TopTop

മുകേഷേ, ഇനിയും ഇതുവഴി വരില്ലേ... ഇത്തരം ന്യായീകരണങ്ങളും തെളിച്ച്?

മുകേഷേ, ഇനിയും ഇതുവഴി വരില്ലേ... ഇത്തരം ന്യായീകരണങ്ങളും തെളിച്ച്?
ബോളീവുഡിലെ അണിയറ പ്രവര്‍ത്തക ടെസ് ജോസഫ് കഴിഞ്ഞ ദിവസം മീടൂ കാമ്പെയ്‌നിംഗിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലോടെ ഈ പ്രചരണം മലയാള സിനിമയിലേക്കും കടന്നിരിക്കുകയാണ്. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടന്‍ മുകേഷ് തന്നെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ മുറിയുടെ തൊട്ടടുത്തേക്ക് തന്റെ മുറി മാറ്റിച്ചെന്നുമാണ് ടെസ് ആരോപിച്ചത്. ഈ പരിപാടി നടത്തിയ ഡെറിക് ഒബ്രിയാനാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം ഇടപെട്ട് ആദ്യത്തെ ഫ്‌ളൈറ്റില്‍ തന്നെ താന്‍ ചെന്നൈയില്‍ നിന്നും പോകുകയായിരുന്നെന്നും അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതിനാലാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും മീ ടൂ കാമ്പെയ്‌നാണ് ഇപ്പോള്‍ കരുത്തായതെന്നുമാണ് അവര്‍ പറഞ്ഞത്. ഏകദേശം ഒരുവര്‍ഷം മുമ്പ് മാത്രമാണ് ഹോളീവുഡില്‍ ഈ കാമ്പെയ്‌നിംഗ് ആരംഭിച്ചതും അത് പിന്നീട് ലോകമെമ്പാടുമായി വ്യാപിച്ചതും.

ടെസ് ആരോപണം ഉന്നയിച്ച നടന്‍ മുകേഷ് ഇന്ന് സംസ്ഥാനം ഭരിക്കുന്ന സിപിഎം പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എംഎല്‍എ കൂടിയാണെന്നതിനാല്‍ വിഷയം സിനിമവൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. വെറുതെയിരുന്ന് ബോറടിച്ച് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ വേഗം മുകേഷിന്റെ ഒരു കോലവും തയ്യാറാക്കി തെരുവിലിറങ്ങി. അപ്പോള്‍ യുവമോര്‍ച്ചക്കാര്‍ക്കും വെറുതെയിരിക്കാനാകില്ലല്ലോ? ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമര തിരക്കിനിടയിലും സമയം കണ്ടെത്തി അവരും സംഘടിപ്പിച്ചു ഒരു പ്രതിഷേധം. മുകേഷിന്റെ മണ്ഡലമായ കൊല്ലത്ത് വ്യാപക പ്രതിഷേധങ്ങളാണ് ഇതേത്തുടര്‍ന്ന് അരങ്ങേറിയത്. കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന ആര്‍എസ്പി പ്രവര്‍ത്തകരും മുകേഷിന്റെ രാജി ആവശ്യപ്പെടുകയും കോലം കത്തിക്കുകയും ചെയ്തു.

അതോടെ നടന്‍ കം എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. മാനനഷ്ടത്തിന് കേസ് കൊടുക്കുന്നകാര്യം തന്റെ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുകേഷ് വ്യക്തമാക്കിയിരിക്കുന്നത്. ടെസിനെ അറിയില്ലെന്ന് പറയുന്ന മുകേഷ് ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണ് ഇപ്പോഴെന്നാണ് പറയുന്നത്. അതേസമയം കലാകുടുംബത്തില്‍ നിന്നും വരുന്ന മുകേഷ് മീ ടു കാമ്പെയ്‌നിംഗിനെ തള്ളിപ്പറയുന്നില്ല. അതിന് കാരണം തന്റെ അമ്മയും ഭാര്യയും സഹോദരിയും സഹോദരിയുടെ രണ്ട് പെണ്‍മക്കളും കലാകാരികളായതാണെന്നും മുകേഷ് തന്നെ പറയുന്നുണ്ട്.

അതേസമയം ടെസിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മുകേഷ് ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ ആ ഒഴിഞ്ഞുമാറ്റത്തിനിടിയിലും മുകേഷ് ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് സംശയാലുക്കളായി പോകുകയും ചെയ്യും. കാരണം അത്രമാത്രം അപഹാസ്യമാണ് ആ വാദങ്ങള്‍. 19 കൊല്ലം മുമ്പ് ടെസിനെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയെന്ന ആരോപണം തനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നാണ് മുകേഷ് ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരിക്കലും അങ്ങനെ ചെയ്യുന്നതല്ല തന്റെ സ്വഭാവമെന്നും ഇദ്ദേഹം ആണയിടുന്നു. അതേസമയം ചെന്നൈയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് താന്‍ താമസിച്ചതെന്ന് മുകേഷ് സമ്മതിക്കുന്നുണ്ട്.

എന്നാല്‍ പിന്നീടുള്ള വിശദീകരണങ്ങളാണ് ആരെയും ചിരിപ്പിക്കുന്നത്. താന്‍ ആദ്യമായാണ് അവിടുത്തെ ലേ മെറിഡിയനില്‍ താമസിക്കുന്നതെന്ന് മുകേഷ് തന്നെ പറയുന്നു. പഞ്ചനക്ഷത്രത്തിന് മുകളില്‍ സൗകര്യങ്ങളുള്ള ഒരു ഹോട്ടലില്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ ക്രൂവിന് താമസമൊരുക്കുമോയെന്നാണ് മുകേഷിന്റെ സംശയം. ബോളീവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളിലൊന്നാണ് ഡെറിക് ഒബ്രിയാന്റേത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാം ബഡായി ബംഗ്ലാവ് പോലൊരു പ്രോഗ്രാമുമല്ലായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ തന്നെ ക്രൂവിന് അവിടെ മുറിയുണ്ടായിരുന്നോയെന്ന മുകേഷിന്റെ സംശയം തന്നെ ബാലിശമാണ്. അവിടെ വച്ച് താന്‍ ടെസിനെ കണ്ടിട്ടില്ലെന്നാണ് മുകേഷ് പറയുന്നത്. അതായത് ലെ മെറിഡിയനില്‍ താമസിച്ചിരുന്നുവെന്നും മുകേഷ് വിളിച്ചിരുന്നുവെന്നുമെല്ലാം ടെസ് നുണ പറയുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് പറയുന്നത് ഒരിക്കലും താനായിരിക്കില്ലെന്നാണ് മുകേഷ് ഉറപ്പിച്ച് പറയുന്നത്. അവിടെ ഒരു തെറ്റിദ്ധാരണ വന്നതായിരിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുകേഷ് വിശദീകരിക്കുന്നു. ഡെറിക് ഒബ്രിയാന്‍ (അദ്ദേഹത്തെ മുകേഷ് വിളിക്കുന്നത് ഒബ്രോന്‍ എന്നാണെന്ന് കൂടി ഓര്‍ക്കണം-വീഡിയോയില്‍ അത് വ്യക്തമാണ്) തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും ആണെന്നാണ് മുകേഷ് പറയുന്നത്. ഒബ്രിയാന് ഇത് അറിയാമോ എന്നൊന്നും ആരും ചോദിച്ചേക്കരുത്. എന്തായാലും മുകേഷ് അവതരിപ്പിച്ച ആദ്യ ടെലിവിഷന്‍ പ്രോഗ്രാമിന്റെ സംവിധായകന്‍ ഒബ്രിയാനായിരുന്നു.

തന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്ത വ്യക്തിയാണ് ഒബ്രിയാനെന്നാണ് മുകേഷ് അവകാശപ്പെടുന്നത്. ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് തന്നിലുള്ള വിശ്വാസം കൊണ്ട് പിന്നീടുള്ള ഷെഡ്യൂളുകളില്‍ അദ്ദേഹം വന്നില്ലെന്നാണ് തന്റെ ഓര്‍മ്മയെന്നും മുകേഷ് പറയുന്നു. കോടീശ്വരന്‍ പോലൊരു ബിഗ് ബജറ്റ് പ്രോഗ്രാമില്‍ സംവിധായകന്‍ എല്ലാം താങ്കളെ ഏല്‍പ്പിച്ച് പോയി എന്ന് കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്ന മലയാളികളുടെ രോമകൂപങ്ങള്‍ ഉടനൊന്നും താഴുമെന്ന് തോന്നുന്നില്ല. പത്ത് കൊല്ലം മുമ്പ് ഒബ്രിയാന്‍ കൊച്ചിയില്‍ വന്നതിനെക്കുറിച്ചും മുകേഷ് ഓര്‍ക്കുന്നുണ്ട്. ലേ മെറിഡിയനില്‍ ടെസിനെ കണ്ടതായി ഓര്‍മ്മയില്ലാത്ത, ആദ്യ ഷെഡ്യൂളിന് ശേഷം ഒബ്രിയാന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നോയെന്ന് പോലും കൃത്യമായി പറയാനാകാത്ത മുകേഷ് അന്നത്തെ ഫോണ്‍ സംഭാഷണം കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഡിസ്‌കവറി ചാനലിന് വേണ്ടി കലൂരിലെ ഒരു ഹാളില്‍ വച്ച് ഒരു പ്രോഗ്രാം ചെയ്യുന്നുണ്ടെന്നും മുകേഷ് ഒന്ന് വരുമോയെന്നുമാണ് അദ്ദേഹം ഫോണില്‍ ചോദിച്ചതെന്നാണ് പറയുന്നത്. അവിടെ ചെന്ന മുകേഷിന്റെ തോളില്‍ ചേര്‍ത്തുനിര്‍ത്തി ഒബ്രിയാന്‍ പറഞ്ഞത് 'കേരളത്തില്‍ എനിക്ക് ആകെയുള്ള സുഹൃത്ത് മുകേഷ് ആണ്' എന്നായിരുന്നത്രേ!

ടെസ് പറയുന്നത് പോലൊരു തെറ്റ് തന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിളിക്കുകയുമില്ലായിരുന്നു, അത് തന്നോട് പറയുകയും ചെയ്‌തേനെയെന്നാണ് മുകേഷിന്റെ ഇന്നത്തെ വാദം. അവിടെ ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വിശ്വസിക്കുന്നു. 'ഒരു മുകേഷ് കുമാര്‍ എന്ന പേരിലുള്ള... എനിക്കറിഞ്ഞുകൂടാ അതിനെപ്പറ്റിയൊന്നും എനിക്കറിഞ്ഞു കൂടാ... ഞാന്‍ ചെയ്യത്തില്ല.,.' എന്നാണ് അദ്ദേഹം പറയുന്നത്. ഇന്നലെ ഒരു മീറ്റിംഗിന് വന്നപ്പോള്‍ ഒരു പെണ്‍കുട്ടി തന്നോട്, 'മുകേഷേട്ടാ... ബോംബെയില്‍ നിന്നൊരു കുട്ടി 19 കൊല്ലം മുമ്പ് നടന്ന സംഭവത്തില്‍ ഒരു പരാതി കൊടുത്തല്ലോ? എന്താണ്?' എന്ന് ചോദിച്ചു. മാധ്യമപ്രവര്‍ത്തകയുടെ ആ ചോദ്യം സൗഹൃദ സംഭാഷണമായാണ് നിഷ്‌കളങ്കനായ മുകേഷ് കരുതിയത്. മൈക്ക് നീട്ടിയുള്ള ആ ചോദ്യം പ്രതികരണമാണെന്നോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നോ പറഞ്ഞില്ലെന്നും മുകേഷ് പറയുന്നു. അത് അറിഞ്ഞിരുന്നെങ്കില്‍ താന്‍ വ്യക്തമായി തന്നെ വിശദീകരണം കൊടുക്കുമായിരുന്നെന്നാണ് മുകേഷിന്റെ മറ്റൊരു ന്യായീകരണം. മാത്രമല്ല, ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന ടെസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കണമെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ചെയ്യാത്ത തെറ്റെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ടെസ് ഈ പറഞ്ഞതിനെ മാത്രം മുഖവിലയ്‌ക്കെടുക്കണമെന്നാണ് മുകേഷിന്റെ അഭ്യര്‍ത്ഥന.

ഈ വിശദീകരണങ്ങളെല്ലാം കഴിഞ്ഞ് വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ നാട്ടുകാരോടുള്ള പ്രതിബദ്ധത വ്യക്തമാക്കാനും മുകേഷ് മറന്നില്ല. ഈ ശനിയാഴ്ച ആരംഭിക്കുന്ന സെല്‍ മി ദ ആന്‍സര്‍ സീസണ്‍ ത്രീ പ്രളയബാധിതര്‍ക്ക് വേണ്ടി, അവരുടെ അതിജീവനത്തിന് വേണ്ടിയുള്ള വളരെ പ്രധാനപ്പെട്ട പ്രോഗ്രാമാണ്. പ്രളയത്തില്‍ കാണിച്ച ജാതി, മത, രാഷ്ട്രീയ ഭേദമന്യേയുള്ള കെട്ടുറപ്പ് ഈ പരിപാടിയിലും കാണിക്കണമെന്നാണ് മുകേഷിന്റെ മറ്റൊരു ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇതില്‍ നിന്നും കുറെ പണം പോകുന്നത്. അതും ഒരു പോയിന്റാണെന്നും അതിനാല്‍ തന്റെ പരിപാടിയെ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ വിജയിപ്പിക്കണമെന്നും മുകേഷ് അഭ്യര്‍ത്ഥിക്കുന്നു.

മുമ്പ് താരസംഘടനയായ അമ്മയിലേക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴും മുകേഷില്‍ നിന്നും ഇത്തരമൊരു ന്യായീകരണമുണ്ടായതാണ്. 'ഇപ്പോഴത്തെ വിഷയം ഓണത്തിന് ഒരു മുറം പച്ചക്കറിയാണ്' എന്നായിരുന്നു അന്നത്തെ പ്രതികരണം. പത്രക്കാര്‍ കുനിഷ്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രം മുകേഷിന് തന്റെ നാടിനോടുള്ള പ്രതിബദ്ധത ഉണരുന്നതാണ് അത്. ഭാവിയിലും ഇത്തരം ന്യായീകരണങ്ങള്‍ മാത്രം തന്നില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഇദ്ദേഹം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. ഇതിനെല്ലാം ചേര്‍ത്തുള്ള മറുപടി, അഭിനയം സിനിമയില്‍ മതി മുകേഷേ എന്ന് മാത്രമാണ്.

https://www.azhimukham.com/newsupdates-actor-mukesh-and-tess-joseph/

https://www.azhimukham.com/trending-viral-firstwife-saritha-slams-mukesh/

https://www.azhimukham.com/updates-mukesh-says-he-is-not-disturbed-lady-through-phone/

https://www.azhimukham.com/people-criticizing-me-for-becoming-a-good-leader-says-mukesh/

Next Story

Related Stories