UPDATES

ലിംഗമാറ്റ ശസ്ത്രക്രിയ കാശടിച്ചുമാറ്റാനുള്ള ആശുപത്രികളുടെ തട്ടിപ്പ്; ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് മിക്സ് ഹരി മനസ് തുറക്കുന്നു

ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ ഓര്‍മ്മ ദിനം

അനു ചന്ദ്ര

അനു ചന്ദ്ര

സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും, നന്നെ ചെറുപ്പത്തില്‍തന്നെ നാടും വീടും വിട്ട് മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവന്നവരാണ് ട്രാന്‍സ് വിഭാഗങ്ങള്‍. പിന്നീട് നേരിടേണ്ടിവരുന്ന ദുരിതപൂര്‍ണമായ ജീവിതവും, യാതനകളും സഹിക്കവയ്യാതെ നിരവധി പേരാണ് ആത്മഹത്യകളായും കൊലയ്ക്കിരയായും അകാലത്തിലെ പൊലിഞ്ഞു പോകുന്നത്. നവംബര്‍ 20 ട്രാന്‍സ്ജെന്‍ഡര്‍ ഓര്‍മ്മദിനമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ കമ്മ്യൂണിറ്റിയില്‍ പെട്ടവരുടെ യാതനകളെയും, അതിജീവനങ്ങളെയും, പ്രശ്‌നങ്ങളെയും പറ്റി ട്രാന്‍സ് ആക്ടിവിസ്റ്റും തൃശൂര്‍ പഴഞ്ഞി ഗവണ്മെന്റ് സ്‌കൂള്‍ അധ്യാപകനുമായ മിക്‌സ് ഹരി അഴിമുഖത്തോട് മനസ് തുറക്കുന്നു.

ഒരുപാട് പീഡനങ്ങളും ത്യാഗങ്ങളുമാണ് സമൂഹത്തില്‍ ഇപ്പോഴും ട്രാന്‍സ് വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പലതരത്തിലും പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍, ആളുകളുടെ ഇടപെടലുകള്‍ മൂലം ട്രാന്‍സ് വിഭാഗങ്ങള്‍ ചെറുപ്പത്തിലെ വീടുവിട്ടു പോകുന്നു, ചിലര്‍ ആത്മഹത്യ ചെയ്യുന്നു, മറ്റു ചിലര്‍ മദ്യപാനികളായി തീരുന്നു. അങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ആണ് ഞങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ട്രാന്‍സ് പലതരത്തിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. അത് വളരെ ദയനീയമായ ഒരു അവസ്ഥയാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീയായി ജീവിക്കണം അല്ലെങ്കില്‍ പുരുഷനായി ജീവിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ കൂടിയും സെക്‌സ്‌വര്‍ക്ക് പലരും ജീവിതോപാധിയായി സ്വീകരിക്കുന്നതും, മറ്റു പല പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതും. ഞങ്ങള്‍ എല്ലാം തന്നെ വീടുകളില്‍ സാധാരണ കുട്ടികളായി വളരുവാനും, ഞങ്ങളില്‍ ഓരോരുത്തരും എല്ലാ കുട്ടികളെയും പോലെ സമൂഹത്തില്‍ നിന്ന് സ്‌നേഹവും സ്വീകാര്യതയും കിട്ടുവാനും ആഗ്രഹിക്കുന്നവരാണ്. അത് കിട്ടാതെ വരുമ്പോഴാണ് ഞങ്ങള്‍ പുറംനാടുകളിലേക്ക് കടക്കുന്നത്. ബോംബെ, ഡല്‍ഹി അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെയുള്ള വസ്ത്രം ധരിക്കുവാനും ജീവിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഞങ്ങളില്‍ പെടുന്നവര്‍ അങ്ങനെ പോകുന്നത് പോലും. പക്ഷേ അവിടെ പോയാലും ഞങ്ങളുടെ സ്ഥിതി ശോചനീയമാണ്. ചെന്നുപെടുന്നത് അരക്ഷിതമായ ഇടങ്ങളിലാണ്. നേരിടേണ്ടി വരുന്നത് പല തരത്തിലുള്ള പീഡനങ്ങള്‍ ആണ്. ലൈംഗിക തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് മുന്‍പില്‍ വരുന്നത് പലതരത്തിലുള്ള രതി വൈകല്യങ്ങള്‍ ഉള്ള ഉപഭോക്താക്കളാണ്. അവര്‍ക്ക് മുന്‍പില്‍ നിന്നു കൊടുക്കുകയും അവരില്‍ നിന്ന് കിട്ടുന്ന നിശ്ചിത തുക ആ നടത്തിപ്പുകാര്‍ക്ക് കൊണ്ടുകൊടുക്കേണ്ടതായും വരുന്നു. ഇല്ലെങ്കില്‍ അവിടെ ലഭിക്കുന്നത് ക്രൂരമര്‍ദ്ദനങ്ങള്‍ ആണ്. ആ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാത്തവരും അറിയാത്തവരും ആണ് പല തരത്തില്‍ ശസ്ത്രക്രിയ ചെയ്തും അല്ലതായും വേറെ എന്തെങ്കിലും ചെയ്‌തോ ആ കൂട്ടത്തില്‍ വരുന്നത്. അത്തരമൊരു ഹിജഡ സംസ്‌കാരത്തിന് കൂടണമെങ്കില്‍ അവര്‍ ശസ്ത്രക്രിയ ചെയ്‌തോളണം, അവരുടെ സ്തനങ്ങളെ രൂപപ്പെടുത്തി കൊള്ളണം. ഇതില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിലേ അവരുടെ കള്‍ച്ചറിലേക്ക് എടുക്കുകയൂളളൂ.

ഹിജഡ കള്‍ച്ചര്‍ എന്ന് പറയുന്നത് വേറെയാണ്. നമ്മുടെ ദേവദാസി കള്‍ച്ചര്‍ പോലെയുള്ള ഒന്ന്. പക്ഷേ ട്രാന്‍സ് എന്നു പറയുന്നത് അതല്ല. ട്രാന്‍സ് എന്നാല്‍ Male, Female Transferring gender ആണ്. അതില്‍നിന്ന് കള്‍ച്ചറിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മറ്റൊരു സംസ്‌കാരത്തിലേക്ക് മാറുന്നത്. ഉദാഹരണമായി പറയുന്നത് ഈ ദേവദാസി സംമ്പ്രദായമാണ്. ദേവദാസി സംമ്പ്രദായത്തില്‍ വരുന്നത് സ്ത്രീകള്‍ തന്നെയാണ്. പക്ഷേ അവര്‍ പിന്നീട് അറിയപ്പെടുന്നത് ദേവദാസികള്‍ എന്നാണ്. അതുപോലെ തന്നെ പ്രാചീന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒന്നാണ് ഈ ഹിജഡ സംസ്‌കാരം എന്നത്. ബോംബെയിലെ ചുവന്ന തെരുവിലുള്ളവരെ പോലെ കൊല്‍ക്കൊത്തയിലെ സോനാഗച്ചിയില്‍ ഉള്ളവരെ പോലെ ഹിജഡ കള്‍ച്ചറിലും ആളുകള്‍ പെട്ടുപോവുകയാണ്. അത്തരം അവസ്ഥകളിലേക്ക് ഞങ്ങളെ നയിക്കുന്നതും സമൂഹം തനെയാണ്. അതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പുരുഷന്മാരാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റ പ്രത്യേകത കൊണ്ടാണ് പലപ്പോഴും പലരും നാടും വീടും വിട്ടു പോയി ദയനീയമായ ജീവിതം നയിക്കുന്നത്. അത്തരത്തില്‍ ജീവിതം നയിച്ചവരെയും, ജീവിത അവസ്ഥകളില്‍ അതിജീവനം സാധ്യമാവാതെ പോയവരും ഒടുവില്‍ ആത്മഹത്യകള്‍ക്കും, കൊലപാതകങ്ങള്‍ക്കും ഇരകളായി എത്രയോ പേര്‍ അകാലത്തില്‍ പൊലിഞ്ഞു പോയിരിക്കുന്നു. അങ്ങനെ അകാലത്തില്‍ പൊലിഞ്ഞുപോയ ട്രാന്‍സ് ജനതയില്‍പ്പെട്ടവരെ ഓര്‍ത്തുകൊണ്ട് നടത്തുന്ന അനുസ്മരണ പരിപാടിയാണ് Transgender Day of Remembrance ആയി നവംബര്‍ 20 ന് ആഘോഷിക്കുന്നത്. പക്ഷെ നമ്മുടെ ഇന്ത്യ പോലെ യാഥാസ്ഥിതികമായ, അല്ലെങ്കില്‍ അതിലുമുപരി യാഥാസ്ഥിതികമായ കേരളം പോലെ ഒരിടത്ത് വിദ്യാഭ്യാസപരമായി ഉയര്‍ന്നവരാണെന്ന് പറയാറുണ്ടെങ്കിലും സാംസ്‌ക്കാരികമായി വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ്. 2014നു ശേഷമാണ് ഇന്നു നമ്മള്‍ കാണുന്ന പല ട്രാന്‍സ് സുഹൃത്തുക്കളും പുറത്തറിയപ്പെടുന്നത് തന്നെ. അതുപോലെ സുപ്രീം കോടതി ജഡ്ജ്‌മെന്റ് വന്നതിനു ശേഷമാണ് പലരും പൊതുരംഗത്തേക്ക് വരുന്നത്.

“സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും”- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

എന്നെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇത്തരത്തിലൊരു ഓര്‍മ്മദിനത്തെ കുറിച്ചു ഞാനറിയുന്നത് ഈ വര്‍ഷമാണ്. ഇതിനു മുന്‍പ് ഇവിടെ ഇത്തരത്തിലൊരു പരിപാടി എന്നെ ആരും അറിയിച്ചിട്ടില്ല.ഇത്തരത്തില്‍ ഒരു അനുസ്മരണം എന്ന് പറയുന്ന ദിവസം ഒരു പരിധിവരെ എല്ലാവരും സാന്നിധ്യമറിയിക്കുക എന്നത് സന്തോഷകരമാണ്. സാധാരണ ഗതിയില്‍ Female, Male Trans അധികം Visible ആകാത്തവരാണ്. പക്ഷേ അവര്‍ പോലും ഈ അനുസ്മരണദിനത്തില്‍ പങ്കു ചേരുന്നു എന്നത് സന്തോഷമുണ്ടാക്കുന്നു. പൊതുവില്‍ Male-Female ട്രാന്‍സിന് രണ്ടു തരത്തിലുള്ള സംരക്ഷണമാണ് കിട്ടുന്നത്. ഒന്ന് അവരെ സ്ത്രീ എന്ന നിലയിലാണ് സമൂഹം കാണുന്നത്. അതോടൊപ്പം തന്നെ ഒരു പുരുഷന്റെതായ മസില്‍പവറും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അവര്‍ രണ്ട് തരത്തിലും ശാരീരിക പീഡനങ്ങള്‍ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല. നേരെമറിച്ച് Male-female Trans നിരന്തര പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുമുണ്ട്. അത്തരമൊരു പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടിലെ താര എന്ന ട്രാന്‍സ് മൃഗീയമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുന്നതും ആലുവ ടൗണ്‍ ഹാള്‍ പരിസരത്ത് ഗൗരി എന്ന ട്രാന്‍സ് മൃഗീയമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നത്. രണ്ടാമത്തെ സംഭവത്തില്‍ പോലീസുകാരും പത്രപ്രവര്‍ത്തകരും സമീപത്തുള്ളവരും കൂടി ബോധപൂര്‍വം ഗൗരിയിലാണ് കുറ്റം ആരോപിച്ചത്. വിനായകന് നേരെ പോലീസ് പീഡനം ഉണ്ടായപ്പോള്‍ ഒരുപാട് സംഘടനകള്‍ വരുകയും തേക്കിന്‍കാടു മൈതാനിയില്‍ വച്ച് ഒത്തുകൂടി വിനായകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഞാനടക്കം പലരും പങ്കെടുത്തിട്ടുണ്ട് അതില്‍ നേരെ മറിച്ച് ഗൗരിയ്ക്ക് ഇങ്ങനെയൊരു അനിഷ്ട സംഭവം ഉണ്ടായപ്പോള്‍ നമ്മുടെ സമൂഹം പലരും അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍നിന്നാണ് ബസില്‍ കയറുക. അന്ന് ശക്തന്‍ ബസ് സ്റ്റാന്‍ഡ് ഉണ്ടായിരുന്നില്ല. അക്കാലത്ത് ഒരു ജോസ് ഉണ്ടായിരുന്നു. പ്രണവ് ജോസ് എന്ന് എല്ലാവരും വിളിക്കുക. ഞാന്‍ അധികം സംസാരിച്ചിട്ടില്ല. രണ്ട് തവണയാണ് കണ്ടിട്ടുള്ളത്. ആ ജോസ് ഒരു യുവാവിനെ സ്‌നേഹിച്ചിരുന്നു. ആ യുവാവിന്റെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം യുവാവിന്റെ കല്യാണം നിശ്ചയിക്കുകയും കല്യാണം നടത്തുകയും ചെയ്തു. അതില്‍ പ്രതികരിച്ചുകൊണ്ടാണ് ജോസ് ആത്മഹത്യ ചെയ്തത്. കുന്നംകുളത്ത് ഒരു കുട്ടിയുണ്ടായിരുന്നു. ട്രാന്‍സ് ആയിരുന്നു. കൊല്ലപ്പെട്ട അവളുടെ മൃതശരീരം കണ്ടെത്തിയത് പൊന്തക്കാട്ടില്‍ വച്ചായിരുന്നു. രാമദാസ് തിയേറ്ററില്‍ നിന്നു വരുന്ന വഴി Male and Trans ആയ രണ്ട് കപ്പിള്‍സ് കുത്തേറ്റ് മരിക്കുന്നത് നടു റോഡില്‍ വച്ചായിരുന്നു. ഇതെല്ലാം ഓര്‍ക്കാനും പറയാനും വിഷമമാണ്. ഇത്തരത്തില്‍ എത്രയെത്ര മൃഗീയമായ കൊലപാതകങ്ങളും ആത്മഹത്യകളും ഇവിടെ നടന്നിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചുകൊണ്ട് കൊച്ചി മെട്രോയില്‍ ട്രാന്‍സിന് ജോലി നല്‍കിയെങ്കിലും അതിനുള്ളിലേക്ക് കടക്കുമ്പോഴാണ് അതൊരു തരത്തില്‍ ചീറ്റിംഗ് ആണെന്ന് തിരിച്ചറിഞ്ഞത്. പറഞ്ഞ ശമ്പളമില്ല, ഭക്ഷണത്തിന് സൗകര്യമില്ല, കൊച്ചി മെട്രോയിലെ ജോലി നിലനിര്‍ത്താന്‍ അവധിയെടുത്ത് മറ്റ് ജോലികള്‍ ചെയ്യേണ്ട ഗതികേടാണ് ട്രാന്‍സിന് അവിടെ. അത് ഈ അടുത്തായി ചര്‍ച്ച ചെയ്തതാണ്. മറ്റൊരു വലിയ പ്രശ്‌നം പിഎസ്‌സി വഴിയോ എംപ്ലോയ്‌മെന്റ് എക്‌സചെയ്ഞ്ച് വഴിയോ ഒരു ട്രാന്‍സ് ജോലി കിട്ടാവുന്ന സംവിധാനവും ഇവിടെയില്ല എന്നതാണ്. അതെന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ട്രാന്‍സ്ജെന്‍ഡര്‍ ഒരു ഭീകരജീവിയല്ല

ഞാന്‍ വര്‍ഷങ്ങളായി തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയിഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തു പുതുക്കി വരുന്ന ഒരു വ്യക്തിയാണ്. പക്ഷേ എനിക്ക് ഒരു ജോലിയും ഇതുവരെയും അവരില്‍ നിന്ന് കിട്ടിയിട്ടില്ല. ഈ അടുത്ത് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് നിങ്ങളെ ഒരു തരത്തിലും പരിഗണിക്കാന്‍ പറ്റില്ല, നിങ്ങള്‍ ഉന്നത ജാതിയില്‍പ്പെട്ട വ്യക്തിയാണെന്നാണ്. ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ ജോലി തരില്ലെന്നാണ് പറഞ്ഞത്. കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നു പറയുമ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. ഇന്നും ട്രാന്‍സിനെ അധഃകൃതരെ പോലെത്തന്നെയാണ് സമൂഹം കാണുന്നത്.

അടുത്ത കാലത്ത് ഒരു പ്രമുഖ പത്രത്തില്‍ ഒരു വാചകം കണ്ടു ‘ലിംഗമാറ്റ ശസ്ത്രക്രിയയോടുള്ള വിമുഖത മാറുന്നു’. കൊച്ചിയില്‍ നിന്നാണ് ആ റിപ്പോര്‍ട്ട് വന്നത്. അവിടെ അത്തരത്തില്‍ സര്‍ജറി ചെയ്യുന്ന ഇടങ്ങള്‍ ഉണ്ടത്രേ. കച്ചവട തന്ത്രമായാണ് ഇത്തരത്തില്‍ ഒരു ഫെയ്ക് ന്യൂസ് നല്‍കിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ അല്ലെങ്കില്‍ അതിനായുള്ള സര്‍ജറി എന്നത് തനി വിഡ്ഢിത്തമാണ്. ട്രാന്‍സ് എന്നത് ജന്മസിദ്ധമാണ്‌. അത് സര്‍ജറിയില്‍ കൂടി മാറ്റിമറിക്കാവുന്ന ഒന്നല്ല. വമ്പന്‍ സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ അത് ബിസിനസ് ആക്കി നടത്തുകയാണ് ചെയ്യുന്നത്. അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഒട്ടനവധിയാണ്. ലോകമാകെ എടുത്തു നോക്കുക ആണെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ അവര്‍ ഇത്തരം ലിംഗമാറ്റ സര്‍ജറി ഒന്നും ചെയ്യാറില്ല. Hormon therappy ചെയ്ത് സ്തനങ്ങള്‍ നല്‍കും. പക്ഷേ നമ്മുടെ ഇവിടെ കോയമ്പത്തൂരില്‍ ആയാലും മദ്രാസില്‍ ആയാലും ബാംഗ്ലൂരില്‍ ആയാലും ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരില്‍ നടത്തുന്നത് പണം തട്ടാനുള്ള ഏര്‍പ്പാടുകളാണ്. നാലു ലക്ഷവും 5 ലക്ഷവും ഒക്കെയാണ് ഇതിനായി വാങ്ങുന്നത്. എന്നാലോ ശസ്ത്രക്രിയയിലൂടെ ശ്വാശതമായ ഒരു മാറ്റം സംഭവിക്കുന്നതുമില്ല. ഒരിക്കലും ജന്മനാ ഉളള മാറ്റത്തെ മാറ്റിമറിക്കുക സാധ്യമല്ല.

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍? 5 മിത്തുകള്‍

മാത്രമല്ല കിഡ്‌നി പ്രോബ്ലം സ്തനാര്‍ബുദം തുടങ്ങി ഒട്ടനവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്നും പറയുന്നു. ലൈംഗിക സുഖം പോലും ലഭിക്കില്ല ഇത്തരം ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം എന്നതാണ് പലരുടേയും അനുഭവം. വൈകാരിക മാറ്റങ്ങള്‍ വരെ ശസ്ത്രക്രിയക്കുശേഷം ഉണ്ടാകുന്നു. വെറും പ്രദര്‍ശന വസ്തുവായി മാത്രം ട്രാന്‍സ് മാറുകയും ചെയ്യുന്നു എന്ന ഒരവസ്ഥയിലേക്കാണ് ചുരുക്കത്തില്‍ ഇത്തരം കച്ചവട തന്ത്രത്തിന്റെ പരിണിതഫലമായി ട്രാന്‍സ് വിഭാഗങ്ങള്‍ ചെന്നു വീഴുന്നത്. ഇത് നിയമപരമല്ല എന്നു സുപ്രീം കോടതി വിധിയില്‍ എടുത്തു പറഞ്ഞിട്ടുള്ളതാണ്. ശസ്ത്രക്രിയക്ക് ശേഷം ട്രാന്‍സ് സ്ഥിരം മരുന്നിനു അടിമപ്പെടുകയും, ആയുസ്സിന്റ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു.

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

കഴിഞ്ഞ വര്‍ഷമാണ് മനാബി ബദ്ദോപാദ്ധ്യായ കല്‍ക്കത്ത വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ട്രാന്‍സ് ആയതിന്റെ പേരില്‍ രാജിവച്ചു വരേണ്ട അവസ്ഥയുണ്ടായത്. സഹപ്രവര്‍ത്തകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഉള്ള നിരന്തരമായ മാനസിക പീഡനമായിരുന്നു കാരണം. വീണ്ടും അവര്‍ നിരത്തില്‍ ഇറങ്ങുകയാണ് ചെയ്തത്. നോക്കൂ, ജോലിയില്ല, ജോലി കിട്ടിയവര്‍ക്ക് വിദ്യാഭ്യാസവും അറിവും ഉണ്ടായിട്ടും ഇതുപോലെ അതുപേക്ഷിച്ചു നിരത്തിലിറങ്ങേണ്ടി വരുന്നു. ഇതൊക്കെയാണ് അവസ്ഥകള്‍. സുപ്രീംകോടതി വിധി വന്നിട്ടും, 377 റദ്ദ് ചെയ്തിട്ടും ഇവിടെ സര്‍ക്കാര്‍ വേണ്ട നടപടിക്രമങ്ങള്‍ എടുക്കുന്നില്ല. പല ബജറ്റുകളിലും ട്രാന്‍സിന് എത്ര കോടി രൂപ മാറ്റിയിരിക്കുന്നു, പെന്‍ഷന്‍ അനുവദിച്ചതായി പ്രഖ്യാപിക്കുന്നു, അതു ചെയ്തു എത്തിയതെന്നും പറയുന്നു, എങ്കില്‍ കൂടിയും 10 പൈസ ആര്‍ക്കും കിട്ടിയിട്ടുള്ളതായി അറിവില്ല. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നു ട്രാന്‍സ് ഇങ്ങനെയൊക്കെയായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണ്.

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍