TopTop
Begin typing your search above and press return to search.

ശ്രീദേവിക്കുമാത്രമല്ല, വാര്‍ത്തകള്‍ക്കും വേണം ശ്രദ്ധാഞ്ജലി

ശ്രീദേവിക്കുമാത്രമല്ല, വാര്‍ത്തകള്‍ക്കും വേണം ശ്രദ്ധാഞ്ജലി

സിനിമാ നടി ശ്രീദേവിയുടെ മരണത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയങ്കരിയായ ബോളിവുഡ് സൂപ്പര്‍സ്റ്റാറും ഉത്തര-ദക്ഷിണ ഇന്ത്യകള്‍ തമ്മിലുള്ള സാംസ്കാരിക വിടവ് നികത്തിയ അപൂര്‍വ്വ കലാകാരിയും ആയ ശ്രീദേവി കപൂറിന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണം തീര്‍ച്ചയായും വാര്‍ത്താസാധ്യതയുള്ള സംഭവം തന്നെയാണ്.

എന്റെ തലമുറയ്ക്കു മുഴുവന്‍ ശ്രീദേവി ഒരു ആരാധനാമൂര്‍ത്തി ആയിരുന്നു. നാലാം വയസ്സില്‍ അഭിനയം തുടങ്ങി. വിവിധ ഭാഷകളിലും വേഷങ്ങളിലുമായി അവരുടെ ചിത്രങ്ങള്‍ പരന്നുകിടക്കുന്നു. ഹാസ്യരംഗത്തെ കുറ്റമറ്റ ടൈമിങ്ങും പരീക്ഷണത്തിനുള്ള സന്നദ്ധതയും ശ്രീദേവിയെ ഇന്ത്യന്‍ സിനിമയിലെ നടിമാരുടെ മാര്‍ഗ്ഗദീപമാക്കിത്തീര്‍ത്തു. അമ്പതുവയസ്സുള്ള പുരുഷന്മാര്‍ ഇരുപതുകളിലുള്ള ചെറുപ്പക്കാരികളെ പ്രണയിക്കുകയും, മുപ്പതുകഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രധാന വേഷങ്ങള്‍ ഒന്നും കിട്ടാതിരിക്കുകയും ചെയ്യുന്നത്ര ലജ്ജാകരമാംവിധം അസമത്വമുള്ള ചലച്ചിത്രരംഗത്തെ വെല്ലുവിളികള്‍ പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയപ്പോള്‍, ധീരതയോടെ അവര്‍ ഏറ്റെടുത്തു.

പക്ഷേ, അവരുടെ മരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ചും ടെലിവിഷനില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാധ്യമപ്രവര്‍ത്തനത്തിന് നേരെ വിരുദ്ധമായ വിധത്തിലാണ്.

വാര്‍ത്താപരമ്പര പിന്നീട് ദു:ഖിതരുടെ അവകാശവാദങ്ങള്‍ എന്ന പേരില്‍ വരുന്ന പരദൂഷണമായി മാറുകയും യഥാര്‍ത്ഥ റിപ്പോര്‍ട്ടുകള്‍ക്കു മീതെ നിന്ദാപൂര്‍ണ്ണമായ കിംവദന്തികള്‍ ഉയര്‍ത്തുകയും ചെയ്തു. ദുബായിലെ ഹോട്ടല്‍ റൂമിലെ ബാത്ടബില്‍ വീണ് ശ്രീദേവി മരിച്ച ശനിയാഴ്ച രാത്രിമുതല്‍ ഇന്ത്യയിലെ പ്രൈംടൈം ന്യൂസുകള്‍ നിലവാരത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഹൃദയാഘാതമാണ് മരണകാരണം എന്ന് അറിഞ്ഞ ആദ്യസമയങ്ങളില്‍ ടെലിവിഷനുകള്‍ കഴമ്പില്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കി പരിപാടികള്‍ അവതരിപ്പിച്ചു. ദേശീയവാര്‍ത്താചാനലുകളിലെ പാനല്‍ ചര്‍ച്ചകളില്‍, കൊഴുപ്പുരുക്കാനുള്ള മരുന്നുകള്‍, സ്റ്റിറോയ്ഡ്, എണ്ണമറ്റ ശസ്ത്രക്രിയകള്‍ തുടങ്ങിയവ മൂലം ശ്രീദേവി അപകടാവസ്ഥയിലായിരുന്നോ എന്ന സിദ്ധാന്ത രൂപീകരണമായിരുന്നു. തീര്‍ച്ചയായും, ഏതെങ്കിലും പ്രത്യേക സംഭവത്തെപ്പറ്റിയല്ല, പുറംമോടിയില്‍ അഭിരമിക്കുന്ന ചലച്ചിത്രവ്യവസായരംഗത്തുനില്ക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയില്‍ സൌന്ദര്യവര്‍ദ്ധകവ്യവസായം ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെപ്പറ്റിയാണ് ചര്‍ച്ച എന്ന് ന്യായീകരിക്കാന്‍ അവതാരകര്‍ തിടുക്കപ്പെടുന്നുണ്ടായിരുന്നു.

പക്ഷേ, സാങ്കേതികമായ ആ നിഷേധംകൊണ്ട് ആരെയും വിഡ്ഢികളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, പരാജയപ്പെട്ട അഭിനേതാക്കളെയും സൌന്ദര്യശസ്ത്രക്രിയ ചെയ്യുന്നവരെയും ഉന്തിത്തള്ളിക്കൊണ്ടുവന്ന് അവര്‍ അശ്രദ്ധമായി എന്തൊക്കെയോ പുലമ്പിയതുകൊണ്ട് കാര്യമുണ്ടായില്ല.

പിന്നീട് അത് കൂടുതല്‍ വഷളായി.

(ഇപ്പോള്‍ വേതനത്തോടുകൂടിയ അവധിയിലായ) ബ്രോഡ്കാസ്റ്റിങ് പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഇതെനിക്ക് വല്ലാത്ത നാണക്കേടുണ്ടാക്കി.എനിക്ക് അഭിമാനിക്കാന്‍ വകയില്ലാത്ത പരിപാടികള്‍ ഞാനും അവതരിപ്പിച്ചിട്ടുണ്ട് എന്നുറപ്പാണ്, പക്ഷേ, ഇത്തരത്തില്‍ ഒന്ന് ചെയ്തിട്ടില്ല. ബാത്ടബ്ബില്‍ ഒരു ശ്രീദേവി പൊങ്ങിക്കിടക്കുന്നതുള്‍പ്പെടെ അവരുടെ അവസാനമണിക്കൂറുകളിലേക്കു നീണ്ട സംഭവപരമ്പരകള്‍ ഒരു ചാനല്‍ പുനരാവിഷ്കരിച്ചതും കണ്ടു. “ബാത്റൂമില്‍ ശ്രീദേവിയുടെ അവസാന പതിനഞ്ചുനിമിഷങ്ങള്‍” വിശദീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രചാരപരിപാടി മറ്റൊരു ചാനല്‍ ട്വീറ്റ് ചെയ്തു. അവരുടെ രക്തത്തില്‍ “മദ്യത്തിന്റെ അംശം” ഉണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി ദുബായ് മീഡിയ റിപ്പോര്‍ട്ട് ചെയ്ത ശേഷം, ശ്രീദേവി സാധാരണയായി റെഡ് വൈന്‍ ആണോ വോഡ്ക ആണോ കുടിക്കുക എന്നറിയാനായി ചിലര്‍ കുടുംബസുഹൃത്തുക്കളുമായി അഭിമുഖം നടത്തി. മദ്യം കഴിക്കുന്ന സ്ത്രീകള്‍ മരിക്കേണ്ടവരാണെന്നോ കുറഞ്ഞപക്ഷം അപകടാവസ്ഥയില്‍ ജീവിക്കുന്നവരാണെന്നോ തോന്നിപ്പിക്കുന്ന മട്ടില്‍ “അവര്‍ വൈന്‍ മാത്രമേ കുടിച്ചിരുന്നുള്ളൂ, വീര്യമുള്ള മദ്യം കഴിച്ചിട്ടേയില്ല” എന്ന് നമ്മുടെ വാര്‍ത്താ അവതാരകര്‍ ഉറപ്പിച്ചുപറഞ്ഞു. അവരുടെ "മദ്യപാന”ത്തെ പ്രതിയുള്ള രഹസ്യമന്ത്രണങ്ങള്‍, മാധ്യമങ്ങള്‍ക്ക് സദാചാര വിധിന്യായങ്ങളുടെയും, സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ള ഇരട്ടത്താപ്പുകള്‍ നയിച്ച നിയന്ത്രണമില്ലാത്ത അനുമാനങ്ങളുടെയും കെട്ടഴിച്ചുവിടാനുള്ള മികച്ച സൂചനയായിരുന്നു. യാതൊരു അടിസ്ഥാനവും ലക്ഷണവും ഇല്ലാതെ, “വിഷാദരോഗത്തിനുള്ള ഗുളികകളുടെ കൂടെ ഒരു ഗ്ലാസ് മദ്യം പോലും അവരുടെ ഈ അവസ്ഥക്ക് കാരണമാകാം” എന്നൊക്കെ ഒരു പരിപാടിയില്‍ ഒരു അതിഥി പ്രസ്താവിക്കുന്നുണ്ടായിരുന്നു.

മറ്റൊരു നെറ്റ്‍വര്‍ക്കില്‍, സാധാരണ ശക്തരായവരെ ചോദ്യം ചെയ്യുന്നതില്‍ ഉദാസീനരാവുന്ന അവതാരകര്‍, പരിശീലനം നേടിയ ഒരു നര്‍ത്തകിക്ക് ബാത്ടബ്ബില്‍ ബാലന്‍സ് നഷ്ടമാകുമോ എന്ന് എല്ലാ ഗൌരവത്തോടുംകൂടി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. നമുക്ക് 'ബാത്ടബ് സംസ്കാരം' ഇല്ല, നമ്മള്‍ ഒന്നുകില്‍ ഷവര്‍ ഉപയോഗിക്കുന്നു, അല്ലെങ്കില്‍ ബക്കറ്റില്‍നിന്ന് കോരി കുളിക്കുന്നു, അതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ഇത് മനസ്സിലാവുമോ എന്ന് സംശയിച്ചുകൊണ്ട് വിവരണങ്ങളും ചിലയിടത്തുണ്ടായി. ഞാന്‍ തമാശ പറഞ്ഞതല്ല.

എല്ലാം നിയമാനുസൃതമായാണോ നടക്കുന്നത് എന്നതില്‍ പ്രേക്ഷകരുടെ അഭിപ്രായം അറിയിക്കാനായി ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ലൈനുകള്‍ തുറന്നുകിടക്കുകയായിരുന്നു. “ഇതില്‍ കാപട്യത്തിന്റെ വശം തള്ളിക്കളയാനാവുമോ?” എന്നതായിരുന്നു വോട്ടെടുപ്പിനുള്ള ചോദ്യം. ടെലിവിഷന്‍ ഉണ്ടെങ്കില്‍ പോലീസ്, കോടതിവ്യവഹാരങ്ങള്‍, വിധികര്‍ത്താക്കള്‍, വിധിനിര്‍ണ്ണയനം ഒക്കെ ആര്‍ക്കു വേണം?

ശക്തമായി പ്രതികരിക്കുന്ന ഈ അവതാരകര്‍ക്ക് അവരുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തന വീര്യം ഇന്ത്യയിലെ ഗുരുതരമായ മറ്റു പ്രശ്നങ്ങളെ പിന്‍തുടരാന്‍ ഉപയോഗിക്കാവുന്നതാണ്. 12,000കോടി രൂപയുടെ ബാങ്ക് തട്ടിപ്പുണ്ട് ഉദാഹരണത്തിന്. അല്ലെങ്കില്‍, ഈയടുത്ത്, ഭാരതീയ ജനതാപാര്‍ട്ടിയുടെ (ഇപ്പോള്‍ സസ്പെന്‍ഷനിലായ) ഭാരവാഹി അമിതവേഗതയില്‍ കാറോടിച്ച് ഒമ്പതുകുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായ സംഭവം. തന്റെ റിയല്‍ എസ്റ്റേറ്റ് പാര്‍ട്ണര്‍ക്കു വേണ്ടി ആഡംബരകെട്ടിട സമുച്ചയങ്ങളുടെ വിപണനത്തിനുവേണ്ടി ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച വന്നപ്പോള്‍ അദ്ദേഹത്തോട് കടുപ്പമേറിയ ചില ചോദ്യങ്ങളെങ്കിലും ചോദിക്കാന്‍ വേണ്ടി, ശ്രീദേവിയുടെ നിഗൂഢത അനാവരണം ചെയ്യാന്‍ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ അണുമാത്രയെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ, ട്രംപ് പ്രതിനിധാനം ചെയ്യുന്ന വ്യാപാരങ്ങളിലെ നാണംകെട്ട സംഘര്‍ഷങ്ങളെക്കുറിച്ചോ യു എസ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ബന്ധങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ചോ പരിശോധനവിധേയമാക്കുന്ന ഒന്നും തന്നെ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായില്ല. ട്രംപ് ഇന്ത്യന്‍ മാധ്യമങ്ങളെ "സൌമ്യവും ഹൃദ്യവും” എന്ന് അഭിനന്ദിക്കുകയും ചെയ്തു. നമുക്ക് അപമാനമാണ് തോന്നേണ്ടത്. സൌമ്യം എന്നത് അങ്ങേയറ്റം മോശമാണ്. നമ്മള്‍ ഇപ്പോള്‍ ഹൃദ്യമായി പെരുമാറുന്നില്ലെന്ന് മാത്രമല്ല, പ്രശസ്തയായ ഒരു വ്യക്തിയുടെ മരണത്തെപ്രതി, ആ മരണത്തില്‍ വിലപിക്കുന്നു എന്ന് നടിക്കുമ്പോള്‍ത്തന്നെ, മനുഷ്യത്വരഹിതമായ രീതിയില്‍ അസംബന്ധങ്ങള്‍ പുലമ്പുകയാണ്.

http://www.azhimukham.com/viral-after-sridevis-funeral-her-husband-boneykapoor-has-written-motional-letter/

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ചില ടെലിവിഷന്‍ പരിപാടികള്‍, രേഖപ്പെടുത്തപ്പെടാത്ത സ്രോതസ്സോ രേഖപ്പെടുത്തിയ അവകാശവാദങ്ങളോ ഇല്ലാതെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവരെങ്ങനെ മരിച്ചെന്ന് വ്യക്തിപരമായി എനിക്കറിയില്ല. വരും ദിവസങ്ങളില്‍ ദുബായിലെ നീതിന്യായകോടതി കൂടുതല്‍ വിവരങ്ങള്‍ തന്നാല്‍, ലക്ഷക്കണക്കിന് മറ്റു ആളുകളെയും പോലെ എനിക്കും ഒരു തീരുമാനത്തിലെത്താനുള്ള സാധ്യതയുണ്ട്. അതുവരെ, നമ്മുടെ ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും - പരസ്പര സഹായകമായി -വര്‍ണ്ണിക്കപ്പെടുന്ന എല്ലാം തന്നെ, അസംബന്ധമാണ്, അരോചകമാണ്, സ്ത്രീവിരുദ്ധമാണ്, ഗുണശൂന്യവുമാണ്. എല്ലാത്തിനും ഉപരിയായി, ഇത് ശ്രീദേവിയുടെ രണ്ട് പെണ്‍മക്കളോട് - അവരുടെ അമ്മയുടെ തികച്ചും സ്വകാര്യമായ ജീവിതത്തെ ക്രൂരമായി സൂക്ഷ്മാവലോകനം ചെയ്ത് അവരുടെ നഷ്ടത്തെ സങ്കീര്‍ണ്ണമാക്കിയതിലൂടെ- ചെയ്യുന്ന അനീതിയാണ്.

ഈ അശ്ലീലമായ മാലിന്യക്കൂമ്പാരത്തേക്കാള്‍ മികച്ചതിന് അര്‍ഹതയുള്ള ഒരു ബിംബമായിരുന്നു ശ്രീദേവി. ഇന്ത്യയിലെ ഏറ്റവും അധികം പ്രേക്ഷകരുള്ള ഹിന്ദി ചാനലിലെ ഒരു വാര്‍ത്താ അവതാരകന്‍ “മൌത് കാ ബാത്ടബ്” അഥവാ "മരണത്തിന്റെ ബാത്ടബ്” എന്ന വാക്കുകളാല്‍ അലങ്കരിച്ച വെളുത്ത ബാത്ടബ്ബിനടുത്ത് നില്‍ക്കുന്നത് കണ്ടതാണ് എന്നെ സംബന്ധിച്ച് അവസാന നാണക്കേട്.

ഹാഷ്‍ടാഗ് നയിക്കുന്ന ഉദാസീനതയാണ് ഇപ്പോള്‍ പ്രൈംടൈം ന്യൂസിനെ നിര്‍വചിക്കുന്നത് എന്നതിനാല്‍ അത്, ഒരു മറു ഹാഷ്‍ടാഗ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. “#ന്യൂസ് കി മൌത്”ഞാന്‍ തിരിച്ചുപറയുന്നു - "#ന്യൂസിന്റെ മരണം”. ശ്രീദേവിക്കുമാത്രമല്ല, വാര്‍ത്തകള്‍ക്കും വേണം ശ്രദ്ധാഞ്ജലി എന്ന് ഞാന്‍ പറഞ്ഞു. ട്വീറ്റ് ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ അത് ദേശീയപ്രവണതയായി മാറി. ഇത്രപേര്‍ക്ക് മടുപ്പുളവായിട്ടുണ്ട് എന്ന വസ്തുത എനിക്ക് പ്രതീക്ഷ നല്കുന്നുണ്ടോ?

സത്യത്തില്‍ ഇല്ല. നമ്മള്‍ ടെലിവിഷനെ എപ്പോഴും TRP(ടെലിവിഷന്‍ റേറ്റിങ് പോയ്ന്റ്) വേട്ടക്കാര്‍ എന്നു കുറ്റപ്പെടുത്തുന്നു. പക്ഷേ പ്രേക്ഷകരാണ് എപ്പോഴും അത് കണ്ടുകൊണ്ടേയിരിക്കുന്നത്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മള്‍ അര്‍ഹിക്കുന്ന വാര്‍ത്തകളാണ് നമുക്ക് കിട്ടുന്നത്.

http://www.azhimukham.com/newsupdate-bollywood-actress-sridevi-passed-away/


Next Story

Related Stories