TopTop
Begin typing your search above and press return to search.

കൊച്ചി കായലിന്റെ ആഴങ്ങളിലേക്ക് സഖാവ് വി കെ എന്ന കൃഷ്ണന്‍ സഖാവ് എടുത്തു ചാടിയതെന്തിന്?

കൊച്ചി കായലിന്റെ ആഴങ്ങളിലേക്ക് സഖാവ് വി കെ എന്ന കൃഷ്ണന്‍ സഖാവ് എടുത്തു ചാടിയതെന്തിന്?

ഒരപേക്ഷ കൊടുത്താല്‍, നോക്കട്ടെ എന്നു പറഞ്ഞു വാങ്ങി കൈയില്‍ വയ്ക്കുന്ന നേതാവ് അല്ലായിരുന്നു കൃഷ്ണന്‍ സഖാവ്. ആ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് കളക്ടറേറ്റില്‍ നിന്നാണെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി കളക്ടറേറ്റ് വരെ പോയി ആവശ്യം സാധിച്ചു തരുമായിരുന്നു സഖാവ്. ആ സഖാവിനാണ് ഇങ്ങനെയൊരു അവസ്ഥ വന്നത്. ചൊവാഴ്ച രാത്രി എട്ടുമണിയോടെ കായലില്‍ ചാടിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൃഷ്ണന്‍ വി കെ എന്ന കൃഷ്ണന്‍ സഖാവ് ഏതു തരം കമ്യൂണിസ്റ്റുകാരനായിരുന്നു എന്ന് ഒന്നു രണ്ട് വാചകങ്ങളില്‍ അടയാളപ്പെടുത്തുന്നുണ്ട് എളങ്കുന്നപ്പുഴയിലെ സിപിഎമ്മുകാരുള്‍പ്പെടെയുള്ളവര്‍. പാര്‍ട്ടിയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിഭാഗയീതയുടെ മാത്രം ഇരയല്ല, അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടി എന്നു പറയുമ്പോഴും സിപിഎമ്മിലെ ദളിത് വിരുദ്ധതയുടെ കൂടി രക്തസാക്ഷിയായണ് സഖാവ് കൃഷ്ണന്‍ എന്നും ഇവരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി ലോക്കല്‍ നേതൃത്വം ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച്, ഈ മഹാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കുന്നവരുടെ കുത്സിതപ്രചരണങ്ങളായി അവ തള്ളിക്കളയുമ്പോഴും കൃഷ്ണന്‍ സഖാവിന്റെ ദുരന്തം എളങ്കുന്നപ്പുഴയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് അവിടെ നിന്നുള്ള പ്രതികരണങ്ങളില്‍ വ്യക്തമാക്കുന്നത്.

ചൊവാഴ്ച രാത്രിയില്‍ വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്കുള്ള ബോട്ട് യാത്രയുടെ മധ്യത്തില്‍ കൊച്ചി കായലിന്റെ ആഴങ്ങളിലേക്ക് എടുത്തു ചാടുന്നതിനു മുമ്പായി സഹയാത്രികന്റെ കൈവശം ഏല്‍പ്പിച്ച ആത്മഹത്യ കുറിപ്പില്‍ സഖാവ് കൃഷ്ണന്‍ തനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടിവരുന്നതിന്റെ കാരണം പറയുന്നിടത്തും പാര്‍ട്ടിയെ പരാമര്‍ശിക്കുന്നുണ്ടെന്നത് ഇപ്പോള്‍ ഉണ്ടാകുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്തതാണെന്ന തരത്തില്‍ ഒരു സംസാരം ഉണ്ടാകാതിരിക്കാനും തന്നെ ഇത്തരമൊരു കൃത്യത്തിലേക്ക് തള്ളിവിട്ടതിന്റെ യഥാര്‍ത്ഥകാരണം എന്തായിരുന്നുവെന്നതിന്റെ സൂചന നല്‍കാനുമായിരുന്നു സഖാവ് അവസാനമായി എഴുതിയ ആ കുറിപ്പ്. ഇന്നാ കുറിപ്പ് സിപിഎം എന്ന അടിസ്ഥാനവര്‍ഗ പാര്‍ട്ടിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്നുണ്ടെങ്കില്‍, അവര്‍ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കലാണെന്ന് പറയുന്നു സഖാവ് കൃഷ്ണനെ സ്‌നേഹിച്ച സഖാക്കളും നാട്ടുകാരും.

വളപ്പിലാണ് സഖാവ് കൃഷ്ണന്റെ വീട്. സിപിഎം അനുഭാവികളായ കുടുംബം. പട്ടാളത്തില്‍ നിന്നും വിരമിച്ചശേഷം എല്‍ ആന്‍ഡി ടി യില്‍ ജോലി നോക്കി. അവിടെ നിന്നും പിരിഞ്ഞതിനുശേഷമായിരുന്നു കൃഷ്ണന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായത്. 2005-10 കാലഘട്ടത്തിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്ന കൃഷ്ണനെ ഇത്തവണ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് പൂര്‍ണ തൃപ്തിയോടെയല്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എളങ്കുന്നപ്പുഴ വി എസ് അച്യുതാനന്ദന്‍ വിഭാഗത്തിന് പൂര്‍ണ മേല്‍ക്കോയ്മ ഉണ്ടായിരുന്ന പ്രദേശമാണ്. കൃഷ്ണന്‍ അക്കൂട്ടത്തില്‍ പ്രമുഖനായ വി എസ് പക്ഷ നേതാവായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പിണറായി വിഭാഗം പിടിമുറുക്കിയതിന്റെ പ്രതിഫലനം എളങ്കുന്നപ്പുഴയിലും ഉണ്ടായി. അണികളില്‍ ഭൂരിഭാഗവും ഇന്നും വി എസ് ആഭിമുഖ്യമുള്ളവരാണെങ്കിലും പ്രാദേശിക നേതൃസ്ഥാനങ്ങളില്‍ അടക്കം പിണറായി പക്ഷക്കാര്‍ നിലയുറപ്പിച്ചു. വിഭാഗീയതയില്‍ ശക്തരായവര്‍ ദുര്‍ബലായി തീര്‍ന്ന എതിരാളികളോട് വിവേചനം പുലര്‍ത്തി. കറുത്തേടം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ് വിഭാഗം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ മാറ്റി പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയോടെ മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനം നിരാകരിക്കപ്പെടുകയും വി എസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്. വിഭാഗീയതയുടെ ഇരകളായി തങ്ങള്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നത് നിരന്തരമായപ്പോള്‍ കുറേപ്പേര്‍ സിപിഐയിലേക്ക് പോയി. പക്ഷേ, കൃഷ്ണന്‍ സഖാവിനെയും പുഷ്‌കരന്‍ സഖാവിനെയും പോലുള്ളവര്‍ തങ്ങളുടെ താത്പര്യത്തെക്കാള്‍ സിപിഎം എന്ന പാര്‍ട്ടിയോട് കൂറ് പുലര്‍ത്തി അവിടെ തന്നെ നിന്നു. അതിനുള്ള പ്രതിഫലമാണ് അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്നാണ് കൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരും സുഹൃത്തുക്കളുമായിരുന്നവര്‍ പറയുന്നത്.

ഇത്തവണ കൃഷ്ണന്‍ സഖാവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശമില്ലായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം എസ് സി/എസ് ടി സംവരണമായതോടെയാണ് മുതിര്‍ന്ന നേതാവ് എന്ന നിലയിലും വിജയം ഉറപ്പുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലും സഖാവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്. വിളപ്പില്‍ പ്രദേശം ദളിത് ഭൂരിപക്ഷ മേഖലയാണെങ്കിലും സിപിഎമ്മിന് ഇന്നവിടെ ജനകീയാടിത്തറ നഷ്ടമായിട്ടുണ്ട്. അതേസമയം മനുഷ്യരുമായുള്ള ഇടപെടല്‍ കൊണ്ട് കൃഷ്ണന്‍ സഖാവിന് അവിടെ സ്വാധീനമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അവിടെ വിജയിക്കുന്നതും. സിപിഎം താഴെത്തട്ടിലുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന് നേതാക്കന്മാര്‍ പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ജാതീയ വിവേചനങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവും ഇരയും കൂടിയാണ് കൃഷ്ണന്‍ എന്നാരോപണവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉയര്‍ത്തുന്നുണ്ട്. പ്രതികരിക്കാനും വിമര്‍ശിക്കാനും ഒരുമടിയും കാണിക്കാത്ത ആളായിരിക്കുമ്പോഴും പാര്‍ട്ടിയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ 'തങ്ങാന്‍ വയ്യാതായടോ' എന്നുപറഞ്ഞു നിരാശനാകുന്ന കൃഷ്ണന്‍ സഖാവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

തനിക്ക് പാര്‍ട്ടിയോടുള്ള കൂറ് പുലര്‍ത്തിയാണ് ഇത്രയൊക്കെ അവഗണന സഹിച്ചും അദ്ദേഹം ഇതുവരെ നിന്നത്. പ്രസിഡന്റ് സ്ഥാനം കിട്ടിയതുകൊണ്ടാണ് ഇപ്പോഴും ഇവിടെ നില്‍ക്കുന്നതെന്നും അല്ലായിരുന്നെങ്കില്‍ അപ്പുറത്തേക്ക് പോയേനെ എന്നായിരുന്നു നേതാക്കന്മാരില്‍ ചിലര്‍ എപ്പോഴും പരിഹസിച്ചിരുന്നത്. ഇത്തവണ പാര്‍ട്ടി മത്സരിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്രനായി നില്‍ക്കണം, ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വോട്ട് പിടിച്ച് ജയിപ്പിച്ചെടുക്കുമെന്ന് കൃഷ്ണനോട് അന്നാട്ടിലെ പലരും പറഞ്ഞിരുന്നതാണ്. ഒടുവില്‍ പാര്‍ട്ടി തന്നെ കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കി. 23 അംഗങ്ങളുള്ള എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് 10 ഉം എല്‍ഡിഎഫിന് 8 ഉം ബിജെപിക്ക് നാലും സിപിഎം(എംഎല്‍) ന് ഒരു സീറ്റുമാണ് കിട്ടിയത്. യുഡിഎഫിന്റെ 10 പേരില്‍ രണ്ട് കോണ്‍ഗ്രസ് വിമതരും ഉണ്ടായിരുന്നു. ഇതില്‍ തനിക്ക് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവിശ്യപ്പെട്ടപ്പോള്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തത്. അതോടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടായി. ഇതിനെ തുടര്‍ന്ന് ടോസ് ഇട്ടപ്പോള്‍ അത് കൃഷ്ണന് അനുകൂലമാവുകയും പ്രസിഡന്റ് ആവുകയുമായിരുന്നു. ഇപ്പോള്‍ വിമതരായി മത്സരിച്ചവര്‍ കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് വീണ്ടും കിട്ടി പാര്‍ട്ടിയിലേക്ക് വന്നതിനെ തുടര്‍ന്ന് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും ബിജെപി പിന്തുണയോടെ അത് വിജയിക്കുകയും ചെയ്തതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ തന്റെ അധികാരസ്ഥാനം പോയതില്‍ അദ്ദേഹത്തിന് വിഷമമില്ലെന്നും പാര്‍ട്ടി തന്നോട് കാണിക്കുന്ന അനീതിയില്‍ നിന്നുണ്ടായ വൈകാരിക വിക്ഷോഭത്തിലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ ഉണ്ടെന്നും അതല്ലാതെ തന്നെ പലതവണയായി തങ്ങളോട് പലരോടും അദ്ദേഹം ഇതേ കാര്യങ്ങള്‍ സൂചിപ്പിച്ചുണ്ടെന്നും അതുകൊണ്ട് തന്നെ കൃഷ്ണന് ഇപ്പോള്‍ സംഭവിച്ച അവസ്ഥയ്ക്ക് പാര്‍ട്ടി കുറ്റക്കാരാണെന്നും കൃഷ്ണനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ പറയുന്നു. സാമ്പത്തിക ബാധ്യതയോ മറ്റ് കുടുംബ പ്രശ്‌നങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മകന് ഒരു വീട് വച്ചതിന്റെ കടബാധ്യതയുണ്ട്. അത് തീര്‍ക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. പട്ടാളത്തിലെ ഉള്‍പ്പെടെ പെന്‍ഷന്‍ ഉണ്ട്. ഭാര്യ തയ്യല്‍ ടീച്ചറാണ്, അവര്‍ക്കും വരുമാനമുണ്ട്. മറ്റ് പ്രശ്‌നങ്ങളും ഒന്നും ഉള്ളതായി അറിവില്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹം ഈ കടുംകൈ ചെയ്തതിന് കാരണം, അദ്ദേഹം തന്നെ സൂചിപ്പിച്ചതായിരിക്കുമല്ലോ എന്നാണ് അഴിമുഖത്തോട് പ്രതികരിച്ചവര്‍ പറയുന്നത്. അന്വേഷണം നടത്തണം, കുറ്റക്കാര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണം; അതാണ് വേണ്ടത്. സര്‍ക്കാര്‍ അതിന് തയ്യാറാകുമോ എന്നും ഇവര്‍ ചോദിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ശശി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായ മാനസികപീഡനമാണ് കാരണമെന്നത് യാതൊരു അടിസ്ഥാനമില്ലാത്തതാണെന്നും എന്താണ് യഥാര്‍ത്ഥ കാരണമെന്ന് അന്വേഷിക്കണമെന്നുമാണ് ശശി പ്രതികരിച്ചത്. പാര്‍ട്ടിയില്‍ നിന്നും അവഗണിച്ചു എന്നു പറയുന്നത് ശരിയാകണമെങ്കില്‍ അദ്ദേഹത്തെ ഒരുസ്ഥാനമാനങ്ങളും നല്‍കാതെ ഒഴിവാക്കണമായിരുന്നു. സഖാവ് കൃഷ്ണന്‍ ഇപ്പോഴും എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതൊക്കെ മനസിലാക്കാതെയാണോ അദ്ദേഹത്തോട് പാര്‍ട്ടി വിവേചനം കാണിച്ചുവെന്നൊക്കെ പറയുന്നത്? ശശി ചോദിക്കുന്നു. ദളിത് വിവേചനം കാണിച്ചു എന്നാരോപണത്തോടു ശശി പ്രതികരിച്ചത്, ലോക്കല്‍ കമ്മിറ്റിയില്‍ അദ്ദേഹത്തെ കൂടാതെ രണ്ട് ദളിത് സഖാക്കള്‍ കൂടിയുണ്ടല്ലോ, പിന്നെയെന്ത് വിവേചനമെന്നാണ് പറയുന്നതെന്ന് ചോദിച്ചായിരുന്നു. വിഭാഗീയത എന്നാക്ഷേപം പോലും പാര്‍ട്ടി തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ അപാവദങ്ങള്‍ മാത്രമാണെന്നും സിപിഎം ഇവിടെ മാത്രമല്ല എല്ലായിടത്തും ഒറ്റക്കെട്ടാണ്. ബാക്കിയെല്ലാം അന്വേഷിക്കട്ടെ എന്നും പറഞ്ഞു സംസാരം അവസാനിപ്പിക്കുകയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശശി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-tk-palani-communist-leader-interview-rakeshsanal/

Next Story

Related Stories