമുള്ളതാണോ, കേരളീയ പശ്ചാത്തലത്തിനു ചേര്‍ന്നതാണോ, അതില്‍ ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുണ്ടോ എന്നതൊന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യങ്ങളല്ല. അലോപ്പതി മരുന്നുകളുടെ ഗുണ നിലവാരമോ, അവയെ കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള സംശയമോ പരിഹരിക്കേണ്ടത് മതപണ്ഡിതന്മാരുടെ ഉത്തരവാദിത്വമല്ല. പക്ഷേ എന്തുകൊണ്ടാണ് വാക്‌സിനേഷന്‍ വിവാദമുണ്ടാകുമ്പോഴൊക്കെയും സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെയോ ജിഫ്രി മുത്തുക്കോയ തങ്ങളുടെയോ ഒരനുകൂല പ്രസ്താവന കിട്ടുമോ എന്നു ചോദിച്ചു ആരോഗ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സമസ്ത സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്നത്?

ഈ വൈരുധ്യം മനസ്സിലാക്കാനുള്ള എളുപ്പവഴി, മുസ്ലിം സമുദായ നേതാക്കള്‍ സ്വീകരിച്ച നിലപാടുകളില്‍ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന വൈരുധ്യത്തിന്റെ ചരിത്രം പരിശോധിക്കുന്നതല്ല. മറിച്ചു, ആധുനികര്‍ എന്നു സ്വയം കരുതിപ്പോരുന്ന ആളുകളുടെ നിലപാടുകളുടെ ചരിത്രം പരിശോധിക്കുന്നതിലൂടെയാണ്. ഉദാഹരണത്തിന്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രമുഖ ഡോക്ടര്‍ ആയ ഖദീജ മുംതാസിനെ എടുക്കുക. റൂബെല്ല വാക്സിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഈ ഡോക്ടര്‍, വാക്‌സിനേഷനെതിരെയുള്ള കാമ്പയിനിലും നേതൃത്വപരമായ പങ്കു വഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ ഒരു ലേഖനം തന്നെ അവര്‍ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ എഴുതുകയുണ്ടായി. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദഗ്ധ എന്ന നിലക്ക് മുംതാസിന്റെ നിലപാട് പലരും മുഖവിലക്കെടുക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെയൊരാളാണ് റൂബെല്ല വാക്സിനെതിരെ സജീവമായി രംഗത്തെത്തിയിരിക്കുന്നത്. ആ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അവരുടെ ശിഷ്യന്മാര്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

ഇതേ ഖദീജ മുംതാസിനെ മുസ്ലിം വിഷയങ്ങളില്‍ വിദഗ്ദയായി കാണുകയും അവരുടെ മുസ്ലിം നിലപാടുകളെ ആധികാരിക ഇസ്ലാമിക അഭിപ്രായ പ്രകടനങ്ങളാണ് സ്വീകരിക്കുകയും ചെയ്യുന്നവരാണ് വാക്‌സിന്‍ വിഷയത്തില്‍ അവരുടെ നിലപാടിനെ തള്ളിക്കളയുന്നത്. എന്തുകൊണ്ടാണ് ഒരു ആരോഗ്യ വിദഗ്ധ എന്ന നിലയില്‍, ആരോഗ്യ പരിരക്ഷണ മേഖലയില്‍ പ്രത്യേകിച്ചും കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ കാര്യത്തില്‍ അക്കാദമിക് ട്രെയിനിങ് ലഭിച്ച ഖദീജ മുംതാസിന്റെ വാക്‌സിന്‍ വിഷയത്തില്‍ ഉള്ള അഭിപ്രായം പിന്തിരിപ്പനും അവര്‍ക്കു യാതൊരു വിധ അക്കാദമിക് യോഗ്യതയും ഇല്ലാത്ത ഇസ്ലാം മത പഠനം സംബന്ധിച്ച കാര്യങ്ങളിലുള്ള അവരുടെ അഭിപ്രായങ്ങള്‍ വിദഗ്ദാഭിപ്രായങ്ങളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നത്? അപ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ ഒരാളുടെ അഭിപ്രായപ്രകടനത്തെ സ്വീകാര്യമാക്കുന്ന പ്രൊഫഷണല്‍ യോഗ്യത എന്നു പറയുന്നത്? മത വിഷയങ്ങളില്‍ അക്കാദമിക് പരിശീലനം ലഭിച്ച ഒരാളുടെ മതത്തെ കുറിച്ചുള്ള അഭിപ്രായം പലപ്പോഴും പിന്തിരിപ്പനായി കരുതുന്നവരാണ് പലരും. പക്ഷേ ഈ പണ്ഡിതന്മാര്‍ക്ക് യാതൊരു വിധ അക്കാദമിക് പരിശീലനവും ഇല്ലാത്ത വാക്‌സിനേഷന്‍ പോലുള്ള ഒരു വിഷയത്തിലുള്ള അവരുടെ നിലപാട് പുരോഗമനപരമായ അഗ്‌സോഷിക്കപ്പെടുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തെ നാം എങ്ങിനെ വിശദീകരിക്കും?

വാക്‌സിനേഷനെതിരെയുള്ള മുംതാസിന്റെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയ പലരും അത്തരം നിലപാടിലേക്ക് എത്താന്‍ അവര്‍ സ്വീകരിച്ച രീതി ശാസ്ത്രത്തിന്റെയും ആശ്രയിച്ച സ്രോതസ്സുകളുടെ സ്വീകാര്യതയെയും ചോദ്യം ചെയ്യുന്നുണ്ട്. മാത്രമല്ല, പലപ്പോഴും വൈകാരികമായ ചോദ്യങ്ങള്‍ പോലും അവര്‍ മുംതാസിന് എതിരെ ചോദിക്കുന്നുണ്ട്. എന്റെ മകന് നിങ്ങള്‍ എന്ത് വിലയിടും എന്ന ഒരു ശിഷ്യന്റെ മുംതാസിനോടുള്ള ചോദ്യം ഓര്‍ക്കുക. പക്ഷേ ഈ വക രീതി ശാസ്ത്രപരമായ ആശങ്കകളോ വൈകാരികമായ തലങ്ങളോ ഒന്നും എന്തുകൊണ്ടാണ് അവരുടെ മതകീയ നിലപാടുകള്‍ക്കെതിരെ ഉയര്‍ത്താന്‍ സാധിക്കാത്തത്? ഖദീജ മുംതാസിന് മതകാര്യത്തില്‍ ബാധകമല്ലാത്ത എന്ത് തരം വിമര്‍ശനമാണ് ശാസ്ത്രത്തിന്റെ കാര്യത്തില്‍ സുന്നി പണ്ഡിതന്മാര്‍ക്ക് ബാധകമല്ലാത്ത. അല്ലെങ്കില്‍ മതകാര്യങ്ങളില്‍ സുന്നി പണ്ഡിതന്മാര്‍ക്കുള്ള എന്ത് പ്രൊഫഷണല്‍ യോഗ്യതയാണ് റൂബെല്ല വിഷയത്തില്‍ നാം ഖദീജ മുംതാസിന് ബാധകമാക്കുക? എന്തൊക്കെ ഘടകങ്ങളാണ് സുന്നി പണ്ഡിതന്മാരുടെ ശാസ്ത്ര ബോധത്തെ മതകീയമാക്കുന്നത്, അല്ലെങ്കില്‍ ഖദീജ മുംതാസിന്റെ മതകീയ നിലപാടുകളെ കൂടുതല്‍ ശാസ്ത്രീയമാക്കുന്നത്? എപ്പോഴൊക്കെയാണ് ഒരു ആരോഗ്യ വിദഗ്ധ നമുക്ക് പിന്തിരിപ്പനും മതപണ്ഡിതന്മാര്‍ പുരോഗമന വാദികളും ആയിത്തീരുന്നത്? കേരളത്തിലെ പ്രമുഖ സലഫി സ്ഥാപകനും പ്രചാരകനും ആയിരുന്ന കെ എം സീതിയുടെ പരമ്പരയില്‍ നിന്ന് മതം പഠിച്ച, അവരുടെ പിന്മുറക്കാരിയാണ് ഖദീജ മുംതാസ് എന്ന വസ്തുത, മതത്തെയും ശാസ്ത്രത്തെയും കുറിച്ചുള്ള അവരുടെ നിലപാടുകളെ, ആ നിലപാടുകളുടെ സ്വീകാര്യതയെ/തിരസ്‌കാരത്തെ മനസ്സിലാക്കാന്‍ ഏതെങ്കിലും തരത്തില്‍ നമ്മെ സഹായിക്കുമോ?

റൂബെല്ല വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നത്, ഈ വക ചോദ്യങ്ങള്‍ ചോദിക്കാന്‍ അതവസരം ഒരുക്കി തരുന്നു എന്നത് കൊണ്ടാണ്. ഡിഫ്തീരിയ വിവാദ കാലത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതിയ ഒരു കുറിപ്പ് ഉദ്ധരിച്ച ഈ ലേഖനം അവസാനിപ്പിക്കാം എന്നു തോന്നുന്നു. അതിങ്ങനെയാണ്. 'അപ്രതൃക്ഷമായി എന്ന് നാം കരുതിയ പല രോഗങ്ങളും വീണ്ടു തിരിച്ചു വരുന്നു എന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഖേദകരവും സമൂഹ മനസാക്ഷിയെ ഉണര്‍ത്തേണ്ടതുമാണ്. രോഗം വന്നാല്‍ ചികിത്സിക്കുന്നതിനോ രോഗം വരുന്നതിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ ഇസ്്ലാം എതിരല്ല. അതിനുവേണ്ടി ആത്മീയവും ഭൗതികവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ ഇസ്്ലാം എതിരല്ല. അതിനുവേണ്ടി ആത്മീയവും ഭൗതികവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മതം പ്രേരിപ്പിക്കുന്നുമുണ്ട്.

തത്വത്തില്‍ ഇതേ നിലപാടാണ് പല കാര്യങ്ങളിലേതുമെന്നതുപോലെ വാക്സിനേഷന്റെ കാര്യത്തിലും ഇസ്ലാമിനുള്ളത്. ഹജ്ജിന് പോകുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ തടയാനാവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തണമെന്ന നിബന്ധന സഊദി അറേബ്യയില്‍ ഉണ്ട്. മാത്രമല്ല, ഹജ്ജിനു പോകുന്നവര്‍ക്ക് അത്തരം പ്രതിരോധ ചികിത്സ നേടാന്‍ കേരളത്തിലെ മതസ്ഥാപനങ്ങളും സംഘടനകളും സൗകര്യം ചെയ്തുകൊടുക്കാറുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയും അതേസമയം വാക്സിനേഷനെതിരെ ശക്തമായ ക്യാമ്പയിനുകള്‍ നടത്തിയ വ്യക്തികളെയും സംഘടനകളെയും മാധ്യമങ്ങളെയും എല്ലാം വിമര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടും വാക്സിനേഷനെതിരെ മതനേതൃത്വം രംഗത്ത് എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചാരം നടത്തുന്നത് എന്ന കാര്യം ദുരൂഹവും അവരുടെ ഉദ്ദേശ്യം നിഗൂഢവുമാണ്.

സാമൂഹികമായ അനാചാരങ്ങള്‍ക്കും പിന്നോക്കാവസ്ഥക്കും മതത്തെ കുറ്റപ്പെടുത്തുക ചിലരുടെ ശീലമായി മാറിയിട്ടുണ്ട്. ആ ശീലത്തിന്റെ ഭാഗമായിരിക്കണം ഇത്തരം തെറ്റായ പ്രചാരങ്ങളും. ഇനി ചികിത്സയെയും ലഭിക്കുന്ന മരുന്നിന്റെയും ഗുണ നിലവാരത്തെക്കുറിച്ച് ഒരാള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ പരിഹരിക്കേണ്ടത് മതപണ്ഡിതന്‍മാരല്ല. ആരോഗ്യ വിദഗ്ദരും ആരോഗ്യ നയം രൂപീകരിക്കുന്നവരുമാണ്. പകര്‍ച്ച വ്യാധികള്‍ തടയാനും ആവശ്യമായ ചികിത്സാ നടപടികള്‍ സ്വീകരിക്കാനും സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ട്'.

Also Read: വാക്സിനേഷനെ പിന്തുണച്ച് കാന്തപുരം, പാണക്കാട് തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍: കുമ്മനവും സുരേന്ദ്രനും കാണണം ആ വീഡിയോകള്‍

Next Story

Related Stories