Top

വേഷമുണ്ടെന്നു പറഞ്ഞ് വിളിച്ച് പലരും കളിയാക്കാറുണ്ട്; സിനിമയില്‍ നിന്നും മനപൂര്‍വം ഒഴിവാക്കപ്പെട്ടവന്റെ വേദനയോടെ അബിക്ക പറഞ്ഞു; ഓര്‍മകളുമായി ഒമര്‍ ലുലു

വേഷമുണ്ടെന്നു പറഞ്ഞ് വിളിച്ച് പലരും കളിയാക്കാറുണ്ട്; സിനിമയില്‍ നിന്നും മനപൂര്‍വം ഒഴിവാക്കപ്പെട്ടവന്റെ വേദനയോടെ അബിക്ക പറഞ്ഞു; ഓര്‍മകളുമായി ഒമര്‍ ലുലു
ഏറെ നീണ്ട ഇടവേളയ്ക്ക് ശേഷം അബി സിനിമയിലേക്ക് തിരിച്ചു വരുന്നത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗിലൂടെയായിരുന്നു. പെട്ടെന്നൊരു ദിവസം അബിയെ വീണ്ടും വെള്ളിത്തരയില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ അഹ്ലാദമായിരുന്നു. ഒപ്പം അബിക്കും. ഫീല്‍ഡ് ഔട്ട് ആയി എന്നു സ്വയം വിശ്വസിച്ചിരുന്നൊരാളെ സിനിമ വീണ്ടും വിളിച്ചതിന്റെ ആഹ്ലാദം. ഹാപ്പി വെഡ്ഡിംഗ്‌സിലൂടെ അബി വീണ്ടും സിനിമയില്‍ സജീവമാകും എന്നു തന്നെയായിരുന്നു എല്ലാവരുടെയും വിശ്വാസം. പക്ഷേ മരണം ആ ജീവിതത്തിന് അപ്രതീക്ഷിതമായൊരിടത്തു വച്ച് കട്ട് പറഞ്ഞപ്പോള്‍ എല്ലാവരുടെയും ആഹ്ലാദം തീരാത്ത സങ്കടമായി. അബി തിരിച്ചു പോകുമ്പോള്‍, സിനിമയിലേക്ക് മടങ്ങിവരവിന് വഴിയൊരുക്കിയ സംവിധായകന്‍ ഒമര്‍ ലുലുവിന് അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു വാര്‍ത്തയാണ്. അബിയോടൊത്തുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്
ഒമര്‍ ലുലു
.


അബി മരിച്ചെന്നു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലായിരുന്നു മനസില്‍. ഒരു വാട്‌സ് ആപ്പ് സന്ദേശമായാണ് ആ വാര്‍ത്തയറിയുന്നത്. സത്യം പറഞ്ഞാല്‍ അത് വിശ്വസിച്ചില്ല. ഇത്തരം വ്യാജ മരണവാര്‍ത്തകള്‍ ഉണ്ടാകാറുണ്ടല്ലോ. പക്ഷേ ഏഷ്യാനെറ്റ് ന്യൂസില്‍ മരണം സ്ഥിരീകരിച്ച വാര്‍ത്ത കണ്ടപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു. ശരിക്കും ഷോക്ക് ആയി. ഒരു മാസം മുന്‍പ് വരെ അബിക്ക ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു, ഞാന്‍ അങ്ങോട്ടും. ഹാപ്പി വെഡ്ഡിംഗ് ആണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്. അതില്‍ ഒരു ഹാപ്പി എന്നുപേരുള്ള എസ്. ഐ യുടെ കഥാപാത്രമാണ് അബിക്ക ചെയ്തത്. ആ കഥാപാത്രം ചെയാന്‍ ഇക്കയുടെ മുഖമായിരുന്നു ആദ്യം തൊട്ട് മനസ്സില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം മറ്റുള്ളവരുമായി അലോചിച്ചപ്പോള്‍, അബിക്ക കുറേ നാളായില്ലേ വര്‍ക്ക് ചെയ്തിട്ട്, അത് ശരിയാകുമോ എന്നായിരുന്നു മറുപടി. അബിക്ക അടിപൊളിയായിട്ട് ചെയ്യും ആ കഥാപാത്രം; എനിക്ക് വിശ്വാസമായിരുന്നു. ഞാന്‍ അബിക്കയെ വിളിച്ചു. ഞാനൊരു പുതിയ ഡയറക്ടര്‍ ആണ്, ഹാപ്പി വെഡ്ഡിംഗ് എന്നൊരു സിനിമ ചെയ്യുന്നുണ്ട്...കഥയും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അബിക്ക തിരിച്ചു പറഞ്ഞതിങ്ങനെയായിരുന്നു; '
ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും, ഇങ്ങനെ കളിയാക്കാന്‍ വേണ്ടി കുറെ ആളുകള്‍ വിളിക്കാറുണ്ട്. അത് കഴിഞ്ഞ് പത്രത്തിലൊക്കെ വരുമ്പോഴാകും ആ റോള്‍ വേറെ ആളുകള്‍ കൊണ്ട് പോയിട്ടുണ്ടെന്നറിയാറ്'
. ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു; 'അബിക്ക ഇതങ്ങനെയൊന്നും അല്ല, മുഴുവന്‍ നമ്മുടെ പിള്ളേര്‍ തന്നെ ആണ്. ഇതിലിപ്പോള്‍ വേറെ ആരും ഇടപെടാന്‍ വരില്ല. ഇന്‍വോള്‍വ് ചെയാന്‍ ഒന്നും ഇല്ല. തന്നെ സിനിമ ഇന്‍ഡ്‌സ്ട്രിയില്‍ നിന്നും ആരോ മനപൂര്‍വം മാറ്റിയതാണെന്ന ചിന്ത അബിക്കയ്ക്ക് ഉണ്ടായിരുന്നു.ഞാന്‍ പ്രതീക്ഷിച്ചതുപോലെ, അദ്ദേഹം നന്നായി അഭിനയിച്ചു. തിയേറ്ററില്‍ നിന്നും അബിക്കയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. സംസാരിച്ചു കൊണ്ടിരിക്കും. ഇടക്കയ്ക്ക് വിളിക്കുമ്പോഴും ഹാപ്പി വെഡ്ഡിംഗിനെ കുറിച്ച് പറയും. ഹാപ്പി വെഡ്ഡിങ്ങിന്റെ റിലീസിങ് ദിവസം ഒന്നും മറക്കാന്‍ പറ്റില്ല എന്ന് പറയാറുണ്ട്. കുറച്ചു തിയേറ്ററുകള്‍ മാത്രമേ സിനിമയ്ക്ക് കിട്ടിയിരുന്നുളളൂ. അന്ന് ഇക്ക എന്നെ വിളിച്ചിട്ട് പറഞ്ഞു;
പടം വിജയമോ പരാജയമോ ആവട്ടെ, ഒരു സിനിമ ഇത്ര അധികം പുതിയ ആളുകളെ വച്ച്, സിനിമയില്‍ നിന്നും ഔട്ട് ആയ എന്നെ പോലൊരു നടനെ ഉള്‍പ്പെടുത്തി ചെയ്യാനും അത് റീലീസ് ചെയ്യാനും കഴിയുന്നത് തന്നെ വലിയ കാര്യമാണ്. 30 ഓളം തീയേറ്റര്‍ കിട്ടിയിട്ടുണ്ടെങ്കിലും അവിടെ ഒരു ഷോ എങ്കിലും നടത്താന്‍ പറ്റി എന്നതും ഒരു സംഭവം ആണ്. സിനിമ അങ്ങനെയാണ്, ഞാന്‍ അഭിനയിച്ചിട്ടുള്ള ഇതുപോലത്തെ പല ചെറിയ സിനിമകളും പുറത്ത് വന്നിട്ടില്ല
. പിന്നീട് അത്ഭുതം പോലെ ഹാപ്പിവെഡ്ഡിംഗ് ഹിറ്റായി മാറി. ആ സമയത്ത് ഒരുപാട് പേര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു അദ്ദേഹത്തിന് ഇങ്ങനെ ഒരു കഥാപാത്രം കൊടുത്തത് വളരെ നന്നായി എന്ന്. കാരണം എല്ലാരും അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവ് ആഗ്രഹിച്ചു നില്‍ക്കായിരുന്നു.

http://www.azhimukham.com/trending-memmory-of-aby-who-makes-sound-for-aminathatha/

ആ സിനിമ അബിക്കയ്ക്ക് ഒരു റീഫ്രഷ്‌നെസ്സായിരുന്നു. ഹാപ്പി വെഡിങിനു ശേഷം അദ്ദേഹത്തെ പല സിനിമകളിലേക്കും വിളിച്ചിരുന്നു. പക്ഷെ അസുഖം കാരണം പോകാന്‍ പറ്റിയില്ല. പിന്നെ ഒരു ദിവസം അദ്ദേഹം ഇങ്ങോട്ട് വിളിച്ചിട്ട് പറഞ്ഞു; ഒരു കഥയുണ്ട് മനസില്‍, അതെഴുതിയാലോ എന്നൊരു ആലോചന. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് കഥ. എന്നോട് സംവിധാനം ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഞാന്‍ അപ്പോഴേക്കും ചങ്ക്‌സ് ഷൂട്ടിംഗ് തുടങ്ങിയിരുന്നു. ചങ്ക്‌സില്‍ എന്തെങ്കിലും നല്ല കഥാപാത്രം അതായത് ഈ ഫൈറ്റ് ഒന്നും ഇല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞു. പക്ഷെ അതില്‍ അദ്ദേഹത്തിന് സാധ്യത ഉള്ള കഥാപാത്രം ഇല്ലായിരുന്നു. എന്നാല്‍ ഞാന്‍ അടുത്തതായി ചെയ്യുന്ന അഡാര്‍ ലൗവില്‍ അദ്ദേഹത്തിനായി കഥാപാത്രം മാറ്റി വെച്ചിരുന്നു. അത് അദ്ദേഹത്തോട് പറഞ്ഞതും ആണ്. പക്ഷേ അത് നടന്നില്ല. എന്നിരുന്നാലും ആദ്യ സിനിമയില്‍ അദ്ദേഹത്തെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്.

http://www.azhimukham.com/cinema-abhi-nadir-sha-dileep-trio-superstars-in-mimicry-strong-friends/

അബിക്കയുടെ മകന്‍ ഷെയിന്‍ ഇന്‍ഡസ്ട്രിയില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതില്‍ അദ്ദേഹത്തിന് നല്ല സന്തോഷം ഉണ്ടായിരുന്നു. എന്നെ വിളിക്കുമ്പോള്‍ പറയാറുണ്ടായിരുന്നു; എന്‍ജിനിയറിങ്ങ് ആണ്  പഠിപ്പിച്ചത്. അതില്‍ വല്യ താല്‍പര്യം ഒന്നും അവന് ഇല്ല. സിനിമയാണ് ഇഷ്ടം. അദ്ദേഹം അങ്ങനെ ഒന്നിലും നിര്‍ബന്ധിക്കുന്ന തരത്തില്‍ പെട്ട ആളല്ല. അദ്ദേഹം നിര്‍ബന്ധിച്ച് മകനെ അഭിനയിപ്പിച്ചതും അല്ല. മകന്റെ ഇഷ്ടത്തിനാണ് വിട്ടത്. അദ്ദേഹം ഇഹലോകത്ത് നിന്നു വിടപറഞ്ഞാലും, എന്തായാലും അദ്ദേഹം എന്നും നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവും. നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

http://www.azhimukham.com/cinema-manju-warrier-memories-about-abhi/

Next Story

Related Stories