TopTop
Begin typing your search above and press return to search.

അതെ, ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വംശവെറി നിറഞ്ഞതായിരുന്നു: നാഷണല്‍ ജ്യോഗ്രഫിക് എഡിറ്ററുടെ ക്ഷമാപണം

അതെ, ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വംശവെറി നിറഞ്ഞതായിരുന്നു: നാഷണല്‍ ജ്യോഗ്രഫിക് എഡിറ്ററുടെ ക്ഷമാപണം

പതിറ്റാണ്ടുകളായി നമ്മുടെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും വംശീയവിരോധമുള്ളതായിരുന്നു. ഇത് അംഗീകരിച്ച് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂ - പറയുന്നത് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ ചീഫ് എഡിറ്റര്‍ സൂസന്‍ ഗോള്‍ഡന്‍ബര്‍ഗ് ആണ്. മാഗസിന്‍റെ തുടക്കം മുതലുള്ള കവറേജ് വംശീയത നിറഞ്ഞതായിരുന്നു എന്ന് സ്വയംവിമര്‍ശനപരമായി ചൂണ്ടിക്കാട്ടുകയാണ് നാഷണല്‍ ജ്യോഗ്രഫികില്‍ തന്നെ എഴുതിയ ലേഖനത്തില്‍ അവര്‍. വിശിഷ്ടനായ ഒരു ചരിത്രകാരനോട്, യു.എസിലെ വെള്ളക്കാരല്ലാത്തവരെക്കുറിച്ചുള്ള, ഞങ്ങളുടെ റിപ്പോര്‍ട്ട് പരമ്പരകളെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം കണ്ടെത്തിയത് എന്തെന്ന് നോക്കാം - സൂസന്‍ ഗോള്‍ഡന്‍ബര്‍ഗ് പറയുന്നു.

ഫോട്ടോ - 1916ല്‍ ഓസ്‌ട്രേലിയയെക്കുറിച്ചുള്ള ഒരു പൂര്‍ണ ലേഖനത്തില്‍, ആദിമ ഓസ്‌ട്രേലിയക്കാരെ 'എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിപരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന'' 'സംസ്‌കാരശൂന്യര്‍'' എന്നുവിളിച്ചിരുന്നു.

ഫോട്ടോകള്‍ എടുത്തത് - സി.പി സ്‌കോട്ട് (പുരുഷന്‍), എച്ച്.ഇ. ഗ്രിഗറി (സ്ത്രീ)

1930 നവംബര്‍ 2ന്, നാഷണല്‍ ജ്യോഗ്രഫിക് ഒരു റിപ്പോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയും, യൂദാഗോത്രത്തിലെ സിംഹത്തെ കീഴടക്കിയ, എത്യോപ്യയിലെ രാജാക്കന്മാരുടെ രാജാവായ, ഹെയ്ല്‍ സിലാസിയുടെ കിരീടധാരണം എന്ന, മഹത്തായ ഒരു സന്ദര്‍ഭം കവര്‍ ചെയ്യാനായി അയച്ചു. അവിടെ കാഹളധ്വനികളും, സുഗന്ധദ്രവ്യങ്ങളും, പുരോഹിതന്മാരും, കുന്തംപിടിച്ച പടയാളികളും ഉണ്ടായിരുന്നു. 14,000 വാക്കുകളും 83 ചിത്രങ്ങളും ആ സംഭവവിവരണത്തില്‍ ഉണ്ടായിരുന്നു.

1930ല്‍ ഒരു കറുത്തവര്‍ഗക്കാരനെ ആദരിക്കുന്ന ചടങ്ങ് എത്യോപ്യക്ക് പകരം അമേരിക്കയിലായിരുന്നു നടന്നതെങ്കില്‍, അത്തരത്തില്‍ ഒരു സംഭവവിവരണമേ ഉണ്ടാവില്ലായിരുന്നു എന്ന് നിങ്ങള്‍ക്ക് ഏകദേശം ഉറപ്പിക്കാം. അതിലും മോശമാവാം, ഹെയ്ല്‍ സിലാസി യുണൈറ്റഡ് സ്റ്റേറ്റ്‌സിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍, വര്‍ണ്ണവിവേചനാടിസ്ഥാനത്തില്‍ വേര്‍പെടുത്തി നിര്‍ത്തിയിരുന്ന വാഷിങ്ടണ്‍ ഡി സിയിലെ പ്രസംഗ വേദികളില്‍ അദ്ദേഹത്തിന് മിക്കവാറും പ്രവേശനം നിഷേധിക്കപ്പെടുമായിരുന്നു, ഒരു നാഷണല്‍ ജിയോഗ്രഫിക് അംഗമാവാന്‍ അദ്ദേഹത്തിന് അനുവാദം ലഭിക്കില്ലായിരുന്നു. എക്‌സ്പ്‌ലോറേഴ്‌സ് ഹൌസ്- നാഷണല്‍ ജിയോഗ്രാഫിക് ആന്റ് ദ വേള്‍ഡ് ഇറ്റ് മെയ്ഡ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ റോബെര്‍ട്ട് എം പൂളിന്റെ അഭിപ്രായത്തില്‍ '1940കളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അംഗത്വത്തില്‍ നിന്ന് ഒവിവാക്കപ്പെട്ടിരുന്നു - കുറഞ്ഞപക്ഷം വാഷിങ്ടണിലെങ്കിലും''

ഫോട്ടോ - 1941ല്‍ കാലിഫോര്‍ണിയയില്‍ ഒരു കപ്പലില്‍ ചുമടുകയറ്റാന്‍ നില്ക്കുന്ന പരുത്തിത്തൊഴിലാളികളെപ്പറ്റി നാഷണല്‍ ജിയോഗ്രാഫിക് ഇങ്ങനെ പറയുന്നു - ''കറുമ്പന്‍കുട്ടികള്‍, ബാന്‍ജോ എന്ന സംഗീതോപകരണം, ഭാണ്ഡക്കെട്ടുകള്‍ ഇതൊക്കെയാണ് നിങ്ങള്‍ സാധാരണയായി ന്യൂ ഓര്‍ലിയന്‍സില്‍ കാണുക''. (ഫോട്ടോ എടുത്തത് ചാപിന്‍, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ് )

ഫോട്ടോ: ''ശീട്ടുകളും കളിമണ്‍പൈപ്പുകളും ഫെയ്ര്ഫാക്‌സ് ഹൌസിന്റെ 18-ാം നൂറ്റാണ്ടിലെ പാര്‍ലറില്‍ അതിഥികളെ വിസ്മയിപ്പിക്കുന്നു'' എന്ന് വിര്‍ജീനിയ ചരിത്രത്തെക്കുറിച്ചുള്ള 1956ലെ ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ പറയുന്നു. അടിമപ്പണിയാല്‍ നിര്‍മ്മിച്ച വീടുകളെക്കുറുച്ച് ലേഖനത്തില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും, 'എല്ലാ അമേരിക്കക്കാരും അഭിമാനപൂര്‍വം ഓര്‍ക്കുന്ന രാഷ്ടചരിത്രത്തിലെ ഒരു അധ്യായത്തിനു വേണ്ടി നിലകൊള്ളുകയാണ് ' അവര്‍ എന്ന് ലേഖകന്‍ വാദിക്കുന്നു. (ഫോട്ടോ - ഡൊണാള്‍ഡ് മക്‌ബെയ്ന്‍, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ്)

1888ല്‍ നാഷണല്‍ ജിയോഗ്രാഫിക് സ്ഥാപിതമായ ശേഷം വന്ന പത്താമത്തെ എഡിറ്ററാണ് ഞാന്‍. ഞാനാണ് ആദ്യത്തെ വനിതയും ആദ്യത്തെ ജൂത മതക്കാരിയും - ഒരിക്കല്‍ ഇവിടെ വിവേചനം അനുഭവിച്ച രണ്ട് സമൂഹത്തിലെയും അംഗം. മാഗസിന്റെ ഭൂതകാലത്തെ ഭയാനകമായ കഥകള്‍ പങ്കുവെക്കുന്നത് വേദനാജനകമാണ്. പക്ഷേ ഏപ്രിലിലെ മാഗസിന്‍ വംശീയത എന്ന വിഷയത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങളുടെ അവലോകനാത്മകമായ നോട്ടം മറ്റുള്ളവരിലേക്ക് തിരിയുന്നതിനുമുമ്പ് ഞങ്ങളുടെതന്നെ ചരിത്രം പരിശോധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതി.

എഴുത്തുകാരി എലിസബെത് കോള്‍ബെര്‍ട്ട് ഈ ലക്കത്തില്‍ വിശദീകരിക്കുന്നതുപോലെ, വംശം ഒരു ജൈവിക നിര്‍മ്മിതിയല്ല, അത്് വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യനിര്‍മ്മിതിയാണ്. ''കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളിലെ പല ഭീകരതകളും പിന്‍തുടരുന്നത് ഒരു വംശം മറ്റൊന്നിനേക്കാള്‍ താഴ്ന്നതാണെന്ന ആശയത്തെയാണ്' അവര്‍ എഴുതുന്നു. ''വംശീയവിവേചനങ്ങള്‍ നമ്മുടെ രാഷ്ട്രീയത്തെയും അയല്‍ക്കാരെയും നമ്മളെക്കുറിച്ചുള്ള ധാരണകളെയും രൂപപ്പെടുത്തുന്നു '.

വംശത്തെ നമ്മള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. നാഷണല്‍ ജിയോഗ്രാഫിക് ആണ് അവര്‍ക്ക് ലോകത്തെകുറിച്ച് ആദ്യമായി ധാരണ നല്‍കിയതെന്ന് ഞാന്‍ വായനക്കാരില്‍ നിന്ന് കേട്ടു. നമ്മുടെ പര്യവേക്ഷകര്‍, ശാസ്ത്രജ്ഞര്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍, ജനങ്ങളെ അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഇടങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അത് ഇപ്പോഴും നമ്മുടെ കവറേജിനെ നയിക്കുന്ന, അതില്‍ നമ്മള്‍ അഭിമാനിക്കുന്ന, ഒരു പാരമ്പര്യമാണ്. അതിന്റെ അര്‍ത്ഥം നമുക്കൊരു കടമയുണ്ടെന്നാണ് - എല്ലാ സംഭവവിവരണങ്ങളിലും കൃത്യവും ആധികാരികവുമായ ചിത്രീകരണങ്ങള്‍ അവതരിപ്പിക്കുക - വംശീയത പോലുള്ള ഭീകരമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ കടമ അധികരിക്കുകയും ചെയ്യുന്നു.

ഫോട്ടോ - 1962ലെ ഒരു ലക്കത്തില്‍, ഫോട്ടോഗ്രാഫര്‍ ഫ്രാങ്ക് ഷ്രെയ്ഡര്‍ തൈമൂര്‍ ദ്വീപിലെ പുരുഷന്മാരെ തന്റെ കാമറ കാണിക്കുന്നു. 'അപരിഷ്‌കൃതരായ'' തദ്ദേശീയര്‍ 'പരിഷ്‌കൃതരായ'' പാശ്ചാത്യരുടെ സാങ്കേതികവിദ്യയില്‍ മയങ്ങിപ്പോകുന്നതായ ഇത്തരം ഫോട്ടോകള്‍ മാഗസിന്‍ പലപ്പോഴും ഇടാറുണ്ട്.

(ഫോട്ടോ എടുത്തത് ഫ്രാങ്ക്, ഹെലെന്‍ ഷ്രെയ്ഡര്‍, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ്)

ജോണ്‍ എഡ്വിന്‍ മേസനോട് തന്റെ നിരൂപണം കൊണ്ട് ഞങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ആ പണിക്ക് തികച്ചും യോഗ്യനായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലെ പ്രൊഫസറാണ് അദ്ദേഹം. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലും ആഫ്രിക്കയുടെ ചരിത്രത്തിലും സവിശേഷ പഠനം നടത്തുന്നു. ഇവ രണ്ടും നമ്മുടെ സംഭവവിവരണങ്ങളില്‍ സദാ കൂട്ടിമുട്ടുന്നവയാണ്. ഞങ്ങളുടെ ചരിത്രരേഖ ശേഖരണത്തില്‍ അദ്ദേഹം ഊളിയിട്ടു.

ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍, 1970 വരെ നാഷണല്‍ ജിയോഗ്രാഫിക് അമേരിക്കയില്‍ വസിക്കുന്ന വെളുത്തവര്‍ഗക്കാര്‍ അല്ലാത്തവരെ അവഗണിച്ചിരുന്നു. അപൂര്‍വമായി മാത്രമാണ് അവരെ തൊഴിലാളികളെന്നോ വീട്ടുജോലിക്കാരെന്നോ ഉള്ള നിലയില്‍ നിന്ന് അപ്പുറത്തേക്ക് പരിഗണിച്ചത്. അതേസമയം ''തദ്ദേശീയരെ'' അത് ആകര്‍ഷണീയര്‍, പ്രശസ്തരും പതിവായി വിവസ്ത്രരാവുന്നവരും, സന്തുഷ്ടരായ വേട്ടക്കാര്‍, കുലീനരായ നിഷ്ഠൂരന്‍ എന്നിങ്ങനെ പറഞ്ഞുപഴകിയ എല്ലാ പ്രയോഗങ്ങളിലും ചിത്രീകരിച്ചു. ലൈഫ് പോലുള്ള മാഗസിനുകളില്‍ നിന്ന് വ്യത്യസ്തമായി, വെളുത്ത അമേരിക്കന്‍ സംസ്‌കാരത്തില്‍ രൂഢമൂലമായ വാര്‍പ്പുരൂപങ്ങള്‍ക്കപ്പുറത്തേക്ക് വായനക്കാരെ നയിക്കാന്‍ നാഷണല്‍ ജിയോഗ്രാഫിക് കാര്യമായൊന്നും ചെയ്തിട്ടില്ല എന്ന് മേസന്‍ പറയുന്നു.

ഫോട്ടോ: ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ്ണഖനനക്കാര്‍ 'വീര്യമുള്ള ഗോത്രനര്‍ത്തന''ത്തിനിടയില്‍ 'ചെണ്ടയിലെ ഇടിമുഴക്കത്തിലൂടെ ഹര്‍ഷോന്മത്തരാവുന്നു'' എന്ന് 1962ലെ പതിപ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. (ഫോട്ടോ എടുത്തത് - കിപ് റോസ്, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ് .

ഫോട്ടോ: ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയിലെ നാഷണല്‍ ജിയോഗ്രഫിക് പസഫിക് ദ്വീപുകളുടെ മാദകമായ ചിത്രീകരണത്തന് പേരുകേട്ടതായിരുന്നു. ബോറ ബോറയിലെ റ്റരീറ്റ ടെരിപയ 1962 ജൂലൈ ലക്കത്തില്‍ ചിത്രീകരിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ മര്‍ലിന്‍ ബ്രന്‍ഡോയുടെ കൂടെ മ്യൂട്ടിനി ഓണ്‍ ദ ബൌണ്‍ടിയില്‍ അവര്‍ അഭിനയിച്ചിരുന്നു. ഫോട്ടോ എടുത്തത് - ലൂയിസ് മാര്‍ഡെന്‍, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ്

''അമേരിക്കക്കാര്‍ക്ക് ലോകത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ കിട്ടിയിരുന്നത് ടാര്‍സന്‍ സിനിമകളില്‍ നിന്നും അപരിഷ്‌കൃതമായ വംശീയ ഹാസ്യചിത്രണങ്ങളില്‍ നിന്നുമാണ് ' - അദ്ദേഹം പറയുന്നു. ''അതൊരു തരം വിവേചനം തന്നെയായിരുന്നു. മുന്‍പേതന്നെ അവര്‍ക്ക് ലഭിച്ച സന്ദേശങ്ങളെ കൂടുതല്‍ ബലപ്പെടുത്തന്ന രീതിയില്‍ നാഷണല്‍ ജിയോഗ്രാഫിക് പഠിപ്പിക്കുകയായിരുന്നില്ല, ശക്തമായ വിശ്വാസ്യതയുള്ള ഒരു മാഗസിനില്‍ അത് ചെയ്തു എന്നതാണ്. നാഷണല്‍ ജിയോഗ്രാഫിക് നിലവില്‍ വരുന്നത് കൊളോണിയലിസത്തിന്റെ ഉന്നതിയിലാണ്, കോളണിയുണ്ടാക്കുന്നവരും കോളണീകരിക്കപ്പെട്ടവരും എന്ന് ലോകം രണ്ടായി പിരിഞ്ഞിരുന്നു. അതൊരു വര്‍ണ്ണരേഖയായിരുന്നു, നാഷണല്‍ ജിയോഗ്രാഫിക് ലോകത്തിന്റെ ആ കാഴ്ച പ്രതിഫലിപ്പിക്കുകയുമായിരുന്നു". ഞങ്ങളുടെ ചരിത്രരേഖകളില്‍ കണ്ടെത്തിയ, ഓസ്‌ട്രേലിയയെക്കുറിച്ചുള്ള 1916ലെ സ്റ്റോറി പോലെയുള്ള ചിലത് നിങ്ങളെ നിശബ്ദരാക്കും. രണ്ട് ആദിവാസികളുടെ ചിത്രത്തിന്‍ കീഴില്‍ ശീര്‍ഷകം ഇങ്ങനെയായിരുന്നു - ''ദക്ഷിണ ഓസ്‌ട്രേലിയയിലെ കറുത്തവര്‍ - ഈ അപരിഷ്‌കൃതര്‍ മനുഷ്യവര്‍ഗത്തില്‍ ബുദ്ധിപരമായി ഏറ്റവും താഴെ നില്‍ക്കുന്നു''.

മാഗസിനില്‍ എന്തൊക്കെ ഉണ്ട് എന്നതിനെക്കുറിച്ച് മാത്രമല്ല, എന്തൊക്കെ ഇല്ല എന്നതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. 1962ലും 1977ലും ദക്ഷിണാഫ്രിക്കയെപ്പറ്റി ഞങ്ങള്‍ ചെയ്ത രണ്ടു സ്റ്റോറികളെ മേസന്‍ താരതമ്യം ചെയ്തു. ഷാര്‍പ്‌വില്ലെയിലെ പൊലീസിനാല്‍ 69 ദക്ഷിണാഫ്രിക്കക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട് രണ്ടരവര്‍ഷത്തിന് ശേഷമായിരുന്നു 1962ലെ സ്റ്റോറി. കൊല്ലപ്പെട്ടവരില്‍ പലരും ഓടുന്നതിനിടെ പുറകില്‍ നിന്ന് വെടിയേറ്റവരായിരുന്നു. ആ കൊലകളുടെ ക്രൂരത ലോകത്തെ നടുക്കി.

ഫോട്ടോ - ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെക്കുറിച്ചുള്ള ലേഖനത്തില്‍, കറുത്ത രക്ഷിതാക്കളുടെ അസോസിയേഷന്‍റെ സ്ഥാപകയും നെല്‍സന്‍ മണ്ടേലയുടെ ഭാര്യയുമായിരുന്ന വിന്നി മണ്ടേലയെ ചിത്രീകരിച്ചു. നഗരം വിടുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും രണ്ടില്‍ കൂടുതല്‍ പേരോട് ഒരേ സമയം സംസാരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയ 150പേരില്‍ ഒരാളായിരുന്നു അവര്‍. ഫോട്ടോ എടുത്തത് ജെയിംസ് പി ബ്ലെയര്‍, നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ്.

''നാഷണല്‍ ജിയോഗ്രാഫികിന്റെ സ്റ്റോറി പ്രശ്‌നങ്ങളെ വിരളമായേ പ്രതിപാദിക്കുന്നുള്ളൂ'' മേസന്‍ പറയുന്നു 'കറുത്ത ദക്ഷിണാഫ്രിക്കക്കാരുടെ സ്വരമേ കേള്‍ക്കാനില്ല. ആ അഭാവം അവിടെ ഉള്ളതെന്ത് എന്നതിനോളം തന്നെ പ്രധാനമാണ്. ആകെ കാണുന്ന കറുത്ത വര്‍ഗക്കാര്‍ മാദകമായ നൃത്തം ചെയ്യുന്നവരാണ്. വേലക്കാരോ തൊഴിലാളികളോ ആണ്. എഡിറ്റര്‍മാരും എഴുത്തുകാരും ഫോട്ടോഗ്രാഫര്‍മാരും മനപൂര്‍വം കാണാതിരുന്നത് എന്തൊക്കെയാണെന്ന് വിചിന്തനം ചെയ്യുമ്പോള്‍ ശരിക്കും വിചിത്രമാണത്.

ഇതിന് വിരുദ്ധമാണ് യു എസ് പൗരാവകാശത്തിന്‍റെ ഉണര്‍ച്ചയുടെ കാലഘട്ടമായ 1977ലെ രചന: ''അതൊരു കുറ്റമറ്റ ലേഖനമൊന്നുമല്ല, പക്ഷേ അത് അടിച്ചമര്‍ത്തലിനെ പരിഗണിക്കുന്നുണ്ട്'' മേസന്‍ പറയുന്നു 'കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിട്ടുണ്ട്. എതിര്‍പാര്‍ട്ടിയിലെ നേതാക്കളെ ചിത്രീകരിച്ചിട്ടുണ്ട് - അതൊരു വ്യത്യസ്തമായ ലേഖനമാണ്''

അല്‍പ്പം മുന്നോട്ടടിച്ച് 2015ലെ ഹെയ്റ്റിയെപ്പറ്റിയുള്ള സ്റ്റോറി നോക്കാം. ചെറുപ്പക്കാരായ ഹെയ്റ്റിക്കാര്‍ക്ക് കാമറ കൊടുത്ത് അവരുടെ ലോകത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ''ഹെയ്റ്റിക്കാരുടെ ചിത്രങ്ങള്‍ വളരെ വളരെ പ്രധാനമാണ്'' എന്നും മുമ്പ് 'ആലോചിക്കാന്‍ കഴിയാത്തതായിരുന്നു' എന്നും മേസന്‍ പറയുന്നു. അതുപോലെത്തന്നെയാണ് വര്‍ഗീയ, ജാതി സംഘര്‍ഷങ്ങള്‍, വികസിക്കപ്പെടുന്ന ലിംഗ മാനദണ്ഡങ്ങള്‍, ഇന്നത്തെ ആഫ്രിക്കയുടെ യാഥാര്‍ത്ഥ്യം, തുടങ്ങി പല കാര്യങ്ങളെക്കുറിച്ചുമുള്ള ഞങ്ങളുടെ ഇപ്പോഴത്തെ കവറേജും.

ഫോട്ടോ - ''ഞാനവരില്‍നിന്ന് എന്നും ബ്രെഡ് വാങ്ങും'' ഹെയ്റ്റിക്കാരനായ ഫോട്ടോഗ്രാഫര്‍ സ്മിത് ന്യൂവെയ്ം തന്റെ സഹദ്വീപുവാസിയായ മാന്വേല ക്ലെര്‍മന്റിനെക്കുറിച്ച് പറയുന്നു. 2015ല്‍ പ്രസിദ്ധീകരിച്ച ഈ ചിത്രത്തില്‍ ആയാള്‍ മാന്വേലയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി. ഫോട്ടോ എടുത്തത് സ്മിത് ന്യൂവെയ്ം, ഫോട്ടോകോബിറ്റ്

മേസന്‍ അസാധാരണങ്ങളുടെ ഒരു ശൃംഖലയെ തന്നെ മറനീക്കി കാണിച്ചു - ''തദ്ദേശീയര്‍ പാശ്ചാത്യ സാങ്കേതികവിദ്യയാല്‍ മയങ്ങുന്നു എന്ന തരത്തിലുള്ള ചിത്രങ്ങള്‍. അത് ശരിക്കും , നാഗരികര്‍ക്കും അനാഗരികര്‍ക്കും ഇടയില്‍ 'അവരും നമ്മളും' എന്ന ദ്വന്ദ്വം സൃഷ്ടിക്കുന്നു''. പോരാത്തതിന് പസഫിക് ദ്വീപ്്സുന്ദരികളുടെ ചിത്രങ്ങളുടെ ധാരാളിത്തവുമുണ്ട്.

''ഞാനെന്റെ വിദ്യാര്‍ത്ഥികളോട് 1960ന് ശേഷമുള്ള കാലഘട്ടത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 'ഇവിടെ നിന്ന് എന്താണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് കരുതലുള്ളവരാകുക' എന്ന് ഞാന്‍ അവരോട് പറയും'' - അദ്ദേഹം പറയുന്നു. ''അതേസമയം, ജനങ്ങളെ ലോകത്തിന് മുമ്പിലേക്ക് കൊണ്ടുവരാനും നമ്മള്‍ മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണിക്കാനും ഇക്കാലത്തുപോലും നാഷണല്‍ ജിയോഗ്രാഫിക് കാണിക്കുന്ന ധൈര്യം നിങ്ങള്‍ അംഗീകരിച്ചേ പറ്റൂ. മാഗസിന് ജനങ്ങളുടെ കണ്ണ് ഒരേ സമയം തുറപ്പിക്കാനും അടപ്പിക്കാനും കഴിയുമെന്ന് നമുക്ക് പറയാനാവും''

മാര്‍ച്ച് നാലിന് മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂനിയറിന്റെ വധത്തിന്റെ അമ്പതാംവാര്‍ഷികമായിരുന്നു. ഒന്ന് മാറി നിന്ന്, മത്സരത്തില്‍ നമ്മള്‍ എവിടെയാണെന്ന കണക്കെടുക്കുന്നതിനുള്ള നല്ല സമയമാണത്. തത്സമയം മാറിക്കൊണ്ടിരിക്കുന്ന സംഭാഷണമാണത് - യുഎസ് ചരിത്രത്തിലാദ്യമായി, രാജ്യത്തെ പകുതിയിലധികം കുട്ടികള്‍ വെള്ളക്കാരാവും. വംശത്തിന്റെ കാര്യം വരുമ്പോള്‍ എന്താണ് പ്രാവര്‍ത്തികമാവുക, എന്താണ് ആവാത്തത് എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. എന്തുകൊണ്ടാണ് വംശീയരേഖകളില്‍ വിവേചനം കാണിക്കുന്നത് തുടരുന്നതെന്താണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ നിര്‍മ്മിക്കുന്നത് എങ്ങനെയെന്നും നമുക്ക് പരിശോധിക്കാം. രാഷ്ട്രീയതന്ത്രമെന്ന നിലയില്‍ വംശത്തെ ലജ്ജാകരമായി ഇന്ന് ഉപയോഗിക്കുന്നതിനെ നമുക്ക് അഭിമുഖീകരിക്കാം, എന്നിട്ട് നമ്മള്‍ ഇതിലും കൂടുതല്‍ മെച്ചമാണെന്ന് തെളിയിക്കാം.

വംശീയതയുടെ ഈ സൂക്ഷ്മപരിശോധനയില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ചിലപ്പോഴൊക്കെ ഈ സ്റ്റോറികള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗങ്ങളെപ്പോലെ തന്നെ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ, ഈ ലക്കത്തില്‍ മിഷേല്‍ നോറിസ് എഴുതുന്നതുപോലെ, ''ആശങ്കയുടെ സ്രോതസ്സിനെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍മാത്രം ചര്‍ച്ച ചെയ്താല്‍ ഭൂതകാലത്തിലെ അസ്വസ്ഥതകളെ പരിണമിപ്പിക്കുന്നത് ഒരു വ്യക്തിക്കോ ഒരു രാജ്യത്തിനോ കഠിനമായിരിക്കും '


Next Story

Related Stories