Top

പരിസ്ഥിതിദിന അപഹാസ്യ നാടകം, 5 രംഗങ്ങള്‍; അഭിനേതാക്കള്‍-കോടിയേരി, വിഎസ് ശിവകുമാര്‍, വനിതാ ലീഗുകാര്‍, എബിവിപിക്കാര്‍...

പരിസ്ഥിതിദിന അപഹാസ്യ നാടകം, 5 രംഗങ്ങള്‍; അഭിനേതാക്കള്‍-കോടിയേരി, വിഎസ് ശിവകുമാര്‍, വനിതാ ലീഗുകാര്‍, എബിവിപിക്കാര്‍...
പരിസ്ഥിതി ദിനത്തില്‍ മരം നടല്‍ ഒരു ആചാരമാണിപ്പോള്‍. അതൊരു ബിസിനസുമാണ്. സര്‍ക്കാരിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗമായാലും സ്വകാര്യ നഴ്സറികളായാലും. അങ്ങനെ വനവത്ക്കരിച്ചാണ് നാടായ നാട് മുഴുവന്‍ വെള്ളമൂറ്റുന്ന കൊടുംഭീകരന്‍ അക്കേഷ്യ നിറഞ്ഞത്. ഇപ്പോള്‍ ആ അക്കേഷ്യാ മരങ്ങള്‍ വെട്ടിക്കളയാനുള്ള സമരത്തിലാണ് നാട്ടുകാര്‍. എന്തായാലും അക്കേഷ്യ നടുന്ന പരിപാടി സര്‍ക്കാര്‍ നിര്‍ത്തിയിട്ടുണ്ട്; ഭാഗ്യം. ഇപ്പോള്‍ ഫലവൃക്ഷങ്ങളിലാണ് ശ്രദ്ധ. ഭാവിയില്‍ കേരളമൊരു ഏദന്‍ തോട്ടമായി മാറും എന്നൊന്നും കരുതിയേക്കരുത്. (ധനമന്ത്രി ടി എം തോമസ് ഐസക് വോട്ടിന്റെ ഭൂരിപക്ഷത്തിന് നട്ട പ്ലാവുകള്‍ എന്തായോ ആവോ? ഇത് കുത്തിപ്പൊക്കലുകളുടെ കാലമാണ്) എന്തായാലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നട്ടുപിടിപ്പിച്ച മരങ്ങള്‍ എവിടെ എന്നൊന്ന് അന്വേഷിച്ചാല്‍ മാത്രം മതി പരിസ്ഥിതിദിന നാടകങ്ങളുടെ അപഹാസ്യത മനസിലാക്കാന്‍.

ആ നാടകത്തിലെ അഞ്ചു രംഗങ്ങള്‍ ഇതാ…

രംഗം:1

വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മരം നടുന്നത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആകുന്ന ചിത്രം 'വൈരുദ്ധ്യാത്മ ഭൌതികവാദ'ത്തിന്റെ ഗംഭീര ആവിഷ്കാരമാണ്. നിലത്തു വിരിച്ച പ്ലാസ്റ്റിക് ചാക്കില്‍ കുന്തിച്ചിരുന്ന്, കറുത്ത ലെതര്‍ ഷൂവിട്ട, ശുഭ്ര വസ്ത്രധാരിയായ നേതാവ് മണ്ണില്‍ ചെടി കുഴിച്ചിടുന്നു.

ഇത് പോസ്റ്റ് ചെയ്ത ആള്‍ കൊടുത്ത അടിക്കുറിപ്പ്, ‘മണ്ണില്‍ തൊടാതെ മരം നടുന്ന മനുഷ്യന്‍’ എന്നാണ്. യഥാര്‍ത്ഥത്തില്‍ മണ്ണില്‍ ചവിട്ടാതെ മരം നടുന്ന മനുഷ്യന്‍ എന്നല്ലേ കൂടുതല്‍ ശരി?

അടിക്കുറിപ്പ് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നത് ഫ്രെഞ്ച് എഴുത്തുകാരന്‍ ഴാന്‍ ജിയോണോയുടെ “മരങ്ങള്‍ നട്ട മനുഷ്യന്‍” എന്ന പ്രസിദ്ധ പുസ്തകമാണ്. മരം നടുന്ന ഏല്‍സിയാര്‍ഡ് ബോഫര്‍ എന്ന ഇടയന്റെ കഥ തൊഴിലാളി-കര്‍ഷകാദി സമൂഹത്തിന്റെ നേതാവായ കൊടിയേരിക്ക് പ്രചോദനാത്മകമായിരിക്കും.

ഇഎംഎസ് അക്കാദമിയിലെ ലൈബ്രറിയില്‍ 'മരങ്ങള്‍ നട്ട മനുഷ്യന്‍' തീര്‍ച്ചയായും ഉണ്ടാകും. അധിക വായനയ്ക്ക് കൊടിയേരിക്ക് ആ പുസ്തകം നിര്‍ദ്ദേശിക്കുകയാണ്. ഇനി പുസ്തകം വായിക്കാന്‍ സമയമില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.രംഗം: 2

തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം. മുന്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ഫ്ലക്സ് ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ലോക പരിസ്ഥിതി ദിനാചരണം, ഒരു വീട്ടില്‍ ഒരു മരം നട്ട് മുന്‍ മന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

അഴിമുഖത്തില്‍ റജി കുട്ടപ്പന്‍ പരിസ്ഥിതി ദിനത്തില്‍ ഇങ്ങനെ എഴുതി: “ഫ്ലെക്സ് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും റിപോര്‍ട്ടുകള്‍ അനുസരിച്ച് നമ്മുടെ സംസ്ഥാനത്ത് 1500ല്‍ അധികം ഫ്‌ളക്‌സ് നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. 2015 ഡിസംബര്‍ 27 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് (GO 3185/2015) സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഫ്ലെക്സ് നിരോധനം നടപ്പിലാക്കിയെങ്കിലും അതിന് വേണ്ടത്ര ഫലം ഇല്ല എന്നുള്ളതാണ്.”

http://www.azhimukham.com/news-update-world-environment-day-kerala-congrass-environment-day-poster-flex-2018-beat-plastic-pollution-theme/

പ്രിയപ്പെട്ട കോണ്‍ഗ്രസ്സുകാരെ, ഏറ്റവും കുറഞ്ഞത് പരിസ്ഥിതിദിന ബോര്‍ഡ് എങ്കിലും തുണിയില്‍ അടിക്കാനുള്ള കോമണ്‍സെന്‍സ് ജനങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഇനി ഒരു കാര്യം കൂടി. ഞാന്‍ താമസിക്കുന്നതും അഴിമുഖത്തിന്റെ ഓഫീസും ശാസ്തമംഗലത്താണ്. മരത്തൈയുമായി ഒരു ഖദര്‍ധാരിയെ പോലും ഈ വഴിയൊന്നും കണ്ടിട്ടില്ല. നാടുനീളെ പൊക്കിവെച്ച ഫ്ലെക്സ് എണ്ണത്തിന്റെ അത്രയെങ്കിലും വൃക്ഷത്തൈ നട്ടാല്‍ മതിയായിരുന്നു.

“ഭൂമി, വായു, മണ്ണ്, വെള്ളം എന്നിവ നമ്മുടെ പിതാമഹന്‍മാരില്‍ നിന്നും നമുക്ക് കിട്ടിയതല്ല. മറിച്ച് നമ്മുടെ മക്കളില്‍ നിന്നും കടമായി കിട്ടിയതാണ്. അതുകൊണ്ട് കുറഞ്ഞ പക്ഷം എങ്ങനെയാണോ അവ നമുക്ക് കിട്ടിയത്, അതുപോലെയെങ്കിലും അവര്‍ക്ക് തിരിച്ചുകൊടുക്കണം.” ഗാന്ധിജി പറഞ്ഞതാണ്. വെറുതെ ഒന്നു വായിച്ചു നോക്കുക.

രംഗം: 3

ഇത് തമാശയല്ല. ഏറ്റവും ഭീകരം എന്നു തന്നെ പറയണം. കോട്ടയത്താണ്. ദുരഭിമാനക്കൊലയ്ക്ക് ഇരയായ കുമാരനെല്ലൂരിലെ കെവിന്റെ വീട്.

അഴിമുഖം റിപ്പോര്‍ട്ടര്‍ ഹസ്ന ഷാഹിത അതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു:

“കെവിന്റേത് ഒരു വാടക വീടാണ്. നിറയെ ചെടികള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു നടപ്പാതയാണ് അങ്ങോട്ട്. ആവശ്യത്തിന് മരങ്ങള്‍ മുറ്റത്തുണ്ട്. അവിടേക്ക് ഈ തൈയ്യും കൊണ്ട് ചെന്ന് ആ മനുഷ്യരെ ഈ നാടകത്തില്‍ അഭിനയിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. കെവിനെ കൊന്നത് ഓസോണ്‍ പാളിയുടെ ശോഷണമോ ആഗോള താപനമോ ഒന്നുമല്ല. അതോ ഒരു മരം പുത്രന് സമമെന്ന ആര്‍ഷഭാരതച്ചൊല്ലിനെ പിന്‍പറ്റി ചെന്നതാണോ വനിതാ ലീഗുകാര്‍? അവിടെയുള്ള ആളുകളുടെ ശാരീരികവും മാനസികവുമായ തളര്‍ച്ചയിലേക്കാണ് ഈ ഇരട്ടി ഭാരങ്ങളൊക്കെ കൊടുക്കുന്നത്. ആ പെണ്‍കുട്ടി നിങ്ങളുടെ ഫോട്ടോ എടുപ്പ് മരത്തൈ നടലിന് വന്ന് നില്‍ക്കേണ്ടി വരുന്ന ഗതികേടിനെ ഇത്ര അപഹാസ്യപരമായി ചൂഷണം ചെയ്യരുത്. ആ അച്ഛന്റെ വേദനയെ കൊണ്ട് ഇങ്ങനെ മണ്ണിടീപ്പിക്കരുത്. സാമാന്യ വകതിരിവോ മനുഷ്യത്വമോ ഉണ്ടെങ്കില്‍ ഇത്തരം പരിസ്ഥിതിദിന പ്രദര്‍ശനങ്ങള്‍ക്ക് മറ്റൊരു ഇടം കണ്ടെത്തപ്പെട്ടേനെ.”

കൂടുതല്‍ ഒന്നും പറയുന്നില്ല. ദയവു ചെയ്തു നിങ്ങളുടെ കൊടിയില്‍ നിന്നും പച്ച നിറം മാറ്റണം എന്ന അഭ്യര്‍ത്ഥന മാത്രം. പച്ച ഒരു നല്ല നിറമാണ്.

http://www.azhimukham.com/kerala-kevin-case-kevin-home-hasna/

രംഗം: 4

കുന്നംകുളം വിവേകാനന്ദ കോളേജ്. എസ് എഫ് ഐയുടെ മരം നടല്‍ കലാപരിപാടി ഭാരത മാതാവിന്റെ പുത്രന്മാര്‍ അലങ്കോലമാക്കുന്നു. ആണ്‍ പടയെ നേരിടുന്ന വനിതാ സഖാവിനോട് ഇവിടെ ഒരു തേങ്ങയും നടാന്‍ പറ്റില്ല എന്നാണ് എബിവിപിയുടെ പയ്യന്‍സ് പറയുന്നത്. മരം നടാന്‍ വന്നതാണെങ്കില്‍ നട്ടിട്ടേ പോവൂ എന്ന് ആ പെണ്‍കുട്ടിയും വ്യക്തമാക്കുന്നു.

വീഡിയോ കാണാം:

http://www.azhimukham.com/video-abvp-activists-stops-environmental-day-prograamme-conducts-by-sfi-video/

ചിരിക്കാന്‍ സജ്ജീവനി എന്ന ട്രോള്‍ പേജ് വായിക്കാം

നമസ്തേ
വിവേകാനന്ദ കോളേജിൽ എസ്.എഫ്.ഐക്കാരേ മരം നടാൻ അനുവദിച്ചില്ല എന്നും തൻവഴി, സംഘം പരിസ്‌ഥിതി വിരുദ്ധർ ആണെന്നും ഉള്ള കുപ്രചരണം സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ കാരണം ഇപ്പോഴും മൂടി വെക്കപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭൂമിദേവിയെ അനാവശ്യമായി മുറിവേല്പിച്ച് കുഴി നിർമിക്കുന്ന പ്രവണത എസ്.എഫ്.ഐ പോലുള്ള തീവ്ര ഫാസിസ്റ്റ് സംഘടനകൾ നടത്തി പോരുന്ന ഒന്നാണ്. ഇത് ഒരിക്കലും അനുവദിച്ച് കൊടുക്കാൻ പറ്റാത്ത ഒന്നാണ്. മാത്രമല്ല, എസ്.എഫ്.ഐ പോലുള്ള ബീഫ് തീനി സംഘടനകൾ നടുമ്പോൾ ഭൂമി മാതാവിന് ഇഷ്ടമാകാൻ യാതൊരു സാധ്യതയുമില്ല എന്നും ഓർക്കണം. നാളെ ഈ ചെടികൾക്ക് ഗോമാതാ ചാണകം ഇവർ മോഷ്ടിക്കില്ല എന്നും ആര് കണ്ടു? എന്തായാലും ഇത്തരം ഫാസിസ്റ്റ് പ്രവണതകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി വൈക്കം വിശ്വൻ രാജി വെക്കണം. രാജി വെക്കും വരെ പ്രതിഷേദം ആഞ്ഞടിക്കും.
രംഗം: 5

വഴുതക്കാട് കാര്‍മല്‍ സ്കൂളിന്റെ മുന്‍പില്‍. ഏടാകൂടമായല്ലോ എന്ന ഭാവത്തില്‍ കുട്ടികളെല്ലാം വൃക്ഷത്തൈകളുമായി വാടിത്തളര്‍ന്നു നടന്നു പോകുന്നു. മകള്‍ അമ്മുവിന്റെ കയ്യില്‍ തൈ കാണാഞ്ഞു ഞാന്‍ ചോദിച്ചു, ‘നിനക്ക് തൈ കിട്ടിയില്ലേ’

‘ബോറ്’; അവളുടെ മറുപടി.

എന്റെ ഉള്ളിലെ പരിസ്ഥിതിസ്നേഹി ഒരു നിമിഷം നടുങ്ങി. പിന്നെ രോഷം കൊണ്ടു.

നേതാക്കന്മാരെ നിങ്ങളുടെ ഈ അപഹാസ്യ നാടകങ്ങള്‍ കുട്ടികളുടെ ഉള്ളിലെ അവസാനത്തെ തുള്ളി പരിസ്ഥിതി സ്നേഹത്തെയാണ് വറ്റിച്ചുകളയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/world-enviromnent-day-athirappilly-tree-saplings-planting-saju-komban/

Next Story

Related Stories