TopTop
Begin typing your search above and press return to search.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്രീഷ്യ (90) ഇനിയൊരു സ്ത്രീയാണ്

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്രീഷ്യ (90) ഇനിയൊരു സ്ത്രീയാണ്
90 വയസുള്ള, രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്രീഷ്യ ഡേവിഡ് ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയാണ്. പീറ്റര്‍ എന്ന പേരില്‍ ജനിച്ച പട്രീഷ്യ, ജീവിതകാലം മുഴുവന്‍ പുരുഷനായാണ് ജീവിച്ചത്. മൂന്ന് വയസുമുതല്‍ തന്നെ തനിക്ക് സ്ത്രീകളുടെ മനസായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഭിന്നലിംഗക്കാരെ സമൂഹത്തില്‍ നിന്നും ബഹിഷ്‌കരിക്കുകയും വൈദ്യുതി ആഘാത ചികിത്സയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ സത്യം തുറന്നുപറയാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് പട്രീഷ്യ പറയുന്നു. പീറ്റര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന പട്രീഷ്യ 1945 മുതല്‍ 1948 വരെ ബ്രീട്ടിഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭിന്നലിംഗ സ്വഭാവമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഈ ചുമതലയില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെടുമായിരുന്നില്ല.

21-ാം വയസില്‍ വിവാഹിതയായ അവര്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ മനോസഞ്ചാരത്തെ കുറിച്ച് പങ്കാളിയോട് പറഞ്ഞത്. അവരുടെ ഭാര്യ ഇക്കാര്യത്തില്‍ അവരെ പിന്തുണയ്ക്കുകയായിരുന്നു. വീട്ടിലും പരിസരത്തും പട്രീഷ്യയ്ക്ക് ധരിക്കാനായി അവര്‍ ആഭരണങ്ങളും സ്ത്രീകളുടെ വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു. എന്നാല്‍ ഇക്കാര്യം രഹസ്യമായി വെക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. പട്രീഷ്യ കുറച്ചു കാലം ഹീലുള്ള ചെരുപ്പുകള്‍ ധരിച്ചിരുന്നെങ്കിലും, കൗമാരക്കാര്‍ അവരെ കളിയാക്കുകയും വീടിന് നേരെ ചീമുട്ട എറിയുകയും ചെയ്തതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സ്ത്രീയായി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ ഭാഗമായി സ്‌ത്രൈണ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ സ്വീകരിച്ചു വരികയാണ്.

സ്ത്രീ വേഷത്തില്‍ തന്നെ അവര്‍ പുറത്തിറങ്ങാനും അയല്‍ക്കാരും സുഹൃത്തുക്കളുമായി ഇടപഴകാനും തുടങ്ങി. എല്ലാവരില്‍ നിന്നും പ്രോത്സാഹനജനകാമായ പെരുമാറ്റമാണ് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു. 'എന്റെ ചുമലില്‍ നിന്നും ഒരു ഭാരം ഒഴിഞ്ഞുപോയതായി ഞാന്‍ കരുതുന്നു,' അവര്‍ പറഞ്ഞു. 'ഇതുവരെ ഒരു വലിയ കള്ളവും പേറിയാണ് ഞാന്‍ ജീവിച്ചത്.'

ഇതുവരെ നിശബ്ദയായിരുന്ന താന്‍ ചില അയല്‍ക്കാരോട് സത്യം പങ്കുവെച്ചതായി അവര്‍ പറഞ്ഞു. 'വിഷമിക്കേണ്ട, നിങ്ങള്‍ സന്തുഷ്ടയായിരിക്കുന്നിടത്തോളം ഒരു കുഴപ്പവുമില്ല,' എന്നായിരുന്നു അവരുടെ മറുപടിയെന്ന് പട്രീഷ്യ പറയുന്നു. യുഎസിലെ കെന്റകിയില്‍ താമസിക്കുന്ന ഭിന്നലിംഗക്കാരുടെ ജീവതം പകര്‍ത്തിയ 'ബോയ് മീറ്റ്‌സ് ഗേള്‍' എന്ന ചിത്രം കണ്ടതോടെയാണ് പട്രീഷ്യ തന്റെ മുഖംമൂടി ഉപേക്ഷിച്ച് പുറത്തുവരാന്‍ തീരുമാനിച്ചത്.

സ്ത്രീയാവാനുള്ള തന്റെ അഭിലാഷം പുറത്തുപറയുന്നത് സുരക്ഷിതമാണെന്ന് തനിക്ക് മനസിലായത് കലയിലും മാധ്യമങ്ങളിലും ഇക്കാര്യം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപെട്ടപ്പോഴാണെന്ന് അവര്‍ പറയുന്നു. നൂറു ശതമാനവും സുരക്ഷിതമല്ലെങ്കിലും ആളുകള്‍ തന്നെ അംഗീകരിക്കുന്നുണ്ടെന്നും അധിക്ഷേപങ്ങള്‍ ചൊരിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വനിത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന പട്രീഷ്യ അവിടെ സ്ത്രീകളുമായി ഇടപഴകുന്നു. പുതിയ ഒരു ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഈ തൊണ്ണൂറുകാരി.


Next Story

Related Stories