TopTop

കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു; സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍

കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു; സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍
കുട്ടികള്‍ക്കെതിരെ അതിക്രമം കാട്ടിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും. കുട്ടികള്‍ക്കെതിരായി അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിയമനിര്‍മ്മാണത്തിന് സംസ്ഥാന  സര്‍ക്കാര്‍. കേസുകളില്‍ പ്രതികളാവുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിയമനിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി കാണണമെന്ന് നിയമവിദഗ്ദ്ധര്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. രണ്ട് കുരുന്നുകളോട്, പ്രതിയായ അരുണ്‍ കാട്ടിയിരുന്ന കൊടുംക്രൂരതകള്‍ക്ക് അളവില്ലായിരുന്നു. അരുണിന്റെ മര്‍ദ്ദനത്തില്‍ തലച്ചോറ് പൊട്ടിപ്പുറത്തുവന്നാണ് ആ കുഞ്ഞ് മരിച്ചത്. ഒരു ആഴ്ചയോളം വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടിയെ രക്ഷപെടുത്താന്‍ ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും അവന്‍ അതിജീവിച്ചില്ല.

തൊടുപുഴയിലെ കുഞ്ഞിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് ശക്തമായ നിയമങ്ങള്‍ വേണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. ഈ സംഭവമുണ്ടാക്കിയ വേദനകള്‍ മാറും മുമ്പാണ് ആലുവയില്‍ ഇതരസംസ്ഥാനക്കാരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ് അമ്മയുടെ മര്‍ദ്ദനത്തിനിരയായി മരിക്കുന്നത്. അടുക്കളയിലെ സ്ലാബില്‍ നിന്നും താഴെ വീണതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇതരസംസ്ഥാനക്കാരായ ദമ്പതികള്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ തലക്കേറ്റ ക്ഷതത്തില്‍ രക്തംകട്ട പിടിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ അവസ്ഥയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പൊള്ളലേറ്റതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും പാടുകള്‍ ആ കുരുന്നു ശരീരത്തിലുണ്ടായിരുന്നു. ആ കുഞ്ഞ് അനുഭവിച്ചിരുന്ന കൊടിയ വേദനകള്‍ വിളിച്ചോതുന്നതായിരുന്നു അത്. ശക്തിയേറിയ മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചെങ്കിലും ആ കുഞ്ഞും മരണത്തിന് കീഴടങ്ങി.

കേരളത്തിന്റെ കണ്ണുനനയിച്ച ഈ രണ്ട് സംഭവങ്ങള്‍ക്ക് ശേഷവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്ന വാര്‍ത്തകളാണ് രണ്ട് ദിവസമായി പുറത്ത് വരുന്നത്. മദ്യലഹരിയില്‍ അച്ഛന്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂരാണ് സംഭവം. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഏഴ് വയസ്സുള്ള കുട്ടിയെ എടുത്തെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തതിനൊപ്പം ഇളയകുട്ടിക്കും മര്‍ദ്ദനമേറ്റു. ഇരുവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കുകളേറ്റു. അച്ഛനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് അഞ്ച് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മ കടന്നുകളഞ്ഞ സംഭവം നടന്നത് രണ്ട് ദിവസം മുമ്പാണ്. ഇതരസംസ്ഥാനക്കാരിയായ സ്ത്രീയാണ് അഞ്ചും മൂന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ വാടകവീട്ടില്‍ പൂട്ടിയിട്ട ശേഷം പോയത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഭയന്നുവിറച്ച് കഴിഞ്ഞ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയാണ് വിവരം പോലീസില്‍ അറിയിച്ച് കുട്ടികളെ രക്ഷിച്ചത്. കര്‍ണാടക സ്വദേശിനിയായ യുവതി തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ആറുമാസമായി രാമാനാട്ടുകരയിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ടുപോയി. കഴിഞ്ഞ ദിവസം പകല്‍ 12 മണിയോടെ കുട്ടികളെ വീടിനകത്ത് പൂട്ടി അമ്മയും പോവുകയായിരുന്നു. രാത്രിയായപ്പോള്‍ ഭയന്നുവിറച്ച കുട്ടികള്‍ ഉറക്കെ കരഞ്ഞു. തട്ടുകടവ്യാപാരിയായ അയല്‍വാസി കച്ചവടം കഴിഞ്ഞെത്തിയപ്പോള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ ശ്രദ്ധയില്‍ പെട്ടത് രക്ഷയായി. വിശന്ന് അവശരായ കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ക്കെതിരെ പോലീസ് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു.

ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങള്‍ തുടരുമ്പോഴാണ് സര്‍ക്കാര്‍ ഇതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നത്. വധശിക്ഷ വരെ നല്‍കാവുന്ന വകുപ്പുകള്‍ ചുമത്താന്‍ മാത്രം ശക്തമായ നിയമമുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണുള്ളത്. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമമവസാനിപ്പിക്കാന്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് കേന്ദ്രനിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനം ഒന്നിച്ച് നില്‍ക്കണം. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദ്ദനങ്ങള്‍ ഉണ്ടാവുന്നത്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പറില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാം. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Next Story

Related Stories