TopTop
Begin typing your search above and press return to search.

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? അഴിമുഖം അന്വേഷണം തുടരുന്നു. ഈ പരമ്പരയിലെ ആദ്യ മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം. –
ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന
, കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം?, ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’


കിര്‍താഡ്‌സില്‍ ആദിവാസികള്‍ക്കായി മ്യൂസിയം വരാന്‍ പോകുന്നു; അതും 16 കോടിയുടേത്. ആദിവാസികളെക്കുറിച്ചും ആദിവാസികള്‍ക്ക് വേണ്ടിയും പഠിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ കിര്‍താഡ്‌സിന്റെ പ്രോജക്ട് പ്രൊപ്പോസല്‍ കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അംഗീകരിച്ചു. പദ്ധതി കേരളത്തിന് അനുവദിച്ചു. സ്ഥലമേറ്റെടുക്കേണ്ട, പ്രത്യേകം കെട്ടിടം നിര്‍മ്മിക്കേണ്ട, ഇപ്പോള്‍ നിലവിലുള്ള എത്തനോളജിക്കല്‍ മ്യൂസിയത്തെ വികസിപ്പിച്ച് പുതിയ മ്യൂസിയം തുടങ്ങാം. ഇതായിരുന്നു കേരളത്തിന്റെ പ്രോജക്ട്. മ്യൂസിയത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സ്‌ക്രിപ്റ്റ് ആക്കി നല്‍കുന്ന സാഹചര്യത്തില്‍ പണം അനുവദിക്കപ്പെടും. എന്നാല്‍ ആദിവാസികള്‍ക്കായി ഒരു മ്യൂസിയം എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പുറകെ പോയ കിര്‍താഡ്‌സിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെയാണ് ആദിവാസി ജനത ചോദ്യം ചെയ്യുന്നത്. ദിനംപ്രതി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോവുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മ്യൂസിയം ആണോ ആവശ്യം? 'ലോക ശ്രദ്ധ' ആകര്‍ഷിക്കാന്‍ പോന്നതെന്ന് കിര്‍താഡ്‌സ് മേലധികാരികള്‍ തന്നെ വിശേഷിപ്പിക്കുന്ന മ്യൂസിയത്തിലൂടെ ആദിവാസികളെ എന്തിനാണ് പ്രദര്‍ശനവസ്തുക്കളാക്കുന്നത്? ഈ ചോദ്യമാണ് സമുദായാംഗങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ അതേസമയം 16 കോടിയെന്ന വലിയ തുക സ്ഥാപനത്തിലേക്കെത്തിക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തോടെയാണ് കിര്‍താഡ്‌സ് അധികൃതര്‍ മ്യൂസിയം പദ്ധതിയുമായി മുന്നോട്ട് പോവുന്നത്.

ജീവിച്ചിരിക്കുന്ന ആദിവാസികള്‍ക്ക് എന്തിനാണ് മ്യൂസിയം എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു വിഷയം. എന്നാല്‍ ആദിവാസികളിലെ സ്വാതന്ത്ര്യ സമര സേനാനികളേയും പോരാളികളേയും അടയാളപ്പെടുത്തുകയും അതിലൂടെ ചരിത്രം പറയുകയും ചെയ്യുന്ന ഒന്നായിരിക്കും നിര്‍ദ്ദിഷ്ട മ്യൂസിയം എന്നാണ് കിര്‍താഡ്‌സ് അധികൃതര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ ഉയരുന്നത് പോലെ ആദിവാസികളെ കേവലം പ്രദര്‍ശന വസ്തുക്കളാക്കാനല്ല, മറിച്ച് അവരെ ചരിത്രത്തില്‍ അടയാളപ്പെടുത്താനാണ് തങ്ങള്‍ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നാണ് മ്യൂസിയത്തിന്റെ ചുമതല വഹിക്കുന്ന ഇന്ദുമേനോനും, ഡയറക്ടര്‍ ഡോ. ബിന്ദുവും അവകാശപ്പെടുന്നത്.

വാദങ്ങള്‍ പലതുണ്ടെങ്കിലും തങ്ങള്‍ക്ക് വരാന്‍ പോവുന്ന മ്യൂസിയത്തെക്കുറിച്ച് സംശയങ്ങള്‍ മാത്രമാണുള്ളതെന്നാണ് ആദിവാസി പ്രവര്‍ത്തകനായ മംഗ്ലു ശ്രീധരന്‍ പറയുന്നത്: 'ആദിവാസികളുടെ പഴമയെ തന്നെ നിലനിര്‍ത്തിയിട്ട്, അവരെ വളരാന്‍ വിടാത്ത അവസ്ഥ-അതിന്റെ ഭാഗമാണ് ഈ മ്യൂസിയം പദ്ധതിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ആ പഴമയില്‍ തന്നെ ജീവിച്ചുകൊള്ളണം, പുറത്തേക്ക് വരാന്‍ പാടില്ല. അതാണ് ഈ പദ്ധതിയൊക്കെ നടപ്പാക്കുന്നവരുടെ മനോഭാവം. ലോകത്തെ ആകര്‍ഷിക്കാന്‍ വേണ്ടിക്കൂടി ചെയ്യുന്ന മ്യൂസിയം ആണിതെന്ന് കിര്‍താഡ്‌സ് അധികൃതര്‍ തന്നെ പറയുന്നുണ്ട്. എല്ലാ സമുദായങ്ങള്‍ക്കും സംരക്ഷിക്കപ്പെടേണ്ടതായ ഐഡന്റിറ്റിയും പാരമ്പര്യവുമെല്ലാം ഉണ്ട്. പക്ഷെ ഞങ്ങളെത്തന്നെ അതിനായി തിരഞ്ഞെടുക്കുന്നത് വംശീയതയായാണ് എനിക്ക് തോന്നുന്നത്. ആദിവാസി സമൂഹങ്ങളിലെ പല കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമുണ്ട്. വിദ്യാഭ്യാസം കിട്ടാത്തതിനാല്‍ മുന്‍പന്തിയിലേക്കെത്താന്‍ പലര്‍ക്കും ആവുന്നുമില്ല. വിദ്യാഭ്യാസം ചെയ്യാന്‍ ആദിവാസികള്‍ക്ക് കഴിവില്ല എന്ന തരത്തിലേക്ക് ആക്കിത്തീര്‍ത്തിരിക്കുകയാണ് സമൂഹം. ആ ഒരവസ്ഥക്ക് മാറ്റം കൊണ്ടുവരാനാണ് കിര്‍താഡ്‌സ് പോലുള്ള സംവിധാനങ്ങള്‍ ശ്രമിക്കേണ്ടത്. പുതിയ തലമുറയെ എങ്കിലും അതിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ് വേണ്ടത്. സമൂഹത്തിലെ പലര്‍ക്കും, കുട്ടികള്‍ക്കടക്കം ആദിവാസികള്‍ എന്ന് പറയുമ്പോള്‍ ആദിമ വാസികള്‍ എന്ന തരത്തിലല്ല മനസ്സിലാക്കുന്നത്, എന്തോ മോശപ്പെട്ട സാധനമായിട്ടാണ്. അതിന് പ്രധാന കാരണം ഇത്തരത്തിലുള്ള മ്യൂസിയങ്ങളും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുമാണ്.


ഇപ്പോള്‍ ആദിവാസികളുടെ അറിയപ്പെടാത്ത ചരിത്രവും, സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രവും പറയാനാണ് മ്യൂസിയം വരുന്നതെന്ന് പറയുന്നു. കേരളത്തിലെ പാഠ്യ വിഷയങ്ങളില്‍ പോലും ദളിത് ആദിവാസി ജനതയെ പ്രചോദിപ്പിക്കുന്ന ചരിത്രകാരന്‍മാരെക്കുറിച്ചൊന്നും കാര്യമായി ഉള്‍പ്പെടുത്തിയിട്ടില്ല. ആ തരത്തില്‍ അവിടെ നിന്നാണ് അത് തുടങ്ങേണ്ടത്. അയ്യങ്കാളി എന്ന മനുഷ്യന്‍ എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സ്വാഭാവികമായും ദളിത്-ആദിവാസി കുട്ടികള്‍ക്കും അത് പ്രചോദനമായിരിക്കും. പാഠ്യവിഷയങ്ങളില്‍ അത്തരം കാര്യങ്ങള്‍ കൊണ്ടുവന്നാല്‍ ആദിവാസി കലകളെപ്പോലെ അപമാനിക്കപ്പെടാത്ത തലത്തിലേക്ക് അത് എത്തും. ആദിവാസി കുട്ടികളുടെ പോലും സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനയച്ച് അവരുടെ പഠനം മുടക്കുന്നത് വരെയുള്ള കാര്യങ്ങളാണ് കിര്‍താഡ്‌സില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥാപനമാണെങ്കില്‍ അതിന് ഞങ്ങളുടെ ഇടയില്‍ തന്നെയുള്ളവരെ അതിനായി നിയോഗിക്കുന്നതാണ് ഉചിതം. അങ്ങനെ വന്നാല്‍ ഈ മ്യൂസിയം പോലുള്ള പദ്ധതികള്‍ ഉണ്ടാവുകയുമില്ല."
ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള മ്യൂസിയമാണെങ്കില്‍ എന്തുകൊണ്ട് സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള മ്യൂസിയത്തില്‍ ഇടം കൊടുക്കുന്നില്ലെന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന അടുത്ത ചോദ്യം. ഇക്കാര്യത്തില്‍ കൃത്യമായി ഉത്തരം പറയാതെ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് ആദിവാസി ജനതയില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ആദിവാസികള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള സംഗതികളെ കാണാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന കിര്‍താഡ്‌സ്, മ്യൂസിയം പദ്ധതിയില്‍ അമിതതാത്പര്യം കാണിക്കുന്നത് വരാനിരിക്കുന്ന കോടികളുടെ കണക്ക് ആലോചിച്ചിട്ട് തന്നെയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. കിര്‍താഡ്‌സില്‍ നിലവില്‍ എത്തനോളജിക്കല്‍ മ്യൂസിയം ഉണ്ട്. എന്നാല്‍ അതില്‍ പ്രദര്‍ശനവസ്തുക്കളായി മാത്രം ആദിവാസികളെ കാണിച്ചിരിക്കുന്നത് സമൂഹത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇതില്‍ എതിര്‍പ്പുകളുണ്ടായിട്ടും മ്യൂസിയത്തിന്റെ രൂപഘടനമാറ്റുകയോ, പുതിയ ആശയങ്ങള്‍ സ്വീകരിക്കാനോ ഇതുവരെ തയ്യാറാവാത്ത കിര്‍താഡ്‌സ് ആരംഭിക്കാനിരിക്കുന്ന മ്യൂസിയത്തെ സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ നോക്കിക്കാണാനാവില്ലെന്നാണ് ആദിവാസി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ച മ്യൂസിയം വിരുദ്ധ പ്രചരണത്തെയും നേരിട്ടുള്ള ചോദ്യം ചെയ്യലുകളേയും അസഹിഷ്ണുതയോടെയാണ് മ്യൂസിയം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ നേരിടുന്നതെന്ന ആരോപണവും ശക്തമാണ്. സ്ഥാപനം ചെയ്യുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വിമര്‍ശനങ്ങളെ വ്യക്തിപരമായി കണ്ടുകൊണ്ട് എതിര്‍ശബ്ദങ്ങളുണ്ടാക്കുന്നവരെ ആക്രമിക്കുകയാണെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു.

ആദിവാസി പ്രവര്‍ത്തകനായ ഡോ. നാരായണന്‍ എം. ശങ്കരന്‍ പറയുന്നത് ഇങ്ങനെ; "എന്താണ് ഈ മ്യൂസിയം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കിര്‍താഡ്‌സ് പറയുന്നത് പോലെ ചരിത്രത്തിന്റെ പുനരാഖ്യാനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇവര്‍ പണിയേണ്ടത് മ്യൂസിയമല്ല. പകരം ഒരു ട്രൈബല്‍ റിസര്‍ച്ച് സെന്ററാണ്. മ്യൂസിയം പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിച്ചപ്പോഴെല്ലാം ഞങ്ങള്‍ പറഞ്ഞതും അത് തന്നെയാണ്. ഞങ്ങള്‍ക്ക് മ്യൂസിയമല്ല ആവശ്യം. ആദിവാസികളിലെ തന്നെ യോഗ്യരായവരുടെ മേല്‍നോട്ടത്തില്‍ റിസര്‍ച്ച് സെന്ററാണ് വേണ്ടത്. രണ്ടാമത്, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായാണ് മ്യൂസിയം കൊണ്ടുവരാന്‍ ഇവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലത് തന്നെ. പക്ഷെ അവിടെ വളരെ കൃത്യമായ വിവേചനമുണ്ട്. ആദിവാസി സമര സേനാനികള്‍ക്കായി ഒരു മ്യൂസിയം എന്ന് പറയുന്ന സമയത്ത് എവിടെയാണ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെട്ടിട്ടുള്ളത് എന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ തലയ്ക്കല്‍ ചന്തുവിന്റെ കാര്യമൊക്കെ നമ്മള്‍ പറയുന്നു. പക്ഷെ ഏതെങ്കിലും ചരിത്രപുസ്തകങ്ങളിലുള്‍പ്പെടെ മുഖ്യധാര ചരിത്രത്തില്‍ ഇവര്‍ക്കൊന്നും ഇടം ലഭിച്ചിട്ടില്ല. ഇനി അങ്ങനെ ഒരു മ്യൂസിയം പണിയുമ്പോള്‍ എന്തുകൊണ്ട് ഗാന്ധിയെപ്പോലുള്ളവരുടെ കൂടെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മ്യൂസിയം ആയിക്കൂട? എല്ലാവരും ഒരു ലക്ഷ്യത്തിനായാണ് സമരം ചെയ്തത്. അപ്പോള്‍ മുഖ്യധാരയിലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം നിര്‍ത്താതെ ആദിവാസികള്‍ക്കായി പ്രത്യേക മ്യൂസിയം പണിയുന്നത് തന്നെ വിവേചനമാണ്. ആദ്യം ചെയ്യേണ്ടത് ഇവരെ ചരിത്രത്തിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തുക, അങ്ങനെ കുട്ടികളിലേക്കും അക്കാദമിക് പുസ്തകങ്ങളിലേക്കും എത്തിക്കുക എന്നതാണ്. ഒരു മ്യൂസിയം മാത്രം പണിതതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.


എനിക്ക് തോന്നുന്നത് ഇന്ദു മേനോനെ പോലുള്ളവരുടെ വ്യക്തിപരമായ താത്പര്യം മാത്രമാണ് ഇതില്‍ ഉള്ളതെന്നാണ്. ഈ മ്യൂസിയം പ്രോജക്ട് വരുന്നതിന് മുമ്പ് ആദിവാസികളുടെ ഫോട്ടോകള്‍ ചോദിച്ചുകൊണ്ട് അവര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന്റെയൊക്കെ പിന്നില്‍ ഹിഡന്‍ അജണ്ടയുള്ളതായിട്ടാണ് തോന്നുന്നത്.

ഞങ്ങള്‍ മ്യൂസിയം പ്രോജക്ടിനെ വിമര്‍ശിക്കുക വഴി വിമര്‍ശിച്ചത് ഇന്ദു മേനോന്‍ എന്ന വ്യക്തിയെ അല്ല. അവരുടെ അധികാര സ്ഥാനത്തേയും കിര്‍താഡ്‌സിന്റെ മനോഭാവത്തേയുമാണ്. പക്ഷെ അവര്‍ പലപ്പോഴും അതിനെ വ്യക്തിപരമായി എടുക്കുകയാണ്. കിര്‍താഡ്‌സ് ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും നമുക്ക് തള്ളിക്കളയാനാവില്ല. അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ മ്യൂസിയം പോലുള്ള പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍, ഇത്രയും കാലം പട്ടികവിഭാഗങ്ങളുടെ വികസനത്തിനും മുന്നേറ്റത്തിനുമായി അവര്‍ എന്തുചെയ്തു എന്ന് ചോദിച്ചുപോകും. വര്‍ഷങ്ങളായിട്ടും ചുമതലകള്‍ നിര്‍വ്വഹിക്കാതെ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഞങ്ങള്‍ക്ക് സംശയങ്ങളുണ്ടാവുകയും ചെയ്യും. ഇപ്പോള്‍ കിര്‍താഡ്‌സ്, ആദിവാസി മ്യൂസിയത്തില്‍ ആദിവാസികളെ, ആദിവാസി ജീവിതത്തെ സ്റ്റഫ് ചെയ്ത് വച്ചിരിക്കുകയാണ്. ഇവര്‍ക്കെന്തുകൊണ്ട് അത് നവീകരിച്ചുകൂട? ഞങ്ങള്‍ക്ക് വിശ്വാസ്യകരമായ രീതിയില്‍ അത് മാറ്റിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഇനി വരുന്ന മ്യൂസിയത്തിനെ സ്വാഗതം ചെയ്യുകയുള്ളൂ. ആ മ്യൂസിയത്തെ ഒരു എക്‌സിബിഷന്‍ ഒബ്ജക്ടായി വയ്ക്കുന്ന സമയത്ത് പുതിയ മ്യൂസിയത്തെ ഞങ്ങള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും? ഇന്നത്തെ കാലത്ത് മ്യൂസിയത്തെ സ്വാഗതം ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ നാണക്കേടാണ്. അതിനപ്പുറത്തേക്ക് വംശീയമായ അധിക്ഷേപവുമാണിത്. ആദിവാസി മേഖലയില്‍ നിന്നുള്ളവരോട് ഏതെങ്കിലും തരത്തില്‍ സംവദിച്ചുകൊണ്ടല്ല കിര്‍താഡ്‌സ് പ്രോജക്ട് തയ്യാറാക്കിയതെന്നാണ് എന്റെ അറിവ്. സെമിനാര്‍ പോലൊന്ന് നടത്തി അവര്‍ പദ്ധതി വിശദീകരിച്ചിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ മെത്തഡോളജിയേയും മറ്റും എതിര്‍ത്ത കിര്‍താഡ്‌സിലെ ജീവനക്കാരെ പിന്നീട് വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്തതായാണ് അറിഞ്ഞിട്ടുള്ളത്. 'ഊട്ടി കിട്ടിയേ... (ചില പണി എടുക്കാത്തവന്മാര്‍ രാപ്പകലില്ലാതെ പണിതിട്ടും പാര വെച്ചിട്ടും പ്രാകിയിട്ടും കുടിക്കൂട്ടങ്ങളില്‍ വിലാപകാവ്യങ്ങള്‍ ചമച്ചിട്ടും കുശുമ്പും കുന്നായങ്ങളും വക്രതയും സ്റ്റാഫ് മീറ്റിങ്ങുകളില്‍ കുന്നോളം വിഷവായാല്‍ തുപ്പിയിട്ടും...) താങ്ങ്‌സ് ടു മോട്ടാ ആന്റ് ദി മ്യൂസിയം ടീം' എന്നാണ് 16 കോടി ലഭിച്ചതിന് ശേഷം അതിന്റെ ഇന്‍-ചാര്‍ജ് ആയിട്ടുള്ള ഉദ്യോഗസ്ഥ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ആ സ്ഥാപനത്തിലെ എതിര്‍ശബ്ദങ്ങളെ ഉദ്ദേശിച്ചു തന്നെയായിരുന്നു എന്നാണ് ലഭിച്ച വിവരം. അത്തരത്തില്‍ പൊതുവായുള്ള ഒരു പദ്ധതിയെ വ്യക്തിപരമായിക്കാണാനുള്ള ഒരു ശ്രമവും ഇതില്‍ നടക്കുന്നുണ്ടെന്നാണ് സംശയം. ഒരു സമുദായം ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ ആ സമുദായത്തിന്റെ പേരില്‍ ഒരു മ്യൂസിയം വേണ്ട എന്ന് തന്നെയാണ് അഭിപ്രായം. ആ വിഭാഗത്തിന് വേണ്ട നിരവധി കാര്യങ്ങളുണ്ട്, അടിസ്ഥാനപരമായ ആവശ്യങ്ങളുണ്ട്.'


http://www.azhimukham.com/kerala-what-is-kirtads-doing-for-tribes-and-dalit-community-report-by-kr-dhanya/

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതിയായതിനാല്‍, ആദിവാസികളോടൊപ്പം തങ്ങളുണ്ടെന്ന് ഏതുവിധേനയും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് മ്യൂസിയം പദ്ധതിയുമെന്ന ആരോപണവും ശക്തമാണ്. മ്യൂസിയം നിര്‍മ്മിച്ച് ആദിവാസികളെ സ്വാതന്ത്ര്യ സമര സേനാനികളും അതുവഴി ഹിന്ദുക്കളുമാക്കാനുള്ള മോദി സര്‍ക്കാര്‍ അജണ്ടയ്ക്കാണ് ഇപ്പോള്‍ കിര്‍താഡ്‌സ് വഴങ്ങിക്കൊടുത്തിരിക്കുന്നതെന്നാണ് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്. ആക്ടിവിസ്റ്റായ പ്രശാന്ത് കോളിയൂര്‍ പറയുന്നു: "
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്ധതിയുടെ പ്ലാന്‍ തന്നെ ആദിവാസികളിലെ സ്വാതന്ത്ര്യ സേനാനികള്‍ക്കായി മ്യൂസിയം എന്നത് തന്നെയായിരുന്നു. കേന്ദ്രസര്‍ക്കാരിന് ഇതില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. സ്വാതന്ത്ര്യസമരം ആദിവാസികളും കൂടി ചെയ്തതായിരുന്നു എന്ന് പറയുക, സമരം ചെയ്ത ആദിവാസികളെല്ലാം ഹിന്ദുക്കളാകും, പിന്നെ ഹിന്ദുക്കള്‍ സമരം ചെയ്തവരാകും, അതുകഴിഞ്ഞാല്‍ സംഘപരിവാര്‍ തന്നെ സമരം ചെയ്തവരാകും -അത്തരം ഒരു ബൃഹത് പ്ലാന്‍ അവര്‍ക്കുള്ളതായാണ് സംശയം. എന്നാല്‍ സ്വാതന്ത്ര്യ സമരം മാത്രമല്ല, അതിലും വിശാലമായ രീതിയില്‍ ലോകശ്രദ്ധ നേടുന്ന തരത്തില്‍ ഒരു മ്യൂസിയമാക്കി മാറ്റാമെന്ന തരത്തിലുള്ള പ്രോജക്ടാണ് കിര്‍താഡ്‌സ് സമര്‍പ്പിച്ചതെന്നാണ് അറിവ്. കിര്‍താഡ്‌സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വച്ചിട്ടല്ലേ നമുക്ക് ഇനി വരാനിരിക്കുന്ന പദ്ധതിയേയും മനസ്സിലാക്കാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം തിരുവനന്തപുരം കനകക്കുന്നില്‍ പുഷ്‌പോത്സവത്തോടനുബന്ധിച്ച് തേനെടുക്കാന്‍ പോകുന്ന ആദിവാസി എന്ന് പറഞ്ഞ് തോല്‍ ഉടുത്തത് പോലെ ഒരു രൂപം ഉണ്ടാക്കി വച്ചത് കിര്‍താഡ്‌സാണ്. അതുകൂടാതെ കൊല്ലം ആശ്രമം മൈതാനത്തില്‍ കൊല്ലം ഫെസ്റ്റ് നടന്നപ്പോള്‍, 'നിങ്ങള്‍ക്ക് ആദിവാസി കുടിലുകള്‍ നഗരത്തില്‍ കാണാം' എന്നായിരുന്നു ആ പരിപാടിയുടെ ബാനറില്‍ പോലുമുണ്ടായിരുന്നത്. കുടില്‍ ഉണ്ടാക്കി, അതിന് മുന്നില്‍ തോര്‍ത്ത് ഉടുത്ത് നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ രൂപവും ഉണ്ടാക്കി വച്ചാണ് അവര്‍ അത് ചെയ്തത്. ഇങ്ങനെയുള്ള ആദിവാസി വാര്‍പ്പ് മാതൃകകളെ, ബാംബൂ ബോയ്‌സ് മാതൃകകളെ വീണ്ടും വീണ്ടും സമൂഹത്തില്‍ പ്രതിഷ്ഠിക്കുന്ന പരിപാടിയാണ് ഇവര്‍ ഇത്രയും കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യ സമരം കൂടി വരുന്നു എന്നതല്ലാതെ ഇതില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി എനിക്ക് കാണാന്‍ പറ്റുന്നില്ല. ഇന്നും അവിടെ പഠിപ്പിക്കുന്നത് കുട്ട നെയ്യലും വിവാഹത്തിനും മറ്റും കളിക്കാനുള്ള നൃത്തങ്ങളുമാണ്. ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് മാറിപ്പോവാതിരിക്കുക, തനിമ നിലനിര്‍ത്തിപ്പോരുക തുടങ്ങിയ മാടമ്പി ലൈനിലുള്ള പദ്ധതികളാണ് അവര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത്. എത്‌നിക് ഭീകരതയാണ് അവര്‍ ഈ മ്യൂസിയത്തിലൂടെ ഉത്പാദിപ്പിക്കാന്‍ പോവുന്നത്. ലോകത്തെ ആകര്‍ഷിക്കുന്ന തരത്തിലുള്ളത് എന്നാണ് പറയുന്നത്. ലോകത്തുനിന്ന് ആളുകളൊക്കെ ഇത് കാണാന്‍ വരും.


ഇനി ഇവര്‍ പറയുന്ന പല പോരാട്ടങ്ങളും സ്വാതന്ത്ര്യസമരം എന്ന തലക്കെട്ടില്‍ ഒതുങ്ങുമോ എന്നും സംശയമുണ്ട്. പലപ്പോഴും ആദിവാസികള്‍ അവരുടെ ആത്മാഭിമാനത്തിനായി പൊരുതിയതാണ്. അതെല്ലാം സ്വാതന്ത്ര്യസമരത്തില്‍ ഉള്‍പ്പെടുമോ? അവര്‍ അവിടെ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദിവാസികള്‍ക്ക് ഇനിയും മുന്നോട്ട് പോവാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു സ്ഥാപനമാണതെങ്കില്‍ തെറ്റില്ല. ആ സ്ഥാപനത്തിലെ കുറച്ചുപേര്‍ അവരുടെ വ്യക്തിപരമായ വാശിയുടെ പുറത്ത് പ്രോജക്ടുമായി മു്‌ന്നോട്ടുപോവുകയാണെന്നാണ് അവസാനം ലഭിച്ച വിവരം."


http://www.azhimukham.com/offbeat-why-kirtads-intervene-in-tribal-culture-and-rituals-report-part-2-by-kr-dhanya/

എന്നാല്‍ മ്യൂസിയത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം വാസ്തവം മനസ്സിലാക്കാതെയുള്ളതെന്നാണ് കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. ബിന്ദു പറയുന്നത്. കേരളത്തിന് ഈ പ്രോജക്ട് ലഭിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും മറ്റ് പല സംസ്ഥാനങ്ങളേയും പിന്നിലാക്കിയാണ് കിര്‍താഡ്‌സ് ആ ലക്ഷ്യം നേടിയതെന്നും ഡയറക്ടര്‍ അവകാശപ്പെടുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ആദിവാസികളായ സമരസേനാനികള്‍ക്കായാണ് മ്യൂസിയം ഒരുങ്ങുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മ്യൂസിയത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളും അതിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളുമെല്ലാം കളവാണെന്ന് മ്യൂസിയം ഇന്‍-ചാര്‍ജ് ഇന്ദു മേനോന്‍ പ്രതികരിച്ചു. "ഈ പറയുന്ന ആരോപണങ്ങള്‍ തെറ്റായവയാണ്. ഇതില്‍ കൂടുതല്‍ ഞാന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല. കാരണം ഞാന്‍ കിര്‍താഡ്‌സിലെ ഒരു ഉദ്യോഗസ്ഥ മാത്രമാണ്. പക്ഷെ ഇത് ആദിവാസി മ്യൂസിയം അല്ല, പകരം ആദിവാസി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് വേണ്ടിയുള്ളതാണ്. ആംഗ്ലോ-മറാത്ത യുദ്ധം രണ്ട് കൊല്ലം മാത്രം നീണ്ട് നിന്ന യുദ്ധമാണ്. ആംഗ്ലോ-സിഖ് യുദ്ധം ഒരു വര്‍ഷം മാത്രം നിന്ന യുദ്ധമാണ്. ഇന്ത്യയിലെ ഏത് യു.പി.എസ്.സി പഠിക്കുന്നവര്‍ക്കും ഈ യുദ്ധങ്ങളെക്കുറിച്ചറിയാം. പക്ഷെ 12 കൊല്ലം നീണ്ടുനിന്ന ആഗ്ലോ-കുറിച്യ യുദ്ധം ആര്‍ക്കെങ്കിലുമറിയുമോ? എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ പ്രതിമയുണ്ടാക്കി വയ്ക്കുന്ന മ്യൂസിയങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ മ്യൂസിയങ്ങളാണ്."


ആദിവാസികളായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മ്യൂസിയം എന്നത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. കിര്‍താഡ്‌സിന് ആ പദ്ധതിയില്‍ പങ്കില്ല. പദ്ധതിക്കനുസരിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും സമര്‍പ്പിച്ച പ്രൊപ്പോസല്‍ പോലൊന്ന് സമര്‍പ്പിക്കുക മാത്രമാണ് കിര്‍താഡ്‌സ് ചെയ്തത്. കേരളത്തിന്റെ പദ്ധതിക്ക് അനുമതി ലഭിച്ചു. എന്നാല്‍ തങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിലും, പഠിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം ആദിവാസികള്‍ക്കായി മ്യൂസിയം കൊണ്ടുവരുന്നതെന്തിനെന്ന ചോദ്യമാണ് പലയിടത്തുനിന്നും ഉയരുന്നത്. തങ്ങള്‍ക്ക് വേണ്ടാത്ത, തങ്ങളുടെ ജീവിതത്തെ ഒരു തരിമ്പ് പോലും മാറ്റാത്ത ഒരു മ്യൂസിയം 16 കോടി രൂപ മുടക്കി കൊണ്ടുവരുന്നതാണോ ആദിവാസികളുടെ വികസനം എന്നതും ആദിവാസി ജനതയുടെ ചോദ്യമാണ്. പദ്ധതി കൊണ്ടുവന്നാലും ഇല്ലെങ്കിലും ആദിവാസി വിഭാഗത്തെയെങ്കിലും ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കിര്‍താഡ്‌സിനുണ്ട്.

http://www.azhimukham.com/kerala-kirtards-and-tribal-people-in-kerala-report-by-kr-dhanya/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories