Top

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഡ്രൈവര്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരിക്കേറ്റതായും വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവാസ്‌കറിന്റെ കഴുത്തിന് പിന്നില്‍ യുവതി മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയെ ശരിവെക്കുന്നതാണ് വൈദ്യപരിശോധനാ ഫലം.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയില്‍ പോലീസ് ഗവാസ്‌കറിനെതിരെ കേസെടുത്തു അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ തന്നെ വന്നു കണ്ട ഗവാസ്കറുടെ ഭാര്യ രേഷ്മയ്ക്ക് അന്വേഷണം സത്യസന്ധമായി നടത്തുമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഉറപ്പുകൊടുത്തിട്ടുണ്ട്. ഇന്നലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞത് നടന്ന സംഭവം കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് എന്നാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിര്‍ദ്ദേശിച്ചു. ഈ പ്രശ്‌നത്തെ സര്‍ക്കാര്‍ അതീവ ഗൌരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തായാലും പിണറായി വിജയന്റെ വിധി വല്ലാത്തൊരു വിധിയാണ്. കഴിഞ്ഞ ദിവസം പോലീസ് നാട്ടുകാരുടെ മെക്കിട്ട് കേറിയതിന്‍റെ പൊല്ലാപ്പായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ സഹായിച്ച് തല്‍ക്കലം അതില്‍ നിന്നും രക്ഷപ്പെട്ടു. സുധീരനും ഉമ്മന്‍ ചാണ്ടിയും യുവതുര്‍ക്കികളും വൃദ്ധ കേസരികളും ഒക്കെ കൂടി അന്തിചര്‍ച്ചയും പത്രത്താളുകളും അങ്ങ് കയ്യേറി. വരാപ്പുഴയും എടത്തലയും കെവിനെയുമൊക്കെ നാട്ടുകാര്‍ മറന്നു.

എന്നാല്‍ ഇപ്പോഴിത പോലീസുകാരന്റെ മേക്കിട്ട് കയറിയതിനെ വിശദീകരിക്കുകയാണ് മുഖ്യമന്ത്രി. വിശ്വാസമില്ലെങ്കിലും പിണറായി സമയമൊന്നു നോക്കിക്കുന്നത് നന്നായിരിക്കും എന്ന് വിശ്വാസികളായ ഭക്തര്‍ ആഗ്രഹിച്ചാല്‍ അവരെ തെറ്റുപറയാന്‍ പറ്റില്ല. കൂട്ടത്തില്‍ ഡിജിപി ബെഹ്റയും.

http://www.azhimukham.com/keralam-dont-let-them-see-my-deadbody-writes-police-officer-gopakumar-in-his-suicide-note/

എ ഡി ജി പിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നല്‍കിയ ഉറപ്പ്. അതേസമയം വാദി പ്രതിയാകുമോ എന്നാണ് നാട്ടുകാരുടെ സംശയം. പീഡനം നടന്ന വിവരം ഉത്തരവാദപ്പെട്ടവരെ അറിയിച്ച എടപ്പാള്‍ തീയറ്റര്‍ ഉടമയുടെയും ലിഗയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അവരുടെ സഹോദരിക്കും കുടുംബത്തിനും വേണ്ട സഹായങ്ങള്‍ ചെയ്ത അശ്വതി ജ്വാലയുടെയും അനുഭവമാണ് നാട്ടുകാരുടെ ഓര്‍മ്മയില്‍.

ക്യാംപിലുള്ള പൊലീസുകാരെ ജോലിയില്‍ സഹായിക്കാനായി 1200 ക്യാംപ് ഫോളോവേഴ്സാണു കേരള പൊലീസിലുള്ളത്. 390 ഒഴിവുകളില്‍ ദിവസ വേതനക്കാര്‍ ജോലി ചെയ്യുന്നു എന്നു മലയാള മനോരമ ഓണ്‍ ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ജോലിയില്‍ സഹായിക്കുക എന്നു പറഞ്ഞാല്‍ എസ്പിയുടെ വീട്ടില്‍ എരുമ ഉണ്ടെങ്കില്‍ അതിന്റെ പാല്‍ കറന്നു വില്‍ക്കുന്നതുവരെ ഉള്‍പ്പെടും എന്നും മനോരമ പറയുന്നു. അതായത് പഞ്ചാബി ഹൌസ് സിനിമയിലെ ഹരിശ്രീ അശോകന്‍മാരാണ് ക്യാംപ് ഫോളോവേഴ്സെന്നര്‍ത്ഥം.

പക്ഷേ ഈ പ്രശ്നം ക്യാമ്പ് ഫോളേവേഴ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് പോലീസ് സേനയിലെ സാധാരണ ഉദ്യോഗസ്ഥര്‍ തൊഴിലിടത്തില്‍ നേരിടുന്ന പീഡനങ്ങളും അവഹേളനങ്ങളുടെയും തുടര്‍ച്ച മാത്രമാണ്. സമീപകാലത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പോലീസുകാരുടെ തുടര്‍ച്ചയായ ആത്മഹത്യകള്‍ ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 18 പോലീസുകാരാണ്. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്ത എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ് ഐ ടി. ഗോപകുമാറിന്റെ ആത്മഹത്യ കുറിപ്പിലെ ആവശ്യം മേലുദ്യോഗസ്ഥരെ തന്റെ മൃതദേഹം കാണിക്കരുത് എന്നായിരുന്നു.

‘തന്റെ മൃതദേഹം നോര്‍ത്ത് സി ഐ കെ.ജെ പീറ്റര്‍, എസ് ഐ വിബിന്‍ ദാസ് എന്നിവരെ കാണാന്‍ പോലും അനുവദിക്കരുത്” എന്ന് ഗോപകുമാര്‍ കുറിച്ചതിന് പിന്നില്‍ ആ മനുഷ്യന്‍ നേരിട്ട പീഡനത്തിന്റെ കയ്പ്പ് ഊറിക്കിടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ട് എന്നും ഗോപകുമാറിന്റെ കുറിപ്പില്‍ ഉണ്ട്.

http://www.azhimukham.com/newswrap-suicide-tendency-in-police-force-is-dangerous/

2017 ഒക്ടോബറില്‍ പോലീസുകാരുടെ ആത്മഹത്യ വിഷയത്തില്‍ ലോക്നാഥ ബെഹ്റ ഇടപെടുകയും മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന പോലീസുകാര്‍ക്ക് കൌണ്‍സലിംഗ് അടക്കമുള്ള പിന്തുണ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തൊഴില്‍ സംബന്ധമായോ കുടുംബ പ്രശ്‌നങ്ങളുടെ ഭാഗമായോ ഇത് രണ്ടും ചേര്‍ന്നോ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും മനസിലാക്കി പ്രതികരിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് യൂണിറ്റ് ചീഫുമാരോട് ഡിജിപി ആവശ്യപ്പെട്ടത്. എന്നാല്‍ കേരള പോലീസിലെ താഴ്ന്ന റാങ്കിലുള്ള പോലീസുകാര്‍ മേലുദ്യോഗസ്ഥരില്‍ നേരിടുന്ന പീഡനങ്ങളാണ് ഇതിലെ ഏറ്റവും ഗുരുതരമായതും ഉടന്‍ പരിഹരിക്കപ്പെടേണ്ടതും എന്നാണ് ഗവാസ്കറും ആതാമഹത്യ ചെയ്ത ഗോപകുമാറും ഒക്കെ നേരിട്ട അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

കൂടാതെ സേനക്കകത്തെ വിഭാഗീയതയും സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇതിനെയൊന്നും അഡ്രസ് ചെയ്യാന്‍ ശക്തമായൊരു സംവിധാനം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലില്ല എന്നതാണ് വസ്തുത. സ്ട്രെസ് മാനേജ്‌മെന്റ് എന്ന് പറഞ്ഞ് എവിടെയെങ്കിലും എന്തെങ്കിലും ക്ലാസ് എടുക്കുന്നതുകൊണ്ടു ഫലമില്ല എന്നാണ് വിരമിച്ച പല പോലീസ് ഉദ്യോഗസ്ഥന്മാരും ചൂണ്ടിക്കാണിക്കുന്നത്.

എന്തായാലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കാണും എന്ന് പ്രതീക്ഷിക്കാം. എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനം ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. പക്ഷേ അത് ഒരു സുദേഷ് കുമാറില്‍ മാത്രം ഒതുങ്ങരുത് എന്നാണ് രാകേഷ് സനല്‍ അഴിമുഖത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ആ ലേഖനം താഴെ വായിക്കാം...

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-slavery-in-kerala-police/

http://www.azhimukham.com/kerala-16-policemen-committed-suicide-in-last-eight-months/

http://www.azhimukham.com/updates-woman-camp-follower-against-adgp-sudesh-kumar/

http://www.azhimukham.com/trending-si-gopakumars-suicide-si-vipindas-is-the-cause-as-per-suicide-note/

Next Story

Related Stories