UPDATES

വീടും പറമ്പും

വീട് ഒരുക്കുന്നതൊക്കെ കൊള്ളാം, എന്നാല്‍ ഇത്തരം അശ്രദ്ധകള്‍ ജീവന് വരെ ഭീഷണിയായേക്കും

അലങ്കാര വസ്തുക്കളും ഫര്‍ണീച്ചറുകളും തിരഞ്ഞെടുക്കുക്കുമ്പോഴും ഇന്റീരിയര്‍ ഡിസൈനിംഗിലും സുരക്ഷക്ക് മുന്‍തൂക്കം കൊടുക്കണം

വീട് ഉണ്ടാക്കുമ്പോള്‍ ഭംഗി പോലെത്തന്നെ പ്രധാനമാണ് സുരക്ഷയും. ഉറപ്പുള്ള ചുവരുകളും മേല്‍ക്കൂരയും നിര്‍മിച്ചാല്‍ മാത്രം പോരാ. അലങ്കാര വസ്തുക്കളും ഫര്‍ണീച്ചറുകളും തിരഞ്ഞെടുക്കുക്കുമ്പോഴും ഇന്റീരിയര്‍ ഡിസൈനിംഗിലും സുരക്ഷക്ക് മുന്‍തൂക്കം കൊടുക്കണം. കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.

ഗൃഹാലങ്കാരത്തിലെ പുതിയ ട്രെന്‍ഡുകളെ അന്ധമായി അനുകരിക്കുന്നതിന് മുമ്പ് നമ്മുടെ വീടിന് അത് അനുയോജ്യമാണോ എന്ന് ചിന്തിക്കുക. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരുടെയൊക്കെ സൗകര്യങ്ങളും സുരക്ഷയും പരിഗണിക്കണം. പഴയ വീട് വാങ്ങുമ്പോള്‍ അവിടെ നിലവിലുള്ള സൗകര്യങ്ങളും ഫര്‍ണീച്ചറുകളും ഇതേ പോലെ പരിശോധിക്കാം. മുമ്പ് താമസിച്ചവര്‍ ശ്രദ്ധിക്കാതെ പോയതോ, ഭാഗ്യം കൊണ്ട് അപകടം സംഭവിക്കാഞ്ഞതോ ആയ അബദ്ധങ്ങളുണ്ടാകും. വീട് ഒരുക്കുന്നതിനിടെ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ താഴെ വായിക്കാം.

പഴയ ലൈറ്റുകളുടെ വയറിംഗ് മാറ്റാം
ആന്റിക് വിളക്കുകള്‍ കാഴ്ചക്ക് ഭംഗിയാണ്. വീടിന്റെ മുഴുവന്‍ ലുക്കിനെ തന്നെ മാറ്റാന്‍ പഴയ കാലത്തെ വിളക്കുകള്‍ക്കാകും. ആന്റിക്, വിന്റേജ് മാതൃകയിലുള്ള ലൈറ്റുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പഴക്കമുള്ള തൂക്കുവിളക്കുകളും മറ്റും വാങ്ങുകയാണെങ്കില്‍ സൂക്ഷിക്കണം. ഒരു ഇലകട്രീഷ്യന്റെ സഹായത്തോടെ അവയുടെ വയറിംഗ് മാറ്റി പുതിയതാക്കാം. യഥാര്‍ത്ഥ വോള്‍ട്ടേജ് ഉള്ള ബള്‍ബുകളും ഉപയോഗിക്കണം. വീടിന്റെ വയറിംഗിനെ പറ്റി ധാരണയുള്ള ഒരു ഇലക്ട്രീഷ്യന്റെ നിര്‍ദ്ദേശം ഇതിലെല്ലാം തേടാവുന്നതാണ്.

മെഴുകുതിരി വെട്ടം റൊമാന്റിക് ആണ്, പക്ഷേ…
മെഴുകുതിരികളുടെ പ്രകാശം വീടിനെ റൊമാന്റിക് ആക്കും. വിവിധ ഗന്ധങ്ങളുള്ള കാന്‍ഡിലുകള്‍ അന്തരീക്ഷം സുഗന്ധപൂരിതാമാക്കാനും സഹായിക്കും. എന്തായാലും കത്തിച്ച തിരികള്‍ അണയ്ക്കാന്‍ മറക്കരുത്. പാര്‍ട്ടികളും വിരുന്നും അവസാനിക്കുമ്പോള്‍ മുഴുവന്‍ തിരികളും ശ്രദ്ധയോടെ കെടുത്തണം. അല്ലെങ്കില്‍ തട്ടി മറിഞ്ഞ് വീണോ മറ്റ് വസ്തുക്കളിലേക്ക് തീ പടര്‍ന്നോ അപകടമുണ്ടായേക്കാം. മെഴുകുതിരി വെയ്ക്കാന്‍ തീ പിടിക്കാത്ത തരം ഹോള്‍ഡറുകള്‍ ഉപയോഗിക്കുന്നതും ബുദ്ധിയാണ്.

കൗതുകവസ്തുക്കളിലും വിഷം
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പല അലങ്കാര വസ്തുക്കളിലും അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടായേക്കാം. ഉത്സവ സീസണുകളില്‍ പ്രത്യേകിച്ചും. ക്രിസ്മസിനും ദീപാവലിക്കുമെല്ലാം വാങ്ങിയിടുന്ന നിറപ്പകിട്ടാര്‍ന്ന അലങ്കാര വസ്തുക്കള്‍ വില കുറഞ്ഞ പ്ലാസ്റ്റിക്കും ചായങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്നവയാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിന് ഒരു പോലെ ഹാനികരമാണ് ഇവ. ഷോ പീസുകളായി വാങ്ങുന്ന വസ്തുക്കള്‍ നേരിട്ട് കുട്ടികളുടെ കയ്യിലെത്താത്ത സ്ഥലത്ത് വെക്കുക. വിപണിയില്‍ എത്തുന്നതില്‍ ഭൂരിഭാഗവും ലെഡ് പോലുള്ള വിഷാംശങ്ങളുടെ അളവ് വളരെ കൂടുതലുള്ള കൗതുകവസ്തുക്കളാണ്. പൊടി തുടക്കാനും സ്ഥാനം മാറ്റാനുമൊക്കെയായി ഇവയുമായി പെരുമാറി കഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി കഴുകാനും ശ്രദ്ധിക്കുക.

എല്ലാ ചെടികളും നല്ലതല്ല
വീടിനകത്ത് ചെടികള്‍ വക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പൂന്തോട്ടത്തില്‍ സുപരിചിതമായ പല ചെടികളും വിഷാംശം അടങ്ങിയതാണ്. പ്രത്യേകിച്ചും ക്രോട്ടണ്‍ ചെടികള്‍. നിറമുള്ള ഇലകളുള്ള ചെടികള്‍ പലപ്പോഴും കുട്ടികള്‍ വായിലാക്കും. മരണം വരെ സംഭവിച്ചേക്കാം ഇങ്ങനെ. പൂവ്, കായ്, ഇലകള്‍ തുടങ്ങിയവ അലര്‍ജിയുണ്ടാക്കുന്ന ചെടികളുമുണ്ട്. വളര്‍ത്ത് മൃഗങ്ങളുടെയും കുട്ടികളുടെയും സുരക്ഷയെ കരുതി വിഷാംശമുള്ള ചെടികള്‍ വീടിനകത്ത് നിന്ന് ഒഴിവാക്കാം . അകത്ത് വളര്‍ത്തുന്ന ചെടികളെ പറ്റി ശരിയായി അറിയുകയും ചെയ്യുക.

ആരോഗ്യം മങ്ങാന്‍ പഴയ പെയിന്റും
പഴയ വീടാണ് വാങ്ങുന്നതെങ്കില്‍ അവിടത്തെ പെയിന്റിംഗിനെ പറ്റി ചോദിച്ചറിയണം. ഏറെക്കാലം മുമ്പാണ് പെയിന്റിംഗ് നടത്തിയിട്ടുള്ളതെങ്കില്‍ അതില്‍ ലെഡിന്റെ അംശം കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. പെയിന്റിന് വിള്ളലോ പൊട്ടലോ ഇല്ലെങ്കില്‍ സാരമില്ല. പൊടിഞ്ഞ് വീഴാന്‍ തുടങ്ങിയെങ്കില്‍ അപകടകരമാണ്. ഗര്‍ഭിണികള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കും ഇത് അപകടമുണ്ടാക്കും. വീട്ടിലെ പെയിന്റില്‍ ലെഡിന്റെ അംശമുണ്ടെന്ന് മനസ്സിലായാല്‍ ഒറ്റക്ക് നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. കയ്യും മുഖവും മറച്ച് ശരീരത്തില്‍ സ്പര്‍ശിക്കാത്ത തരത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സഹായത്തോടെ മാത്രം മാറ്റുക.

പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
തറവാട് പൊളിച്ചപ്പോള്‍ ബാക്കിയായ ഫാനും പഴയ ഫ്രിഡ്ജുമൊക്കെ പുതിയ വീട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത് മണ്ടത്തരമാണ്. പഴയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിലെ സുരക്ഷ ക്രമീകരണങ്ങള്‍ പുതിയതിനെ അപേക്ഷിച്ച് കുറവായിരിക്കും. വയറുകളുടെ ദുര്‍ബലതയും പഴക്കവുമൊക്കെ അപകടം ക്ഷണിച്ച് വരുത്തും. ഇലക്ട്രിസിറ്റി ഉപയോഗവും കൂടുന്നത് കൊണ്ട് കറണ്ട് ബില്ലും ബഡ്ജറ്റിനെ തകര്‍ക്കുന്ന രീതിയില്‍ ഉയര്‍ന്നേക്കാം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച വിശ്വാസ്യതയുള്ള കമ്പനികളുടെ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതാണ് നല്ലത്.

ഫര്‍ണീച്ചറുകള്‍ തൂക്കിയിടുമ്പോള്‍
ഭാരമുള്ള ഫര്‍ണീച്ചറുകള്‍ തൂക്കിയിടുന്ന മാതൃകയിലുള്ളത് വാങ്ങാതിരിക്കാം. അലമാരികളും ബുക്ക് ഷെല്‍ഫുകളുമൊക്കെ തറയില്‍ വെക്കാവുന്നത് തിരഞ്ഞെടുക്കുക. ചുവരില്‍ കൊളുത്തുന്നതാണെങ്കില്‍ ഒരു ആശാരിയെ കൊണ്ട് ഉറപ്പിക്കണം. കുട്ടികള്‍ ഇവയില്‍ കേറുന്നതും വലിക്കുന്നതുമൊക്കെ അപകടം ക്ഷണിച്ച് വരുത്തും. എല്ലാ മുറികളിലുമുള്ള തൂങ്ങി കിടക്കുന്ന ഫര്‍ണീച്ചറുകളില്‍ കുട്ടികളുടെ കൈ എത്തിയേക്കാം. ഇവ ഇടക്കിടെ പരിശോധിച്ച് ഇളക്കമോ വീഴാനുള്ള സാധ്യതയോ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.

ചക്രക്കസേരകളെ പൂട്ടിയിടാം
ചെറിയ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ വാതിലിനും ചവിട്ട് പടിക്കുമൊക്കെ ചൈല്‍ഡ് പ്രൂഫ് ലോക്കുകള്‍ അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ചക്രം പിടിപ്പിച്ച കസേരകള്‍ക്കും പൂട്ടിടാം. ഓഫീസ് വീടിനൊപ്പമാണ് അവിടത്തെ ഫര്‍ണീച്ചറുകള്‍ ആവശ്യം കഴിഞ്ഞാല്‍ പൂട്ടിയിടുക. ചക്രക്കസേരകളില്‍ മുതിര്‍ന്നവര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ലോക്ക് പിടിപ്പിക്കാം. മിനുസമുള്ള തറയുള്ള വീടുകളില്‍ ചക്രം പിടിപ്പിച്ച ഫര്‍ണീച്ചറുകള്‍ മുതിര്‍ന്നവരും സൂക്ഷിച്ച് ഉപയോഗിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍