TopTop
Begin typing your search above and press return to search.

ആധുനിക വൈദ്യ ശാസ്ത്രം ഒരു തന്തയില്ലാത്ത വൈദ്യമാണ്

ആധുനിക വൈദ്യ ശാസ്ത്രം ഒരു തന്തയില്ലാത്ത വൈദ്യമാണ്
പണ്ട് ഒരു ഗ്രീക്ക് വൈദ്യൻ ജീവിച്ചിരുന്നു – ഹിപ്പോക്രറ്റീസ്. അന്നൊക്കെ ഗ്രീക്ക് വൈദ്യം, ചൈനീസ് വൈദ്യം, ഈജിപ്ഷ്യൻ വൈദ്യം, നമ്മുടെ ആയുർവേദം – അങ്ങനെ ഒക്കെ ആണ്.

ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്. ആരൊക്കെയോ പറയുന്നതാണ്. എനിക്കറിയില്ല. എംബിബിസ് മുഴുവൻ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം ഏതോ ഒരു പുസ്തകത്തിൽ കണ്ട ഓര്‍മ്മയേയുള്ളു. അങ്ങേര് പറഞ്ഞ ഒന്നും ഞാൻ പഠിച്ചിട്ടില്ല.

നാല് ‘ദോഷങ്ങളു'ടെ ഏറ്റക്കുറച്ചിലുകൾ മൂലമാണ് രോഗം ഉണ്ടാവുന്നത് എന്ന് പുള്ളി കാച്ചി:

രക്തം
കറുത്ത പിത്തം
മഞ്ഞ പിത്തം
കഫം

പോടോ പുല്ലേ – എന്നാണ് ആധുനിക ശാസ്ത്ര വൈദ്യം പറയുന്നത്. ഹിപ്പോക്രറ്റീസ് പഠിപ്പിച്ച ഒരൊറ്റ ചികിത്സ രീതി പോലും ഇപ്പോൾ മോഡേൺ മെഡിസിനിൽ അതേപോലെ തന്നെ ചെയ്യുന്നില്ല!

ഏകദേശം ഇതേ ദോഷ സിദ്ധാന്തം ആണ് ആയുർവേദത്തിന്റെ അടിസ്ഥാനം എന്നത് രസമാണ്. ചൈനയിൽ ഇത് യിൻ, യാൻ എന്ന രണ്ട് കുണാണ്ടറി ആണ്. ഇതിന്റെ ബാലൻസ് തെറ്റുമ്പോൾ ആണത്രേ രോഗങ്ങൾ ഉണ്ടാകുന്നത്. ചൈനീസ് പുരാതന വൈദ്യവും വളരെ പ്രമാദം ആയിരുന്നു, പണ്ട്.

ഇന്ന് ചൈനയിലും, ഈജിപ്തിലും, മെക്സിക്കോയിലും, എത്തിയൊപ്പിയായിലും, പാപുവ ന്യൂ ഗിനിയായിലും, ഒരു മാതിരി എല്ല അസുഖങ്ങൾക്കും ആളുകൾ ആശ്രയിക്കുന്നത് തന്തയില്ലാത്ത, പവിത്രത ഇല്ലാത്ത, ആധികാരിക പുരാണ ഗ്രന്ഥങ്ങൾ ഇല്ലാത്ത ഒരു ജാതി വൈദ്യാഷ്ടോ.

അതിന്റെ അപ്പൻ എന്ന് പറയാനും മാത്രം പിന്നെന്താണ് ഹിപ്പോക്രറ്റീസ് ചെയ്തത്?

ദൈവ കോപം മൂലമാണ് മിക്ക രോഗങ്ങളും ഉണ്ടാവുന്നത്. ദൈവങ്ങളെ പ്രീതിപ്പെടുത്തൽ ആണ് രോഗ മുക്തിയുടെ ആദ്യപടി – ഇങ്ങനെയാണ് എമ്പാടും വിശ്വസിച്ചിരുന്നത്.

ഇങ്ങനെ അല്ല – ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ മൂലം ആണ് രോഗം വരുന്നതെന്നും, ശരീരത്തെ ചികിൽസിച്ചു രോഗം മാറ്റാം എന്നും ആദ്യമായി പറഞ്ഞ വൈദ്യൻ ഈ പുള്ളിയായിരുന്നു. അതുകൊണ്ട് മാത്രം അപ്പൻ ആണെന്ന് പറഞ്ഞു നടക്കുകയാ.

അങ്ങനെ – സ്വന്തം അപ്പനെ തള്ളിപ്പറഞ്ഞതിനാൽ ഒരു തന്തയില്ലാത്ത വൈദ്യമാണ് ആധുനിക വൈദ്യം. മോഡേൺ മെഡിസിൻ – തന്തയില്ലാ വൈദ്യം.

അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ എങ്ങനെ ഉണ്ടാവുന്നു?

അറിവുകൾ പല രീതിയിൽ വരുന്നുണ്ട്:

ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകൾ

ചെറുപ്പം മുതൽ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. അയൽക്കാർ പൊട്ടന്മാരാണ്, ചില മതക്കാർ അങ്ങനെയൊക്കെയാണ്, രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല തുടങ്ങി പലതും ഇതിൽ വരാം. കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു അതിനെപ്പറ്റി പലതും പറഞ്ഞു കൊടുത്തേക്കാം. അനുഭവങ്ങളാണ് ഈ അറിവുകളുടെ ഒരു ഉറവിടം എങ്കിലും പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവണമെന്നില്ല.

പിന്നെ ഫേസ്ബുക്, വാട്ട്സ്ആപ്പ് തുടങ്ങി പലതും പല അറിവുകളും നമുക്ക് ഫ്രീ ആയി തരുന്നുണ്ടല്ലോ.

പരമ്പരാഗത വിജ്ഞാനം

തലമുറകളായി കൈമാറി വരുന്ന അറിവുകളാണവ. വാസ്തു ശാസ്ത്രം, ജ്യോതിഷം മുതലായ കപട ശാസ്ത്രങ്ങൾ മുതൽ സത്യവും മിഥ്യയും പ്രയോഗങ്ങളും ഗുണവും ദോഷവും കേട്ട് പിണഞ്ഞു കിടക്കുന്ന ആയുർവേദം, പാരമ്പര്യ വൈദ്യം, പരമ്പരാഗത തൊഴിൽ ശാസ്ത്രങ്ങളായ മീൻ പിടുത്തം, പാരമ്പര്യ കൃഷി, തച്ചു ശാസ്ത്രം വരെ ഇതിൽ പെടും. ഇതിന്റെ അടിസ്ഥാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. ചെയ്താൽ, കാലാ കാലങ്ങളിലായി ഇങ്ങനെയാണ്, ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്, പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാകും വാദങ്ങൾ. എങ്കിലും പലപ്പോഴും നല്ല രീതിയിൽ പ്രയോജനം ഇവ മൂലം സമൂഹത്തിനുണ്ട്.

ബോധോദയ ജ്ഞാനം

പ്രപഞ്ച സത്യങ്ങളെപ്പറ്റി അതിയായി ആലോചിച്ചു തപസ്സു ചെയ്യുന്നവർക്ക് പെട്ടന്ന് ചില ഉൾക്കാഴ്ചകൾ ലഭിച്ചേക്കാം. ബുദ്ധൻ മുതൽ സാമുവേൽ ഹനീമാനെ വരെ ഇങ്ങനെ കിട്ടിയ അറിവുകൾ പകർന്നു തന്നവരായി കണക്കാക്കാം.

മേല്പറഞ്ഞ മൂന്നും ആയിരുന്നു ലക്ഷം വര്‍ഷങ്ങളായി മനുഷ്യരാശിയുടെ പൊതു വിജ്ഞാനത്തിന്റെ കാതൽ.

കുറെ ആയിരം വർഷങ്ങളെ ആയുള്ളൂ ചിലർ വേറെ നമ്പറുകളുമായി ഇറങ്ങിയിട്ട്.

യുക്തിയുടെ ഉപയോഗം

യുക്തി സഹമായ വാദ മുഖങ്ങളോടെ സത്യത്തെ അവതരിപ്പിക്കുക. ഗണിത ശാസ്ത്രത്തിന്റെ ഉറവിടം അങ്ങനെയാണ്. പല വിജയങ്ങളും അതിനവകാശപ്പെടാനുണ്ട്. എന്നാൽ യുക്തിസഹമായ എല്ലാം സത്യമാവണമെന്നില്ല.

എല്ലാ പക്ഷികളും രണ്ടു കാലിൽ നടക്കുന്നു.

മനുഷ്യൻ രണ്ടു കാലിൽ നടക്കുന്നു

മനുഷ്യൻ ഒരു പക്ഷിയാണ്‌

ഇതാണ് യുക്തി മാത്ത്രം ഉപയോഗിച്ചാലുള്ള പ്രശ്നം

ആധുനിക ശാസ്ത്രം

സത്യം മനസ്സിലാക്കി കാലാന്തരങ്ങളിലൂടെ തേച്ചു മിനുക്കാനും നമ്മൾ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും നല്ല മാർഗമാണ് ആധുനിക ശാസ്ത്രം. ഇതിനർത്ഥം ബാക്കിയെല്ലാം വിഢിത്തം ആണെന്നല്ല. ശാസ്ത്രീയമായ പരിശോധന നേരിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു എന്ന് മാത്രം.

അത് ഒരു ഗുലുമാൽ പ്രക്രിയയാണ്. യുക്തി മാത്രമല്ല അത്; ചില പടവുകൾ ഉള്ള പ്രക്രിയ:

*ചുമ്മാ കാണുക, കേൾക്കുക, അളക്കുക, മനസ്സിലാക്കുക
*എല്ലാം രേഖപ്പെടുത്തി വക്കുക
*ഇതിനെ വിശദീകരിക്കാൻ ശ്രമിക്കുക. യുക്തി സഹമായ വിശദീകരണങ്ങൾ കാച്ചുക
*വിശദീകരണങ്ങൾ ടെസ്റ്റു ചെയ്യാൻ പരീക്ഷണങ്ങൾ നടത്തുക
*ഓരോ പുതിയ പരീക്ഷണ നിരീക്ഷണ കുണ്ടാമണ്ടികൾക്കനുസരിച്ചു വിശദീകരണത്തിൽ മാറ്റങ്ങൾ വരുത്തുക
*വലിയ പ്രശ്നങ്ങൾ കണ്ടാൽ വിശദീകരണങ്ങൾ കാട്ടിൽ കളയാൻ റെഡി ആയിരിക്കുക
എല്ലാ നിഗമനങ്ങളും പൊതുജനമായും പണ്ഡിതരുമായും പങ്കു വെക്കുക, വാദപ്രതിവാദങ്ങളിൽ ഏർപ്പെടുക.
*എപ്പോൾ വേണമെങ്കിലും ആർക്കും ഇതൊക്കെ ചോദ്യം ചെയ്യാം. ചോദ്യങ്ങൾ യുക്തി സഹവും വസ്തുനിഷ്ഠവും, കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയും ആവണമെന്ന് മാത്രം.
*ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് ഒന്നും ഇല്ല. ഏതു കൊമ്പനായാലും ശാസ്ത്ര ലോകത്തു ചോദ്യങ്ങൾ നേരിടേണ്ടി വരും. ചോദ്യം ചോദിച്ചാൽ പിശാച് പിടിക്കും, തീയിൽ വീഴും, ഇടിത്തീ വീഴും എന്നൊന്നും *പറയാൻ പാടില്ല. ചോദ്യം ചോദിച്ചവൻ പിശാചാണെന്നും പറയാൻ പാടില്ല. പറയാം – അത് ശാസ്ത്രീയമായി തെളിയിക്കണം എന്ന് മാത്രം.
*ഉത്തരം പറയാൻ വിഷമം വന്നാൽ വീണ്ടും എല്ലാം പുനഃ പരിശോധിക്കേണ്ടി വരും . അതിനായി വിരിമാറു കാട്ടണം

അലോപ്പതി എന്ന യൂറോപ്പിലുണ്ടായ പാരമ്പര്യ ശാസ്ത്രത്തിൽ നിന്നാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം. പിന്നീട് ലോകമാകെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിൽ നിന്നും കടം കൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെയൊരു പ്രായോഗിക ശാസ്ത്രമായി വളർന്നു. പ്രയോജനം ചെയ്യുന്ന ഒന്നാണെങ്കിൽ മാത്രമേ ഏതൊരു പ്രായോഗിക ശാസ്ത്രത്തിനും നില നിൽപ്പുള്ളു എന്ന് വ്യക്തമാണ്. മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രം. പ്രയോജനമുള്ളതാണെങ്കിൽ ലോകം മുഴുവൻ സ്വീകാര്യത നേടും. സത്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനം അത് അംഗീകരിക്കുകയുള്ളു. അങ്ങനെ മതിയല്ലോ.

തന്തയില്ലാത്ത വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ഒക്കെ തന്തയില്ലാത്തവരും മരുന്ന് മാഫിയക്കാരും ഒക്കെ ആണെന്ന രസകരമായ കമന്റുകൾ പ്രതീക്ഷിക്കുന്നു.

തന്തയില്ലാ വൈദ്യത്തിന്റെ പ്രയോജനങ്ങൾ എല്ലാ മനുഷ്യർക്കും കിട്ടുമാറാകട്ടെ – ആമേൻ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories