TopTop
Begin typing your search above and press return to search.

'നാസ കീഴടക്കിയ ഞങ്ങൾക്ക് കിത്താബിലെ കൂറകളാവാൻ മനസ്സില്ല '; കിത്താബിനെതിരെ പെണ്‍കുട്ടികളെ അണിനിരത്തി എം എസ് എഫ്

നാസ കീഴടക്കിയ ഞങ്ങൾക്ക് കിത്താബിലെ കൂറകളാവാൻ മനസ്സില്ല ; കിത്താബിനെതിരെ പെണ്‍കുട്ടികളെ അണിനിരത്തി എം എസ് എഫ്

കിത്താബ് നാടകത്തിനെതിരെ പ്ലക്കാർഡുകളേന്തി കണ്ണൂർ ജില്ലയിലെ എം എസ് എഫിലെ പെൺകുട്ടികൾ. റോഡിൽ നിരനിരയായി മുഖം മറച്ചു നിൽക്കുന്ന പെൺകുട്ടികളുടെ കയ്യിലേന്തിയ പ്ലക്കാർഡുകളിൽ കിത്താബ് നാടകത്തിനെ കൂടാതെ ശബരിമല സ്ത്രീ പ്രവേശനത്തെയും ഫ്ലാഷ് മോബിനെയും ഒക്കെ വിമർശിക്കുന്നുണ്ട്. 'നാസ കീഴടക്കിയ ഞങ്ങൾക്ക് കിത്താബിലെ കൂറകളാവാൻ മനസ്സില്ല' എന്ന വാചകമെഴുതിയ പ്ലക്കാർഡുകളാണ് കൂടുതൽ പെൺകുട്ടികളും ഉയർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ഈ വാചകത്തെ പ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

'സമത്വമല്ല സുരക്ഷിതത്വമാണ് സ്ത്രീകൾക്കു വേണ്ടത്', 'സ്ത്രീകൾക്ക് ആദ്യം മാന്യത നൽകു പിന്നെയാവാം ഫ്ലാഷ് മോബുകൾ', 'ശബരിമലയിലേക്ക് പെണ്ണിനെ കേറ്റാനുള്ള നവോത്ഥാനമല്ല പെണ്ണിന്റെ അഭിമാനം കാക്കാനുള്ള നവോത്ഥാനമാണ് നമുക്കാവശ്യം'- എന്നിങ്ങനെയാണ് മറ്റു വാചകങ്ങൾ.

സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾ യാഥാർഥ്യം മനസ്സിലാക്കാതെയാണെന്നും എന്താണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാടെന്നും മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ ദേശീയ പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായ ടി പി അഷറഫലി വിശദീകരിക്കുന്നു. "മുസ്ലീം പെൺകുട്ടികളെന്നു പറഞ്ഞാൽ മലയാളത്തിലെ സിനിമയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഇപ്പോഴും ബിരിയാണി ചെമ്പിനു ചുറ്റും കറങ്ങുന്ന, കോഴിക്കറിയുടെ പാകം നോക്കുന്ന പെണ്ണുങ്ങൾ മാത്രമാണ്. ഈ മാധ്യമങ്ങൾ പകർന്നു കൊടുത്ത മുൻവിധിയോടെയാണ് കേരളത്തിലെ പൊതു സമൂഹം മുസ്ലിം സ്ത്രീകളെ നോക്കിക്കാണുന്നത്. അതങ്ങനെയല്ല എന്നു പറയാനാണ് കണ്ണൂരിൽ ഈ വിധത്തിലുള്ള ഒരു പ്രതിഷേധം എം എസ് എഫ് സംഘടിപ്പിച്ചത്. ഈ നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് കേരളത്തിലെ മുസ്ലിം പെൺകുട്ടികളുടെ സാമൂഹ്യ ജീവിത അവസ്ഥകളിലൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം അവർക്കു ലഭിച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളത്തിലെ ധാരാളം മുസ്ലിം പെൺകുട്ടികൾ പഠിക്കുന്നുണ്ട് ആ പുരോഗതിയും മുന്നേറ്റങ്ങളും ഒന്നും കാണാതെ ഇപ്പോഴും അടുക്കളയിൽ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് മുസ്ലിം പെൺകുട്ടികളെന്നും ഏതാണ്ട് മുപ്പതു വർഷം മുൻപുണ്ടായിരുന്ന ജീവിത അവസ്ഥകളിലാണ് അവരിപ്പോഴും കഴിയുന്നത് എന്ന പ്രചാരണം നടത്താനുള്ള ശ്രമങ്ങളെ ഞങ്ങൾ ചെറുക്കും. അതു തന്നെയാണ് കിത്താബിനോടുള്ള എതിർപ്പിനും കാരണം".

കിത്താബിനെതിരെയുണ്ടായ ആക്രമണ ഭീഷണികളോടൊന്നും തങ്ങൾക്ക് യോജിപ്പില്ലെന്നു വ്യക്തമാക്കിയ എമെസ് എഫ് നേതൃത്വം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും കാലഘട്ടത്തോട് സംവദിക്കുന്ന ഒരു കലാസൃഷ്ടി ആ കാലഘട്ടത്തെ അനാവരണം ചെയ്യുന്നതാവണം എന്നതാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കുന്നു.

മാറിയ കാലത്തെ സാമൂഹ്യ ജീവിതത്തിൽ ഒരു മുസ്ലിം പെൺകുട്ടി നേരിടുന്ന പ്രശ്നമായിരുന്നു ഇങ്ങനെയൊരു നാടകത്തിൽ കൂടെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചതെങ്കിൽ എം എസ് എഫ് അതിനെല്ലാ പിന്തുണയും നൽകിയേനെ എന്ന് അഷറഫലി പറയുന്നു. "ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയല്ല കിത്താബ് നാടകത്തിലെ ആശയത്തിനെതിരെയാണ് ഇപ്പോൾ മുസ്ലിം പെൺകുട്ടികൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഈ നാടകത്തിലും സിനിമയിലും കാണുന്നതുപോലെയൊന്നുമല്ല ഞങ്ങളുടെ ജീവിതം എന്ന് സമൂഹത്തെ അറിയിക്കാനാണ് ഇങ്ങനെയൊരു പ്രതിഷേധത്തിലൂടെ അവർ ശ്രമിച്ചത്. ഒരു സമൂഹം കഷ്ടപ്പെട്ടു നേടിയ സാമൂഹ്യ പുരോഗതിയെ മറച്ചു വയ്ക്കാനുള്ള ശ്രമമാണ് കിത്താബ് എന്ന നാടകം.ഇത് റഫീഖ് മംഗലശ്ശേരിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. യാഥാർഥ്യം പറയാതെ ഇങ്ങനെ ചിലതൊക്കെ പറഞ്ഞാലേ തനിക്കൊരു മൈലേജ് കിട്ടുകയുള്ളു എന്നും ആളുകൾ ശ്രദ്ധിക്കുകയുള്ളു എന്നും അയാൾക്കറിയാം".

https://www.azhimukham.com/trending-kithab-drama-and-actress-tears-in-state-school-youth-festival/

കിത്താബ് നാടകത്തിനു മത്സര വേദി നഷ്ടപെടാൻ കാരണം ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലാണെന്നും എന്നാൽ മുസ്ലീം സമുദായമാണ് അതിനു പിന്നിലെന്ന വിധത്തിലാണ് മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചതെന്ന് അഷറഫലി പറയുന്നു. "കിത്താബിന്റെ ഉള്ളടക്കത്തോട് എല്ലാ രീതിയിലും വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ, മത്സരത്തിൽ പങ്കെടുക്കാൻ പറ്റാതെ ആ കുട്ടികൾ ഇരുന്നു കരഞ്ഞെങ്കിൽ അതിനുത്തരവാദി ഇവിടുത്തെ സർക്കാരാണ്. കലോത്സവ വേദിയിലേയ്ക്ക് നടന്ന ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരിലല്ലല്ലോ സംസ്ഥാന കലോത്സവത്തിൽ നാടകം കളിക്കാതിരുന്നത്. സിപിഎം നേതാക്കളും മേമുണ്ട സ്ക്കൂളിലെ അധ്യാപകരും വിദ്യാഭ്യാസ വകുപ്പുമാണ് നാടകം രംഗത്തെത്താതിരിക്കാൻ പ്രവർത്തിച്ചത്. ഇതേ ഇരട്ടത്താപ്പാണ് ശബരിമല വിഷയത്തിലും സിപിഎം കാണിക്കുന്നത്. ഒരു വശത്തു കൂടെ നവോത്ഥാന യോഗങ്ങളും വനിതാ മതിലുമൊക്കെ സംഘടിപ്പിക്കുകയും മറു വശത്ത് നാട്ടിൽ കലാപ സമാനമായ അന്തരീക്ഷത്തിനു വഴിയൊരുക്കുകയും ശബരിമലയിൽ സ്ത്രീകൾ കയറുന്നത് തടയുകയും ചെയ്യും. ഓരോ മതത്തിനും അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട് അതിനെയെല്ലാം ഒരേ ചോദ്യം കൊണ്ട് നേരിടാൻ ശ്രമിക്കുന്നത് ശരിയല്ല . ഇത്തരം കാര്യങ്ങളിൽ മത വിശ്വാസികൾ കൂടെ ഉൾക്കൊണ്ടുള്ള ഒരു മാറ്റത്തിന്റെ പോസിറ്റീവ് ആയ ഫലമുണ്ടാക്കാൻ സാധിക്കുള്ളു. നവോത്ഥാനമെന്നത് സ്വിച് ഇട്ടാൽ വരുന്ന മാറ്റമൊന്നുമല്ല.യഥാർത്ഥ നവോത്ഥാനം കൊണ്ടു വരാൻ രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന സിപിഎം ഒരിക്കലും ശ്രമിക്കുകയുമില്ല".

സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ 'നാസ കീഴടക്കലിന് ' മറുപടിയായി എന്താണ് നാസയും കേരളത്തിലെ മുസ്ലീം പെൺകുട്ടികളും തമ്മിലുള്ള ബന്ധം എന്ന് അഷറഫലി വിശദമാക്കുന്നു "ഹനാൻ ബിൻത് ഹാഷിം എന്ന കോഴിക്കോടുകാരി മുസ്ലിം പെൺകുട്ടി പതിനഞ്ചാം വയസ്സിൽ സ്കോളർഷിപ്പ് നേടി നാസയിൽ ഗവേഷണം ചെയ്യുന്നുണ്ട്. മഹാ വിസ്ഫോടന സിദ്ധാന്തത്തെ സംബന്ധിച്ച ഗവേഷണത്തിലാണ് ഹനാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. മലപ്പുറം എടക്കരയിലെ നസ്ലീം നീലക്കോടൻ എന്റെ അയൽക്കാരി കൂടെയാണ്. അവൾ സിർക്കോണിയമെന്ന നക്ഷത്രം കണ്ടുപിടിച്ചു അയർലണ്ടിലെ ബെൽഫാസ്റ്റ് ക്വീൻ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടി ഇപ്പോൾ തുടർ ഗവേഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. മൂന്ന് വർഷം മുൻപ് ഡൽഹി എയിംസിൽ നിന്ന് ഒന്നാം റാങ്കു വാങ്ങിയ സൽമ എന്ന മുസ്ലിം പെൺകുട്ടി പെരിന്തൽമണ്ണ സ്വദേശിനിയാണ്. ഇതൊക്കെയാണ് കേരളത്തിലെ മുസ്ലിം പെൺകുട്ടികളുടെ ഇപ്പോഴത്തെ ജീവിതം. അല്ലാതെ അവർ പള്ളി മിനാരത്തിൽ കയറി വാങ്ക് വിളിക്കാൻ കൊതിച്ചു അടുക്കളയിൽ കിടന്ന് നരകിക്കുകയല്ല "

കാലങ്ങളായി സിനിമാക്കാരും നാടകക്കാരും മുസ്ലിം സ്ത്രീകളെക്കുറിച്ചു നടത്തുന്ന ബിംബവത്കരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും. പൊതു സമൂഹത്തോട് ഈ കാര്യങ്ങൾ പറയാനാണ് കണ്ണൂരിലെ പെൺകുട്ടികൾ ശ്രമിച്ചതെന്നും എം എസ് എഫ് നേതൃത്വം വ്യക്തമാക്കുന്നു.

https://www.azhimukham.com/offbeat-rafeeq-mangalassery-against-unni-r-on-kithab-drama-and-vanku-short-fiction-row/

https://www.azhimukham.com/offbeat-unni-r-speaks-about-drama-kithab-and-his-short-story-vanku/

https://www.azhimukham.com/trending-kithab-drama-and-vanku-short-fiction-row-write-up-by-jobhish/


Next Story

Related Stories