UPDATES

ട്രെന്‍ഡിങ്ങ്

ഫ്രാങ്കോയെ സഭ വിശുദ്ധനാക്കിയേക്കാം; ശശിക്ക് സ്വരാജിന്റെ വക നൂറ് ചുവപ്പൻ അഭിവാദ്യങ്ങളും കിട്ടുമായിരിക്കും

കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് പറയുന്ന സ്വരാജ് തന്റെ സഹപ്രവർത്തകയ്ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് മിണ്ടുന്നേയില്ല

കന്യാസ്ത്രീകളുടെ സമരത്തിൽ ഡി വൈ എഫ് ഐ ഇടപെടേണ്ടതില്ലെന്ന് എം സ്വരാജ് എം എൽ എ പറഞ്ഞെന്നാണ് കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന ഒരു കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിനോട് ഡി വൈ എഫ് ഐയ്ക്കുള്ളത് തീർത്തും അലംഭാവപൂർവമായ നിലപാടാണെന്ന് ഈ വാര്‍ത്തയുടെ ചുവടുപിടിച്ചു വിമര്‍ശനമുയര്‍ന്നു. നിമിഷങ്ങൾക്കകം സ്വരാജിന്റെയും ഡി വൈ എഫ് ഐയുടെയും നിലപാട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. സർക്കാരും സഭയും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന് ഡി വൈ എഫ് ഐ ചൂട്ടു പിടിക്കുകയാണെന്നായിരുന്നു ആരോപണം.

എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ മനോരമയുടെ വാർത്തയിലെ പൊള്ളത്തരം പുറത്തു വന്നു. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും പി കെ ശശി എം എൽ എക്കെതിരെയുയർന്ന ലൈംഗിക ആരോപണത്തെക്കുറിച്ചും സ്വരാജ് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സ്വരാജ് പറഞ്ഞതും മനോരമ എഴുതിയതുമെന്താണെന്ന് പൊതു സമൂഹത്തിന് വ്യക്തമായത്. “ഇപ്പോൾ ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. കന്യാസ്ത്രീകൾ സമരമുഖത്തേക്ക് വന്നിരിക്കുകയാണ്. കന്യാസ്ത്രീകൾ ഇതിന് മുമ്പും സമരമുഖത്ത് വന്നിട്ടുണ്ട്. പക്ഷെ അന്നൊക്കെ സഭയുടെ താൽപര്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള സമരമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഇതൊരു പുതിയ മാറ്റമാണ്. ഞങ്ങൾ (ഡി വൈ എഫ് ഐ) ഈ മാറ്റത്തെ പ്രതിക്ഷാപൂർവമാണ് കാണുന്നത്. കന്യാസ്ത്രീകളുടെ സമരം നമ്മുടെ സമൂഹത്തിലും സഭയ്ക്കകത്തും പുതിയ ചലനങ്ങളുണ്ടാക്കും. അത് ഇക്കാലത്ത് സ്വാഗതം ചെയ്യേണ്ട ഒരു മാറ്റമായി തന്നെയാണ് ഞങ്ങൾ കണക്കാക്കുന്നത്. അത് നമ്മുടെ സമൂഹത്തിലും സഭയ്ക്കകത്തുമെല്ലാം പുതിയ ദിശയിലുള്ള ചിന്തകൾക്കും ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുമെന്ന് തന്നെയാണ് ഞങ്ങൾ കണക്കാക്കുന്നത്. സഭ ഈ കേസിൽ പ്രതിക്കൂട്ടിലാണല്ലോ? സഭ ഈ കേസിൽ മറുപടി പറയേണ്ടതുണ്ട്. അത് സഭ വിശദീകരിക്കേണ്ട കാര്യമാണ്. കന്യാസ്ത്രീകൾ നടത്തുന്ന സമരം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ അവർ നടത്തുകയാണ്. ആ സമരത്തിന് ഏകമുഖമല്ല ഉള്ളത്. അതിൽ സഭ മറുപടി പറയേണ്ടതായ ഭാഗമുണ്ട്, ഒരു ഭാഗത്തിന് ഇപ്പോൾ കോടതി മറുപടി പറഞ്ഞു. സഭ മറുപടി പറയേണ്ടതിന് സഭ തന്നെ മറുപടി പറഞ്ഞേ തീരൂ. ഡി വൈ എഫ് ഐ അതിൽ കണക്കാക്കുന്നത് ഈ കേസന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നാണ്. അത് ഞങ്ങളുടെ ബോധ്യമാണ്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ പഴുതടച്ച് കൊണ്ടുവരാൻ സാധിക്കും. ഇത് ഞങ്ങളുടെ ബോധ്യമാണ്. അതുകൊണ്ട് ഡി വൈ എഫ് ഐ ഒരു സമരത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇതിന് വ്യത്യസ്തമായി ഒരു തലം വന്നാൽ അതായത് കേസ് അട്ടിമറിക്കപ്പെടുന്നു എന്നൊരു നില വന്നാൽ, അന്വേഷണം കാര്യക്ഷമമല്ല, നീതി ലഭിക്കില്ല എന്നൊരു നില വന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരിക്കുകയല്ല ഞങ്ങൾ തന്നെ സമരത്തിന് കടന്നു വരും. ഇപ്പോൾ അങ്ങനെ വരേണ്ട ഒരു സാഹചര്യം ഞങ്ങൾക്കില്ല” എന്നാണ് സ്വരാജ് കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പറഞ്ഞത്.

അതേസമയം മനോരമ ഇതേക്കുറിച്ച് വാർത്തയെഴുതിയപ്പോൾ കന്യാസ്ത്രീകളുടെ സമരത്തിൽ ഡി വൈ എഫ് ഐ ഇടപെടേണ്ട സാഹചര്യമില്ല എന്നായി മാറി. നിലവിൽ അത്തരമൊരു സാഹചര്യമില്ലെന്ന് സ്വരാജ് പറഞ്ഞതിനെയാണ് തലക്കെട്ടിൽ വളച്ചൊടിച്ച് ഡി വൈ എഫ് ഐ കന്യാസ്ത്രീകളുടെ സമരത്തിന് എതിരാണെന്ന് വരുത്തി തീർത്തത്. എന്നാൽ തങ്ങൾ കന്യാസ്ത്രീകൾക്കൊപ്പമാണന്നും സഭയുടെ നിലപാടുകൾക്കെതിരാണെന്നുമാണ് സ്വരാജ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. അതേസമയം പി കെ ശശിക്കെതിരെ യുവതി പരാതി നൽകിയത് സംഘടനാ നടപടി ആവശ്യപ്പെട്ടാണെന്നാണ് സ്വരാജ് പറയുന്നത്. നിയമ നടപടി ആവശ്യപ്പെട്ടുള്ളതല്ലെന്നും പരാതി പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും സ്വരാജ് പറയുന്നു. ഡി വൈ എഫ് ഐയുടെ പാലക്കാട് ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. ഈ പരാതി പാർട്ടി നടപടിക്കുള്ളതാണെന്നും നിയമ നടപടിക്കുള്ളതല്ലെന്നുമാണ് സ്വരാജ് പറയുന്നത്.

Also Read: തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയാണെങ്കിലും മറ്റേതൊരു വൈദികനെതിരെയാണെങ്കിലും ആരോപണമുയർന്നാൽ സഭയ്ക്ക് സഭയുടെ നിയമമുണ്ടെന്നാണ് കത്തോലിക്ക സഭ പറയുന്നത്. രാജ്യത്തെ നിയമം തങ്ങൾ അംഗീകരിക്കില്ലെന്നും ഇവർ ഇതിലൂടെ പറഞ്ഞു വയ്ക്കുന്നു. ഈ ന്യായം ഉന്നയിച്ചാണ് സഭ കുറ്റവാളികളായ വൈദികരെ സംരക്ഷിക്കുന്നത്. ഏറി വന്നാൽ കുറ്റവാളിയായ വൈദികനെ സഭയിൽ നിന്നും പുറത്താക്കും. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘സഹനദാസൻ’ എന്ന് വല്ലതും വിശേഷിപ്പിച്ച് സഭയ്ക്ക് ഒരു വിശുദ്ധനെ കണ്ടെത്തുകയും ചെയ്യും. മാടത്തരുവി കൊലക്കേസിൽ നാമിത് കണ്ടതാണ്. തനിക്ക് രഹസ്യ ബന്ധമുണ്ടായിരുന്ന മറിയക്കുട്ടി എന്ന സ്ത്രീയെ ബെനഡിക്ട് ഓണംകുളം എന്ന പുരോഹിതൻ കൊലപ്പെടുത്തിയതാണ് ഈ കേസ്. കോടതിയും പോലീസും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും സഭ ഇയാളെ കൈവിട്ടില്ല. മരണ ശേഷം സഹനദാസനായി പ്രഖ്യാപിച്ച് വിശുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതായത് രാജ്യത്തെ നിയമം ആ വഴിക്ക് നടക്കും സഭയുടെ നിയമം സഭയ്ക്ക് എന്ന ലൈൻ.

Also Read: പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

ഇപ്പോൾ സ്വരാജ് പറഞ്ഞു വരുന്നതും ഏതാണ്ട് ഇതു തന്നെയാണ്. പി കെ ശശിക്കെതിരെ തന്റെ സഹപ്രവർത്തക ഉന്നയിച്ച ആരോപണത്തിന്റെ ഗൗരവം അല്ല അദ്ദേഹത്തിന് പ്രശ്നം, ഈ വിഷയം പാർട്ടിക്കുള്ളിൽ നിൽക്കേണ്ടതാണെന്നതാണ്. മുമ്പും പാർട്ടിയിലെ പല നേതാക്കളും ഇത്തരം ആരോപണങ്ങളിൽ കുടുങ്ങുകയും പാർട്ടി നേതൃത്വവുമായുള്ള ‘ഇരിപ്പുവശം’ വച്ച് ശക്ഷിക്കപ്പെടുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നേതൃത്വത്തിന് ഗുണമുള്ളവർ ശിക്ഷിക്കപ്പെടുന്നത് തന്നെ ഒരു തരം താഴ്ത്തലിലോ പുറത്താക്കലിലോ ആണ്. അതോടെ തീർന്നു പരാതി. ബഹളെല്ലാം കെട്ടടങ്ങുകയും എല്ലാം എല്ലാവരും മറന്നു കഴിയുമ്പോൾ ‘ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല’ എന്ന് പറഞ്ഞ് പുറത്താക്കപ്പെട്ടവൻ കൂടുതൽ മെച്ചപ്പെട്ട പദവിയിൽ തിരിച്ചെത്തുന്നതും കാണാം. തെറ്റൊന്നും ചെയ്യാതെ ശിക്ഷിക്കപ്പെട്ടവൻ എന്ന സിമ്പതിയിൽ നൂറിന് പകരം ആയിരം ചുവപ്പൻ അഭിവാദ്യങ്ങളും കിട്ടും നേതൃത്വത്തിൽ നിന്നും.

ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ ഉന്നയിച്ചതും ശശിക്കെതിരെ ഡി വൈ എഫ് ഐ പ്രവർത്തക ഉന്നയിച്ചതും സമാനമായ ലൈംഗിക ആരോപണമാണ്. ഫ്രാങ്കോ കുറ്റക്കാരനാണെന്ന പൂർണ ബോധ്യത്തിലാണ്‌ കന്യാസ്ത്രീകൾ പുതിയൊരു മാറ്റത്തിനുള്ള സമരം നടത്തുന്നതെന്ന് സ്വരാജ് തന്നെ പറഞ്ഞു കഴിഞ്ഞു. കന്യാസ്ത്രീക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് പറയുന്ന സ്വരാജ് തന്റെ സഹപ്രവർത്തകയ്ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് മിണ്ടുന്നേയില്ല. കാരണം അത് പാർട്ടിയുടെ മാത്രം കാര്യമാണല്ലോ! നാളെ ശശിക്ക് വീണ്ടുമൊരു നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ പറയേണ്ടി വന്നാലും ഈ ന്യായീകരണം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍