TopTop
Begin typing your search above and press return to search.

നീരവ്, ചോക്സിമാരും ബില്ലി ഗ്രഹാമും ഇമ്രാന്‍ ഖാനും-ഹരീഷ് ഖരെ എഴുതുന്നു

നീരവ്, ചോക്സിമാരും ബില്ലി ഗ്രഹാമും ഇമ്രാന്‍ ഖാനും-ഹരീഷ് ഖരെ എഴുതുന്നു

കട്ടുപകര്‍ത്തലുകാര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. the bent and the beautiful എന്ന പ്രയോഗത്തിന്റെ ബൌദ്ധികസ്വത്തവകാശം എനിക്കാണ്.

നമ്മള്‍ കാണുന്ന എല്ലാ ബാങ്ക് തട്ടിപ്പുകളും നിരന്തരമായ ഒരു പ്രതിഭാസത്തിന്റെ നീരവ് മോദി പതിപ്പാണ്. ഞാനിതിനെക്കുറിച്ച് രണ്ട് പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്നു; നീരവ് മോദി, ചോക്സി തരത്തിലുള്ള ബാങ്ക് തട്ടിപ്പുകളില്‍ ഞാന്‍ ഒട്ടും അമ്പരക്കുന്നില്ല എന്നും എനിക്കു പറയാന്‍ കഴിയും.

ഒരു പുതിയ കാവല്‍ക്കാരന്‍ വന്നുവെന്ന് വെച്ച് ഈ തട്ടിപ്പുകാരൊക്കെ മുടന്തിക്കൊണ്ട് കളിക്കളം വിട്ടു എന്നു പരമ ശുദ്ധാത്മാക്കള്‍ മാത്രമേ വിശ്വസിക്കൂ. The Bent and the Beautiful (B&B) സംഘം ഒരുകൂട്ടം വിദഗ്ദ്ധരാണ്. അവര്‍ വളരെ സുന്ദരമായി ഒരു ബാങ്കിനെ പറ്റിക്കും- അതിലവര്‍ക്ക് യാതൊരു മന:പ്രയാസമോ മൂല്യബോധത്തിന്റെ കുറ്റബോധമോ ഒന്നുമില്ല.

1991-ലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ യുക്തിസഹമായ ഉപോത്പന്നമാണ് ഈ സംഘം. കാരണം, അക്കാലമായപ്പോഴേക്കും രാഷ്ട്രീയക്കാര്‍ക്ക് പിടിവിട്ടുപോയിരുന്നു. കച്ചവടക്കാരന്‍ പുതിയ മിശിഹായായി വാഴ്ത്തപ്പെട്ടു. അത്യാര്‍ത്തിയും കൊള്ളലാഭവും സാമൂഹ്യ മൂല്യങ്ങളും പുതിയ അവശ്യ ഗുണങ്ങളുമായി.

1991-ല്‍ നാം നമ്മുടെ ധാര്‍മിക വിയോജിപ്പുകള്‍ക്കുള്ള അധികാരം അടിയറവെച്ചു. സംരഭകരെന്ന് സ്വയം വിശേഷിപ്പിച്ച ഏത് വ്യാപാരിയേയും ഇടപാടുകാരനേയും ‘സമ്പത്ത് ഉണ്ടാക്കുന്നവനായി’ വാഴ്ത്തിപ്പാടി-അവരോടു ഒരു ചോദ്യവും ചോദിച്ചില്ല. B&B സംഘം ഓരോ കൊല്ലം കഴിയുന്തോറും പടര്‍ന്നു പന്തലിച്ചുകൊണ്ടിരുന്നു.

ഇപ്പോള്‍ ഇതിലെ വമ്പന്‍മാര്‍ക്ക് പുതിയ ആഭിചാരക്രിയയുണ്ട്. അവര്‍ ഉച്ചകോടികളില്‍ ഒന്നിച്ചുകൂടുന്നു- ഇക്കഴിഞ്ഞ ആഴ്ച്ച ലക്നൌവില്‍ ചെയ്ത പോലെ. അവര്‍ പുതിയ നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ധാരണാപത്രങ്ങളില്‍ ഒപ്പിടുന്നു, സംഘമായി ചിത്രമെടുപ്പ് നടത്തുന്നു. ഈ പ്രഹസനം തുടരും. വികസനക്കുതിപ്പ് നടത്തുന്ന ഒരു സംസ്ഥാനത്തെയാണ് താന്‍ നയിക്കുന്നതെന്ന നാട്യത്തില്‍ ഞെളിയാന്‍ ഒരു മുഖ്യമന്ത്രിക്ക് അവരവസരം നല്കും. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത പ്രഖ്യാനങ്ങള്‍ നടത്തും; ഒപ്പിട്ട ധാരണപത്രങ്ങള്‍ക്ക് ഒരു കീറക്കടലാസിന്റെ വിലപോലുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിക്കുമറിയാം. പക്ഷേ ഇരുകൂട്ടര്‍ക്കും പരസ്പരം ആവശ്യമുണ്ട്; ഏതെങ്കിലുമൊരു ബാങ്ക് മേധാവിക്ക് മുന്നില്‍ തന്റെ കേമത്തം തെളിയിക്കാന്‍ കച്ചവടക്കാരന് ആ ചിത്രത്തിന്റെ ആവശ്യമുണ്ട്.

ചില തിമിംഗലങ്ങള്‍ പ്രതിരോധ നിര്‍മ്മാണ മേഖലയിലേക്ക് ഊളിയിട്ടുകഴിഞ്ഞു. സംഘത്തിലെ താരതമ്യേന ഇളപ്പക്കാര്‍- നീരാവ് മോദിമാരും ചോക്സിമാരും- സിബിഐക്കും തൊടാന്‍ പറ്റാത്ത വിധത്തില്‍ വിരാജിക്കാന്‍ ആഗ്രഹിക്കുന്നു. ചോദ്യം ചെയ്യലിലും പരിശോധനയില്‍ നിന്നുമുള്ള സംരക്ഷണമാണ് ഈ കളിയുടെ പേര്.

ആദരവ് വാങ്ങുക. കനത്ത തുക നല്കിയാല്‍ പരസ്യത്തിനായി ബോളിവുഡ് താരങ്ങള്‍ എല്ലായ്പ്പോഴും തയ്യാറാണ്; അതേതു തട്ടിപ്പ് ഉത്പന്നമായാലും ശരി. ബോളിവുഡിനെ വാടകയ്ക്കെടുത്താലുള്ള സൌകര്യം അതിനു താരാലോകത്തിന്റെ സ്വന്തം സ്തുതിപാഠകരും വാഴ്ത്തുകാരുമുണ്ട്. ആ സേവനം കൂടെക്കിട്ടും. അമിതാബ് ബച്ചന്‍ മുതല്‍ കങ്കണ റാനൌത് വരെയുള്ള താരങ്ങള്‍ 1991 മുതല്‍ ഇന്ത്യയിലെ മധ്യവര്‍ഗക്കാരെക്കൊണ്ട് വിലകൂടിയ പൊങ്ങച്ച സാമാനങ്ങള്‍ വാങ്ങിപ്പിക്കുന്നുണ്ട്. ഒരു അതിസമ്പന്ന ജീവിതം വാങ്ങുന്നതിന്റെ വ്യാമോഹത്തെ താരങ്ങള്‍ സാര്‍ത്ഥകമാക്കിക്കൊടുക്കും.

പിന്നെ B&B സംഘവും ഒരു കൂട്ടം മാധ്യമപ്രഭുക്കളും തമ്മിലുള്ള ഒത്തുകളിയാണ്. പരസ്പരം ഗുണകരമായ ഒരു ധാരണ; സംഘത്തിന് സംരക്ഷണവും മാധ്യമങ്ങളില്‍ പ്രശസ്തിയും വര്‍ണ്ണക്കടലാസുകളില്‍ മേനിനടിപ്പും. ഒരു മുഖാചിത്രവും കഥയും വന്നാല്‍ B&B സംഘം തൃപ്തരാണ്.

രാഷ്ട്രീയക്കാരുടെയും വ്യാപാരികളുടെയും മാധ്യമങ്ങളുടെയും ഒരു നിക്ഷിപ്ത താത്പര്യസംഘം ഒന്നിക്കുന്നു; ഒരു പിഴവില്ലാത്ത കച്ചേരി.

http://www.azhimukham.com/opinion-harish-khare-on-india-and-its-current-governments-failure/

രണ്ടാം ലോകമഹായുദ്ധ കാലത്തിനു ശേഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു, കഴിഞ്ഞ ദിവസം അന്തരിച്ച റവ: ബില്ലി ഗ്രഹാം. പ്രസിഡണ്ട് ട്രംപ് മാത്രമല്ല, ബരാക് ഒബാമയും ബി ക്ലിന്‍റണും അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും ആദരപൂര്‍ണമായ വാക്കുകള്‍ ഉപയോഗിച്ച് അനുശോചനം രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. 1970-കളുടെ മധ്യത്തില്‍ ഞാന്‍ യു.എസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ റവ: ബില്ലി ഗ്രഹാം, മാസികകളുടെ 'ഏറ്റവും ആദരിക്കപ്പെടുന്ന അമേരിക്കക്കാരന്‍' പട്ടികയിലെ ഒന്നാം സ്ഥാനത്തിന് സ്ഥിരമായി പ്രസിഡണ്ടുമാര്‍ക്കും ഹെന്‍റി കിസിഞ്ചര്‍ക്കും വെല്ലുവിളിയായിരുന്നു.

അമേരിക്കന്‍ സംസ്കാരത്തിലെ ഒരു ശക്തമായ ധാരയെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്- ചെറിയ നഗരങ്ങളിലെ സുവിശേഷ പ്രചാരകര്‍, പലരും സംശയിക്കാവുന്ന സ്വഭാവമുള്ളവര്‍, മതവും അവനവനെയും ഒരുപോലെ വിറ്റു കാശാക്കിയിരുന്ന കാലം. ബില്ലി ഗ്രഹാം ശരിയായ സമയത്തെ ശരിയായ പ്രചാരകനായിരുന്നു. യുദ്ധാനന്തര കാലം അമേരിക്കക്കാര്‍ക്ക് കനത്ത ആശങ്കയുടെയും ആകാംക്ഷയുടെയും നാളുകളായിരുന്നു. സര്‍വ്വ നാശത്തിനുള്ള കൂട്ടായ ശേഷിയില്‍ ആറ്റം ബോംബ് ഒരു തലം കൂടി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാരില്‍ നിന്നും ലോക നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ അമേരിക്കക്കാര്‍ ഏറ്റെടുത്തു. അവര്‍ക്കത് വലിയ ഭാരമായി. അവരേര്‍പ്പെട്ട 'ദൈവമില്ലാത്ത കമ്മ്യൂണിസ'വുമായുള്ള ഭീമാകാരമായ പോരാട്ടത്തില്‍ അമേരിക്കക്കാര്‍ക്ക് ധാര്‍മികവും മതപരവുമായ ഉറപ്പുകള്‍ വീണ്ടും വേണ്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ആശങ്കാകുലമായ നാഡികളെ ബില്ലി ഗ്രഹാമിന്റെ ക്രിസ്ത്യന്‍ മതസന്ദേശങ്ങള്‍ സാന്ത്വനിപ്പിച്ചത്. വന്‍ സംഘടനയും സാങ്കേതികതയുമെല്ലാം (റേഡിയോ, ടെലിവിഷന്‍, കൃത്രിമ ഉപഗ്രഹങ്ങള്‍) ഉപയോഗിച്ച ആദ്യത്തെ സുവിശേഷ പ്രചാരകനായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആഗോളതലത്തില്‍ വലിയ സ്വാധീനവും പിന്തുണയും അയാള്‍ക്കുണ്ടായി; പല മാര്‍പ്പാപ്പമാരേക്കാളും കൂടുതല്‍. തന്റെ തരക്കാരില്‍ നിന്നും വ്യത്യസ്തമായി വിഭാഗീയ രാഷ്ട്രീയത്തില്‍ നിന്നും സാംസ്കാരിക വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.

ബില്ലി ഗ്രഹാം ഇല്ലായിരുന്നുവെങ്കില്‍ അയാളെ ഉറപ്പായും കണ്ടുപിടിച്ചേനെ എന്നാണ് ഞാന്‍ കരുതുന്നത്. ചെറുനഗരങ്ങളുടെ അമേരിക്കയുടെ കേന്ദ്രം പള്ളിയായിരുന്നു. ‘മതേതര’ അമേരിക്കയിലെ പൊതുജീവിതം മതത്തിന്റെ അമിതഭാരം പേറുന്നതായിരുന്നു. ഉദാഹരണത്തിന് മിക്ക വലിയ സര്‍വകലാശാലകളും ഒരു മത സ്കൂള്‍ കൂടി ഉണ്ടെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കും. ഗൌരവമായ മതപഠനത്തിന്റെയും ദൈവശാസ്ത്ര പഠനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവ. ക്രിസ്ത്യന്‍ മതത്തെ ആള്‍ക്കൂട്ടങ്ങള്‍ക്കായി വിറ്റഴിക്കാവുന്ന ഒന്നാക്കി മാറ്റിയ ബില്ലി ഗ്രഹാം, സുവിശേഷ യാഥാസ്ഥിതികത്വത്തിന്റെ മുന്‍നിരക്കാരനായി മാറി. 1970-കള്‍ പുത്തന്‍ വലതുപക്ഷം അതിന്റെ സംരക്ഷകരായിരുന്നു. വൈറ്റ് ഹൌസില്‍ ബൈബിള്‍ വായന പഠനം നടത്തിയ ആദ്യ പ്രസിഡണ്ട് ഒരുപക്ഷേ ജിമ്മി കാര്‍ട്ടറാകും. തന്റെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രദര്‍ശിപ്പിച്ച അയാള്‍ ക്രമേണ റൊണാള്‍ഡ് റീഗനും മറ്റുള്ളവര്‍ക്കും വഴിയൊരുക്കി.

സുവിശേഷമിപ്പോള്‍ വലിയൊരു വ്യാപാരമാണ്-വലിയ രാഷ്ട്രീയവും. അമേരിക്കന്‍ പൊതുജീവിതത്തെ ഏറ്റവും വിഭജിക്കുന്ന വെറുപ്പും ദ്വേഷവും ഉയര്‍ത്തുന്ന വേദികളാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സുവിശേഷ വേദികള്‍. സ്വകാര്യ സദാചാരത്തിന്റെ മേല്‍നോട്ടമാണ് സുവിശേഷ പ്രചാരകര്‍ ആവശ്യപ്പെടുന്നത്. പൊടുന്നനെ ഈ സുവിശേഷ ആള്‍ക്കൂട്ടം ഡൊണാള്‍ഡ് ട്രംപിനെ അയാളുടെ 'പാപങ്ങള്‍' പൊറുത്ത് അയാളുടെ സംരക്ഷകരായി മാറി. വൈറ്റ് ഹൌസില്‍ എത്തിപ്പെട്ടതിനാല്‍ ദൈവം അയാളെ അവിടെയെത്തിച്ചതാണ് എന്നാണ് സൌകര്യപ്രദമായ ന്യായം.

എന്നിട്ടും അമേരിക്കക്കാര്‍ ഇസ്ലാമിസ്റ്റുകളുടെ യുക്തിരാഹിത്യത്തെക്കുറിച്ച് ആക്ഷേപിക്കുന്നു!

http://www.azhimukham.com/opinion-why-we-we-are-becoming-so-violent-society-by-harish-khare/

തന്റെ ‘ആത്മീയ ഉപദേശക'യെ വിവാഹം കഴിച്ച ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍കാര്‍ അപഹസിച്ച് ആനന്ദിക്കുകയാണ്. മുടിമറച്ച തന്റെ വധുവിന്റെ അടുത്തിരിക്കുന്ന ആ അസംബന്ധ ചിത്രം പ്രസിദ്ധീകരിക്കേണ്ട കാര്യമെന്തുണ്ടായിരുന്നു അയാള്‍ക്ക്? ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹം പാകിസ്ഥാന്റെ ദുര്‍ഘടയാത്രകളുടെ പ്രതീകമാണ്.

ഒരു ക്രിക്കറ്റ് പ്രതിഭ എന്ന നിലയില്‍ അയാള്‍ ഒരുകാലത്ത് ലോകമാകെ ആരാധിക്കപ്പെട്ടിരുന്നു. മാന്യന്‍, ഓക്സ്ഫോഡില്‍ നിന്നും പഠിച്ചിറങ്ങിയ ആള്‍, തന്റെ എതിരാളിയും സമകാലികനുമായ പരിഷ്കൃത ഭാവങ്ങളില്ലാത്ത, പരുക്കനായ ജാവേദ് മിയാന്‍ദാദില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തന്‍. ഈ അലസ സുന്ദരനായ പഠാന്‍, കോടീശ്വരിയായ ജെമീമ ഗോള്‍ഡ്സ്മിത്തിനെ കല്ല്യാണം കഴിച്ചപ്പോള്‍ ലണ്ടനിലെ പൊങ്ങച്ച സദസുകളില്‍ കുശുമ്പ് മുറുമുറുത്തിരുന്നു.

അയാള്‍ പാകിസ്ഥാന്റെ മധ്യവര്‍ഗ പ്രതീക്ഷയായി. ജനറല്‍മാരുടെ കൂട്ടുകച്ചവടത്തില്‍ നിന്നും വേറിട്ട് ഒരു അരാഷ്ട്രീയ നേതാവ്, രാജ്യത്തെ ആധുനികതയിലേക്കും സംതൃപ്തിയിലേക്കും നയിക്കാവുന്നയാള്‍. അതൊക്കെ അന്നായിരുന്നു. കാര്യങ്ങളാകെ മാറി. 9/11 നടന്നു. പാകിസ്ഥാന്‍ മാറി. പാകിസ്ഥാന്‍ സമൂഹത്തിന് അതിന്റെ സ്വയംഭരണം നഷ്ടമായി. മുല്ലമാരും അവരുടെ രാഷ്ട്രീയവും അതേറ്റെടുത്തു, ജനറല്‍മാര്‍ താലിബാന് കീഴടങ്ങി. ഇമ്രാന്‍ ഖാനും ഒഴിഞ്ഞുനില്‍ക്കാനായില്ല. പക്ഷേ ജെമീമയില്‍ നിന്നും ബുഷ്ര വരെ? ഒരു പൌരസമൂഹത്തിലെ മതേതര സ്ത്രീയില്‍ നിന്നും ആത്മീയ ഉപദേശക വരെ!

നമുക്കിപ്പോഴും അല്പം ആത്മീയ പാഠങ്ങളുടെ ആവശ്യമുണ്ട്. പക്ഷേ ആത്മീയതയ്ക്കുള്ള ഇത്തരം അന്വേഷണം അല്പം സങ്കീര്‍ണമാണ്!

എനിക്കൊരു ആത്മീയ ഉപദേഷ്ടാവിന്റെ ആവശ്യമില്ല എന്നതാണു വാസ്തവം. ഒരു കോപ്പ കട്ടന്‍ കാപ്പി എന്റെ ആത്മാവിനെ ഉണര്‍ത്തും. വരൂ ഒരു കാപ്പി കുടിക്കാം.

http://www.azhimukham.com/india-institutions-equilibrium-weakens-democracy-under-modi-govt/


Next Story

Related Stories