UPDATES

ട്രെന്‍ഡിങ്ങ്

നാദിറ ചരിത്രം കുറിക്കുകയാണ്; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

എഐഎസ്എഫിൻറെ പാനലിലാണ് നാദിറ മത്സരിക്കുന്നത്

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒട്ടനവധി ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളില്‍ ഒരാളായാണ് നാദിറയെ ആദ്യം അറിയുന്നത്. പക്ഷേ ഇന്ന് പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വന്തം അവകാശങ്ങളും ഇടങ്ങളും തീര്‍ത്ത് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമായി തുടരുകയാണ് നാദിറ. കേരള യൂണിവേഴ്സിറ്റിക്ക് കീഴില്‍ പഠിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമ വിദ്യാര്‍ത്ഥി, കേരളാ യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്, പൊതുഇടങ്ങളിലേക്ക് ചരിത്രം കുറിച്ചുകൊണ്ട് മുന്നേറുകയാണ് നാദിറ. തോന്നക്കൽ എ.ജെ കോളേജില്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് നാദിറ മത്സരിക്കുന്നത്. മാധ്യമപഠനത്തില്‍ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ നാദിറ എഐഎസ്എഫിൻറെ പാനലിലാണ് മത്സരിക്കുന്നത്.

“പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നുന്നുണ്ട്. എന്നെ ഞാനായി തന്നെ അംഗീകരിക്കാന്‍ സമൂഹത്തിന് ആകുന്നുണ്ടല്ലോ”, കേരളാ യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ നാദിറ സന്തോഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു തുടങ്ങി. “എന്റെ അച്ഛനും അമ്മയും എനിക്കിട്ട പേര് നജീബ് എന്നായിരുന്നു. ഒരു മുസ്ലീം കുടുംബത്തില്‍ പിറന്ന എനിക്ക് എന്റെ സ്വത്വം പറയാനായും അത് അംഗീകരിക്കാനുമുള്ള ഒരു സ്‌പേസ് എന്റെ കുടുംബത്തില്‍ നിന്ന് ഒരു സമയത്തും കിട്ടിയിട്ടില്ല. എട്ടാം ക്ലാസ് മുതലാണ് ഞാന്‍ എന്നിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അന്ന് മുതല്‍ തന്നെ ബാഹ്യമായ മാറ്റങ്ങളുടെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നുമൊക്കെ ഒരുപാട് ശകാരങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഞാന്‍ ഇരയായിട്ടുണ്ട്. ആദ്യമൊക്കെ എന്റെ പ്രശ്‌നമായി തന്നെയാണ് ഞാനും എന്റെ വ്യത്യാസങ്ങളെ മനസിലാക്കിയിരുന്നത്. പക്ഷേ സമൂഹമാധ്യമങ്ങളിലൊക്കെ ആക്ടീവാകാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്നും അവരിലൊരാളാണ് ഞാന്‍ എന്നും മനസിലാക്കുന്നത്. അങ്ങനെ ഒരു റിയലൈസേഷന് ശേഷം സ്വത്വം വീട്ടില്‍ പറയാന്‍ ഒരു ധൈര്യമുണ്ടായി. വീട്ടിലെ സ്ഥിതി ഭീകരമായിരുന്നു. വീട്ടിലായിരുന്നെങ്കില്‍ അവര്‍ പറയുന്നത് പോലെയൊക്കെ ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. അങ്ങനെ 2017-ലാണ് ഞാന്‍ വീട് വിട്ട് പുറത്തിറങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങി നേരെ പോയത് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലേക്കാണ്. അവിടെ എല്ലാവരും പൂര്‍ണമായും അംഗീകരിച്ചു, പിന്തുണ നല്‍കി”, നാദിറ വിശദീകരിച്ചു.

ഒരുതരത്തിലും അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു സമൂഹത്തിലേക്കാണ് താന്‍ ഇറങ്ങിത്തിരിക്കുന്നതെന്ന പൂര്‍ണബോധത്തോടെയാണ് നാദിറ വീട്ടില്‍ നിന്നിറങ്ങുന്നത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ഒരുപാട് ദുരനുഭവങ്ങള്‍ നാദിറയ്ക്കുണ്ടായിരുന്നു. “കമലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. ഒത്തിരിയേറെ മാനസിക സമ്മര്‍ദമാണ് അവിടെ നിന്നും ലഭിച്ചത്. സഹപാഠികളില്‍ നിന്നും പരിഹാസങ്ങളും മാനസിക, ശാരീരിക പീഡനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിലെ സ്‌ത്രൈണതയെ അവര്‍ കളിയാക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് സ്‌കൂള്‍ കാലഘട്ടമാണ്.”

വീട് വിട്ടിറങ്ങിയിട്ടും കോളേജില്‍ നാദിറ രണ്ട് വര്‍ഷക്കാലം നജീബായി തന്നെ തുടര്‍ന്നു. “എന്നെ അവര്‍ അംഗീകരിക്കുമോ ഒറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എന്നെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എന്തോ ഒരു ധൈര്യത്തിലാണ് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയത്. വിശ്വാസിക്കാനാകാത്തത്ര പിന്തുണയാണ് അവരില്‍ നിന്ന് എനിക്ക് ലഭിച്ചത്. പെണ്ണായി തന്നെ ഡ്രസൊക്കെ ഇട്ട് വരാനാണ് കൂട്ടുകാര്‍ ആവശ്യപ്പെടുന്നത്”, നാദിറ പറഞ്ഞു.

കേരളാ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് നാദിറ. ഈ മാസം 9-നാണ് തെരഞ്ഞെടുപ്പ്. “ഞാന്‍ എഐഎസ്എഫ് പ്രവര്‍ത്തകയാണ്. എനിക്ക് ഒരുപാട് പിന്തുണ മുമ്പും എഐഎസ്എഫില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ തന്നെ എന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. തീര്‍ച്ചയായും ഞാന്‍ മല്‍സരത്തില്‍ വിജയിക്കും. കോളേജിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ പിന്തുണ എനിക്കുണ്ട്” നാദിറ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ ഫാഷന്‍ ഷോ ആയ മാനവീയം ഫെസ്റ്റില്‍ 2018 ടൈറ്റില്‍ വിന്നറും മിസ് വര്‍ണ്ണം 2018 വിജയിയുമായിരുന്നു നാദിറ. കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും നാദിറ അര്‍ഹയായിട്ടുണ്ട്. കേരളത്തിലെ എല്‍ജിബിടിഐക്യൂ സംഘടനയായ ക്വീയറിഥം സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി നിലവില്‍ പ്രവര്‍ത്തിച്ചു വരികയാണ് നാദിറ.

ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം തയാറാവുന്നതിനെ അംഗീകരിക്കേണ്ടതുണ്ട്. ഈ ന്യൂനപക്ഷങ്ങളുടെ വര്‍ഷങ്ങളായിയുള്ള പോരാട്ടമാണ് ഇന്ന് സമൂഹത്തില്‍ അവര്‍ നേടുന്ന പിന്തുണയും അംഗീകാരവും. “ഈ ചരിത്രപരമായ തീരുമാനം എടുത്തിരിക്കുന്നത് ഞാനും കൂടി ഉള്‍പ്പെടുന്ന എഐഎസ്എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായത് കൊണ്ട് തന്നെ ഇതൊരു അഭിമാനനിമിഷമാണ്. ട്രാന്‍സ്ജെന്‍ഡര്‍ പോലൊരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് എഐഎസ്എഫ് പോലൊരു പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണ്” എന്ന് എഐഎസ്എഫ് വിദ്യാര്‍ത്ഥിനീ സംഘടനയായ അക്ഷിത വിദ്യാര്‍ത്ഥിനി വേദി സംസ്ഥാന കമ്മിറ്റി അംഗവും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ അവന്തിക പറയുന്നു.

പഠനവും ജീവിതവും പോരാട്ടമാണ് നന്ദനയ്ക്ക്; എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍ എത്തിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ക്ക് പറയാനുള്ളത്

‘നാട്ടിൽ കാലുകുത്തിയാൽ വെട്ടിക്കൊന്ന് റെയിൽവേ ട്രാക്കിലിടും’; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയോട് കുടുംബം പറഞ്ഞതാണ്‌

ഡിവൈഎഫ്‌ഐയില്‍ അംഗത്വമെടുത്ത് നൂറോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍: ഇത് തുറന്ന രാഷ്ട്രീയ പ്രഖ്യാപനം

പേടിയുണ്ട് മൈ ലോര്‍ഡ്; ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ ഒരു സംസ്ഥാനത്താണ് നിരന്തരം ആക്രമിക്കപ്പെടുന്നത് എന്നോര്‍ക്കണം

ഒരു തെരുവ് ഹിജഡയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ കഥയും; ചരിത്രമെഴുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ മാര്‍വിയ പറയുന്നു

ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്; ഇവിടെ അവര്‍ അപഹസിക്കപ്പെടില്ല, വലിയൊരു മാറ്റവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

ഗൗരി: കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; അന്വേഷിക്കാന്‍ പൊലീസിനും താത്പര്യമില്ല, ഇടപെടാന്‍ സമൂഹത്തിനും

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍? 5 മിത്തുകള്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍