TopTop
Begin typing your search above and press return to search.

ഇതര മതസ്ഥനെ പ്രണയിച്ചതിന് സംഘപരിവാര്‍ തടങ്കലിലായ അഞ്ജലി സംസാരിക്കുന്നു; ആര്‍എസ്എസ് കേന്ദ്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്യാനും ശ്രമിച്ചു

ഇതര മതസ്ഥനെ പ്രണയിച്ചതിന് സംഘപരിവാര്‍ തടങ്കലിലായ അഞ്ജലി സംസാരിക്കുന്നു; ആര്‍എസ്എസ് കേന്ദ്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്യാനും ശ്രമിച്ചു

ഇതര മതസ്ഥരെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടികളെ കൈകാര്യം ചെയ്യാനായി സംഘപരിവാർ സംവിധാനങ്ങള്‍ സംഘടിതമായി പ്രവർത്തിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറംലോകമറിഞ്ഞ വാര്‍ത്ത അഞ്ജലിയുടേതാണ്. മുസ്ലിമായ മനാസിനെ പ്രണയിക്കുന്നു എന്ന കാരണത്താല്‍ വർഷങ്ങൾ നീണ്ട പീഡനങ്ങളിലൂടെയാണ് തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജലി കടന്നുപോയത്.

മാനസിക രോഗാശുപത്രിയിലെ സർട്ടിഫിക്കറ്റ് ഹാജരാക്കി കേരള ഹൈക്കോടതിയിൽ നിന്ന് നേടിയ ഉത്തരവിന്‍റെ ബലത്തിൽ രണ്ട് വർഷത്തോളം കേരളത്തിലും മംഗലാപുരത്തുമായി അഞ്ജലി തടങ്കലില്‍ കഴിഞ്ഞു. ഇതിനിടയിൽ കടന്ന് പോയത് തീവ്രദുരിതങ്ങളിലൂടെ. ഒടുവിൽ തൻറെ അവസ്ഥ കരഞ്ഞ് പറഞ്ഞു കൊണ്ട് ഒരു വീഡിയോ അയച്ചതിലൂടെയാണ് വിവരങ്ങള്‍ പുറത്തെത്തിയത്.

കേരള പോലീസും കർണ്ണാടക പോലീസും ചേർന്ന് രക്ഷിച്ച അഞ്ജലിയെ കോടതി മംഗലാപുരത്തെ മഹിളാ മന്ദിരത്തിലേക്കയച്ചു. അവിടെ നിന്നും അമ്മയുടെ സഹോദരൻ ഇടപെട്ടാണ് അഞ്ജലി മോചിതയായത്. ഹിന്ദുവായി തുടരാനും മുസ്ളിം യുവാവുമായുള്ള പ്രണയം ഇല്ലാതാക്കാനും സംഘപരിവാര്‍ പ്രവർത്തിച്ചതിന്‍റെ ഫലമായുള്ള ക്രൂരാനുഭവങ്ങളുടെ നേർസാക്ഷ്യം അഞ്ജലി വിവരിക്കുന്നു.

അച്ഛന്‍ മരിച്ചതിന് ശേഷമാണ് മനാസിനോട് അടുക്കുന്നത്. പഠനത്തിനൊക്കെ സഹായിച്ചിട്ടുള്ളത് മനാസാണ്. ബി.കോം കഴിഞ്ഞ് പ്രൊഫഷണല്‍ അക്കൗണ്ടിങ്ങ് പഠിക്കാന്‍ ചേർന്ന സമയത്താണ് പ്രശ്നങ്ങളുടെ ആരംഭം. മനാസിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. മനാസിന് ചിക്കൻ ഷോപ്പാണ്. ഒരു അറവുകാരനാണ്, ഇറച്ചിവെട്ടാണ്, ഐ.എസ്സുകാരനാണ് എന്നൊക്കെ അവനെ പറ്റി മോശമായി പറയുമായിരുന്നു.

ഈ വിവരം അറിഞ്ഞ ദിവസം തന്നെ അമ്മയും അവരുടെ ആങ്ങളമാരും എന്നെ ക്രൂരമായി മർദ്ദിച്ചു. വായിൽ തുണി തിരുകി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എന്നെ എത്തിച്ചത് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്. എൻ.ദിനേശ് എന്ന ഡോക്ടറുടെ ചികിത്സയിലാണ് അവിടെ കഴിഞ്ഞത്. എനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കലായിരുന്നു ലക്ഷ്യം. ഈ ഒരു കാര്യത്തിൽ നിന്ന് പിൻവാങ്ങാതെ ഇവിടെ നിന്ന് പോകില്ല, അങ്ങനെ പോകാൻ ഞങ്ങൾ അനുവദിക്കില്ല,സ്ഥിരമായി മാനസിക രോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് നൽകുമെന്നൊക്കെയാണ് അയാൾ പറഞ്ഞിരുന്നത്. സാധാരണ ഒരു ഡോക്ടർ ചോദിക്കുന്ന പോലെ അസുഖത്തെ പറ്റി എന്നോട് സംസാരിച്ചിട്ടേ ഇല്ല. വി.എച്ച്.പിക്കാരും അമ്മയും പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ അനുസരിച്ചുള്ള പെരുമാറ്റമായിരുന്നു.

എട്ട് പത്ത് ഗുളികകളൊക്കെ നിർബന്ധിച്ച് കഴിപ്പിക്കും. ഞാൻ കരയുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്താൽ ബലമായി ഇഞ്ചക്ഷൻ നൽകും. മുഴുവന്‍ സമയവും മയക്കി കിടത്തും. നാൽപ്പത്തഞ്ച് ദിവസം ഇത് തുടർന്നു. മരുന്നിന്‍റെ സൈഡ് എഫക്ട് കൊണ്ട് ശരീരമൊക്കെ തടിച്ചു വീർത്തു. മൂത്രമോ മലമോ പോകാതായി. പിന്നെ പിന്നെ ആളുകളെ കണ്ടാല്‍ തിരിച്ചറിയാൻ സമയമെടുക്കുന്ന പോലെ.

https://www.azhimukham.com/keralam-girl-under-custody-of-rss-for-relationship-with-a-man-from-other-religion-reports-hasna/

ഒടുക്കം ഇനി മനാസിന്‍റെ കൂടെ പോകില്ല,അതിനു വേണ്ടി ഇവിടെയിനി ഇടേണ്ടെന്ന് അമ്മയോട് ഞാൻ പറഞ്ഞു. അതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാർജ്ജ് ചെയ്തു. ഇതിനിടക്ക് മനാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് കൊടുത്തിരുന്നു. ഇവിടെ നിന്നുമുള്ള മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് അമ്മയ്ക്ക് അനുകൂലമായ വിധി കിട്ടി. ഇക്കാര്യങ്ങളൊന്നും ഞാൻ അറിയുന്നു പോലുമുണ്ടായില്ല.

അവിടെ നിന്ന് എറണാകുളം ആസാദ് റോഡിലുള്ള വി.എച്ച്.പിയുടെ ഒരു കേന്ദത്തിലേക്കാണ് കൊണ്ട് പോയത്. അവിടെ ഇത് പോലെ മുസ്ലീം സമുദായത്തില്‍ പെട്ടവരെ പ്രണയിച്ചതിൻറെ പേരിൽ വീട്ടുകാര്‍ കൊണ്ടാക്കിയ വേറെയും പെൺകുട്ടികളുണ്ടായിരുന്നു. അതിലൊരു കുട്ടിക്ക് ഈ ഡോക്ടർ തന്നെ കൊടുത്ത മാനസിക രോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ട്. ഞാനുള്ളപ്പോൾ രണ്ട് കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. മനാസിൽ നിന്ന് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് ഉള്ളത് കൊണ്ട് ഞാനതിന് ശ്രമിച്ചില്ല. രക്ഷപ്പെടാനാകില്ലെന്ന് തോന്നിയിരുന്നു.

ഇവിടെയുള്ളവർ നമ്മളോട് സംസാരിക്കുന്നത് തന്നെ വളരെ പരുക്കന്‍ ഭാഷയിലാണ്. ശാരീരികമായും ഉപദ്രവിക്കും. രാവിലെ തന്നെ വന്ന് ഹിന്ദുമതത്തെ കുറിച്ച് സംസാരിക്കും. അഡ്വക്കറ്റ് എന്ന് പറയുന്ന ഒരു ബിന്ദുവിന്‍റെ മുറിയിൽ കൊണ്ട് പോയാണ് മർദ്ദിക്കുക. ഇതൊക്കെ കണ്ട് എൻറെ അമ്മ നിൽക്കുന്നുണ്ടാകും.

ഒരു ദീപാവലിക്ക് പാവക്കുളം അമ്പലത്തിൽ കൊണ്ട് പോയപ്പോൾ ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവിടെ വരുന്ന കാര്യം മനാസിനെ അറിയിച്ചത് കൊണ്ട് അവൻ കാത്തു നിന്നിരുന്നു. അവരുടെ വണ്ടിയിലേക്ക് കേറിയപ്പോൾ അമ്മ ബഹളം വെച്ച് ആളെ കൂട്ടി. വീണ്ടും മനാസിനെതിരേ കേസും കൊടുത്തു. പിന്നെ പാവക്കുളം അമ്പലത്തിനടുത്തുള്ള ഹോസ്റ്റലിലേക്ക് മാറ്റി. മായന്നൂരിലെ ഒരു കേന്ദ്രത്തിലും താമസിപ്പിച്ചിരുന്നു. നാലഞ്ച് വി.എച്ച്.പിക്കാർ ഒരു ക്വാളിസിൽ വന്ന്, ഒച്ച കേൾക്കാതിരിക്കാൻ പാട്ടൊക്കെ വെച്ചാണ് കൊണ്ട് പോകുക. അവിടെ വെച്ച് ഞാൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഇങ്ങനെ കത്തുകൾ ഒക്കെ പോകാൻ തുടങ്ങിയപ്പോൾ അവർക്ക് സംശയമായി. അതോടെ ഏതോ ഒരാളുടെ വീട്ടിലേക്ക് മാറ്റി.

പിന്നെ കൊണ്ടുപോകുന്നത് ആലുവയ്ക്കടുത്ത് ഒരു അമ്പലത്തിലാണ്. ആരോ കൈവിഷം തന്നിട്ടുണ്ട്. അത് ചർദ്ദിപ്പിച്ച് കളയാനാണെന്നാ പറഞ്ഞത്. മരുന്ന് കഴിക്കുന്നതിന് മുമ്പ് അവിടെ ഒപ്പിട്ട് നൽകണമായിരുന്നു. അതിന് ഞാൻ സമ്മതിക്കാതിരുന്നതോടെ അത് നടക്കാതായി. പോയ പോലെ തിരിച്ചു വന്നു. ശേഷം ഒന്നര മാസത്തോളം അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചത്. അവിടേക്ക് ഒരു എസ്.ഐയും രണ്ട് വനിത പോലീസുകാരുമൊക്കെ വന്നിരുന്നു. കോടതി ഉത്തരവ് കാണിച്ച് അമ്മ അവരെ മടക്കിയയച്ചു.

അവിടെ നിന്നൊരു ദിവസം കാര്യങ്ങള്‍ എല്ലാം ശരിയാക്കാനെന്ന് പറഞ്ഞ് പുരുഷോത്തമൻ എന്ന ആളുടെ അടുത്തെത്തിച്ചു. ഇയാളാണ് മംഗലാപുരത്ത് ഒന്നര വർഷവും വന്നിരുന്നത്. അയാളാരാ എന്താ എന്നൊന്നും എനിക്കറിയില്ല. കേസും കാര്യങ്ങളും ഒക്കെയല്ലേ, രണ്ടാഴ്ച ഇവിടെ നിന്ന് മാറിനിന്നാൽ ഒക്കെ ശരിയാകും എന്ന് പറഞ്ഞാണ് കൊണ്ട് പോകുന്നത്. ഇട്ട ഡ്രസ്സാലെ. ബാഗ് പോലുമെടുക്കാൻ സമ്മതിച്ചില്ല. അങ്ങനെയാണ് മംഗലാപുരത്ത് എത്തിച്ചത്. ദേവദാസെന്ന ആളുടെ വീട്ടിലാ ആദ്യം കൊണ്ട് പോയത്. അവിടെ നിന്ന് ആറുമാസത്തോളം ഒരു വീട്ടിൽ താമസിപ്പിച്ചു. അവിടത്തെ ഹൗസ് ഓണറൊക്കെ വരാൻ തുടങ്ങിയപ്പോ ബോലൂരിലേക്ക് വീട് മാറി.

അമ്മ എന്നെയും പുരുഷോത്തമനെയും മാത്രം നിർത്തിയാണ് നാട്ടിലൊക്കെ പോകുന്നത്. അയാളെന്നെ മുറിയിൽ കയറി റേപ്പ് ചെയ്യാൻ വരെ ശ്രമിച്ചിട്ടുണ്ട്. അമ്മയോട് ഇത് പറഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. അമ്മയുടെ മുന്നിൽ വച്ച് തന്നെ എനിക്കിഷ്ടമില്ലാഞ്ഞിട്ടും അയാൾ തൊടും. ഞാനെതിർത്താലും അമ്മ മിണ്ടില്ല. ഇയാൾക്കെതിരെയും ഞാൻ പരാതി നൽകിയിട്ടുണ്ട്. നാല് മാസമായി ഇയാള്‍ ഡൽഹിയിലാണ്.

https://www.azhimukham.com/keralam-they-are-killing-her-bitbybit-says-lover-manaas-reports-hasna/

അമ്മ വെറും കഞ്ഞി മാത്രം ഉണ്ടാക്കി വെച്ച് പുറത്ത് പോകും. മറ്റൊന്നും ഉണ്ടാക്കില്ല. പുരുഷോത്തമൻ വേണ്ടേങ്കിലും ഉടുപ്പുകളും പഴങ്ങളും വില കൂടിയ സാധനങ്ങളുമൊക്കെ കൊണ്ട് വരും. ആദ്യം അയാൾ പറഞ്ഞത് മനാസ് മതം മാറിയാൽ കല്യാണം നടത്തി തരാം എന്നൊക്കെയാണ്. പിന്നീട് അയാളുടെ സ്വഭാവം മാറാന്‍ തുടങ്ങി. ഞാൻ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുമെന്ന് പറഞ്ഞപ്പോള്‍ എ.ഡി.ജി.പി ബി. സന്ധ്യ തൻറെ ബന്ധുവാണെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തി. ഇവിടെ നിന്ന് പോയാല്‍ പത്തു മിനിറ്റ് കൊണ്ട് തിരിച്ച് കൊണ്ട് വരാനാകുമത്രെ. മുമ്പ് ഏതോ കുട്ടി ഇത് പോലെ ഒരു പള്ളിക്കകത്ത് ഓടിക്കയറിയപ്പോൾ റെയിഡ് എല്ലാം നടത്തി പിടിച്ചത് സന്ധ്യയാണെന്നൊക്കെ പറഞ്ഞു. സത്യമാണോ എന്നറിയില്ല.

ബോലൂർ താമസിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ തൃപ്പൂണിത്തുറയിലെ ഘർവാപ്പസി കേന്ദ്രത്തിൽ നിന്ന് രണ്ട് പേർ വന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞ ഇവർ മൂന്ന് ദിവസം വീട്ടിൽ താമസിച്ച് കൗൺസിലിങ്ങായിരുന്നു. ഖുറാനെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചുമാണ് വളരെ മോശമായി സംസാരിക്കുക. മുസ്ലീങ്ങൾ സുന്നത്ത് ചെയ്യുന്നത് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കി ഇന്ത്യയെ പിടിച്ചടക്കാനാണ്. മതം മാറ്റി സിറിയയിൽ ആടു മേക്കാൻ കൊണ്ട് പോകും. നാലും അഞ്ചും വിവാഹം കഴിക്കും എന്നൊക്കെ പറയും. അവിടെ വെച്ച് എനിക്കാകെ വായിക്കാന്‍ തരിക അമൃതാനന്ദമയിയുടെ പുസ്തകങ്ങളും ഉപനിഷത്തും ഒക്കെയാണ്.

ആ സമയത്ത് സിമ്മില്ലാത്ത ഒരു ടാബും ഫോണുമൊക്കെ ഇവർ തന്നു. മുമ്പ് മനാസെത്തിച്ച ഒരു സിം കയ്യിലുണ്ടായത് ഇട്ട് അതിലൂടെ സംസാരിക്കാന്‍ പറ്റി. അങ്ങനെയാണ് ആദ്യം ഡി.ജി.പിയെ വിളിച്ചത്. പ്രശ്നങ്ങളെല്ലാം പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരം ടവർ ലൊക്കേറ്റ് ചെയ്യാനായി ഫോൺ ഓണാക്കിവെച്ചു. രണ്ട് ദിവസം കഴിഞ്ഞ് എട്ട് വണ്ടി പോലീസ് വീട്ടിലെത്തി. അമ്മ ഉപദ്രവിച്ചതിന്‍റെ ഫോട്ടോ ഒക്കെ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. ഭാഷ അറിയാത്തത് കൊണ്ട് അമ്മക്കൊന്നും പറയാൻ കഴിഞ്ഞില്ല. പോലീസ് സംരക്ഷണത്തിന് കോടതി വിധി ഉണ്ടായിട്ടും അവരെ അറിയിക്കാതെ കർണ്ണാടകയിലേക്ക് കൊണ്ട് പോയതാണ് അമ്മയ്ക്ക് വിനയായത്. ഇതിനിടക്ക് ആ വീഡിയോയും പുറത്തായി. കോടതി മഹിളാ മന്ദിരത്തിലേക്ക് അയച്ചപ്പോഴും പുറംലോകം കാണാനാകുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. രണ്ട് പോലീസുകാർ പകലും ഒരാൾ രാത്രിയും കാവലുണ്ടാകും. വീട് ഇല്ലാത്തവരും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമായവരുമൊക്കെയായ കുട്ടികളാണവിടെ. അമ്മയുടെ തന്നെ ഒരു ആങ്ങളയും ഭാര്യയും വക്കീലും വന്ന ദിവസമാണ് പുറത്തിറങ്ങാൻ പറ്റുമെന്ന വിശ്വാസം തോന്നിയത്.

ഈ വിവരങ്ങളൊക്കെ പറഞ്ഞ് ഞാൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് കേരളത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് പറഞ്ഞ് പരാതി സ്വീകരിച്ചില്ല. ഇപ്പോൾ മാമനൊപ്പമാണ് താമസം. എനിക്കിത്ര വയസ്സായില്ലേ, രക്ഷിച്ച് കൊണ്ട് വന്നതിന് ശേഷം എനിക്കിഷ്ടമുള്ളത് തീരുമാനിക്കട്ടെ എന്നാണ് അവർ പോലീസുകാരോട് എല്ലാം പറഞ്ഞത്. സെയിഫാണ് ഇപ്പോൾ. അത് തന്നെ വലിയ കാര്യം. ഇത്രയെല്ലാം സ്ട്രഗിൾ ചെയ്തില്ലേ. ഇനി മനാസിനെ കല്യാണം കഴിക്കണം. അത് കഴിഞ്ഞ് പഠിക്കണം. ഈ പറഞ്ഞതിലുമൊക്കെ എത്രയോ ഏറെയാണ് ഞാൻ അനുഭവിച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories