TopTop

1971ല്‍ റാവല്‍പിണ്ടിയില്‍ നിന്നും ജയില്‍ ചാടിയ മൂന്ന് ഇന്ത്യന്‍ വൈമാനികര്‍ പിടിക്കപ്പെട്ടതെങ്ങനെ? ആ സാഹസിക കഥ പിന്നീട് നോവലും സിനിമയുമായി

1971ല്‍ റാവല്‍പിണ്ടിയില്‍ നിന്നും ജയില്‍ ചാടിയ മൂന്ന് ഇന്ത്യന്‍ വൈമാനികര്‍ പിടിക്കപ്പെട്ടതെങ്ങനെ? ആ സാഹസിക കഥ പിന്നീട് നോവലും സിനിമയുമായി
ഇന്ത്യന്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ദിലീപ് പരൂള്‍ക്കര്‍, ഫ്ളൈറ്റ് ലഫ്റ്റനന്റ് ഹരീഷ് സിന്‍ജി, ഫ്ളൈയിംഗ് ഓഫിസര്‍ മന്‍വീന്ദര്‍ സിംഗ് ഗ്രേവാല്‍ ഈ പേരുകള്‍ കേട്ടിട്ടുണ്ടോ? ഇന്ത്യ-പാക് യുദ്ധത്തിനിടയില്‍ പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലാവുകയും സാഹസികമായി അവിടുന്ന് ജയില്‍ ചാടുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ വൈമാനികരാണിവര്‍. റാവല്‍പിണ്ടിയിലെ പ്രിസണ്‍ ഓഫ് വാര്‍ കാമ്പില്‍ (ജീണ)നിന്നും 1972 ഓഗസ്റ്റ് 13 ന് ജയില്‍ ചാടിയ ഇവരുടെ കഥ ചരിത്രമാണ്.

ചരിത്രത്തില്‍ എഴുതി ചേര്‍ത്ത ജയില്‍ ചാട്ടക്കഥ

1971 ലെ യുദ്ധത്തില്‍ ഡിസംബര്‍ 10 നാണു 16 ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റുമാരെ പാക് സൈന്യം പിടികൂടുന്നത്. റാവല്‍പിണ്ടിയിലെ വാര്‍ കാമ്പിലായിരുന്നു യുദ്ധ തടവുകാരായി ഇവരെ പാര്‍പ്പിച്ചത്. യുദ്ധം അവസാനിച്ചശേഷവും തടവുകാരെ വിട്ടയക്കാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. നമ്മള്‍ തിരിച്ചു വീട്ടില്‍ എത്തുന്നതുവരെ ഈ യുദ്ധം അവസാനിക്കുന്നില്ല; ദിലീപ് തന്റെ സഹതടവുകാരോട് അന്നു പറഞ്ഞത് ഇങ്ങനെയായിരുന്നു. അങ്ങനെയാണു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം ആലോചിക്കുന്നതും. ജയില്‍ മുറിയുടെ ഭിത്തി തുരന്നാണു ദിലീപും കൂട്ടരും അവിടെ നിന്നും രക്ഷപ്പെടുന്നത്. അവിടെ നിന്നും അവര്‍ എത്തപ്പെടുന്നത് പെഷവാറിലാണ്. കൈവശം ഉണ്ടായിരുന്ന മാപ്പില്‍ നോക്കി പെഷവാറില്‍ നിന്നും അവര്‍ അഫ്ഗാന്‍-പാക് ബോര്‍ഡറില്‍ നിന്നും 34 മൈല്‍ അകലെയുള്ള തോര്‍ക്ക്ഹാമില്‍ എത്തുന്നു. അവിടെ നിന്നും ഖൈബര്‍ ചുരത്തിനടുത്തുള്ള ജുംറദില്‍ എത്തണം. ജുംറദില്‍ നിന്നും അഫ്ഗാന്‍ അതിര്‍ത്തി കടക്കാം; ഇതായിരുന്നു ദിലീപിന്റെയും കൂട്ടരുടെയും പദ്ധതി.

പാകിസ്താന്‍ ജയില്‍ ചെയ്ത ജോലിയുടെ കൂലി ഇവരുടെ കൈവശം ഉണ്ടായിരുന്നു. അതുപയോഗിച്ച് അവശ്യസാധനങ്ങള്‍ വാങ്ങി. തോങ്കയില്‍ നിന്നും ബസ് മാര്‍ഗം ജുംറദിലേക്കു പോകണം. വന്യമായ പാകിസ്താന്‍ പടിഞ്ഞാറന്‍ പ്രദേശം. ആ യാത്രയുടെ അവസാനം എന്തായിരിക്കുമെന്നു മൂന്നുപേര്‍ക്കും യാതൊരു ഉറപ്പും ഇല്ലായിരുന്നു.

പക്ഷേ അവര്‍ക്ക് അബദ്ധം പറ്റി. കൈയിലുണ്ടായിരുന്ന മാപ്പ് ചതിച്ചു. ലാന്‍ഡ് ഖന്ന റെയില്‍വേ സ്റ്റേഷനിലേക്ക് പോകാം എന്നായിരുന്നു മൂവരുടെയും പദ്ധതി. പക്ഷേ ആ റെയില്‍വേ സ്റ്റേഷന്‍ 1932 ല്‍ തന്നെ പൂട്ടിയിരുന്നു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ഈ മൂന്നുപേര്‍ക്കും അറിയില്ല എന്നത് മറ്റുള്ളവരില്‍ സംശയം ഉണ്ടാക്കി. മൂവരും ഒരു പ്രാദേശിക തഹസില്‍ദാറിനു മുന്നില്‍ ചെന്നുപെട്ടു. തങ്ങള്‍ ലാഹോറിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലെ എയര്‍മാന്‍മാര്‍ ആണെന്നും 10 ദിവസത്തെ ലീവില്‍ ആണെന്നും തഹസില്‍ദാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചു. ലാന്‍ഡ് ഖന്ന റെയില്‍വേ സ്റ്റേഷനില്‍ എന്തിനു പോകണം എന്ന തഹസില്‍ദാറിന്റെ ചോദ്യത്തിനു ദിലീപ് പറഞ്ഞത്, 10 ദിവസത്തെ ക്വാഷല്‍ ലീവില്‍ ലാന്‍ഡ് ഖന്ന സ്റ്റേഷന്‍ കാണാന്‍ ആഗ്രഹിച്ചെന്നും അങ്ങനെയാണ് എത്തിയതാണെന്നുമായിരുന്നു. പക്ഷേ തഹസില്‍ദാര്‍ മൂവരെയും വിശ്വസിക്കാന്‍ തയ്യാറായില്ല. അവരെ ലോക്കപ്പില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു.

മൂവരുടെയും യഥാര്‍ത്ഥ ഐഡന്റി എന്താണെന്നറിയാന്‍ ചോദ്യം ചെയ്യല്‍ ഉണ്ടായി. ഒടുവില്‍ ഇവര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ ആണെന്നു തിരിച്ചറിയുകയും പെഷവാര്‍ ജയിലിലേക്കു തിരിച്ചയക്കുകയും ചെയ്തു. പിന്നീട് മൂന്നു മാസങ്ങള്‍ക്കുശേഷം പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ത്യന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണു ദിലീപും മറ്റുള്ളവരും ഇന്ത്യയില്‍ എത്തുന്നത്. വാഗ അതിര്‍ത്തിയില്‍ ഇവര്‍ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്.

ഫോര്‍ മൈല്‍സ് ടൂ ഫ്രീഡം എന്ന പേരില്‍ ഫെയ്ത് ജോണ്‍സണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ഈ സംഭവം നോവല്‍ ആക്കിയിട്ടുണ്ട്. ഈ നോവലില്‍ നിന്നും പ്രചോദനം കൊണ്ടാണ് മണിരത്നം, കാര്‍ത്തിയെ നായകനാക്കി കാട്രുവെളിയിടൈ എന്ന സിനിമ സംവിധാനം ചെയ്തത്. പക്ഷേ ചില മാറ്റങ്ങള്‍ വരുത്തിയാണ് കാട്രുവെളിയിടൈയില്‍ മണിരത്നം ഈ സംഭവം പറഞ്ഞിരിക്കുന്നത്.

Next Story

Related Stories