UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

നിര്‍ഭയ: ഇനിയും തീരാത്ത ഭാരങ്ങള്‍ – ഹരീഷ് ഖരെ എഴുതുന്നു

ഒരു കൊട്ടാര കോമാളിയായ ഫിലിപ്പ് രാജകുമാരന്‍, ദീപികാ പാദുക്കോണ്‍ പിന്നെ ദെങ് സിയാവോ പിങ്ങിന്റെ ഭാര്യയും

ഹരീഷ് ഖരെ

ഭീകരമായ ‘നിര്‍ഭയ’ സംഭവം നടന്ന് ഏതാണ്ട് ഏഴു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്കിലെത്തിയ ഞാന്‍ ജെ എഫ് കെ വിമാനത്താവളത്തില്‍ നിന്നും മാന്‍ഹാട്ടനിലേക്ക് പോവുകയായിരുന്നു. സ്വാഭാവികമായും ടാക്സി ഡ്രൈവര്‍ സംഭാഷണം തുടങ്ങി. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒരു വെല്ലുവിളിപോലെ ചോദിച്ചു, എന്തുകൊണ്ടാണ് ഡല്‍ഹി ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനം എന്നറിയപ്പെടുന്നത് എന്ന്. അതെനിക്ക് മുഖമടച്ച് കിട്ടിയ ഒരടിപോലെ ആയിരുന്നു. ഇങ്ങനെ അനുമാനിക്കാന്‍ കാരണം ചോദിച്ചപ്പോള്‍ ഡ്രൈവര്‍ എന്നെ ഡല്‍ഹിയിലെ ‘നിര്‍ഭയ’ സംഭവം ഓര്‍മ്മിപ്പിച്ചു. വാര്‍ത്താ ചാനലുകളില്‍ പ്രതിഷേധങ്ങള്‍ മുഴുവന്‍ കണ്ട കാര്യം അയാള്‍ പറഞ്ഞു. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ആകെ മോശമായെന്ന് എനിക്ക് ബോധ്യമായി.

എങ്കിലും ആ പ്രതിഷേധങ്ങള്‍ മൂല്യവത്തായിരുന്നു. ഏത് പൌരന് നേരെയുമുള്ള അനീതിക്കും അക്രമത്തിനുമെതിരെ പൌരസമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയരുന്ന ഒരു പുതിയ പരീക്ഷണമായിരുന്നു അത്. ഡല്‍ഹിയിലെ ജനങ്ങള്‍ ഒരൊറ്റ കൂട്ടായ ലക്ഷ്യത്തിനായി ഒത്തുനിന്നു. ആ ദിവസങ്ങളില്‍ ഇന്ത്യ ഗേറ്റിലെ പ്രതിഷേധങ്ങളിലും മെഴുകുതിരി ധര്‍ണകളിലും ഒരു പുതിയ ഐക്യം ഉരുത്തിരിഞ്ഞു. ഒറ്റതിരിഞ്ഞുള്ള സ്ത്രീകളും പുരുഷന്മാരും കൂട്ടായ മുന്നേറ്റത്തിന്റെ സാധ്യതകള്‍ കണ്ടെത്തുകയും പങ്കുവെക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ചു.

നിര്‍ഭയ നേരിട്ട ക്രൂരതയുടെയും ഹിംസയുടേയും ആഴം അറിയാത്ത അലസരായ ഭരണാധികാരികളെ ഉണര്‍ത്താന്‍ പ്രാപ്തമായിരുന്നു അത്. ആ കുറ്റകൃത്യത്തിന്റെ ഭയാനകത പൊലീസ് മേല്‍നോട്ടം ഇല്ലാത്ത തെരുവുകളിലെ കുറ്റവാളികളുടെ അടുത്ത ഇര താനാകാം എന്ന ഭയം ഓരോ പൌരനെയും ആശങ്കപ്പെടുത്തി. എല്ലാവരുടെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സംസ്കാരസമ്പന്നം എന്ന് കരുതുന്ന ഈ രാജ്യത്തെ ഓരോ അധികാരിയെയും പോലീസുകാരനെയും ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നു ഓരോ പൌരനും തോന്നി.

ഇപ്പോള്‍, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ നാല് പേര്‍ തൂക്കിലേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വധശിക്ഷയോട് മറ്റുതരത്തില്‍ എതിര്‍പ്പുള്ളവര്‍ പോലും സുപ്രീം കോടതി ശരി വെച്ച ഈ വിധിയെ തലകുലുക്കി സമ്മതിക്കും. ഒരുതരം സംതൃപ്തി പ്രകടമാണ്.

നമ്മുടെ പടരുന്ന നഗരങ്ങള്‍ ആത്മാവില്ലാത്ത കാടുകളായി മാറുന്നു. സാമൂഹ്യ ഹീനതകളും ധാര്‍മികച്യുതിയും പെരുകുന്നു. നഗരവത്കരണത്തിനും അതിവേഗ തീവണ്ടികള്‍ക്കും വേണ്ടിയുള്ള ഓട്ടത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്കും മറ്റും നാം ഒട്ടും സമയം നല്‍കുന്നില്ല; പേശീബലവും സമ്പന്നതയുടെ അശ്ലീലവും ‘പുതിയ സ്വാഭാവികതയായി’ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളെ ഇല്ലാതാകുന്നു.

നിര്‍ഭയ സംഭവത്തെത്തുടര്‍ന്ന് നിയമങ്ങള്‍ മാറുകയും ശിക്ഷ വിപുലമാക്കുകയും ചെയ്തു. അതൊരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. ആദര്‍ശാത്മകമായി നോക്കിയാല്‍ വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങുന്ന എല്ലാ സമയത്തും ഒരു സ്ത്രീയും ആക്രമിക്കപ്പെടാനൊ, അത്തരത്തില്‍ ഭയപ്പെടാനോ ഇടവരരുത്.

ആഴത്തില്‍ വേരോടിയ ഒരുതരം ഫ്യൂഡല്‍ മന:സ്ഥിതിയാണ് പ്രവര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളോളം പോരാട്ടത്തിലെ പ്രതിയോഗികള്‍ കരുതിയത് എതിരാളിയുടെ കൂട്ടത്തിലെ സ്ത്രീകളെ അപമാനിക്കുന്നത് ന്യായമെന്നുതന്നെയാണ്. പ്രാകൃതമായ പ്രതികാരത്തിന്റെ ആചാരങ്ങളില്‍ എതിരാളിയുടെ ഭാര്യ, പെണ്‍മക്കള്‍, അമ്മമാര്‍, സഹോദരിമാര്‍ എന്നിവരോടെല്ലാം മോശമായി പെരുമാറുന്നതാണ്. ഉദാഹരണത്തിന് നക്സലുകള്‍ക്ക് പൊതുപിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം പോലീസുകാര്‍ ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നു എന്ന വ്യാപകമായ പരാതിയാണ് എന്ന് മുഖ്യധാര മാധ്യമങ്ങള്‍ അംഗീകരിക്കില്ല. സംഘര്‍ഷ മേഖലകളില്‍ ബലാത്സംഗം വ്യക്തിപരമോ കൂട്ടായതോ ആയ ഒരു ശക്തിപ്രസ്താവനയായി മാറുന്നു എന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

ഈ വേരുകള്‍ പടര്‍ന്നുപിടിച്ച മനഃസ്ഥിതിയാണ് നിര്‍ഭയ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും മാറാത്തത്. മാത്രവുമല്ല ഇതിനെതിരായ സമരം ഉയരേണ്ടതും നടത്തേണ്ടതും ഇന്ത്യ ഗേറ്റില്‍ മാത്രമല്ല, നമ്മുടെ നിത്യജീവിതത്തില്‍ കൂടിയാണ്.

ഒരിക്കല്‍ക്കൂടി, 95 വയസായ ഫിലിപ് രാജകുമാരന്‍ ‘പൊതു ചുമതലകളില്‍’ നിന്നും വിരമിക്കുന്ന വാര്‍ത്ത കേട്ടു ലോകത്ത് ജനം ചിരിക്കുകയാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇംഗ്ലണ്ടിലെ രാജ്ഞിയുടെ മറുപാതിയായ, അകമ്പടിക്കാരനായ അദ്ദേഹം ദശലക്ഷക്കണക്കിന് വരുന്ന രണ്ടു തലമുറയ്ക്കെങ്കിലും അത്ഭുതമായിരുന്നു. ഒരു കൊട്ടാര കോമാളിയുടെ വേഷം അദ്ദേഹം ഗൌരവത്തോടെ കൈകാര്യം ചെയ്തു.

തമാശകള്‍ മാറ്റിവെച്ചാല്‍, ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ രാജഭരണം ഒരു പൊരുത്തമില്ലായ്മയാണെങ്കിലും, ഒരു തരത്തിലുള്ള സുസ്ഥിരത ഇംഗ്ലീഷുകാര്‍ക്ക് തോന്നിക്കുന്ന ഏക സ്ഥാപനം രാജകുടുംബമാണ്.

എലിസബത്ത് രാജ്ഞിയും ആലഭാരങ്ങളുമാണ് ഒരു സാമ്രാജ്യം നഷ്ടപ്പെട്ടതിനോട് പൊരുത്തപ്പെടാന്‍ ഇംഗ്ലീഷുകാരെ സഹായിച്ചത്. ബ്രിട്ടന് അതിന്റെ സ്വാധീനം കാലക്രമേണ നഷ്ടമായെങ്കിലും അതിന്റെ രാജകുടുംബം ഒരുതരത്തില്‍ കൌതുകവും ആദരവും നിലനിര്‍ത്തി. പുറംലോകം, പ്രത്യേകിച്ചും മുന്‍ കോളനികള്‍ രാജകുടുംബത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു; ബ്രിട്ടനില്‍ സങ്കുചിതമായ രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കിടയില്‍ കൊട്ടാരം തലയുയര്‍ത്തിനിന്നു. ബഹുമാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായ ഒരു ആചാരപരദവിയില്‍ ഒരു രാഷ്ട്രത്തലവന്‍ ഉണ്ടാകണമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും അംഗീകരിച്ചു.

ഫിലിപ് രാജകുമാരന്റെ നിരവധിയായ അബദ്ധങ്ങള്‍ രാജ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിച്ചു എന്നും പറയാം. ഡയാന രാജകുമാരിയെപ്പോലെ രാജകുടുംബ ശീലങ്ങളുടെ കെണികള്‍ക്കെതിരെ കലാപവുമായി ഒരാള്‍ വന്നപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ അവരിലേക്കായി. ഫിലിപ് രാജകുമാരന്റെ ഏറ്റവും വലിയ സംഭാവന യുദ്ധാനന്തര ഇംഗ്ലണ്ടില്‍ ഒറ്റയ്ക്കാണ് അദ്ദേഹം രാജവങ്കത്തങ്ങളുടെ കസേര വിടാതെ പിടിച്ചത് എന്നാണ്. തങ്ങളുടെ ഭരണാധികാരികളെക്കുറിച്ച് ചിരിക്കാന്‍ കഴിയുന്ന ഒരു ജനതയ്ക്ക് ഒരിയ്ക്കലും ഒരു ഏകാധിപതിയെ വാഴിക്കാന്‍ കഴിയില്ല. ഈ ജനാധിപത്യ ബോധത്തിന്റെ രഹസ്യ സുഹൃത്താണ് ഫിലിപ് രാജകുമാരന്‍.

ചലച്ചിത്ര വാര്‍ത്തകള്‍ പലപ്പോഴും പലതും വെളിപ്പെടുത്തുന്ന തരത്തിലാകും. തന്നെ പ്രിയങ്ക ചോപ്രയെന്ന് വിദേശ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുന്നതില്‍ അത്ഭുതമില്ലെന്ന് ദീപിക പദുക്കോണ്‍ ഈയടുത്ത് പറഞ്ഞു. അത് വിദേശ മാധ്യമങ്ങളുടെ വംശീയതയും അറിവില്ലായ്മയുമാണ് കാണിക്കുന്നതെന്ന് അവര്‍ കരുതുന്നു. അറിവില്ലായ്മ, ശരിയാണ്, ലോകത്തിലെ ഏറ്റവും സ്വയംകേന്ദ്രീകൃത മനുഷ്യരാണ് അമേരിക്കക്കാര്‍. മറ്റ് രാജ്യങ്ങളെയും രാജ്യക്കാരെയും കുറിച്ച്‌ എല്ലാത്തരം വാര്‍പ്പുമാതൃകകളും അവര്‍ എളുപ്പം സ്വീകരിക്കുന്നു (തങ്ങളെക്കുറിച്ചും).

സാംസ്കാരിക ആഗോളീകരണം രാഷ്ട്രീയ ശരികളെക്കുറിച്ചുള്ള ഒരു പുതിയ ആഗോള മാനദണ്ഡം രൂപപ്പെടുത്തും മുമ്പ് ഒരു തരത്തിലുള്ള കുറ്റബോധവും മടിയുമില്ലാതെ അമേരിക്കക്കാര്‍ പറഞ്ഞിരുന്ന ഒരു വാചകം, “എല്ലാ ചൈനക്കാരും കാണാന്‍ ഒരുപോലെയാണ്” എന്നാണ്.

അത് 1979-ല്‍ ദെങ് സിയാവോ പിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനക്കാലത്ത് കൈകാര്യം ചെയ്യപ്പെട്ടു. യു എസ് സന്ദര്‍ശിക്കുന്ന ആദ്യ ചുവപ്പന്‍ ചൈന നേതാവായിരുന്നു ദെങ്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ ശ്രീമതി ഷൂവോ ലിന്നും ഒപ്പമുണ്ടായിരുന്നു. ചൈനയുടെ പുതിയ അമരക്കാര,ന്‍ പ്രസിഡണ്ട് ജീമ്മി കാര്‍ട്ടര്‍ അടക്കമുള്ളവരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ചകളുടെ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കും ഏതാണ്ട് അത്രയും തിരക്കുള്ള ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്, ഷൂവൊ ലിന്‍ പേരുകളൊക്കെ തെറ്റിച്ചാണ് വിളിക്കുന്നത്. ജോണ്‍സനെ സ്മിത്തെന്നും ജോണ്‍സിനെ ജോണ്‍സണെന്നും വിളിക്കും.

ചിട്ടവട്ടങ്ങള്‍ നോക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ചൈനയുടെ പ്രഥമ വനിതാ കൂസലില്ലാത്ത മറുപടി പറഞ്ഞു; “ഓ, എല്ലാ അമേരിക്കക്കാരും കാണാന്‍ ഒരുപോലെയാണ്.”

കോപ്പന്‍ഹേഗനില്‍ ഉള്ള എന്റെ സുഹൃത്താണ് എനിക്കിത് അയച്ചുതന്നത്: “ഒരു പഞ്ചാബി IKEA-യില്‍ ഒരു ട്രോളി ഉരുട്ടുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ സ്വീഡന്‍കാരനുമായി കൂട്ടിമുട്ടി.

പഞ്ചാബി അയാളോട് പറഞ്ഞു, “ക്ഷമിക്കണം, ഞാനെന്റെ ഭാര്യയെ അന്വേഷിക്കുകയായിരുന്നു, നടക്കുമ്പോള്‍ ശ്രദ്ധ തെറ്റി പോയത് അതുകൊണ്ടാണ്..”

ചെറുപ്പക്കാരന്‍ പറഞ്ഞു, “അത് സാരമില്ല, ഞാനും എന്റെ ഭാര്യയെ അന്വേഷിക്കുകയാണ്”

പഞ്ചാബി; “അതെയോ ഒരുപക്ഷേ നമുക്ക് പരസ്പരം സഹായിക്കാന്‍ പറ്റിയേക്കും. നിങ്ങളുടെ ഭാര്യ കാണാന്‍ എങ്ങനെ?”

“അവള്‍ക്ക് 24 വയസുണ്ട്, ഉയരത്തില്‍, നീളന്‍ മുടി, വലിയ നീലക്കണ്ണുകള്‍, നീളന്‍ കാലുകള്‍, ഇറുകിയ കാലുറയും നേര്‍ത്തു സുതാര്യമായ മേലുടുപ്പും. നിങ്ങളുടെ ഭാര്യയോ?”

പഞ്ചാബി മറുപടി പറഞ്ഞു, “അതിലൊന്നും കാര്യമില്ല- നമുക്ക് നിങ്ങളുടെ ഭാര്യയെ അന്വേഷിക്കാം.”

മിക്ക പഞ്ചാബികളും സഹായമനസ്കരാണ്….”

ഇനിയിപ്പോ ഞാനും ഒരു കാപ്പി കുടിക്കാന്‍ നിങ്ങളെ ക്ഷണിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍