Top

ഹജ്ജിന്‍റേത് മാത്രമല്ല, എല്ലാ മതങ്ങളുടെയും തീര്‍ത്ഥാടനങ്ങള്‍ക്കായി നല്‍കുന്ന സബ്‌സിഡികള്‍ പിന്‍വലിക്കണം

ഹജ്ജിന്‍റേത് മാത്രമല്ല, എല്ലാ മതങ്ങളുടെയും തീര്‍ത്ഥാടനങ്ങള്‍ക്കായി നല്‍കുന്ന സബ്‌സിഡികള്‍ പിന്‍വലിക്കണം
ഹജ്ജ് സബ്‌സിഡി മാത്രമല്ല, എല്ലാ മതങ്ങളുടെയും തീര്‍ത്ഥാടനങ്ങള്‍ക്കായി നല്‍കുന്ന സബ്‌സിഡികളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ടൈംസ് ഓഫ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എസ്‌ എ അയ്യര്‍ തന്റെ പ്രതിവാര കോളമായി സ്വാമിനോമിക്‌സില്‍ എഴുതുന്നു. ഇന്ത്യയെ ഒരു മതേതര രാജ്യമായാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. അതുകൊണ്ട് തന്നെ മതപരമായ വിവേചനങ്ങള്‍ വിലക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ തത്വപ്രകാരം മതപരമായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ ഇതിനെതിരാണ് ഹജ്ജ് സബ്‌സിഡിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടുതന്നെ സബ്‌സിഡി നിറുത്തലാക്കണമെന്ന് സുപ്രീം കോടതി 2012ല്‍ വിധിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല. ഹജ്ജ് സബ്‌സിഡി ഒരു ന്യൂനപക്ഷ പ്രീണനമാണെന്ന് കുറെക്കാലമായി ബിജെപി പറയുന്നു. പക്ഷെ, ഒരു മതേതര രാജ്യം എന്ന നിലയില്‍ മറ്റ് മതങ്ങളുടെ തീര്‍ത്ഥാടനത്തിന് നല്‍കുന്ന സബ്‌സിഡികളും പിന്‍വലിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് അയ്യര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഹജ്ജ് സബ്‌സിഡി നിറുത്തലാക്കിയ മോദി സര്‍ക്കാര്‍ തന്നെ പുണ്യധാം യാത്ര പദ്ധതി, പുരി, വൃന്ദാവന്‍, അജ്മീര്‍ ഷെരീഫ്, മധുര, വൈഷ്‌ണോ ദേവി എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് യാത്രയിലും താമസസൗകര്യങ്ങളിലും സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കി. പ്രീണനം എന്ന പേരില്‍ ഒരു സബ്‌സിഡി മോദി നിറുത്തലാക്കുമ്പോള്‍ മറ്റ് സബ്‌സിഡികള്‍ സൃഷ്ടിക്കുന്നതിനെയും പ്രീണനം എന്ന് തന്നെയല്ലേ വിളിക്കേണ്ടതെന്നും അയ്യര്‍ ചോദിക്കുന്നു.

മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ അജ്മീര്‍ ഷെറീഫിലേക്കുള്ള യാത്രയ്ക്കും സബ്‌സിഡി നല്‍കുന്നുണ്ടല്ലോ എന്നാവും ഈ ചോദ്യത്തിന് മോദി ഭക്തര്‍ നല്‍കുന്ന മറുപടി. ഏതൊരു തീര്‍ത്ഥാടനത്തിന് സബ്‌സിഡി നല്‍കുന്നതും മതേതര കാഴ്ചപ്പാടിന് എതിരാണ്. യഥാര്‍ത്ഥത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നവാഗതരാണ്. പല സംസ്ഥാനങ്ങളും കാലാകാലങ്ങളായി ഇത്തരം സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. ആദായ നികുതി അടയ്ക്കാന്‍ പാങ്ങില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് തീര്‍ത്ഥാടനത്തിനായി സബ്‌സിഡി ഏര്‍പ്പെടുത്താന്‍ 2012ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരവധി ഹിന്ദു പുണ്യ സ്ഥലങ്ങളോടൊപ്പം അജ്മീര്‍ ഷെറീഫും വേളാങ്കണ്ണി പള്ളിയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഹിന്ദു ഇതര തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മതേതര നടപടിയാണ് ഇതെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളെ തരംതിരിച്ച് സര്‍ക്കാരുകള്‍ പട്ടിക തയ്യാറാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ തീര്‍ച്ചയായും വിവേചനപരമാണ്. മിക്ക പട്ടികകളിലും അജ്മീറിനെ ഉള്‍പ്പെടുത്തുന്നത് വിമര്‍ശനങ്ങള്‍ തടയുന്നതിനും കോടതി നടപടികള്‍ നേരിടാതിരിക്കുന്നതിനും വേണ്ടിയാണ്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം മെക്കയെക്കാള്‍ പ്രാധാനമല്ല അജ്മീര്‍ തീര്‍ത്ഥാടനം. എന്നാല്‍ ഹജ്ജ് സബ്‌സിഡിയെ മതപ്രീണനമായി കാണുന്ന രാഷ്ട്രീയക്കാര്‍ തങ്ങളുടെ പട്ടികയില്‍ അജ്മീറിനെ ഉള്‍പ്പെടുത്തുന്ന ആത്മവഞ്ചന കാണിക്കുകയും ചെയ്യുന്നു.

തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്‌സിഡികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മാനസരോവര്‍ യാത്രയ്ക്ക് ഒരു ലക്ഷം രൂപയില്‍ കുറയാത്ത സബ്‌സിഡി യുപി സര്‍ക്കാര്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡില്‍ 2014ല്‍ മേരെ ബുസൂര്‍ഗ് മേരെ തീര്‍ത്ഥ എന്നൊരു പദ്ധതി 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. തുടര്‍ന്ന് വന്ന ബിജെപി സര്‍ക്കാര്‍ ഈ പദ്ധതി വിപുലപ്പെടുത്തി. മാനസരോവര്‍ യാത്രയ്ക്കും ലഡാക്കില്‍ സിന്ധു നദി സന്ദര്‍ശിക്കുന്നതിനും 2001 മുതല്‍ ഗുജറാത്ത് സര്‍ക്കാര്‍ സബ്‌സിഡി ല്‍കുന്നു. കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിച്ച തമിഴ്‌നാട് മാസരോവര്‍, ജെറുസലേം യാത്രകള്‍ക്ക് സബ്‌സിഡി നല്‍കുന്നു. ഇന്ത്യയിലെ ഏത് തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിനും സബ്‌സിഡി നടപ്പിലാക്കിയത് ഒഢീഷയില്‍ ബിജെപി ഭരിച്ചിരുന്ന കാലത്താണ്.

ചുരുക്കത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഈ സബ്‌സിഡികള്‍ നിര്‍ണയിക്കുന്നത്. മതേതര, യുക്തിവാദം പ്രത്യശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ, എഐഡിഎംകെ കക്ഷികള്‍ പോലും ഇക്കാര്യത്തില്‍ പിന്നിലല്ല. ഫ്രാന്‍സ്, യുഎസ് പോലെയുള്ള രാജ്യങ്ങളില്‍ കോടതികളുടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകുമായിരുന്ന നയമാണിത്. ഇവിടെങ്ങളില്‍ മതത്തെയും രാഷ്ട്രീയത്തെയും രണ്ടായി തന്നെ നിറുത്തുന്നതില്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തുന്നു. പക്ഷെ ഇന്ത്യയില്‍ മതത്തിനും രാഷ്ട്രീയത്തിനും അതിര്‍വരമ്പുകളില്ല. തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി നല്‍കുമ്പോള്‍ അത്തരം യാത്രകളില്‍ വിശ്വസിക്കാത്ത നിരീശ്വരവാദികളോടും യുക്തിവാദികളോടും കാണിക്കുന്ന വിവേചനമായി അത് മാറുന്നു. നിരീശ്വരവാദവും യുക്തിവാദവും ഒരു വിശ്വാസമാണെന്നിരിക്കെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സമത്വത്തിന്റെ നഗ്നമായ ലംഘനമായി ഇത് മാറുന്നു.

ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളും വഖഫ് ബോര്‍ഡുമൊക്കെ അതിസമ്പന്നരാണ്. ധാരാളം നികുതി ഇളവുകളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. വിശ്വാസികള്‍ക്ക് തീര്‍ത്ഥാടന സബ്‌സിഡി വേണമെങ്കില്‍ അവര്‍ നല്‍കട്ടേയെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നുമാണ് എസ്എ അയ്യര്‍ യുക്തിസഹമായി വാദിക്കുന്നത്.

http://www.azhimukham.com/trending-did-modi-govt-relax-rules-for-muslim-women-traveling-for-haj/

Next Story

Related Stories